Thursday, April 5, 2007

എന്നീസീ ചരിതം (ഭാഗം മൂന്ന്)

[കഥ ഇതുവരെ: ദയവായി എന്നീസീ ചരിതം (ഭാഗം രണ്ട്) റെഫര്‍ ചെയ്യുക]

പൊതുവെ ബാങ്ക്ലൂരിലെ പുലരികളില്‍ ഒടുക്കത്തെ തണുപ്പാണ്. ഓഗസ്റ്റ് മാസവും ഒരു “എക്സപക്ഷന്‍” ആയിരുന്നില്ല. സൂര്യന്‍ പോലും ഇന്ന് ഉദിക്കണൊ, കുറച്ച് താമസിച്ച് ഉദിച്ചാലോ? പണ്ടാറം ഇന്നും ഉദിക്കണമല്ലോ എന്നാലോചിച്ചിരിക്കുന്ന സൂര്യോദയത്തിനും മുന്‍പ്, ദൈവം ഗോള്‍ഡ് ഫ്ലേക് കിങ്ങ്സ് വലിച്ച് വിട്ടതു പോലുള്ള കോടമഞ്ഞ് പുതച്ച എന്നീസി ക്യാമ്പസില്‍ നിലാവത്തഴിച്ചുവിട്ട കോഴികളെപോലെ ഒരു പറ്റം വിദ്യാര്‍ദ്ധികള്‍ ബോയ്സ് ഹോസ്റ്റലിന് മുന്‍പിലുണ്ടാവും.

ഈ തണുപ്പത്ത് ചുരുണ്ട് കൂടി മൂടിപ്പുതച്ച് കിടന്നുറങ്ങാനുള്ളതിന് പകരം മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി “ഹെല്‍ത്ത് റണ്ണെ“ന്നും പറഞ്ഞ് ജൂനിയര്‍ പുള്ളന്മാരെ ക്യാമ്പസിന് ചുറ്റും ഇട്ടോടിക്കും. പണ്ടാരകാലന്മാര്‍. ലെവന്മാര്‍ക്ക് സുഖമായി കിടന്നുറങ്ങിക്കൂടെ. ഇങ്ങനെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നവനേയും അവന് ജന്മം നല്‍കിയവരേയും അമര്‍ഷം തെല്ലും പുറത്തുകാണിക്കാതെ(“വെറുതെ എന്തിനാ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെക്കുന്നെ?”) പ്രാകി മനസ്സില്‍ തെറിയും വിളിച്ച് തുടങ്ങുന്നു എന്നീസിയിലെ എന്റെ ആദ്യ സു-പ്രഭാതം. ഈ സുപ്രഭാതം അത്ര സുഖകരമായ പ്രഭാതം
ഒന്നുമായിരുന്നില്ല.

നേരം പരപരാന്ന് വെളുക്കുന്നതിനും മുമ്പ് അഞ്ചഞ്ചരമണിയോടെ ഓട്ടം തുടങ്ങും. ബോയ്സ് ഹോസ്റ്റലിന് മുമ്പീന്ന് തുടങ്ങി ഗേള്‍സ് ഹോസ്റ്റലിനു മുമ്പിലൂടെ ഇമ്പാക്റ്റ് ബില്‍ഡിങ്ങ്, ക്യാന്റീന്‍, അഡ്മിനിസ്റ്റ്രേഷന്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് മുതലായ സ്ഥലങ്ങല്‍ കവറ് ചെയ്യണം. ഒരു റൌണ്ട് അടിച്ചാല്‍ ഏതാണ്ട് എഴുന്നൂറ് മീറ്റര്‍ കവറ് ചെയ്തിട്ടുണ്ടാവും.

“അടാ റണ്‍ ഡാ....റണ്‍ ഫാസ്റ്റര്‍...”എന്നലറിക്കൊണ്ട് മുന്‍പിലൊരു സീനിയര്‍ ചേട്ടന്‍ പായുന്നുണ്ടാവും. കുറച്ച് ഉശിര് കൂടുതലുള്ളവര്‍ സ്വന്തം സ്റ്റാമിന “പ്രൂവ്” ചെയ്യാന്‍ ഒരവസരം കിട്ടിയെന്ന സന്തോഷത്തില്‍ “0-60kms വെറും 5 സെക്കന്റില്‍” എന്ന് പരസ്യത്തിലൊക്കെ കാണുന്ന പോലെ നൂറ്റമ്പത് സീ സീ ബൈക്കിന്റെ പിക്കപ്പായിരിക്കും. മറ്റുള്ളവരെയൊക്കെ “ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ” എന്ന ഭാവേന അഹങ്കാരത്തോടെ ഓവര്‍ടേക് ചെയ്യും. കഷ്ടിച്ച് ഒരു റൌണ്ട് “ഇനീഷ്യല്‍” പിക്കപ്പില്‍ കമ്പ്ലീറ്റ് ചെയ്യുമ്പോഴേക്കും ലെവന്മാരുടെ സ്റ്റാമിന “ഡ്രാസ്റ്റിക്കലി” ഇടിഞ്ഞ് പരിപ്പിളകി പോവുന്ന അവസ്ഥയിലെത്തിയിട്ടുണ്ടാവും.

ഈ ഓട്ടം ഇതേ നിലയില്‍ തുടര്‍ന്നാല്‍ ഏത് നിമിഷവും കൊളാപ്സാവാം എന്ന് തോന്നുന്നവര്‍ക്ക് രക്ഷപെടാന്‍ ദൈവം രണ്ട് വഴികള്‍ കാണിച്ച് കൊടുത്തിട്ടുണ്ട്. ഒന്ന് ഇമ്പാക്റ്റ് ബില്‍ഡിങ്ങിനടുത്തുള്ള ഒരു റ്റോയ് ലറ്റ്. അടുത്തത് അഡ്മിനിസ്ട്രേഷനിലുള്ള റ്റോയ് ലറ്റും. ഈ ഓട്ട കൂട്ടത്തില്‍ നിന്നും മുങ്ങി ഇതിലേതെങ്കിലും ഒന്നില്‍ കയറി പറ്റിയാല്‍ അന്നത്തെ ഹെല്‍ത്ത് റണ്‍ കയിച്ചിലാക്കാം.

ഗഫൂര്‍കാ ദോസ്തിന്റെ ദുബൈലേക്കുള്ള ചരക്കുകപ്പലില്‍ കയറി രക്ഷപെടുന്നതിനേക്കാളും റിസ്കാണ് ഇങ്ങനെ മുങ്ങാന്‍ ശ്രമിക്കുന്നത്. കാരണം ഇങ്ങനെ മുങ്ങുന്നവരെ കുശാഗ്രബുദ്ധിയോടെ പിടിച്ച് ഒരു പ്രത്യേക ട്രീറ്റ്മെന്റ് സീനിയേഴ്സ് നല്‍കാറുണ്ട്.

“ഡക്ക് വാക്ക്’“ അഥവാ അന്നനട.

തമിഴ് നാട്ടില്‍ കൂടി ട്രയിന്‍ യാത്ര ചെയ്യുമ്പൊ സമാന്തര ട്രാക്കുകളിലും കുറ്റിക്കാടുകളിലും വെളിമ്പ്രദേശങ്ങളിലുമൊക്കെ ആള്‍ക്കാര്‍ വെറുതെ കുത്തിയിരിക്കുന്നുണ്ടാവും. അതെന്തിനാണെന്ന് പറഞ്ഞാല്‍ എന്റെ ബ്ലോഗ് സ്പോട്ട് നാറും. കാരണം എന്തുമാവട്ടെ അങ്ങിനെ കുത്തിയിരിക്കുക. ദെന്‍ രണ്ട് കൈകളും കാലിനിടയിലൂടെ ഇട്ട് തലക്ക് മുകളില്‍ കൈവിരലുകള്‍ കോര്‍ത്ത് പിടിക്കുക. ഇപ്പൊ നിങ്ങല്‍ ഒരു പെര്‍ഫക്റ്റ് സ്ഫീയര്‍ ഷേപ്പിലായിട്ടുണ്ടാവും. ഈ പൊസിഷനില്‍ ക്യാമ്പസ് ഒരു പ്രാവശ്യം വലം വയ്ക്കുക. ഇതിന്റെ സുഖം അതനുഭവിച്ചര്‍ക്ക് മാത്രമേ മനസിലാവൂ.

ദീര്‍ഘദൂര ട്രയിനുകളില്‍ സ്റ്റേഷന് സ്റ്റേഷന് TTE മാറിക്കയറുന്നതുപോലെ നമ്മളെ ലീഡ് ചെയ്യുന്ന ചേട്ടായിമാര്‍ സമയാസമയങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ആദ്യം മുതല്‍ അവസാനം വരെ ഓടാന്‍ വിധിക്കപെട്ടവര്‍ നമ്മള്‍ മാത്രം. ഓടിച്ച് ഓടിച്ച് വശം കെടുമ്പൊ ട്രയിന്റെ എഞ്ചിന്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് വലം വെച്ച് നില്‍ക്കും.ഗാര്‍ഡ് പൊസിഷനിലുള്ള ഞാനും സ്റ്റേഷന്‍ പിടിച്ചാല്‍ അടുത്ത അഭ്യാസം തുടങ്ങുന്നതിന് മുമ്പ് ‘റ’ പൊസിഷനില്‍ നിന്ന് പത്ത് മിനിറ്റ് ശ്വാസം വിടാം.

ഈ സമയത്ത് ശ്വാസോച്ഛ്വാസ്വത്തിന്റെ “ഫ്രീക്യൊന്‍സി” മൂര്‍ദ്ധന്ന്യാവസ്ഥയിലെത്തുകയും അക്കാരണം കൊണ്ടു തന്നെ “ഹു...ഹൂ...ഹു...ഹൂ...ഹാവു...ഹാ‍ാ‍ാ‍ാവൂ‍...“എന്നൊരു എക്കൊ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ മുഴങ്ങി കേട്ടിരുന്നു. ആരുടെയെങ്കിലും ഈസീജി ഈ സമയത്ത് എടുത്ത് അത് 10.0 ഭൂമികുലുക്കം മെഷര്‍ ചെയ്യുന്ന റിച്ചര്‍ സ്കെയിലിന്റെ ഗ്രാഫുമായി “വ്യത്യാസം കണ്ടുപിടിക്കുക” എന്നും പറഞ്ഞ് കൊടുത്താല്‍ അതൊരു ചലെഞ്ചിങ്ങ് റ്റാ‍സ്ക് ആയി കണക്കാക്കാവുന്നതാണ്.

രണ്ട് കാലുകളും പരമാവധി “ഒബ്റ്റ്യൂസ്” ആങ്കിളില്‍ വിടര്‍ത്തി കുനിഞ്ഞ് നിന്ന് വലത്തേകൈയുടെ അങ്ങേയറ്റം ഇടത്തേക്കാലിന്റെ പെരുവിരലിലും ഇടത്തേകൈയുടെ അങ്ങേയറ്റം വലത്തേക്കാലിന്റെ പെരുവിരലിലും മുട്ടിക്കുക, കൈകള്‍ രണ്ടും അരയ്ക്ക് ഫിറ്റ് ചെയ്ത് കുത്തിയിരിക്കുക എഴുന്നേല്‍ക്കുക, കുത്തിയിരിക്കുക എഴുന്നേല്‍ക്കുക, നിവര്‍ന്ന് നിന്ന് തല പുറകോട്ട് ചരിച്ച് ക്ലോക്ക് വൈസ് പത്ത് പ്രാവശ്യം, ആന്റി ക്ലോക്ക് വൈസ് പത്ത് പ്രാവശ്യം ചുറ്റിയ്ക്കുക. അരക്കെട്ട്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, കാല്‍ പാദം എന്നു വേണ്ട ചുറ്റിയ്ക്കാന്‍ പറ്റുന്ന് ശരീര ഭാഗങ്ങളെല്ലാം മേല്‍ പറഞ്ഞത് പോലെ ചുറ്റിയ്ക്കുക. വേറുതെ കിടന്ന് ചാടുക, ചാടി തിരിയുക. ഇങ്ങനെ പോവുന്നു എക്സര്‍സൈസസ്.

മേല്‍ പറഞ്ഞ സംഭവങ്ങളെല്ലാം കഴിയുമ്പോഴേക്കും 6:55 ആയിട്ടുണ്ടാവും. അഥവാ ആയിട്ടില്ലെങ്കില്‍ 6:55 ആവുന്നതുവരെ വെറുതെ എന്തെങ്കിലുമൊക്കെ ചെയ്യിപ്പിച്ചുകൊണ്ടിരിക്കും. 06:55:00 IST ആവുമ്പൊ “നിങ്ങളെല്ലാവരും കൂളിച്ച് കുട്ടപ്പന്മാരും/കുട്ടപ്പിമാരുമായി 07:10:00 IST ക്ക് പ്രഭാത ഭക്ഷണത്തിനായി റെഡിയാവുക” എന്ന ഓര്‍ഡര്‍ വരും.

കേട്ടപടി കേള്‍ക്കാത്ത പടി എല്ലാം കൂടി ഒറ്റ പാച്ചിലാണ്. 40 ആണ്‍കുട്ടികള്‍ക്ക് കുളിക്കാനും പ്രഭാത കര്‍മങ്ങല്‍ നിര്‍വഹിക്കാനും കൂടി മൂന്ന് കുളിമുറിയും മൂന്ന്‍ റ്റോയ് ലറ്റും. അനുവദിച്ചിരിക്കുന്ന സമയം പതിനഞ്ച് മിനിറ്റും. കഷ്ടിച്ച് എട്ടടി നീളവും എട്ടടി വീതിയുമുള്ള ഒരു കൂളിമുറിയില്‍ പത്ത് പേരൊരുമിച്ച് കുളിച്ചാലും ഈ പ്രൊജക്റ്റ് അലോട്ടഡ് ടൈമില്‍ കമ്പ്ലീറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

ഹോസ്റ്റലിലെ ഡ്രെയിനേജ് സിസ്റ്റത്തിന്റെ എഞ്ചിനീയറിങ്ങില്‍ വന്ന പാകപ്പിഴകൊണ്ട് മുകളിലത്തെ രണ്ട് നിലകളിലെ കുളിമുറികളില്‍ നിന്നുമുള്ള “ശുദ്ധജലം” താഴത്തെ കുളിമുറിയില്‍ വന്ന് കെട്ടികിടക്കുമായിരുന്നു. “ആറാട്ട് കടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നീരാട്ടിനിറങ്ങുന്നു ഞാന്‍” എന്നൊരു പാട്ടൊക്കെ മൂളി ഞാനും ഒരു ഗ്രൂപ്പ് കുളി കുളിക്കും.ആരെങ്കിലും ഒരാള്‍ ഷവര്‍ തുറന്നാല്‍ നേരിട്ടും ഗ്രൂപ്പില്‍ കുളിക്കുന്നവരുടെ ദേഹത്ത് തട്ടി തെറിച്ചും എല്ലാവരുടേയും ദേഹം 90 ശതമാനം നനഞ്ഞ് കഴിഞ്ഞാല്‍ ആരുടെയെങ്കിലും സോപ്പ് കൈമാറി കൈമാറി എന്റെ കൈയില്‍ എത്തും. അതോണ്ട് ഞാന്‍ ഭദ്രമായി വാങ്ങിച്ച ലൈഫ് ബോയ് ഗോള്‍ഡ് ലാഭം.

ഇരുപത് ലിറ്ററിന്റെ ചുവന്ന ബക്കറ്റില്‍ വെള്ളം നിറച്ച് കപ്പില്‍ വെള്ളം കോരി മൂന്നു പ്രാവശ്യമായി ശരീരം നൂറ് ശതമാനം നനഞ്ഞു എന്നുറപ്പാക്കിയാല്‍ മാത്രം സോപ്പ് തേച്ചും അല്ലെങ്കില്‍ പഞ്ചായത്തിന്റെ കാശ് കൊണ്ട് പറമ്പ് നനയ്ക്കാനെന്നും പറഞ്ഞ് കുത്തിയ പറമ്പിന്റെ വടക്കേ അറ്റത്തുള്ള കൂളത്തില്‍ പോയി മുങ്ങിയും പൊങ്ങിയും നീന്തിയും മതിയാവും വരെ ആര്‍ഭാടമായി അര്‍മാദിച്ച് മുങ്ങി കുളിച്ചിരുന്ന ഞാന്‍.

എന്റെയൊരു ഗതികേട്....അല്ലാതെന്തു പറയാന്‍?

“ബലാല്‍ക്കാരത്തിനിരയാകുമെന്നുറപ്പായാല്‍ അതംഗീകരിച്ച് ആസ്വദിച്ച് കൊള്ളുക” എന്ന് പണ്ടേതോ തത്വചിന്തകന്‍ പറഞ്ഞത് അഗീകരിച്ച് ഈ വക “ട്രീറ്റ്മെന്റ്സ്“ നോട് ഞാന്‍ പൊരുത്തപെട്ട് തുടങ്ങിയിരുന്നു.

ഇങ്ങനെയൊന്നും കൂളിക്കാന്‍ അവസരം ലഭിക്കാത്തവരും കൂളിച്ചാല്‍ ദേഹത്തെ ചെളി പോകുമെന്നും പരീക്ഷക്ക് തോല്‍ക്കുമെന്നുമൊക്കെ ഭയപ്പെടുന്നവര്‍ പല്ല് തേക്കുന്നിടത്ത് നിന്ന് രണ്ട് കൈയിലും വെള്ളം ശേഖരിച്ച് തലമുടി “വെറ്റാ”ക്കി ഒരു ഡ്യൂപ്ലികേറ്റ് കുളിയും പാസാക്കും.

കുളിച്ച് റെഡിയായി തേച്ച് മിനുക്കിയ ഷര്‍ട്ടും പാന്റുമൊക്കെയിട്ട് ബ്രേക് ഫാസ്റ്റിന് പോകാനായി ലൈനായി നില്‍ക്കുകയാണ്. എന്റെ തൊട്ട് മുന്നില്‍ നില്‍ക്കുന്ന ഒരു എറണാകുളം കാരന്‍ “ഗുഡ് മോണിങ്ങ് സര്‍” എന്ന് വിഷ് ചെയ്തു. എന്നെയല്ല....അതിലെ പോയ ഒരു സീനിയറെ. അവന്റെ വിഷ് കേട്ട് മുന്നിലോട്ട് നീങ്ങിക്കൊണ്ടിരുന്നവന്‍ സഡന്‍ ബ്രേക്കിട്ട് നിന്ന് റിവേഴ്സെടുത്ത് എന്റെ മുന്നില്‍ വന്ന് നിന്നു. അവന്‍ മുകളിലേക്കും ഞാന്‍ താഴേക്കും നോക്കി. കാരണം ഹയിറ്റ് വ്യത്യാസം. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി. കാരണം ഞാന്‍ അവനെ വിഷ് ചെയ്തിട്ടില്ലായിരുന്നു. “ഗുഡ് മോണിങ്ങ് സര്‍” ഞാന്‍ അവനെ വിഷ് ചെയ്തു. അവന്‍ ഫസ്റ്റ് ഗിയറിട്ട് മെല്ലെ ക്യാന്റീനിലേക്ക് നീങ്ങി. പിറകെ ഞങ്ങളും.
(തുടരും)
--------------------------------------------------
ഡെഡിക്കേഷന്‍:
ഞാന്‍:ഹലോ മാഷെ, നിങ്ങളോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി.
മറ്റൊന്നുമല്ല.
“കലക്കി.... നിങ്ങളുടെ ബ്ലോഗുകള്‍ എല്ലാം ഞാന്‍ വായിച്ചു. സമ്മതിക്കണം.“
നിങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാനും ഒരു ബ്ലോഗ് തുടങ്ങി. ജനം പറയുന്നു ഫുള്ള് മണ്ടത്തരങ്ങളാണെന്ന്.
“ജനം പറയുന്നു,
അവരെന്തു പറയുന്നു,
അവരെന്തും പറഞ്ഞോട്ടെ“ അല്ലെ മാഷെ?
സൊ ഞാന്‍ പറഞ്ഞ് വരുന്നത് സമയം കിട്ടുമ്പൊ ആ വഴിയ്ക്കൊക്കെ ഇറങ്ങുക.

വിശാലന്‍:ഡേയ് ചുള്ളന്‍,യുവര്‍ ബ്ലോഗ് ഞാന്‍ ചെക്ക് ചെയ്തു. രസിച്ചു വായിച്ചു. സൂപ്പര്‍ ആയിട്ടുണ്ട്
സൂപ്പര്‍. എനിക്കു വളരെ വളരെ ഇഷ്ടായി. കീപ്പ് പോസ്റ്റിങ്ങ്.

ഞാ: താങ്ക് യൂ....താങ്ക് യൂ....നിങ്ങളാണെന്റെ ബ്ലോഗിലെ ഗുരു.

വി: എവിടെ വെറ്റിലയും അടക്കയും?

{ഇത് ഞാനും “വിശാലമനസ്കനെ“ന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന സജീവേട്ടനും (കൊടകര പുരാണത്തിന്റെ ഗ്രന്ഥകര്‍ത്താവ്) തമ്മില്‍ “ഓര്‍കുട്ടെ”ന്ന സ്ഥലത്ത് വച്ച് കണ്ട് മുട്ടിയപ്പൊ നടന്ന സംഭാഷണത്തില്‍ നിന്ന്}വെറ്റിലയും അടക്കയുമൊന്നും എവിടെ മൈസൂറില്‍ കിട്ടുമെന്നു തോന്നുന്നില്ല. അതോണ്ട് ഈ കഥ ഞാന്‍ എന്റെ ബ്ലോഗ് ഗുരു വിശാലമനസ്കന് ഗുരുദക്ഷിണയായി ഡെഡിക്കേറ്റ് ചെയ്യുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ചയില്‍ ചെറിയ ഒരു കരിയര്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാമുണ്ടായിരുന്നതുകൊണ്ട് ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

Friday, March 23, 2007

ബാല്ല്യം സുന്ദരം (പാര്‍ട്ട് വണ്‍)

കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒലിച്ച് പോവാത്ത, മനസ്സില്‍ നിന്നും മായാതെ കിടക്കുന്ന ചികഞ്ഞെടുത്ത ചില ബാല്ല്യ കാല സ്മരണകളിലേക്ക്.....

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനകാലഘട്ടം. “ചൈല്‍ഡ് ലേബര്‍“ അഥവാ ബാലവേലനിരോധനം എന്നൊരു കണ്‍സപ്റ്റ് ഇമ്പ്ലിമെന്റ് ചെയ്യുന്നതിനും വളരെ മുന്‍പ്. പശുവിനെ തീറ്റുക, മുറ്റത്തെ പുല്ല് പറിക്കുക, കശുവണ്ടി പെറുക്കുക, ഇഞ്ചി,മഞ്ഞള്‍,കപ്പ മുതലായവ നടുക, അടയ്ക്ക പെറുക്കുക, പൂച്ചെടികള്‍ നനയ്ക്കുക മുതലായ ‘ഭാരിച്ച‘ ജോലികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ചെയ്യേണ്ടി വന്ന എന്റെ ബാല്യകാലം.

ഇതില്‍ പശുവിനെ തീറ്റുക എന്നു വെച്ചാല്‍ നല്ല ഇളം പുല്ല് നോക്കി പറിച്ച്, സ്പൂണില്‍ വച്ച്
“ഇതു കഴിക്കെടി പശുമോളെ”
“നീ ഇത് കഴിച്ച് മുട്ടനാകണമെടാ മൂരികുട്ടാ”
എന്നൊക്കെ പറഞ്ഞ് അതിന്റെ അണ്ണാക്കിലേക്ക് വച്ച് തള്ളേണ്ട ആവശ്യമൊന്നുമില്ല. അതിന് വേണ്ടത് അതു തന്നെ നക്കി തുടച്ച് തിന്നോളും.

പിന്നെ പശുവിനെ “തീറ്റുക” എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ത്?

വിളഞ്ഞ പശുക്കള്‍ നമ്മളോട് വിളച്ചിലെടുക്കാതിരിക്കാന്‍ അതിന്റെ മൂക്ക് തുരന്ന് ഒരു കയറിട്ട് ആ കയറും അതിന്റെ കഴുത്തിന് ചുറ്റി വേറൊരു നീളമുള്ള കയറും കൂടി ഇട്ടിട്ടാണ് പശുവിനെ കണ്ട്രോളില്‍ നിര്‍ത്തുന്നത്. പശുവിനെ തീറ്റുക എന്ന് വെച്ചാല്‍ ഈ നീളമുള്ള കയ്യറ് ഊരി അതിനെ സ്വധേഷ്ടം മേയാന്‍ വിടുക. അങ്ങിനെ പശുവിനെ ഫുള്‍ ഫ്രീയായി വിടുമ്പൊ കപ്പ,വാഴ,ചേന മുതലായ ഇടവിളകള്‍ നശിപ്പിക്കാതെ നോക്കുക, അയല്‍വക്കത്തെ പറമ്പിലേക്ക് നുഴഞ്ഞ് കയറാനുള്ള പശുവിന്റെ തൊന്ന്യാസ
ടെണ്ടന്‍സികള്‍ തടയുക മാത്രമാണ് പശുവിനെ തീറ്റല്‍ കൊണ്ടുദ്ദേശിക്കുന്നത്. പശുവിനറിയില്ലല്ലോ തോടിനപ്പുറത്തെ അപ്പച്ചന്‍ ചേട്ടന്റെ പറമ്പിലെ പുല്ല് തനിക്കവകാശപ്പെട്ടതല്ലെന്ന്.

പിന്നെ കന്നുകാലികളെ തീറ്റാനെന്നും പറഞ്ഞ് പിള്ളേരെ പറമ്പിലേക്ക് പറഞ്ഞ് വിടാന്‍ വീട്ടുകാര്‍ക്ക് മറ്റൊരു കാരണം കൂടി ഉണ്ട്. അവധി ദിവസമാണെങ്കില്‍ സ്വന്തം വീട്ടിലെ പിള്ളേരുടെ കളക്ഷന്‍ കുറവായതുകൊണ്ട് അയല്‍ വക്കത്തെ വീടുകളിലെ വിളഞ്ഞ സന്താനങ്ങളും എന്റെ വീട്ടിലെത്തുമായിരുന്നു. ഈ പിള്ളേരു പട എല്ലാം കൂടി ചേര്‍ന്നാല്‍ പിന്നെ വീട്ടിലുള്ളവര്‍ക്ക് ഭയങ്കര
സ്വയിര്യ കേടാണ്. കാരണം ഒച്ചപ്പാട് തന്നെ. കാക്കകൂട്ടില്‍ കല്ലെടുത്തിട്ടതുപോലെയാണ്. അതോണ്ട് രാവിലത്തെ കാപ്പി കുടി കഴിഞ്ഞാല്‍
“ഇനി ഇവിടെക്കിടന്ന് ഒരെണ്ണം ഒച്ചയെടുത്ത് പോകരുത്...എല്ലാം കൂടി പറമ്പില്‍ പോയി പശൂനെ തീറ്റിക്കോണം” എന്ന ഓര്‍ഡര്‍ വരും.

അങ്ങിനെ ഒരു അവധി ദിവസം ഞാനും എന്റെ സ്വന്തം കൂടപിറപ്പും ഒരു “കസിന്‍” വക കൂടപിറപ്പും പിന്നെ അയല്‍ വക്കത്തെ “ക്യാന്‍ഡിഡേറ്റ്സെ”ല്ലാം കൂടി ഒരു ചുവന്ന പശുവും അതിന്റെ കിടാവും ആ ചുവന്ന പശുവിന്റെ പിന്‍ തലമുറക്കാരിയായ വേറൊരു പുള്ളി പശുവും അതിന്റെ കിടാവും ചേര്‍ന്ന ജന്തു വര്‍ഗത്തില്‍ പെട്ട നാലു പേരും മനുഷ്യകുഞ്ഞുങ്ങളായ ആറു പേരും ജന്തുവര്‍ഗത്തെ തീറ്റാനായി വീടിനു താഴെയുള്ള പൊയിലിനടുത്ത് എത്തി. വീട്ടില്‍ നിന്നും ഒരു കൈയേറു ദൂരം മാത്രം.

ഇങ്ങനെയുള്ള അവസരങ്ങളില്‍ പശുവിനോട് “നിനക്കിഷ്ടമുള്ളതെന്തും പോയി തിന്ന് വയറ് നറച്ചോളൂ“ന്നും പറഞ്ഞ് അതിനെ അഴിച്ച് വിടും. ശേഷം കള്ളനും പോലീസും, ഓടിച്ച് പിടുത്തം, ഏറ് പന്ത്, കുഴി പന്ത്, തലമ, സാറ്റ് കളി, കുട്ടിയും കോലും എന്നീ ഐറ്റംസില്‍ ഏതെങ്കിലും ഒന്ന് ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് തിരഞ്ഞെടുത്ത് കളിക്കും. ക്രിക്കറ്റിനൊന്നും അന്ന് അത്ര പ്രശസ്തി ഇല്ലായിരുന്നു. അങ്ങിനെ അന്ന് സാറ്റ് അഥവാ ഒളിച്ച് കളിക്കാന്‍ തീരുമാനിച്ചു.

സാറ്റ് കളിയുടെ ശാസ്ത്രീയ വശങ്ങളിലേക്ക്....[സാറ്റ് കളിയുടെ നിയമങ്ങളും ചട്ടങ്ങളും വിശദമായി പറയാനാണെങ്കില്‍ കുറെ ഉണ്ടാവും. അതൊണ്ട് നിങ്ങള്‍ക്ക് സാറ്റ് കളിയേക്കുറിച്ച് കൂടുതലായി അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ “ഗൂഗിളി”ല്‍ പോയി സേര്‍ച്ച് ചെയ്തോളൂ. അവിടെ നിങ്ങള്‍ക്കു വേണ്ട വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍ “വിക്കിപീഡിയ”യില്‍ ട്രൈ ചെയ്യു. അവിടെയും ഇല്ലെങ്കില്‍ “സാറ്റ് കളി” എന്നൊരു “ടോപിക്” നമുക്ക് തുടങ്ങാം]

എന്തൊക്കെയാണെങ്കിലും മനുഷ്യന് മുങ്ങാനും മുങ്ങിയിരിക്കുന്നവനെ പൊക്കാനും നല്ല പ്രാക്റ്റീസ് നല്‍കുന്ന ഒരു കളിയാണീ സാറ്റ് കളി. എന്തുകൊണ്ടൊ അന്താരാഷ്ട്ര പ്രാധാന്യം നേടാന്‍ ഈ കളിക്ക് സാധിക്കാതെ പോയി. ആര്‍ക്കറിയാം ചിലപ്പൊ അടുത്ത ഒളിമ്പിക്സില്‍ ഒരു “സാറ്റ് കളി ടീം” തന്നെ ഇന്ത്യക്കുണ്ടായേക്കാം.

അപ്പൊ മേല്‍ പറഞ്ഞ സാറ്റ് കളി പറമ്പില്‍ തകര്‍ക്കുകയാണ്. എന്റെ കസിന്‍ ഒന്നു മുതല്‍ അമ്പത് വരെ എണ്ണികൊണ്ടിരിക്കുന്നു. ഞാന്‍ ഓടി പറമ്പ് നനയ്ക്കുന്ന അര ഇഞ്ചിന്റെ ഹോസ് വളച്ച് വച്ചിരിക്കുന്നതിന്റെ നടുവിലൊളിച്ചു. ബാക്കിയുള്ളവര്‍ കയ്യാലയ്ക്കു താഴെ, മാവിന്റെ മുകളില്‍, പശുവിന്റെ പിന്നില്‍, തോടിന്റെ സൈഡില്‍, പാറയ്ക്ക് പിറകില്‍ മുതലായ സ്ഥലങ്ങളിലേക്ക് “അബ്സ്കോണ്ടിങ്ങ്” ആയി.

അപ്പൊ വീട്ടു മുറ്റത്ത് നിന്ന് ആരൊ “പിള്ളേരെ ദേണ്ടെ പുതിയ ബാലരമ വന്നിട്ടുണ്ട്” എന്നു വിളിച്ച് പറയുന്നു.

കേള്‍ക്കേണ്ട താമസം ഞാന്‍ സാറ്റ് കളിയുടെ സ്പിരിറ്റ് ഒക്കെ മറന്ന് ചാടിയെണീറ്റ് വീട്ടിലേക്കോടി.

“തൊംസൂട്ടി സാറ്റേ....” ന്നും പറഞ്ഞ് കസിന്‍ സാറ്റ് കുറ്റിയായ തെങ്ങിന്‍ ചുവട്ടിലേക്കോടി എന്നെ സാറ്റ് വയ്ച്ചു.

“പുതിയ ബാലരമ വന്നപ്പോഴാ നിന്റെ ഒരു സാറ്റ്....പോയി പണി നോക്കടീ”ന്നും പറഞ്ഞ് ഞാന്‍ ഓട്ടം “ആക്സിലറേറ്റ്” ചെയ്തു.

കാരണം പുതിയ ലക്കത്തിലെ മായാവി,രാജു,രാധ,ഡാകിനി,കുട്ടൂസന്‍,മുത്തു,വിക്രമന്‍,ലുട്ടാപ്പി,”ങുര്‍ര്‍... ങുര്‍ര്‍...“എന്ന ശബ്ദത്തില്‍ ഉറങ്ങുന്ന ലുട്ടാപ്പിയുടെ പുട്ടാലു എന്ന അമ്മാവന്‍,ശിക്കാരി ശംഭു, കാലിയ,ഇന്‍സ്പെക്ടര്‍ ഗരുഡ്, മന്ത്രിയുടെ തന്ത്രങ്ങള്‍, പിന്നെ അവസാനത്തെ പേജിലത്തെ “മ്രുഗാധിപത്യം വന്നാല്‍” വരെ ആദ്യം വായിക്കുന്നവനാണ് ആ ആഴ്ചയിലെ രാജാവ്.

ഓടിപ്പോയി ഞാന്‍ ബാലരമ കൊണ്ടുവന്നപ്പൊ എന്നെയാണ് ആദ്യം കണ്ടതെന്നും ഞാന്‍ അടുത്തത് എണ്ണണമെന്നും കസിനു ഒരേ വാശി. പക്ഷെ അത് ബാലരമ കിട്ടുന്നതിന് മുന്‍പ് അല്ലെ? ഇപ്പൊ ബാലരമ കിട്ടിയില്ലേ? അപ്പൊ ബാലരമയ്ക്കല്ലേ “പ്രിഫറന്‍സ്” കൊടുക്കേണ്ടത് എന്ന എന്റെ ന്യായമായ ആവശ്യങ്ങള്‍ ഒന്നും വിലപ്പോയില്ല. സാധാരണയായി പുതിയ ബാലരമ കിട്ടിയാല്‍ അതു വായിച്ച് തീര്‍ത്തിട്ടേ ബാക്കി എന്തും ഉള്ളൂ.

അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. വഴക്ക് ഉന്തും തള്ളുമായി. ഉന്തും തള്ളും അടിയായി. കസിന്‍ എന്നു പറഞ്ഞാല്‍ എന്നേക്കാളും ഒരു അഞ്ചാറ് വയസ്സിന്റെ മൂപ്പുണ്ട്. അടി കഴിഞ്ഞപ്പോള്‍ എന്റെ കൈയിലിരുന്ന ബാലരമ അവളുടെ കൈയിലായി എന്നു മാത്രമല്ല അടിയില്‍ കാലിടറി ഞാന്‍ കയ്യാലപുറത്തുനിന്നും താഴെ വീഴുകയും ചെയ്തു.

“പോടീ പട്ടീ....കഴുതേ...തെണ്ടീ.....” ഒരു LP സ്കൂളുകാരന്റെ സ്റ്റാന്‍ഡേര്‍ഡിലുള്ള സകല തെറിയും വിളിച്ചിട്ടും എന്റെ കലി അടങ്ങിയില്ല. അവള്‍ക്കിട്ടെങ്ങിനെയെങ്കിലും ഒരു പണി കൊടുക്കണം.

എന്റെ കുരുട്ടുബുദ്ധിയില്‍ ക്രൂരമായി ആലോചിച്ചു. അവസാനം ബുദ്ധി ഉദിച്ചു.(സംശയിക്കേണ്ട, വല്ലപ്പോഴുമേ ഇങ്ങനെ സംഭവിക്കാറുള്ളൂ) ഉദിച്ച ബുദ്ധി അസ്തമിക്കുന്നതിന് മുമ്പേ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.

അന്ന് വൈകുന്നേരം തോട്ടില്‍ നിന്ന് ഒരു മുങ്ങികുളിയൊക്കെ പാസ്സാക്കി നിക്കറും ബനിയനുമൊക്കെയിട്ട് ഒരവസരത്തിനായി കാത്തിരുന്നു. വീട്ടില്‍ ആളൊഴിഞ്ഞ സമയത്ത് കസിന്റെ സ്കൂള്‍ ബാഗില്‍ നിന്നും ബുക്കും പുസ്തകവുമൊക്കെയെടുത്ത് വീട്ടിലെ ഉപയോഗിച്ച് “പെന്‍ഷന്‍“ പറ്റിയ തുണികളൊക്കെ വച്ചിരിക്കുന്ന അധികമാരും ഉപയോഗിക്കാത്ത “കാലിപെട്ടി” എന്നൊരു പെട്ടിയ്ക്കകത്ത് എടുത്ത് ഒളിപ്പിച്ച് വയ്ച്ചു.

വീട്ടില്‍ അഥിതികള്‍ വന്നാല്‍ മാത്രം പുറത്തെടുക്കുന്ന പലഹാര ടിന്നുകളില്‍ കൈയിട്ട് കുറെ വാഴയ്ക്കാ വറുത്തതും(ബനാന ചിപ്സ്) കുറെ അവിലോസുണ്ടയും എടുത്ത് നിക്കറിന്റെ രണ്ട് പോക്കറ്റിലും സ്റ്റോക്ക് ചെയ്തു. അങ്ങിനെ അത്യാവശ്യം വിശപ്പടക്കാനുള്ള “സ്നാക്ക്സ്” ഒക്കെ കൈയില്‍ കരുതി ഞാന്‍ നടുവിലത്തെ മുറിയില്‍ കട്ടിലും ഭിത്തിയും തമ്മിലുള്ള ഒരു ചെറിയ ഗ്യാപ്പില്‍ ഒളിവില്‍ പോയി. എന്നു വെച്ചാ അവിടെ ഒളിച്ചിരുന്നു.

ക്ലോക്കിലെ സൂചി വട്ടത്തില്‍ കറങ്ങികൊണ്ടിരുന്നു. മണി ആറടിച്ചു.ആദ്യത്തെ ഒരു മണിക്കൂര്‍ നേരത്തേക്ക് എല്ലാം വളരെ ശാന്തമായിരുന്നു. ക്ലോക്കില്‍ മണി ഏഴടിച്ചു. നേരം ഇരുട്ടി തുടങ്ങി.ആരൊ എന്തിനു വേണ്ടീയൊ എന്നെ അന്വേഷിക്കാന്‍ തുടങ്ങി. എവിടെ കാണാന്‍?

സമയം മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. ഇരുട്ടിന്റെ “ഡാര്‍ക് നെസ്സ്” കൂടി കൂടി വരുന്നു. വീട്ടിലുള്ളവരെല്ലാം എന്നെ അന്വേഷിച്ച് ഓടി നടക്കുന്നു. വീടിനകത്ത്‍, തട്ടിന്‍ പുറത്ത്, പറമ്പില്‍, അയല്‍വക്കത്തെ വീടുകളില്‍, തോട്ടില്‍,തൊഴുത്തില്‍ എന്നിവിടങ്ങളിലെല്ലാം “ഇവനിതെവിടെ പോയി കിടക്കുവാ” എന്നും പറഞ്ഞ് പാഞ്ഞ് നടക്കുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലെ. പക്ഷെ “കുട്ടി” പോയാല്‍ എവിടെയൊക്കെ തപ്പണൊ അവിടെയൊക്കെ തപ്പി. സേര്‍ച്ച് ഫെയില്‍ഡ്.

ഈ സമയമൊക്കെയും ഞാന്‍ “കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടൊ” പാട്ടൊക്കെ പാടി വാഴയ്ക്ക വറുത്തതും അവിലോസുണ്ടയും ഒക്കെ ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നു.

അപ്പൊ വീട്ടില്‍ വേറൊരു വാര്‍ത്ത പരന്നു. കസിന്റെ ബാഗിലെ ബുക്കും പുസ്തകവുമൊന്നും കാണ്മാനില്ല.ജീവനില്ലാത്ത വസ്തുക്കളാണ്. തനിയെ എഴുന്നേറ്റ് ബാഗിന് പുറത്തേക്ക് പോകാനുള്ള ശേഷി ഏതായാലും അതിനില്ല.പിന്നെ എന്നെയും കാണ്മാനില്ല. ഈ സംഭവങ്ങളെല്ലാം “ലോജിക്കലി ലിങ്ക്” ചെയ്തപ്പൊ ആര്‍ക്കൊ ഒരു സംശയം ഞാനാണത് ചെയ്തതെന്നും ഞാന്‍ ഒളിച്ചിരിക്കുകയാണെന്നും.

അങ്ങിനെ എനിക്ക് വേണ്ടിയുള്ള സേര്‍ച്ച് “ഇന്റന്‍സിഫൈ” ചെയ്തു. രണ്ട് മണിക്കൂര്‍ ഒരേ ഇരിപ്പ് ഇരുന്ന് തിന്ന് തീര്‍ത്തതെല്ലാം ദഹിക്കാന്‍ വേണ്ടി ഒന്നേമ്പക്കം വിടാന്‍ എഴുന്നേക്കണ്ട താമസം, ടോര്‍ച്ചുമായി ദാണ്ടെ നില്‍ക്കുന്നു പപ്പ. “റെഡ് ഹാന്‍ഡാ“യി പിടിക്കപെട്ടു.

“ഇറങ്ങി വാടാ ഇങ്ങോട്ട്” എന്നൊരലര്‍ച്ചയായിരുന്നു.

കാണാതായ കുഞ്ഞാടിനെ കണ്ട് കിട്ടിയ സന്തോഷത്തില്‍ എല്ലാരും ഒരുമിച്ച് കൂടി.

“നീ എന്തിനാടാ അവളുടെ ബുക്ക് എടുത്തൊളിപ്പിച്ച് വെച്ചെ? എവിടെയാടാ വച്ചിരിക്കുന്നെ”
അതിനുത്തരം പറയാന്‍ വാ തുറക്കുമ്പൊഴേയ്ക്കും അടി വീണിരുന്നു.

“പ്രതി ഭാഗം വാദം കേള്‍ക്കാന്‍ പോലും തയാറാവാതെ ശിക്ഷ നടപ്പാക്കുന്നോ? ഇതെവിടത്തെ മര്യാദ?“ എന്നൊന്നും ഞാന്‍ ചോദിക്കാന്‍ നിന്നില്ല. കിട്ടിയതും വാങ്ങിച്ചതുകൊണ്ട് നല്ല കുട്ടിയായി ഒളിപ്പിച്ച് വച്ചിരിക്കുന്ന ബുക്ക് എടുത്ത് കൊടുത്തു. കൊടുത്തപ്പൊ “നിനക്കിത് കിട്ടണവെടാ” എന്നൊരര്‍ഥത്തില്‍ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. അതിനും ഞാന്‍ പകരം ചോദിക്കാന്‍ പോയൊന്നുമില്ല. പേടിയായിട്ടൊന്നുമല്ല. പാവമല്ലെ എന്ന് കരുതി. അത് കൊണ്ട് മാത്രം വെറുതെ വിട്ടു. അല്ലെങ്കില്‍
ഞാന്‍...എന്നെ അവള്‍ക്ക് ശരിക്കറിയാന്‍മേല....

എന്റെ ഓര്‍മയില്‍ നില്‍ക്കുന്ന രണ്ട് സംഭവങ്ങളെ പപ്പായുടെ കൈയില്‍ നിന്നും അടി വാ‍ങ്ങിച്ചിട്ടുള്ളൂ. അതിലൊന്നിത്. മമ്മീടെ കൈയീന്ന് വാങ്ങിച്ചതിന് കണക്കില്ല. ബാക്കി അടിയുടെ കഥകള്‍...(തുടരും)
-------------------------------------------------------------
ഡെഡിക്കേഷന്‍: ഈ കഥയിലെ വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച എന്റെ കസിന്‍ ഇന്ന് മുംബയില്‍ Central Railway ഉദ്യോഗസ്ഥയും മഹാ തരികിടകയായ ഒരാണ്‍കുട്ടിയുടേയും ഇരട്ടകളായ രണ്ട് സുന്ദരികളുടേയും അമ്മയുമാണ്. പുള്ളിക്കാരിക്കും കുടുംബത്തിനും വേണ്ടി ഞാന്‍ ഈ കഥ ഡെഡിക്കേറ്റ് ചെയ്യട്ടെ.

Thursday, March 15, 2007

ആനയും ദാമ്പത്യജീവിതവും

പരശു രാമന്‍ മഴു എറിഞ്ഞാണ് കേരളമുണ്ടായതെന്ന് ഐതിഹ്യം. അന്നത്തെ പരശുരാമന്റെ “കട്ട” ബോഡിയും, മഴുവിന്റെ “പ്രൊജക്റ്റൈല്‍” മോഷനും എല്ലാം ഒന്ന് അനലൈസ് ചെയ്താല്‍ കേരളത്തിന്റെ ഇന്നത്തെ ശോഷിച്ച ഷേപ്പ് അല്ല ഉണ്ടാവേണ്ടത്.

പിന്നെ കേരളം എങ്ങിനെ രണ്ടറ്റവും കൂര്‍ത്ത ഒരു നീണ്ട “പാവയ്ക്ക” ഷേപ്പിലായി? കാരണം തടിയന്മാരായ കര്‍ണാടകവും തമിഴ് നാടും കേരളത്തിന്റെ മുകളില്‍ കേറി കിടക്കുന്നു. അതും പോരാഞ്ഞിട്ട് ഇന്ത്യ മഹാരാജ്യത്തിന്റെ മുഴുവന്‍ ഭാരവും പേറുന്നത് നമ്മുടെ കൊച്ചു കേരളം. യുഗങ്ങളായി ഈ ഭാരം മുഴുവന്‍ ചുമക്കുന്നതുകൊണ്ടായിരിക്കണം കേരളം ഇത്ര ശോഷിച്ച് പോയത്.

ഇങ്ങനെയുള്ള കേരളത്തിന്റെ ഏതാണ്ട് നടുക്കായി കേരളത്തിനുള്ളില്‍ മാത്രം ഒതുങ്ങികഴിയുന്ന ഒരു ജില്ല ഒരേ ഒരു ജില്ല,“എന്നാ ഉണ്ടെടാ ഉവ്വേ? സുഖവാന്നോ” എന്ന ചോദ്യത്തിന് “എന്നാ പറയാനാ ഇച്ചായോ....അങ്ങനങ്ങ് ജീവിച്ചു പൊന്നു” എന്ന് ഉത്തരം തരുന്ന മില്‍മ പാലിനേക്കാളും അധികം റബര്‍ പാല്‍ ഉല്പാദിപ്പിക്കുന്ന നമ്മുടെ സ്വന്തം അച്ചായന്മാരുടെ നാട്. കോട്ടയം.

കോട്ടയത്തെ അച്ചായന്മാരുടെ ആസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന പാലായില്‍ നിന്നും തൊടുപുഴയ്ക്ക് പൊണ വഴിയ്ക്ക് ഐങ്കൊമ്പ് വളവ് കഴിഞ്ഞാല്‍ ഒരു പഞ്ചായത്ത് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഉണ്ട്. അതിന് നേരെ എതിര്‍ വശത്തായി ഒരു പഞ്ചായത്ത് കിണറും. ആ കിണറിന്റെ സൈഡിലൂടെ ഉള്ള മണ്‍ റോഡില്‍ കൂടി കണ്ടവും മുറിച്ച് കടന്നാല്‍ നമ്മള്‍ ചെല്ലുന്നത് മണികണ്ഠന്റെ വാസസ്ഥലത്ത്.

മണികണ്ഠന്‍ ചെറുപ്പക്കാരനായ ഒരു പ്രവാസി തമിഴനാണ്. എന്നു വെച്ചാ വയറ്റി പിഴപ്പിനു വേണ്ടി കേരളത്തില്‍ വന്ന് ജോലി നോക്കുന്നു. ജന്മം കൊണ്ട് മാത്രമാണ് മണികണ്ഠന്‍ തമിഴനായത്, അല്ലാതെ തമിഴ് സംസാരിക്കുന്നത് കൊണ്ടല്ല. നാട്ടുകാരെല്ലാം മണികണ്ഠനെ സ്നേഹത്തോടെ “മണിയേ...” എന്നാണ് വിളിച്ചിരുന്നത്. പൊതുവേ തമിഴന്മാരോടുള്ള ഒരു ആറ്റിറ്റൂഡ് അല്ലായിരുന്നു അന്നാട്ടുകര്‍ക്ക് മണികണ്ഠനോട്.

സ്വന്തം വയറിനു വേണ്ടി മാത്രം അധ്വാനിച്ച് ജീവിക്കുന്ന മണിക്ക് ‘മണി’യോടൊ ആര്‍ഭാടത്തിനോടൊ വല്ല്യ താല്പര്യം ഒന്നും തോന്നിയിരുന്നില്ല. മലയാളികളുടെ പണത്തൊടുള്ള ആക്രാന്തത്തെ മണി “ബോതര്‍” ചെയ്തിരുന്നുമില്ല. ഇക്കാരണങ്ങള്‍ കോണ്ട് തന്നെ മണിയെ അവിടെ എല്ലാവര്‍ക്കും വല്ല്യ കാര്യമായിരുന്നു. ഇത് പലപ്പോഴും പലരും മുതലെടുക്കാറുമുണ്ടായിരുന്നു. തമിഴനല്ലെ എന്ന് വിചാരിച്ച് തുച്ഛമായ വേതനത്തില്‍ ഭാരിച്ച ജോലികള്‍. ഇതിലൊന്നും മണിക്ക് യാതൊരുവിധ പരാതികളും
ഇല്ലായിരുന്നു. കാരണം പണത്തേക്കാളും മറ്റെന്തിനേക്കാളും എന്തിനേറെ പറയുന്നു തന്നേക്കാള്‍ മണി സ്നേഹിച്ചിരുന്നത് തന്റെ പ്രേമഭാജനം കല്ല്യാണിയെ ആയിരുന്നു.

വെയിലിന് “ഗോള്‍ഡന്‍” കളര്‍ വച്ച് തുടങ്ങി. മണിയന്‍ ചാകാറായി. എന്നു വെച്ചാ നേരം വൈകുന്നേരം മണി അഞ്ചാകാറായി. പാലാ കൂത്താട്ടുകുളം റൂട്ടില്‍ ഓടുന്ന “മഡോണ” ക്രുത്യ സമയം പാലിച്ച് നാലെ അമ്പതിനു ഒരാളെയും ഇറക്കി വെയിറ്റിങ്ങ് ഷെഡ് പാസ്സ് ചെയ്തു. ഈ ബസ്സാണ് ആ ഏരിയായിലെ പണിക്കാരുടെ പണി മതിയാക്കാനുള്ള സിഗ്നല്‍ കൊടുത്ത് പോകുന്നത്. ബസ് പാസ്സ് ചെയ്യേണ്ട താമസം എല്ലാവരും കൈയും കാലും ഒക്കെ കഴുകി അന്നത്തെ പണി മതിയാക്കി പെണ്ണുങ്ങള്‍ വീടുകളിലേക്കും ആണ്‍ പിറന്നവന്മാര്‍ അങ്ങാടിയിലേക്കും ചേക്കേറും.

അങ്ങിനെ മണിയും അന്നത്തെ പണി മതിയാക്കി മടങ്ങുകയാണ്. റോഡിന്റെ സൈഡിലൂടെ പതിയെ നടക്കുമ്പോ പെട്ടന്ന് ഒരു സുപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ് സര്‍ക്കാരിന്റെ പച്ച കളറടിച്ച ആനവണ്ടി ഒരു ഹോണുമടിച്ച് പാഞ്ഞ് പോയി.

“ഇവന്‍മാരൊക്കെ ആരുടെ അമ്മായിക്ക് വായുഗുളിക വാങ്ങിക്കാന്‍ പോവ്വാ? പേടിപ്പിച്ച് കളഞ്ഞല്ലോ”
മണി മനസ്സില്‍ പറഞ്ഞു.

“നീയിന്നെന്റെ സ്വന്തമല്ലേ...
സ്നേഹത്തിന്റെ ഗന്ധമല്ലേ...
പ്രേമത്തിന്റെ വെണ്ണയല്ലേ...
ജന്മത്തിന്റെ പുണ്യമല്ലേ...”

ഈയിടെ റിലീസായ ലാലേട്ടന്റെ കളഭം എന്ന പടത്തിലെ പാട്ട് പ്രിയഗീതം എന്ന ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ നിന്നും റേഡിയോയില്‍ പാടുന്നു. തട്ടുകട നടത്തുന്ന പിള്ളേച്ചന്റെ ഒറ്റ സ്പീക്കറുള്ള “നാഷണല്‍” മേക്ക് റേഡിയൊ. ഈ പാട്ട് കേട്ടപ്പൊ മണിക്ക് പെട്ടന്ന് കല്ല്യാണിയെ ഓര്‍മ വന്നു.

“സുഖവാണൊടാ മണിയേ” എന്ന പിള്ളേച്ചന്റെ ചോദ്യത്തിന് മണി തലയാട്ടുക മാത്രം ചെയ്തു. കാരണം മറ്റൊന്നുമല്ല മണിയുടെ മനസ്സില്‍ മുഴുവന്‍ കല്ല്യാണിയെ കുറിച്ചുള്ള ഓര്‍മകള്‍ മാത്രമായിരുന്നു.

കല്ല്യാണിയെ ആദ്യമായി കണ്ട നാള്‍. മണിയുടെ ഈ പ്രേമം ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. എന്നു വെച്ചാ ഒറ്റ നോട്ടത്തില്‍ തന്നെ മണിക്കിഷ്ടായി കല്ല്യാണിയെ.

തങ്ങള്‍ക്ക് മാത്രമായി ഒരു കൊച്ച് വീട്.
താനും കല്ല്യാണിയും തനിച്ചുള്ള നിമിഷങ്ങള്‍.
ഒന്നിച്ചൊരു യാത്ര.
സ്വകാര്യമായ സന്തോഷങ്ങളും ദുഖങ്ങളും പങ്ക് വയ്ക്കുന്ന സന്ധ്യകള്‍.
“ക്യാന്റില്‍ ലൈറ്റ്” അത്താഴം.
ശാരീരിക സുഖങ്ങള്‍ പങ്ക് വയ്ക്കുന്ന രാവുകള്‍.

ഏതൊരാളും ആഗ്രഹിക്കുന്ന ഇത്തരത്തിലൊരു ദാമ്പത്യജീവിതം മണിക്ക് സ്വപ്നം കാണാവുന്നതിലുമപ്പുറമായിരുന്നു. മണി ഒരു തമിഴനും കല്ല്യാണി ഒരു മലയാളിയുമായിരുന്നതുകൊണ്ടല്ല. പ്രേമം “ബ്ലൈന്‍ഡാ“ണെന്നും അതിന് ജാതിയൊ മതമോ ഭാഷയൊ വര്‍ഗമോ എല്ലെന്നും മണി വിശ്വസിച്ചിരുന്നു.

മണിയെ തളച്ചിരുന്ന ചങ്ങല മാത്രമായിരുന്നു മണിയുടെ ദാമ്പത്യ ജീവിതത്തിലെ വില്ലന്‍.
-------------------------------------
ഡെഡിക്കേഷന്‍:
തീര്‍ത്തും നിസ്വാര്‍ഥവും മാനുഷിക മൂല്ല്യങ്ങള്‍ ഉയര്‍ത്തുന്നതുമായ ഒരു മൈസൂര്‍-വയനാട്(ചുണ്ടേല്‍) യാത്രയിലെ സഹയാത്രികരായ എന്റെ സുഹ്രുത്തുക്കള്‍ ജിതിനും ജോമേഷിനും സിനോയ്ക്കും വേണ്ടി ഞാന്‍ ഈ കഥ ചുമ്മാ ഡെഡിക്കേറ്റ് ചെയ്യുന്നു.

Monday, March 12, 2007

എന്നീസീ ചരിതം (ഭാഗം രണ്ട്)

[കഥ ഇതുവരെ: ദയവായി എന്നീസീ ചരിതം (ഭാഗം ഒന്ന്) റെഫര്‍ ചെയ്യുക]

യാതൊരു പ്രകോപനങ്ങളുമില്ലാതെ അടങ്ങി ഒതുങ്ങി കഴിയുകയായിരുന്ന ഇറാക്കി ജനതയുടെ മേല്‍ പെട്ടന്നൊരു ദിവസം ബുഷ് ഭരണകൂടം വെറുതെ ഓരോ കാരണങ്ങള്‍ കണ്ട് പിടിച്ച് തന്റെ പട്ടാളത്തെ
ഉപയോഗിച്ച് ആക്രമിക്കുയാണുണ്ടായത്. ഇതുപോലെ സ്വേച്ചാധിപധികളായ അമേരിക്കകാര്‍, ഒരു
പറ്റം ഇറാക്കി ജനതയെപോലെ അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന ഞങ്ങളുടെ മേല്‍ യാതൊരു കാരണവും ഇല്ലാതെ ആക്രമണം അഴിച്ചു വിടുന്നു.

പുതുതായി എത്തിയ സ്ഥലത്ത് എല്ലാവരും ഒന്ന് സെറ്റില്‍ ചെയ്ത് വരികയാണ്. അപ്പോഴാണ് മുകളിലത്തെ നിലയില്‍ എന്തോ ഉരുള്‍ പൊട്ടലുണ്ടായതുപോലെ കുറെ പേര്‍ അലറി തുള്ളി ചാടി വരുന്നു. നേരെ വരുന്നത് നമ്മളെ ആക്രമിക്കാന്‍.

എനിക്ക് താല്‍കാലികമായി അനുവദിച്ച് കിട്ടിയ റൂം ഗ്രൌണ്ട് ഫ്ലോറിലെ A8 ന്റെ വാതിലും ചവിട്ടി പൊളിച്ച് ഒരുത്തന്‍ അകത്ത് കടന്ന് അലറുന്നു.

“All first years come out fast, get ready in formals..."

“ഇതെന്താ കര്‍ത്താവേ, ഇവന്മാര്‍ക്ക് ചെകുത്താന്‍ കേറിയോ? ഇവന്മാരെന്തിനാ വെറുതെ കിടന്ന് കലി തുള്ളുന്നത്” നമ്മള് ഫോര്‍മലിട്ട് പുറത്ത് വരണം, അത്രേയല്ലേയുള്ളൂ. അതു പറഞ്ഞാ പോരെ, പേടിപ്പിക്കണൊ?

ന്യായമായിട്ടും ഒരാള്‍ക്ക് റെഡിയാവണമെങ്കില്‍ 15 മിനിറ്റെങ്കിലും മിനിമം എടുക്കും. ഇവന്‍ അലറുന്നു അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ റെഡിയായി ക്യൂ അപ്പ് ആവുക. പിന്നൊന്നും ആലോചിച്ചില്ല, ആലോചിക്കാന്‍ സമയം കിട്ടിയില്ല എന്ന് പറയുന്നതാണ് ശരി. പെട്ടന്നു തന്നെ ഞാനും ബാക്കി ഫസ്റ്റിയേഴ്സൂം ലൈന്‍ അപ്പ് ആയി.


വെറുതേ ക്യു നിന്നാല്‍ പോരാ, പള്ളിക്കൂടത്തിലൊക്കെ അസ്സംബ്ലിക്ക് ക്യു നില്‍ക്കുന്നതു പോലെ ഹയിറ്റ് ഓര്‍ഡറില്‍ വേണം ക്യു നില്‍ക്കാന്‍. ഹയിറ്റ് അനുസരിച്ച് ക്യു നിന്നപ്പോ ഞാനാണ് ഏറ്റവും ലാസ്റ്റ്.

അല്ലെങ്കിലും എന്തിനും ഏതിനും ഞാന്‍ എന്നും പിറകിലാണ്.

ഏറ്റവും പിറകില്‍ നില്‍ക്കുന്ന എന്നെ ഒരു അമേരിക്കന്‍ ഭടന്‍ അടിമുടി ഒന്ന് സ്കാന്‍ ചെയ്തു.

വെളിച്ചെണ്ണ തേച്ച് മനോഹരമായി ചീകി വച്ചിരിക്കുന്ന മുടി, വല്ല്യ വ്രുത്തികേടൊന്നുമില്ലാത്ത മുഖം, തേച്ച് മിനുക്കിയെടുത്ത, ക്രീം കളരില്‍ ചെറിയ ചെക്കുകളുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ട്, ഡാര്‍ക് ഗ്രേ പാന്റ്, അന്ന് വാങ്ങിച്ച ഷൂസ് വെളുത്ത സോക്സിട്ട എന്റെ കാലില്‍. പെട്ടന്ന് ഒരു തെറ്റ് കണ്ടു പിടിക്കാനാവാത്ത വേഷം.

ഇങ്ങനെ കുട്ടപ്പനായി നില്‍ക്കുന്ന ഞാന്‍, അവന്റെ വേഷം കണ്ടാലോ?

രാഷ്ട്രീയക്കാര്‍ ഉപേക്ഷിച്ച് പോയ ഇലക്ഷന്‍ ബാനര്‍ വെട്ടി തയ്ചുണ്ടാക്കിയതുപോലൊരു ഷര്‍ട്ട്, കണ്ണിലടിക്കുന്ന കളറിലുള്ള നിക്കറില്‍ കൊള്ളാവുന്നതിലധികം പോക്കറ്റുകള്‍, അതിന്റെ സൈഡിലൂടെ പയറുവള്ളി പോലെ തൂങ്ങി കിടക്കുന്ന കുറേ വള്ളികള്‍, എല്ലാം കൂടി ഒരു “കണ്ട്രി” ലുക്ക്.

പിന്നീടാണ് ഇത് ഒരു ഫാഷനാണെന്ന് ഞാനറിയുന്നത്. ഇമ്മാതിരി ഡിസൈനര്‍ വേഷങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. പട്ടണത്തിലെ ഓരോ പരിഷ്കാരങ്ങളേ....!!!


അവന്‍ എന്റെ ഡ്രസ്സിങ്ങിലെ ഒരു “ബഗ്ഗ്” കണ്ട് പിടിച്ചു.

തൊപ്പിയില്ലാത്ത പോലീസുകാരനെപ്പോലെയും, സ്റ്റെതസ്കോപ്പില്ലാത്ത ഡോക്ടറെപ്പോലെയും മുഴക്കോലില്ലാത്ത ആശാരിയെപ്പോലെയുമാകുന്നു പോക്കറ്റില്‍ പേനയില്ലാത്ത ഒരു എഞ്ചീനീയറിങ്ങ് വിദ്യാര്‍ധ്ദി.

എന്റെ പോക്കറ്റില്‍ ഒരു പേന ഇല്ല. അവന്റെ മുഖത്ത് പെരുത്ത് സന്തോഷം. വീണ്ടും കുറെ ഇട്ട് ഞെട്ടിച്ചു.

ഇവരെന്തിനാ തൊട്ടതിനും പിടിച്ചതിനുമൊക്കെ ചൂടാവുന്നെ? ഞാനൊ എന്റെ കുടുംബമോ ഇവരോടോ
ഇവരുടെ കുടുംബക്കാരൊടോ അറിഞ്ഞൊ അറിയാതെയൊ യാതൊരു തെറ്റും ചെയ്തിട്ടില്ല.

ഉടനടി ഞാന്‍ എവിടുന്നെങ്കിലും ഒരു പേന സംഘടിപ്പിച്ച് പോക്കറ്റില്‍ ഫിറ്റ് ചെയ്യണം. ഇതാണാ
ബഗ്ഗിനുള്ള സൊലൂഷന്‍.


ഓടിപ്പോയി റൂമില്‍ നോക്കിയപ്പൊ പേനയൊന്നും കാണാനില്ല. കണ്ണില്‍ പെട്ടത് സ്റ്റീല്‍ ക്യാപ്പ് ഉള്ള ഒരു മൈക്രോ റ്റിപ്പ് അദവാ “ഡിജിറ്റല്‍” പെന്‍സില്‍.പക്ഷെ പുള്ളിക്ക് കണ്ടപ്പോഴെ പിടികിട്ടി. എന്റെ പോക്കറ്റില്‍ നിന്നും അതെടുത്ത് അവന്റെ പോക്കറ്റിലിട്ടു.പേന എന്ന് പറഞ്ഞാല്‍ പേനയായിരിക്കണം. ഞാന്‍ ഇരന്ന് പിടിച്ച് ഒരു പേന ഒപ്പിച്ചു. അങ്ങിനെ പതിനഞ്ചു രൂപ മുതലുള്ള എന്റെ പെന്‍സില്‍ അവന്റ പോക്കറ്റിലായി.

ലെവന് എന്നൊടുള്ള തരിപ്പ് തീര്‍ന്നപ്പൊ എന്നെ “സ്ക്രൂ” ചെയ്യാനുള്ള ഉത്തരവാദിത്വം വേറൊരുത്തന്‍
ഏറ്റെടുത്തു.

“വാട്ടീസ് മൈ നെയിം?”

ദൈവമേ എന്റെ ചെവിക്കെന്തെങ്കിലും പറ്റിയോ? നാട്ടീന്നു പോരുമ്പൊ ഒരു കുഴപ്പവുമില്ലാതിരുന്നതായിരുന്നല്ലൊ? സാധാരണ ആള്‍ക്കാര്‍ “വാട്ടീസ് യുവര്‍ നെയിം?” എന്നാണ്
ചോദിക്കാറുള്ളത്.

“വാട്ടീസ് മൈ നെയിം ഡാ” അവന്‍ പിന്നെയും കിടന്ന് തൊണ്ട തുറക്കുന്നു.ചോദ്യം കേട്ടാല്‍ ഇവന്‍ എന്റെ കൂടെ പിറപ്പാണെന്ന് തോന്നും. ഞാനാ മുഖത്തേക്ക് സൂക്ഷിച്ച് ഒന്ന് നോക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രി? രാഷ്ട്രപതി? ക്യബിനറ്റ് മന്ത്രിമാര്‍? മുഖ്യ മന്ത്രിമാര്‍? സിനിമ സ്പോര്‍ട്സ്
പേഴ്സണാലിറ്റീസ്? ആരുടെയും മുഖവും ഇവന്റെ മുഖവും തമ്മില്‍ യാതൊരു സാമ്യവുമില്ല. പിന്നെ
ഞാനെങ്ങിനാ ഇവന്റെ പേരറിയുന്നത്? ഞാന്‍ അടിയറവ് പറഞ്ഞു.

“എനിക്കറിയില്ല.”

“പോയി കണ്ട് പിടിക്കെടാ....”

“ഓഹോ...അപ്പൊ അതാണ് കാര്യം. ഇവന്റെ സ്വന്തം പേര് ഇവനറിയത്തില്ല. അത് ഞാന്‍
ആരുടെയെങ്കിലും അടുത്ത് നിന്ന് അറിഞ്ഞിട്ട് വന്ന് ഇവന് പറഞ്ഞ് കൊടുക്കണം. അപ്പൊ ഇതാണ്
ഇതിഹാസങ്ങളിലും പുരാണങ്ങളിലൊക്കെ പ്രദിപാദിച്ചിട്ടുള്ള “കുക്കുമ്പര്‍ ടൌണ്‍” അദവാ
വെള്ളരിക്കാപട്ടണം.”

തൊട്ടപ്പുറത്ത് നിന്ന വേറൊരു സീനിയര്‍ വിദ്യാര്‍ദ്ധിയോട് ഈ മാന്യദേഹത്തിന്റെ പേര് ചോദിക്കന്‍
പോവുമ്പൊ ലെവന്‍ പൊസിഷന്‍ മാറ്റികൊണ്ടിരിക്കും. ഞാനെങ്ങിനാ ആളെ ഒന്ന് പോയിന്റ് ചെയ്ത്
കാണിച്ച് കൊടുക്കുക.

ആളെ ഇട്ട് കുരങ്ങ് കളിപ്പിക്കാനുള്ള ഓരോ വഴികളേ....

അവന്റെ പേര് എനിക്ക് മുന്‍കൂട്ടി അറിയില്ല എന്ന തെറ്റ് കൊണ്ട് ആ പേര് ഞാന്‍ 1000 പ്രാവശ്യം
ഇമ്പോസിഷന്‍ എഴുതിയെന്നത് ചരിത്രം.

അപ്പോഴാണ് ഞാന്‍ ചങ്ക് തകര്‍ന്ന് പോവുന്ന ആ കാഴ്ച കണ്ടത്.

ലേഡി വാര്‍ഡന്‍ ഒരു സാഡിസ്റ്റ് മെന്റാലിറ്റിയോടെ നാസി ക്യാമ്പിലെ ജൂദന്മാരെ പീഡിപ്പിക്കാന്‍ ഓര്‍ഡര്‍ കൊടുക്കുന്ന ഹിറ്റ്ലറിനെപോലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന്റെ നടുവില്‍ നിള്‍ക്കുന്നു. അപ്പൊ
സീനിയേഴ്സും വാര്‍ഡനും കൂടി ജൂനിയേഴ്സിനെ മെരുക്കാനുള്ള ഒരു പരിപാടിയാണിത്.

ഇവരോട് എതിര്‍ത്ത് നില്‍ക്കാന്‍ സാധിക്കില്ല. പോരാത്തതിന് എനിക്ക് ഗ്രൌണ്ട് സപ്പോട്ടും ഇല്ല.
നിലനില്‍പ്പിന് ഒറ്റ വഴിയെ ഉള്ളൂ....

പോലീസ് ഇടിച്ച് കൂമ്പ് വാട്ടിയവന്‍ “അയ്യോ ഇനീം എന്നെ തല്ലല്ലെസാറെ....ഞാനിപ്പൊ ചാകുവേ”
എന്ന് പറയുമ്പൊ മുഖത്തുണ്ടാവുന്ന എക്സ്പ്രെഷ്ഷന്‍ ഞാന്‍ എന്റെ മുഖതെടുത്തിട്ടു.

ഇതിനിടയില്‍ ഫോര്‍മല്‍സ് ഇട്ട് നിന്ന ഒരുത്തനോട് ഇങ്ങനാണോടാ ഫോര്‍മല്‍സ് ഇടുന്നത് എന്ന്
വെറുതെ ഒന്ന് ഞെട്ടിച്ചു. അവനൊരു സംശയം. എനി എതു തന്നെയാണൊ ഫോര്‍മല്‍സ്? സംശയം
ആരോടും ചോദിക്കാനും തീര്‍ക്കാനും ഒന്നും മെനകെട്ടില്ല. ഞാനിട്ടിരിക്കുന്നത് ഫോര്‍മല്‍സ് അല്ല.
അവന്‍ റൂമിലേക്ക് തിരിച്ചോടിപ്പോയി കൊണ്ടു വന്ന കാക്കി നിക്കറും ബനിയനുമിട്ട് തിരിച്ചെത്തി.
“ഞാന്‍ ഫോര്‍മല്‍സില്‍ റെഡി സര്‍...” എന്നു പറഞ്ഞപ്പോ എങ്ങനാണാവോ ആ സീനിയറദ്ദേഹം
ചിരി കണ്ട്രോള്‍ ചെയ്തത്?

അന്യ സംസ്താനങ്ങളില്‍ നിന്നും നമ്മുടെ നാട്ടില്‍ നിത്യവ്രുത്തിക്കായി എത്തുന്ന പെറുക്കികളുടെ ഫേവറേറ്റ് ഐറ്റംസ് ആയ തകരപാട്ട, കാറ്റ് പോയ ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, അതിന്റെ യൊക്കെ
പൊട്ടിയ ബ്ലാഡറുകള്‍, മൂട് പോയ ബക്കറ്റ്, വക്ക് പൊട്ടിയ കലം, വാറ് പോയ ചെരിപ്പ് മുതലായവ
ഫ്രഷേഴ്സിനെ ട്രീ‍റ്റ് ചെയ്യാനായി സീനിയര്‍മാര്‍ എവിടുന്നൊക്കെയൊ സംഘടിപ്പിച്ച് ച്ചിട്ടുണ്ടായിരുന്നു.

കല്ല്യാണ ചെറുക്കനെ ഒരുക്കുന്നതിനേക്കാള്‍ ഗംഭീരമായി ഒരുക്കിയിട്ട് ഇമ്മാതിരി വസ്തുക്കള്‍
ഓരോരുത്തരുടേയും കൈയിലും കാലിലും തലയിലും ഒക്കെ സീനിയര്‍ മാരുടെ മനോധര്‍മമനുസരിച്ച്
ഫിറ്റ് ചെയ്തു.

എനിക്ക് കിട്ടിയ സാധനം കാറ്റു പോയ ഒരു ഫുട്ബോള്‍ തൊപ്പി പോലെ തലയില്‍ വെക്കാന്‍. എന്നെ കിരീട ധാരണം ചെയ്തത് കഷ്ടിച്ച് എന്റെ നെഞ്ചൊപ്പം വരുന്ന ഒരുത്തന്‍. വിശ്വസുന്ദരിപട്ടം കിട്ടുമ്പൊ
സദസ്സിനു മുന്‍പില്‍ നമിക്കുന്നതുപോലെ ഞാനും ചെറുതായൊന്ന് നമിച്ച് കോടുത്തു. ബഹുമാനം
കൊണ്ടല്ല. അവന്‍ കൈ പൊക്കിയാലും കഷ്ടിച്ചേ എന്റെ തല വരെ എത്തൂ.

ഈ സാധനവും തലയില്‍ വച്ച് നില്‍കുന്ന എന്നേ കണ്ട് രണ്ടടി പിന്നിലേക്ക് മാറി നിന്ന് ഒരു ആക്കിയ ചിരി അവന്റെ ചുണ്ടില്‍ വിടരുന്നത് എന്റെ കണ്ണില്‍ പെട്ടു. മുട്ട് കാല് മടക്കി ആഞ്ഞ് ഒരു തൊഴി കൊടുത്താല് എന്നീസി ക്യാമ്പസും അതിനപ്പുറമുള്ള റോഡും കവറ് ചെയ്ത് ITI കോമ്പൌണ്ടിലേ ലാന്റ് ചെയ്യൂ. ശവം. ഇവനെയൊന്നും ചവിട്ടി നീളം വലിക്കാന്‍ ഇവിടെ ആളില്ലേ??

ഇത്തരം ചിന്തകള്‍ എന്റെ ഉള്ളില്‍ വളര്‍ന്ന് വന്നെങ്കിലും കണ്ട്രോള്‍ ചെയ്ത് ദയനീയ ഭാവം മുഖത്ത് മെയിന്റെയിന്‍ ചെയ്തു. കാരണം ഞങ്ങള്‍ ജൂനിയേഴ്സും അവര്‍ സീനീയേഴ്സുമാകുന്നു. അവര്‍കൊക്കെ
എന്തുമാവാം.

“കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ” എന്ന് പറയാനുള്ള
ഹ്രുദയ വിശാലത ഒന്നും എനിക്കില്ലായിരുന്നു.

അടുത്ത ഐറ്റം ഉത്സവത്തിന് ഭക്തരുടെ ഘോഷയാത്ര പോലെ പള്ളിപെരുന്നാളിന് വിശ്വാസികളുടെ
പ്രദക്ഷിണം പോലെ എന്നൊന്നും പറഞ്ഞാല്‍ പോരാ...കാവടിയാടുന്നതുപോലെ കുറേ കോലങ്ങള്‍
ക്യാന്റീനിലേക്ക് ജാഥയായി നീങ്ങുന്നു.

കഴിഞ്ഞ ആതന്‍സ് ഒളിമ്പിക്സില്‍ അഞ്ജുബോബി ജോര്‍ജ്ജ് ഇന്ത്യയുടെ പതാക നെഞ്ചോട് ചേര്‍ത്ത്
ഉയര്‍ത്തി പിടിച്ച് പോവുന്നതുപോലെ ലൈനിലുള്ള ഏറ്റവും മുന്‍പിലുള്ളവന്റെ കൈയില്‍ നല്ല
ഉയരമുള്ള ഒരു മരക്കൊമ്പ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്നു. പിന്നിലുള്ള ഓരോരുത്തരുടേയും
കൈയില്‍ പാണ്ടി ഫേവറേറ്റ് ഐറ്റംസ് പിടിച്ച്,

തിത്തങ്കിടതത്താ...തക്കിടതത്താ...
തിത്തങ്കിടതത്താ...തക്കിടതത്താ...ഹൊയ്...ഹോയ്...
തിത്തങ്കിടതത്താ...തക്കിടതത്താ...

എന്നൊരു താളത്തില്‍

ഡമാരാ ഡമാരാ ഡം....
ഡമാരാ ഡമാരാ ഡം....

എന്നലറിക്കൊണ്ട് നീങ്ങുന്നു.

ഇത് കണ്ട് നില്‍ക്കുന്ന സീനീയേഴ്സിന് പരമാനന്ദം.

ഇങ്ങനെ ആടി തിമിര്‍ത്ത് ക്യാന്റീന് മുന്‍പിലെത്തിയപ്പൊ ഒരു പ്രതിജ്ഞ.ഈ ക്യാന്റീനിലെ ഭക്ഷണം അമ്രുത് പോലെയാണെന്നും ഒരു മണി അരിയൊ ഒരു തുള്ളി സാമ്പാറോ രസമോ ഞാന്‍ വേസ്റ്റ് ആക്കില്ലെന്ന് കൈയും നീട്ടി പറഞ്ഞു. ഹോ രക്ഷപെട്ടു, ഇവന്മാരുടെ വെറുപ്പിക്കലുണ്ടെങ്കിലും ഭക്ഷണം “മൌത്ത് വാട്ടറിങ്ങും” “യമ്മിയും” ആണെന്ന് ഞാന്‍ ഊഹിച്ചു.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പൊ കൊടുക്കുന്ന പ്രസാദം പോലെ
ഒരു ഉരുള ചോറ് രണ്ട് കൈയും നീട്ടി സ്വീകരിച്ച് വായിലിട്ടപ്പോ സകല പ്രതീക്ഷയും പോയി. പട്ടന്മാര്‍ നെറ്റിയുടെ ലെഫ്റ്റ് എന്റില്‍ നിന്നും റൈറ്റ് എന്റിലേക്ക് ഭസ്മം തേക്കുന്നതുപോലെ ഒരു പെണ്‍ സീനിയര്‍ എന്റെ നെറ്റിയില്‍ മോരുകറി വാരി തേച്ചതും വിവാഹിതരായ സ്ത്രീകള്‍ നെറ്റിയില്‍ കുങ്കുമം തേക്കുന്നതുപോലെ എന്റെ നെറ്റിയില്‍ സാമ്പാറിന്റെ ഒരു കൂട്ട് കഷണവും തേച്ച് പിടിപ്പിച്ചതും വച്ച് കഴിച്ച അന്നത്തെ ഡിന്നര്‍ മൌത്ത് വാട്ടറിങ്ങും യമ്മിയും അല്ലായിരുന്നു.

ക്യന്റീനില് വന്ന അതേ രൂപത്തിലും കോലത്തിലും താളത്തിലും തിരിച്ച് ഫ്രഷേഴ്സ് സെല്‍ഫ് ഇന്റ്രൊഡക്ഷന്‍ നടത്തേണ്ട ഓടിറ്റോറിയത്തിലെത്തി. പുതുതായി ജോയിന്‍ ചെയ്ത ഓരോ വ്യക്തിയും
തങ്ങളുടെ പേര്, സ്ഥലം എന്നിവ പറഞ്ഞ് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാവുന്ന ഏതെങ്കിലും ഒരു
കലാപരിപാടിയും അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

എന്റെ പേര് തോമസ് കുട്ടി, ഞാന്‍ കേരളത്തിലെ കണ്ണൂരില്‍ നിന്നും വരുന്നു. പേരില്‍ ഒരു
കുട്ടിയുള്ളതുകൊണ്ടായിരിക്കണം എന്നോട് ഒരു നഴ്സറി ഗാനം ആലപിക്കാന്‍ പറഞ്ഞു. “റ്റ്വിങ്കില്‍
റ്റ്വിങ്കില്‍ ലിറ്റില്‍ സ്റ്റാര്‍” പാടി ഞാന്‍ എന്റെ ഭാഗം പൂര്‍ത്തിയാക്കി.

അവിടെ അവതരിപ്പിക്കപെട്ട ചില രസകരമായ സംഭവങ്ങളിലേക്ക്:

“എന്തുവാടാ നിന്റെ ഹോബി?” അര്‍ണോള്‍ഡ് ഷ്വാര്‍സ്നേഗറിന്റെ അകന്ന ബന്ധത്തില്‍ പെട്ട
ഒരുത്തനോടുള്ള ചോദ്യം. “ബോഡി ബില്‍ഡിങ്ങ്“ എന്ന് പറഞ്ഞ എന്റെ ഒരു സഹപാഠിയെ യാതൊരു
ദാക്ഷിണ്യവുമില്ലാതെ നൂറ് പുഷ് അപ്സ് എടുപ്പിച്ചു. അതു വരെ ബില്‍ഡ് ചെയ്തെടുത്ത ബോഡിയുമായി
സ്റ്റേജില്‍ നിന്നും ഇറങ്ങി വരുമ്പൊ ഒരു കൈ താങ്ങിയില്ലെങ്കില്‍ ഇപ്പൊ വീണ് പോവുന്ന
അവസ്ഥയിലായിരുന്നു. ഏതൊരു ബോഡി ബില്‍ഡറും ഒരാഴ്ച കൊണ്ടെടുക്കുന്ന പുഷ് അപ്സ് എല്ലാം ഒറ്റ ദിവസം കൊണ്ടെടുത്താല്‍ ഏതവന്റെയാണെങ്കിലും അണ്ടകടാഹം കലങ്ങിപോകും.

വേറൊരാളോട് ക്യാറ്റ് വാക്ക് ചെയ്യാന്‍ പറഞ്ഞപ്പൊ ആകെപ്പാടെ മുഖത്തൊരു അങ്കലാപ്പ്. ചെയ്യടോ ക്യാറ്റ് വാക്ക് എന്നൊരലര്‍ച്ച തീരുന്നതിനു മുന്‍പേ ദാ കിടക്കുന്നു കക്ഷി രണ്ട് കൈയും നിലത്ത് കുത്തി മുട്ടില്‍ “മ്യാവൂ...മ്യാവൂ...”എന്നും പറഞ്ഞ് സ്റ്റേജിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക്. ഫാഷന്‍ റ്റീവിയുടെ സമ്പ്രേഷണം അക്കാലത്ത് നാട്ടില്‍ ഇല്ലാതിരുന്നത് ആരുടെ കുറ്റം?? catwalk എന്നാല്‍ പൂച്ചനടത്തമെന്ന് വിചാരിച്ചത് ഗ്രാമീണ നന്മ.

വേറൊരാളോട് ഒരു പാട്ട് പാടാന്‍ ആവശ്യപ്പെടുന്നു. പക്ഷെ പുള്ളിക്ക് മലയാളം പാട്ട് മാത്രമേ അറിയൂ.
മലയാളം പാട്ട് പാടുന്നത് നിയമവിരുദ്ധമാണ്. അല്ലെങ്കില്‍ മലയാളം പാട്ട് ഇഗ്ലീഷിലേക്ക് തര്‍ജ്ജിമ
ചെയ്ത് പാടാവുന്നതാണ്. പക്ഷെ അതും വശമില്ല. അപ്പൊ ആരോ ദേശീയ ഗാനം സജസ്റ്റ് ചെയ്തു. അതും പുള്ളിക്കാരന് മലയാളത്തിലേ അറിയൂ എന്നായിരുന്നു മറുപടി. കേരളത്തിലെ പാഠ്യപുസ്തകങ്ങളില്‍
രണ്ടാം പേജില്‍ തന്നെ മലയാളത്തില്‍ അച്ചടിച്ച് വരുന്ന ദേശീയ ഗാനം ഒന്നാം ക്ലാസ്സ് മുതല്‍ കാണുന്ന
ഒരു കുട്ടിക്ക് ദേശീയഗാനം മലയാളത്തിലാണെന്ന് തോന്നുന്നതില്‍ യാതൊരു തെറ്റും പറയാനില്ല.

ഓരോരുത്തരുടേയും ഇമ്മാതിരി പ്രകടനങ്ങള്‍ ഒക്കെ കഴിഞ്ഞ് അടുത്ത പതിനഞ്ച് ദിവസതേക്കുള്ള
ചിട്ടകളും നിയമങ്ങളും ഒക്കെ പറഞ്ഞ് തന്ന് ഞങ്ങളെ ഉറങ്ങാന്‍ അനുവദിച്ചു. അങ്ങിനെ മൂന്ന്
വര്‍ഷത്തെ കോഴ്സിനു വന്ന NTTFലെ എന്റെ ആദ്യ ദിവസം ഇവിടെ അവസാനിക്കുന്നു.
(തുടരും)

ഞങ്ങളെ യാതൊരു കാരണങ്ങളുമില്ലാതെ ഉപദ്രവിച്ച അമേരിക്കന്‍ ഭടന്മാരുടെ പേരുകള്‍
താഴെപറയുന്നവയാണ്. ഇവരെ ജീവനോടെയൊ അല്ലാതെയൊ കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള
പോലീസ് സ്റ്റേഷനിലോ മഡിവാള പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്. 2000 ഓഗസ്റ്റ് 30
മുതല്‍ മുങ്ങി നടക്കുന്ന ഇവരെ പറ്റി എന്തെങ്കിലും വിവരം തരുന്നവര്‍ക്ക് എന്റെ വക ഒരു ഫുള്‍.....
(ചിക്കന്‍ ബിരിയാണി.)

Rino Malvino, Annie Rose Rosario, Cyrix, Aarthi, Maverick, Nikhitha panchal, Mc Lecroy, Icecool, Abdul khadar jilana sathar betta baththar koya akthar, Rahaana parveen Rumo, Param Numeric, Aswin Malhothra, Harris Williamate, Terense, Thushar Driskol, Keerthi vishva, Vishnu Singhal, Mukul Anand, Shreyansh Patil, Rakesh Rathod, Kevin Arnold, Bevin, Adolf Hitler, Erricson, Skibs, Kaasko Yesko Dengko.
----------------------------------------------------------------------------------------------
നന്ദിയുടെ വാക്കുകള്‍:
എന്നെന്നും ഓര്‍ക്കാനും ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാനും ഇടം നല്‍കുന്ന ഇത്തരം ഒരു പരിപാടി വളരെ
ഭംഗിയായി നടത്തിയതില്‍ ഓരൊ 98’ers നേയും സ്നേഹത്തോടെ ഓര്‍ക്കുന്നു. NTTF ലൈഫിലെ
ഏറ്റവും നല്ല ഓര്‍മകള്‍ ഉണര്‍ത്തുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച സീനീയേഴ്സിനോട് എന്റെ
വ്യക്തി പരമായ പേരിലും എന്റെ ബാച്ചിലെ ഓരോ വ്യക്തിയുടെ പേരിലും ഉള്ള ഹ്രുദ്യമായ നന്ദി ഞാന്‍
ഇവിടെ രേഖപെടുത്തുന്നു.
Rope In പേരുകള്‍ കളക്റ്റ് ചെയ്ത Sajith E K യോടും Sarath T S നോടും ഇത് ഇന്നലെ (11/03/07 ഞായറാഴ്ച) റ്റൈപ്പ് ചെയ്യുമ്പൊ എന്റെ ബ്രയിനെ “റ്റിക്കിള്‍” ചെയ്യാനുള്ള ദിനേശ് ബീഡിയും കട്ടന്‍ ചായയും ഭക്ഷണവും ബാക്കി സൌകര്യങ്ങളും ചെയ്തു തന്ന സുജിത്തിനോടും
ജിനോയ്ക്കും എന്റെ വക ഒരു താങ്ക്സ്.

Thursday, March 8, 2007

ഐ ലവ് യൂടാ...

“വള്ളികുടില്ലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ....
പുള്ളിക്കുയിലേ പാടൂ...
മാനം പൂത്തതറിഞ്ഞില്ലേ മലര്‍ മാല കൊരുക്കാന്‍ പോരൂ...
മലര്‍ മാല കൊരുക്കാന്‍ പോരൂ...“

എന്നൊരു പഴയ കേപ്പിയേസീ നാടകഗാനവുമൊക്കെ പാടി ഞാനെന്റെ സൈക്കിളില്‍ ആപ്പിസിലെക്കു ഒരു 60-65 കിലോമീറ്റര്‍ സ്പീഡില്‍ വന്നുകൊണ്ടിരിക്കുകയാണ്. സൈക്കിള്‍ എത്ര സ്പീഡില്‍ ചവിട്ടാ‍ന്‍ ഞാന്‍ ലാന്‍സ് ആംസ്ട്രൊങ്ങ് ഒന്നുമല്ല.

പിന്നെയൊ ആ സൈക്കിളില്‍ ബജാജിന്റെ നൂറ്റമ്പത് സീ സീ എഞ്ചിന്‍ ഘടിപ്പിച്ചിട്ടുണ്ട്.അതാണ് എന്റെ മോട്ടോര്‍ സൈക്കിള്‍.

എന്റേതെന്നു പൂര്‍ണ്ണമായി പറയാന്‍ കഴിയില്ല.

ഐസീ ഐസീ ഐ ബാങ്കുകാര്
“നീ ഒരു ബൈക്കെടുക്കെടാ, നീ ഒരു ബൈക്കെടുക്കെടാ“
എന്നും പറഞ്ഞ് കുറെ നാള്‍ എന്റെ പുറകെ നടന്നു.

“പാവം ബാങ്കുകാര് കുറെ നാളായി പറയുന്നതല്ലെ”
എന്നു വിചാരിച്ചു മാത്രം വാങ്ങിച്ചു. അല്ലാതെ എനിക്കു ഈ ബൈക്കിനോട് വല്ല്യ താല്പര്യം ഒന്നും ഉണ്ടായിട്ടല്ല.

എങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പൊ പെട്ടന്നു എന്റെ പാന്‍സിന്റെ ഉള്ളില്‍ കിടന്നു എന്തൊ ഭയങ്കരമായി വിറയ്ക്കുന്നു. മറ്റൊന്നുമല്ല എന്റെ മൊബൈല്‍ ഫോണ്‍ വൈബ്രേറ്റര്‍ മോഡിലായിരുന്നു. അല്ലെങ്കില്‍ തന്നെ നമ്മളെന്തിനാ എനിക്കു മെസ്സേജും കോള്‍സും ഒക്കെ വരുന്നത് നാട്ടുകാരെ അറിയിക്കുന്നത്.

എന്റെ മൊബൈലെന്നു പറഞ്ഞാ വെറും ഡൂക്കിലി സാധനമൊന്നുമല്ല. ഇന്നു മാര്‍കറ്റില്‍ കിട്ടാവുന്നതില്‍ വച്ചേറ്റവും കൂടുതല്‍ ഫീച്ചേഴ്സ്, പോളി ഫോണിക് റിങ്ങ് ടോണ്‍, വീഡിയോ സ്ട്രീമിങ്ങ്, കമ്പ്യുട്ടറില്‍ കുത്തിയാല്‍ ഇന്റെര്‍നെറ്റ് ബ്രൌസിങ്ങ് മുതലായ സൌകര്യങ്ങളുള്ള സാംസങ്ങിന്റെ സില്‍വര്‍ വൈറ്റ് കളറില്‍ ഒരു ‘നരി‘ മൊബൈല്‍.
[ഇതൊക്കെ സത്യമാകണമെങ്കില്‍ നമ്മള്‍ ഒരു നാലു വര്‍ഷം പിന്നോട്ട് സഞ്ചരിക്കണമെന്നു മാത്രം.]

എന്നാപിന്നെ ഇവന് കാശു കൊടുത്ത് നല്ല പുതിയ ഒരു മൊബൈല്‍ വാങ്ങിക്കുടെ എന്ന സംശയം നിങ്ങള്‍ക്കുണ്ടാവാം. എനിക്ക് കാശിന് ക്ഷാമമുണ്ടായിട്ടൊ, അറുത്ത കൈക്ക് ഉപ്പ് തേക്കുന്ന സ്വഭാവമോ ഇല്ലാത്തതുകൊണ്ടല്ല.

“ഓള്‍ഡ് ഈസ് ഗോള്‍ഡ്” അത്ര തന്നെ.

എന്റെ മൊബൈലിനെ വിറപ്പിച്ചത് “Hi da Good Morning" എന്നൊരു യെസ്സെംഎസ്. “ഹൊ ഇവന്റെ ഗുഡ് മോണിങ്ങ് കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ തെണ്ടി പോയേനെ”, പക്ഷെ മെസ്സേജ് വന്ന നമ്പര്‍ എന്റെ മൊബൈലില്‍ ഇല്ല.

ആകെയുള്ള ക്ലൂ “9886“ ആണ്. അതായത് കര്‍ണാടകയിലെ ഹച്ച് കണക്ഷന്‍.

ആരാണെന്നു അറിയാനുള്ള ആകാംക്ഷ കൊണ്ട് തിരിച്ച് വിളിച്ചു. കോള്‍ റിജക്റ്റഡ്. അടുത്ത സെക്കന്റില്‍ അതേ നമ്പറില്‍ നിന്നും എനിക്ക് മിസ്ഡ് കോള്‍.

"ശ്ശെടാ..ഇതെന്തു കളി?” ഞാന്‍ വിളിച്ചാല്‍ എടുക്കില്ല, എന്നിട്ടു എനിക്ക് മിസ്ഡ് കോളു തരുന്നൊ?

ഞാന്‍ മെസ്സേജയച്ചു പേരു ചൊദിച്ചു. “ങ്ഹൂ ഹൂം” കക്ഷിക്കു പേരു വെളിപ്പെടുത്താന്‍ താല്പര്യമില്ല. പക്ഷെ എന്നോട് കൂട്ട് കൂടണം.
“I just wanted to be your friend" ഇതായിരുന്നു മറുപടി.

രണ്ടു പേര്‍ സുഹ്രുത്തുക്കളായിരിക്കാന്‍ അറ്റ്ലീസ്റ്റ് പേരെങ്കിലും അറിഞ്ഞിരിക്കണം. പക്ഷെ എത്ര ശ്രമിച്ചിട്ടും ഇതാരാണെന്നൊ എവിടുന്നാണെന്നൊ എന്തിനാണെന്നൊ ഒന്നും വെളിപ്പെടുത്തുന്നില്ല. ഞാന്‍ വിളിച്ചാല്‍ അപ്പൊഴെ കട്ടും ചെയ്യും.

“ഐഡിയാ....കമ്പനി ലാന്‍ഡ് ലൈനില്‍ നിന്നും വിളിക്കുക.”

വിളിച്ചു. ഫോണിന്റെ അങ്ങേ തലക്കലോരു കിളിനാദം. എന്നു വെച്ചാല്‍ സാക്ഷാല്‍ പെണ്ണ്.

പക്ഷെ എന്റെ സ്വരം മനസിലായപ്പോഴെക്കും പുള്ളിക്കാരി കട്ട് ചെയ്തു.

“ഇതേതാണപ്പാ ഇവള്‍“ എനിക്ക് പരിചയമുള്ള ലേഡീസിന്റെയെല്ലാം സ്വരവും ഇപ്പൊ കേട്ട സ്വരവും തമ്മില്‍ കമ്പേര്‍ ചെയ്തു. നൊ മാച്ച് ഫൌണ്ട്.

ഞാനറിയാത്ത ഏതോ ഒരു പെണ്ണ് എന്തിനെന്നെ വിളിക്കണം? ആലോചിച്ചിട്ടൊരെത്തും പിടിയും കിട്ടുന്നില്ല.

പെട്ടെന്ന് എന്റെ തലയിലൊരു ബള്‍ബ് ഫ്ലാഷ്ഡ്. എന്റെ “ഒര്‍കുട്” പ്രൊഫൈല്‍.

“Wanted lover, never proposed any
discrepancy of height-the obvious reason,
i take this chance & if u r a f'male tall enough
its 09342125955 my mob no.
ofcourse yet another reason y im here.“

(ഇത് എന്റെ ഓര്‍കുട് പ്രൊഫൈലില്‍ നിന്നും എക്സ്ട്രാക്റ്റ് ചെയ്തത്)

“ഈശ്വരാ...ഞാന്‍ വെറുതെ ഒരു തമാശക്ക് ചെയ്തതാണ്.” എന്റെ ഗ്ലാമര്‍ ഫോട്ടോ കണ്ട് ആല്‍ബമൊക്കെ നോക്കി ഞാന്‍ തട്ടികൂട്ടിയെടുത്ത പ്രൊഫൈലെല്ലാം വായിച്ച് ഏതൊ ഒരു പെണ്ണിന് എന്നോട് കലശലായ പ്രേമം.

“എനിക്ക് അത്രക്ക് ഗ്ലാമര്‍ ഉണ്ടോ? “
“ഏയ് വഴിയില്ല.“
ആനയ്ക്ക് അതിന്റെ വലിപ്പമറിയില്ലല്ലോ. അപ്പൊ ഇതു സംഗതി ലൈന്‍ തന്നെ.

“സൌന്ദര്യം ഒരു ശാപമാണെ“ന്നു പറയുന്നതില്‍ കുറച്ചെങ്കിലും സത്യമുണ്ടെന്നു എനിക്ക് ബോദ്ധ്യമായി.

എന്റെ മാവും പൂത്തു. ഞാനുറപ്പിച്ചു.

പക്ഷേ എന്തേ എന്നോടൊന്നും മിണ്ടുന്നില്ല? ഞാന്‍ ചെയ്യുന്ന കോള്‍സ് എല്ലാം റിജക്റ്റ് ചെയ്യുന്നു?

“ഹോ...നാണമായിരിക്കും...കൊച്ചുകള്ളീ....”

“ഭാഗ്യദേവത മുന്നില്‍ വിളക്കുമായി വരുമ്പോള്‍ അതിനു നേരെ തുപ്പരുത്.” ഇതു എങ്ങനെയും ഡെവലപ്പ് ചെയ്യുക.

ഇത്തരം കാര്യങ്ങളില്‍ ആണ്‍കുട്ടികള്‍ അല്ലെ മുന്‍കൈ എടുക്കേണ്ടത്?
എവിടെ തുടങ്ങണം എന്തു പറയണം എന്ന് യാതൊരു ഐഡിയയുമില്ല.
“ആരെയെങ്കിലും കണ്‍സള്‍ട്ട് ചെയ്താലോ?“
“ഏയ് വേണ്ട..”

ഇതുവരെ എന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന “പുഷ്പന്‍” ഉണര്‍ന്നു കഴിഞ്ഞു.

മുഖവുരയൊന്നുമില്ലാതെ കാര്യങ്ങള്‍ തുറന്നു പറയുക. പിന്നൊന്നും ആലോചിച്ചില്ല. വെട്ടൊന്ന് മുറി രണ്ട്.

“ഐ ലവ് യൂടാ...” എന്നൊരു മെസ്സേജങ്ങു വച്ചു കാച്ചി.

പിന്നീടുള്ള നിമിഷങ്ങളില്‍ എന്റെ നഞ്ചിടിപ്പ് എക്സ്പൊണന്‍ഷ്യല്‍ ആയി വര്‍ദിച്ചു വന്നു. റിജക്ടായാല്‍ ദേവദാസാവണം, താടിവയ്ക്കണം, ഡെസ്പായി വെള്ളമടിക്കണം, അവളെ പുലഭ്യം പറയണം. എല്ലാം റിസ്ക്കുള്ള പരിപാടികളാണ്.

“ഐ ടൂ ലവ് യൂ”

എന്ന് തിരിച്ചയക്കുന്നതിനു പകരം
“ഇങ്ങനാണോ ഒരു പെണ്ണിനോട് സംസാരിക്കുന്നത്” എന്നായിരുന്നു മറുപടി.

“ങ്ഹൂം...പെണ്ണല്ലെ ജാതി, സ്വല്പം ജാടയൊക്കെ കാണും”

പിന്നീടങ്ങോട്ടുള്ള കമ്മ്യുണിക്കേഷന്‍സ് വളരെ സ്മൂത്ത് ആയിരുന്നു.
പൂക്കള്‍ മാങ്ങാത്തൊലിയാണ്, പ്രക്രുതി തേങ്ങാക്കൊലയാണ്, നിന്റെ മുഖം ആനമുട്ട പോലെയാണ്, മുതലായ തേഡ് റൈറ്റ് മെസ്സേജസ് എന്റെ മൊബൈലില്‍ നിന്നും വന്ന് പൊയ്ക്കൊണ്ടിരുന്നു.

പൊതുവെ ഇജ്ജാതി മെസ്സേജസ്സിനോട് എനിക്ക് വെറുപ്പാണ്.

“ഷാജഹാന്‍ മുംതാസിന്റെ ഓര്‍മക്കായി താജ്മഹല്‍ കെട്ടി, മണ്ടന്‍ ഞാനായിരുന്നെങ്കില്‍ മുംതാസിന്റെ ഓര്‍മക്കായി അവളുടെ അനിയത്തിയെ കെട്ടിയേനേ”

“ഇന്ന് സില്‍ക്ക് സ്മിതയുടെ ചരമദിനമാണ്, ആ പുണ്യാത്മാവിന്റെ ആത്മ ശാന്തിക്കായി എല്ലാവരും രണ്ട് നിമിഷത്തേക്ക് നഗ്ന ന്രുത്തം ചെയ്യുക”

മുതലായ മെസ്സേജസ്സിനോട് ആണ് എനിക്ക് താല്പര്യം.
എങ്കിലും പെണ്ണല്ലെ സ്വല്പം സോഫ്റ്റ് ട്രീറ്റ്മെന്റ് ആകാമെന്ന് കരുതി.

അന്ന് വൈകുന്നേരം ഞാനും എന്റെ റൂമിലെ തറ ഷെയര്‍ ചെയ്തുറങ്ങുന്ന ബാക്കി തറകളും കൂടി കൈരളി മെസ്സില്‍ നിന്നും അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പൊ ഇക്കാര്യം സൂചിപ്പിച്ചു.

“ഹൂം നിനക്കല്ലെ പെണ്ണ്”,
“നിന്റെ തിരുമോന്ത കണ്ടാല്‍ ഏതവളാടാ വിളിക്കുക“ എന്നൊക്കെ പറഞ്ഞ് അവരെന്നെ കളിയാക്കി.

അസൂയക്കാര്‍...ഇവന്മാരൊടുന്നും പറഞ്ഞിട്ടു കാര്യമില്ല.

സാധാരണയായി മീരാജാസ്മിന്‍, ഐശ്യര്യ റായ്, പ്രിയങ്ക ചോപ്ര, ഏഞ്ച്ലീനാ ജോളി മുതലായവര്‍ നായിക കഥാപാത്രങ്ങള്‍ ചെയ്യുന്ന എന്റെ സ്വപ്നങ്ങളില്‍ നിന്നും ഞാനവര്‍ക്ക് ലീവ് കൊടുത്തു. അവര്‍ക്കും വേണ്ടെ ഒരു എന്റര്‍റ്റൈന്മെന്റ്!!!

ഇന്നു മുതല്‍ ഇവളാണെന്റെ സ്വപ്നത്തില നായിക.

എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയവള്‍.
എന്റെ കരളിന്റെ കരള്‍
എന്റെ തങ്കക്കുടം
എന്റെ “ബെറ്റര്‍ ഹാഫ്”
എന്‍ ചെല്ലം
എന്‍ കാതലി
എന്റെ എല്ലാമെല്ലാം.

അങ്ങിനെ ഞാനും ഇതുവരെ ഞാന്‍ കണ്ടിട്ടില്ലാത്തതുമായ ആ ഭൂലോകസുന്തരിയുമായുള്ളാ ആദ്യ രാത്രിയായിരുന്നു അത്.

പക്ഷെ ഉറങ്ങുന്നതിനു മുന്‍പു അവളുടെ പേര് ഒന്നു കണ്ടു പിടിക്കാന്‍ വേണ്ടി ഞാന്‍ വേറൊരുത്തന്റെ മൊബൈലില്‍ നിന്നും വിളിച്ചു.

അപ്പോഴാണ് ഞാനാ ഞെട്ടിക്കുന്ന വാര്‍ത്തയറിയുന്നത്.

എന്റെ വീട്ടില്‍ നിന്നും കഷ്ടിച്ച് അരക്കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഒരു പെണ്‍കുട്ടി മംങ്കലാപുരത്ത് നഴ്സിങ്ങിനു പഠിക്കുന്നുണ്ട്. ഈ കക്ഷി ഞാനറിയാതെ എന്റെ അനിയത്തിയുടെ കൈയില്‍ നിന്നും മൊബൈല്‍ നംബര്‍ വാങ്ങി എന്നെ ഒന്നു പറ്റിക്കാമെന്നു കരുതി പേര് പറയാതിരുന്നതാണ്.

റിച്ചര്‍ സ്കേയിലില്‍ 8.2 രേഖപെടുത്താവുന്ന ഒരു ഭൂമി കുലുക്കമോ, ഒരു സുനാമിയൊ, ഇല്ലെങ്കില്‍ വംശനാശം സംഭവിച്ചു പോയ ഒരു ദിനോസറോ ഉയര്‍ത്തെണീറ്റ് എന്നെ മുഴുവനായി അങ്ങ് വിഴുങ്ങണേ എന്ന് ആത്മാര്‍തമായി ആഗ്രഹിച്ച ഒരു നിമിഷം.

ഈ പെണ്‍കുട്ടിയെ വളരെ ചെറുപ്പം മുതല്‍ എനിക്കും എന്റെ വീട്ടുകാര്‍ക്കും നേരെ മറിച്ചും അടുത്ത് അറിയാവുന്നവരാണ്. ഈ പറഞ്ഞ പെണ്‍കുട്ടിക്ക് “ഓര്‍കുട്” ഐഡി പോയിട്ട് ഒരു ഈ മെയില്‍ ഐഡി പോലും ഇല്ല.

രണ്ടാഴ്ച്ച മുന്‍പ് നാട്ടിലെ പള്ളിപെരുന്നാളിന് പോയപ്പൊ ദേണ്ടെ നായിക പള്ളിമുറ്റത്തു നില്‍ക്കുന്നു.

പാട്ട് കുര്‍ബാനയും പ്രദക്ഷിണവും സ്കിപ്പ് ചെയ്തു ഞാന്‍ മുങ്ങി.

പള്ളീക്കഴിഞ്ഞ് വീട്ടിലെത്തിയ മമ്മി
“നീ എവിടെ പോയേക്കുവാരുന്നെടാ‍“ എന്ന ചൊദ്യത്തിന്
“ഓ...ചെറിയൊരു തലവേദന” എന്ന ആര്‍ക്കും ഉപദ്രവകരമല്ലാത്ത ഒരു മറുപടി പറഞ്ഞ് തടി തപ്പി.

അന്ന് മുതല്‍ എന്നു വരെ ഞാന്‍ ആരോടും “ഐ ലവ് യൂ” ന്ന് പറഞ്ഞിട്ടില്ല. ഇനിയൊട്ട് പറയുകേയില്ല.

“ച്ചായ്....നാണക്കേട്.”
---------------------------------------------------------------------------------
നന്ദിയുടെ രണ്ട് വാക്കുകള്‍....
ഇതു ഇന്നലെ(07/03/07) രാത്രിയില്‍ ഇരുന്ന് റ്റൈപ്പ് ചെയ്യാ‍ന്‍ പീസീ ലാഭേച്ച്കളൊന്നുമില്ലാതെ അനുവദിച്ച ചാലക്കുടിക്കാരന്‍ ജിനോ ജോസിനോടും, കുത്തരി ചൊറും മുട്ട ഓമ്പ്ലേറ്റും പാഴ്സല്‍ വാങ്ങി വച്ച ഷാലുവിനോടും, ലാന്‍സ് ആംസ്ട്രൊങ്ങിന്റെ ചരിത്രം പറഞ്ഞു തന്ന സോണീലാലിനോടും ഡാറ്റാ ട്രാന്‍സ്ഫറിനുള്ള 256MB ഫ്ലാഷ് ഡ്രൈവ് തന്ന് സഹായിച്ച കീം സിങ്ങ് എന്ന ഹിന്ദിക്കാരനൊടും എനിക്കുള്ള നന്ദിയും കടപ്പാടും ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

Tuesday, March 6, 2007

എന്നീസീ ചരിതം (ഭാഗം ഒന്ന്)

“മോന്‍ പഠിച്ചു വലുതാവുമ്പൊ ആരാവാനാ ഇഷ്ടം?” എട്ടും പൊട്ടും തിരിയാത്ത പൈതങ്ങളോടുള്ള ബന്ദുജനങ്ങളുടെ പതിവു ചൊദ്യം എന്നൊടും ഉണ്ടായിരുന്നു.

“നിക്കു ഞ്ചീനീരാവനം” എന്നു അതിന്റെ റിസ്ക് ഒന്നും മനസിലാവാതെ ഞാനും ഗമയ്ക്ക് തട്ടിവിട്ടിരുന്നു.

ഞാന്‍ പഠിച്ചൊ എല്ലയൊ എന്നുള്ളതല്ല പ്രശ്നം, പക്ഷെ വലുതായി.എഞ്ചീനീയറിങ്ങ് എന്ട്രന്‍സ് എഴുതി.റിസള്‍ട്ട് വന്നു.എന്റെ റാങ്ക് കണ്ടാല്‍ ആ വര്‍ഷം എത്ര പേര്‍ എന്ട്രന്‍സ് എക്സാം അറ്റന്‍ഡ് ചെയ്തു എന്നു മനസിലാവും. ലക്ഷത്തി ആണൊ പതിനായിരത്തി ആണൊ എന്നു ആര്‍ക്കും സംശയം തോന്നുന്ന ഒരു നമ്പര്‍. അതായിരുന്നു എന്റെ റാങ്ക്.

പക്ഷെ കേരളത്തിന്റെ വടക്കന്‍ ജില്ലകളായ കണ്ണുര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ റാങ്കിന്റെ അത്രത്തോളം തന്നെ എഞ്ചീനീയറാവാന്‍ ആഗ്രഹമുള്ള പത്തോ പന്ത്രണ്ടോ എങ്ങനെയെങ്കിലും കടന്നുകൂടിയവര്‍ക്ക് ചുളുവില്‍ എഞ്ചീനീയറാവാന്‍ ഒരു സംഭവമുണ്ട്. അതാണ് എന്‍ റ്റീ റ്റീ എഫ്ഫ്.

“എന്‍ റ്റീ റ്റീ എഫ്ഫിലാണൊ പഠിക്കുന്നെ, എന്നാ എപ്പം പണി കിട്ടീ എന്നു ചോദിച്ചാ മതി”
എതായിരുന്നു ജനങ്ങള്‍ക്കിടയില്‍ എന്‍ റ്റീ റ്റീ എഫ്ഫിനെപറ്റിയുള്ള അഭിപ്രായം.

ബുധ്ദിയേക്കാളേറെ കുരുട്ടു ബുധ്ദി, ഒരു മൂന്നു നാലു ലക്ഷതിന്റെ ബാങ്ക് ബാലന്‍സൊ അല്ലെങ്കില്‍ അതിന്റെ തുല്ല്യ മൂല്യമുള്ള വസ്തുവിന്റെ ആധാരം പണയം വെക്കാനുള്ള കപാസിറ്റി. എതാണ് എന്‍ റ്റീ റ്റീ എഫ്ഫിലേക്കുള്ള മിനിമം ക്വാളിഫിക്കേഷന്‍.എത്രയുമുണ്ടെങ്കില്‍ ഏത് അണ്ടനും അടകോടനും ഞൌണിക്കാപെറുക്കിക്കും അവിടെ പോയി പഠിക്കാം എന്നുള്ളതിന്റെ ജീവിച്ചീരിക്കുന്ന തെളിവാണു ഞാന്‍.

“ഇലക്ട്രോണിക്സിലെ അതി നൂതന സാങ്കേതിക വിദ്യകള്‍ അഭ്യസിച്ച് എന്റെ സാമര്‍ത്ദ്യം തെളിയിക്കുക”
എന്നു മനസിലുറപ്പിച്ച് ബാങ്ക്ലൂര്‍ക്ക് വണ്ടി കയറി.

“ബസ്സിനുള്ളില്‍ പുകവലി പാടില്ല”
“കൈയും തലയും പുറത്തിടരുത്”
“ഫുട് ബോഡില്‍ നിന്നും യാത്ര ചെയ്യരുത്” തുടങ്ങിയ നിര്‍ദേശങ്ങളൊന്നുമില്ലാത്ത

“വ്രദ്ധന്‍ മാര്‍”, “വികലാംഗര്‍”, ”സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പുരുഷന്മാര്‍ ശിക്ഷാര്‍ഹരാണ്” മുതലായ റിസര്‍വേഷന്‍സ് ഒന്നുമില്ലാത്ത ഒന്നാന്തരം എയര്‍ ബസ്.

പയ്യന്നുര്‍-ബാങ്കളൂര്‍ റൂട്ടില്‍ നൈറ്റ് സര്‍വീസ് നടത്തുന്ന ഗോള്‍ഡന്‍ ട്രാവല്‍സ്.

ഒന്നു ലിവര്‍ വലിച്ചാല്‍ ചരിയുകയും വീണ്ടും വലിച്ചാല്‍ നിവരുകയും ചെയ്യുന്ന സീറ്റില്‍ 15 സെന്റിമീറ്റര്‍ കനത്തില്‍ സ്പോഞ്ച്, ഓരോ സീറ്റിനും ഉജാല മുക്കിയ കവര്‍, സൈഡില്‍ വെള്ളയില്‍ മഞ്ഞ പൂക്കളുള്ള കര്‍ട്ടന്‍, 20 എഞ്ച് റ്റീ വീ, ആള്‍ക്ക് ഒരോ ഫാന്‍, ലൈറ്റ് മുതലായ സൌകര്യങ്ങളുള്ള ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ചേറ്റവും മോസ്റ്റ് മോഡേണ്‍ ‌‌‌‌‌“സംഭവം” ബസ്.

“ഹൌ ബാങ്ക്ലൂര്‍ക്കു പോവുന്ന ബസിന്റെ അവസ്ത ഇതാണെങ്കില്‍ ബാങ്ക്ലൂരിന്റെ അവസ്ത എന്തായിരിക്കും?”
കാത്തിരുന്ന കാണുക തന്നെ.

ബാങ്ക്ലൂരിനെപറ്റിയും അവിടെ ഞാന്‍ കണ്ടുമുട്ടാന്‍ പൊവുന്ന സുന്ദരികളെയും ഓര്‍ത്ത് ഒരു പീസ് ഫുള്‍
70mm കളര്‍ സ്വപ്നവും കണ്ട് രാത്രിയിടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കതിലേക്കു “സ്ലിപ്” ആയി.

“എടാ എണീരെടാ....ബാങ്ക്ലൂരെത്തി” സീറ്റിനു മുകളിലത്തെ റാക്കില്‍ നിന്നും ബാഗെടുക്കുന്നതിനിടയില്‍ പപ്പാ പറഞ്ഞു.ബാങ്ക്ലൂരെത്തി ആദ്യമായി എന്റെ കാതില്‍ വീണ വാക്കുകള്‍. എതു വരെ ഭാവനയില്‍ മാത്രം കണ്ടിരുന്ന ബാങ്ക്ലൂരിനെ ഒരു നോക്കു കാണാനായി കര്‍ട്ടന്‍ മാറ്റി ചില്ലു തെറ്റിച്ചു നീക്കി. നാട്ടില്‍ എല്പീജി ഗ്യാസ് റിലീസ് ആവുന്നതിനു മുന്‍പെ തന്നെ പാചകവാതകതിന്റെ കാര്യത്തില്‍ എന്റെ വീട് സ്വയം പര്യാപ്തത നേടിയിരുന്നു. പശു തൊഴുത്തില്‍ നിന്നുള്ള ചാണകവും ഗോമൂത്രവും എല്ലാം കൂടി അടിച്ചുകലക്കി ഒരു വല്ല്യ കുഴിയിലാക്കി ഗ്യാസ് എക്സ്റ്റ്രാക്റ്റ് ചെയ്യുന്ന ഒരു രീതി. “ബയോഗ്യാസ്”. അതു ഒരു കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയിട്ടുണ്ടാവും. ആ സ്ലാബ് ചെറുതായൊന്നു നീക്കി ശ്വാസം ഉള്ളിലേക്കു വലിച്ചാല്‍ തല പെരുത്തു പോവുന്ന ഒരു നാറ്റമുണ്ടാവും. അതുപോലൊരു നാറ്റം മൂക്കിലടിച്ചു. വലിച്ചു നീക്കിയ സ്ലാബ് സോറി വണ്ടിയുടെ ചില്ല് അടച്ചു. ലാന്റ് ചെയ്തത് ബാങ്ക്ലൂരിന്റെ സകല വിസര്‍ജ്യങ്ങളും പേറുന്ന കേയാര്‍ മാര്‍കറ്റില്‍.

ബ്രഷ്, പേസ്റ്റ്,സോപ്പ്, ചീപ്പ്, കണ്ണാടി, ടാല്‍കം പൌഡര്‍, പെര്‍ഫ്യും മുതലായ വായുവും ഭക്ഷണവും കഴിഞ്ഞാല്‍ ഒരു മനുഷ്യനു ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട അടിസ്താനസാമഗ്രികള്‍ക്കു പുറമെ “ട്രയിനീസ്” നിര്‍ബന്ധമായും കരുതിയിരിക്കേണ്ട ഐറ്റംസ്, സ്കൈ ബ്ലൂ കളര്‍ ബെഡ് ഷീറ്റ്, സ്കൈ ബ്ലൂ കളര്‍ മേശ വിരി, 1 പെയര്‍ ബ്രൌണ്‍ ക്യാന്‍ വാസ് ഷൂസ്, 1 പെയര്‍ ബ്ലാക്ക് ഫോര്‍മല്‍ ഷൂസ്, 1 പെയര്‍ വൈറ്റ് സോക്ക്സ്, ഒരു കൊതുകുവല, 2 പെയേഴ്സ് ഓഫ് കാക്കി ട്രൌസര്‍ അന്റ് സ്ലീവ് ലെസ്സ് ബനിയന്‍ മുതലായവയൊക്കെ ഷോപ്പിങ്ങ് നടത്തി. കംമ്പല്‍സറി ഐറ്റംസില്‍ ആണ്‍-പെണ്‍ വ്യത്യാസം ഉണ്ടാവുമൊ എന്തൊ? അവസാനത്തെ രണ്ട് ഐറ്റംസ്.! ബാങ്ക്ലൂര്‍ അല്ലെ എന്തും സംഭവിക്കാം, കരുതിയിരിക്കുക.

സര്‍ക്കാര്‍-സര്‍ക്കാരേതര വണ്ടികളില്‍ പ്ലാസ്റ്റിക്ക് ത്രിവര്‍ണ്ണ പതാക കെട്ടി, പള്ളീക്കൂടങ്ങളില്‍ മിഠായി വിതരണം നടത്തി, ഒരെണ്ണം വീശാന്‍ എന്തെങ്കിലും കാരണമന്യെഷിച്ച് നടക്കുന്നവന്‍ രണ്ടെണ്ണം വിട്ടാഘൊഷിക്കുന്ന ഭാരതതിന്റെ അമ്പത്തിമൂന്നാം ബര്‍ത്ഡേ, അധവാ ഇന്‍ഡിപെന്‍ഡന്‍സ് ഡേ.

പ്രത്യക്ഷമായ ദോഷങ്ങളൊന്നുമില്ലാത്ത ഒരു ചൊവ്വാഴ്ച. ഗ്രഹങ്ങളുടെ പൊസിഷന്‍സ് എല്ലാം 1cm +/- 5cm റെസലൂഷനില്‍ അലൈന്‍ ആയി നില്‍ക്കുന്ന, രാഹുവും കേതുവും ഗുളികനും ഒത്ത ഒരു ശുഭ മുഹൂര്‍ത്തതില്‍ ഞാനും പപ്പേം രണ്ട് അങ്കിളുമാരും അതിലൊരങ്കിളിന്റെ മഹീന്ദ്ര അര്‍മദയില്‍ ഇലക്ട്രൊണിക്സ് സിറ്റിയുടെ കണ്ണായ സ്തലത്തു സ്തിതി ചെയ്യുന്ന എന്റീറ്റീഫ്ഫില്‍ അടുത്ത മൂന്നു വര്‍ഷതേക്കു പൊറുക്കാനുള്ള ഭാണ്ടക്കെട്ടുമായി ലാന്റ് ചെയ്തു.

മുകളില്‍ പറഞ്ഞ ലഗേജ്ജ് എനിക്ക് അലോട്ട് ചെയ്ത റൂമില്‍ കൊണ്ടുവെയ്ക്കാന്‍ എന്നെ ഒരു സീനിയര്‍ വിദ്യാര്‍ധ്ദി സഹായിച്ചു. ജൂനിയേഴ്സിന്റെ പോര്‍ട്ടര്‍ പണി ചെയ്യുന്ന സീനിയേഴ്സൊ? ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാ‍ക്കം പുള്ളി ഒരു മലയാളിയാണെന്ന്.
“മലയാളിയാണൊ?” എന്നു വളരെ വിനീതമായ എന്റെ ചൊദ്യത്തിനു
“അറിയണോടാ നിനക്ക്, നിന്നെ ഞാന്‍ പിന്നെ എടുത്തോളാം” എന്നര്‍ ത്ത മുള്ള ഒരു നൊട്ടം മാത്രമായിരുന്നു മറുപടി.എന്തൊ എവിടെയോ ഒരു അപകടം മണക്കുന്നു.

കലാലയം ഒരു പക്ഷി കണ്‍ നിരീക്ഷണതില്‍ അല്ലെങ്കില്‍ “ബേഡ്സ് ഐ വ്യു ഓഫ് ദി ക്യാമ്പസ്.”

ഏതാണ്ട് പത്തു പന്ത്രണ്ടേക്കര്‍ വിസ്ത്രുതിയില്, ഇറെഗുലര്‍ പോളീഗണ്‍ ഷേപ്പില്‍, നാഷണല്‍ ഹൈ വേ ഓതരിറ്റിയോടും ഫാനുക്കിന്ത്യയോടും ഇന്‍ഫൊസിസിനോടും തര്‍ക്കങ്ങളൊന്നുമില്ലാതെ അതിര്‍ത്തി ഷെയര്‍ ചെയ്യുന്നു.

"|__|" ഷേപ്പില്‍ മൂന്നുനിലകെട്ടിടത്തില്‍ താമസിക്കുന്ന ചുള്ളന്മാര്‍ക്ക് നോക്കി വെള്ളമിറക്കാന്‍ പറ്റിയ പൊസിഷനില്‍ ജയറാമിനു പാര്‍വതിയെന്ന പോലെ ദിലീപിനു മഞ്ചു വാര്യരെന്നപൊലെ അഭിഷേക് ബച്ചന് ഐശ്വരാ റായീനെപ്പോലെ മൂന്നു നില കെട്ടിടത്തിനോട് ചേര്‍ന്നൊരു ഗേള്‍സ് ഹോസ്റ്റല്‍.

നാരീമണികളുടെ മുന്‍പില്‍ കസര്‍തു കാട്ടി ആളാവാന്‍ ഇളക്കം കൂടുതലുള്ള ഗഡികള്‍ സദാസമയം
അര്‍മാദിക്കുന്ന ബാസ്കറ്റ് ബോള്‍ കോര്‍ട്ട് ഗേള്‍സ് ഹോസ്റ്റലിനു മുന്‍പില്‍ സ്തിതി ചെയ്യുന്നു.

ഷട്ടില്‍ ബാഡ്മിന്റണ്‍, റ്റീ റ്റീ, ക്യാരംസ്, മുതലായകളികള്‍ക്കുപയൊഗിക്കുന്ന, പെന്‍ഷന്‍ പറ്റാറായ “ഒപ്ടോണിക്ക” റ്റീ വിയില്‍ ഫ്രീ റ്റു എയര്‍ ദൂരദര്‍ശന്‍ ദിവസേന രാത്രി പത്തു മണിക്ക് സംപ്രേഷണം ചെയ്യുന്ന പുരാണ സീരീയല്‍ മുന്നിലിരുന്നു കാണാന്‍ ഒരു സീറ്റിനടിയുണ്ടാവുന്ന “ഓടി” എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഓഡിറ്റോറിയം.

ഒരു സുമോ റെസ്ലിങ്ങ് ച്യാമ്പ്യന്‍ ഷിപ്പ് വെച്ചാല്‍ അതിലേക്കുള്ള മുഴുവന്‍ ടീ മങ്കങ്ങളെയും സ്പൊണ്‍സര്‍ ചെയ്യാന്‍ ശേഷിയുള്ള, 1000W മെര്‍ക്കുറി ലാമ്പിന്റെ തീക്ഷ്ണതയുള്ള നോട്ടത്താല്‍ ക്യാമ്പസിലുള്ളവരെ നിലക്കു നിര്‍ത്തുന്ന വാര്‍ഡനും കുടുമ്പവും താമസിക്കുന്ന വീട് ക്യാമ്പസിന്റെ ഔട്ട് സ്കേര്‍ട്ടില്‍.

ജീവന്‍ നിലനിര്‍ത്താനാവശ്യമായ പോഷകഗുണങ്ങള്‍ മാത്രമടങ്ങിയ ഭക്ഷണം കൂപ്പണ്‍ അടിസ്താനത്തില്‍ നല്‍കുന്ന ക്യാന്റീന്‍.

വിശാലമായൊരു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ നടുവിലൊരു ക്രിക്കറ്റ് പിച്ച്, ആ‍വശ്യാനുസരണം കൊണ്‍ഫിഗര്‍ ചെയ്ത് തലപ്പത്, കുട്ടിയും കോലും, ഏറുപന്ത്, ഓടിച്ചു പിടുത്തം മുതലായവയും കളിക്കാവുന്നതാണ്.

എന്തിനാ വെറുതെ സ്വന്തം തുണിയിലെ ചളി “വേസ്റ്റ്” ആക്കി കഴുകി കളയുന്നത് എന്നു വിചാരിച്ചും, വസ്ത്രങ്ങളുടെ ലൈഫ്റ്റൈം കൂട്ടുക എന്ന ഉദ്ദേശങ്ങളുള്ളതുകൊണ്ടും തുണി അലക്കുന്നതിനോട് ക്യാമ്പസിലുള്ളവര്‍ക്ക് വല്ല്യ താല്പര്യം ഇല്ലായിരുന്നു.
“ഹൊ...നാറുന്നെടാ. എതു വല്ലിടത്തും കൊണ്ടുപൊയി കത്തിച്ചു കള” എന്നു വല്ലവരും പറഞ്ഞാല്‍ മാത്രം അരബക്കറ്റ് വെള്ളത്തില്‍ രണ്ടു രൂപായുടെ സര്‍ഫ് എക്സല്‍ സാഷെ പാക്കറ്റ് പൊട്ടിച്ചിട്ട് അര മണിക്കുര്‍ കുതിര്‍പിച്ച് പേരിനൊന്നു കൂത്തിപിഴിയാന്‍ മൂന്ന് അലക്കു കല്ലുകള്‍, തുണി ഉണങ്ങാന്‍ ബി എസ് എന്‍ എല്‍ കണക്ഷന്‍ കൊടുത്തിട്ട് ഉപേക്ഷിചു പോയ വയറുകള്‍കൊണ്ടു ഉണ്ടാക്കിയ അയകള്‍ എന്നിവ ബോയ്സ് ഹോസ്റ്റലിന്റെ പിന്‍ഭാഗത്ത്.

വളരെ വിരളമാണെങ്കിലും ക്യാമ്പസില്‍ ഉള്ള പെയറുകള്‍ക്ക് തങ്ങളുടെ ഹണിമൂണ്‍ സ്പോട്ട്, ഭാവി സന്താനങ്ങളുടെ പേര്, കുടുമ്പാസൂത്രണ വിദ്യകളും തത്വങ്ങളും മുതലായ വിഷയങള്‍ സ്വസ്തമായിരുന്ന് ഡിസ്ക്കസ് ചെയ്യാന്‍ ഓഡിറ്റോറിയത്തിനു മുമ്പിലെ പടികള്‍‍, കന്റീനിലെ കോര്‍ണേര്‍സ്, മരച്ചുവടുകള്‍.

പിന്നെ അത്ര പ്രാധാന്യമില്ലാത്ത ഓഫ്ഫീസ്സ്/ക്ലാസ്സ് റൂംസ്/ലാബ്സ് അടങ്ങിയ അഡ്മിനിസ്റ്റ്രേഷന്‍ ബില്‍ഡിങ്ങും ഒരു ഇമ്പാക്റ്റ് ബില്‍ഡിങ്ങും.

“നീ എവിടുന്നാടാ വരുന്നെ, നിന്റെ പേരെന്തുവാടാ? ഞാന്‍ തിരുവല്ലായീന്നാ”
“അന്റെ ബീട് കോയിക്കോടാ, ജ്ജ് ഏട്ന്നാ?”
“എന്തുട്രാ ശപിയെ, നൊം ത്രുശ്ശൂറ്ന്നാ”
എന്നെ പോലെ കേരളത്തിന്റെ ബാക്കി നിയോജക മണ്ഡലത്തില്‍ നിന്നുമെത്തിയ ചുള്ളന്മാര്‍ സെല്‍ഫ് ഇന്റ്രൊഡക്ഷന്‍ നടത്തുന്ന സ്തലത്തേക്കു ഞാനും ജോയിന്‍ ചെയ്തു.

പെട്ടെന്നാണതുസംഭവിച്ചത്.... (തുടരും)

Monday, March 5, 2007

ഒരു പേരിലെന്തിരിക്കുന്നു?

“കാളതൊമ്മന്‍ യൂയെസ്സില്‍ പൊയപ്പൊ തൊമസ് ഓക്സ്" ആയതു പൊലെ തോമസ് കുട്ടി ക്ക് ഒരു ചെറിയ മൊഡിഫിക്കെഷന്‍ നടത്തി “ടൊംകിഡ്" ആയി. യൂയെസ്സില്‍ പോയിട്ടില്ല എന്നു മാത്രം.

അല്ലെങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആരെങ്കിലും പിള്ളേര്‍ക്കു ഇമ്മാതിരി പെരുകള്‍ ഇടുവൊ? തിരിചറിവു പ്രായം ആവുന്നതിനു മുന്‍പു വല്ല്യപ്പന്‍ എന്നൊടു ചെയ്ത ചതി. നല്ല കിണ്ണന്‍ പേരുകള്‍ നാട്ടില്‍ ഉള്ള സമയതും എനിക്കു മാത്രം അണ്‍ സിവിലൈസ്ഡ് നെയിം.

പോരാത്തതിനു പള്ളികൂടത്തില്‍ ചെര്‍ന്നപ്പോഴെയ്ക്കും “തോമസു കുട്ടീ വിട്ടോടാ‍“ എന്നൊരു ക്ലീഷെ യും മലയാളത്തില്‍ ഹിറ്റ് ആയി.

“നിന്റെ പേരെന്താണ്ട്രാ?”
“തോമസു കുട്ടീ“
ഏതു കൂതറ പെരുകള്‍ക്കും “കൊള്ളാം മോനേ നല്ല പേര്.” എന്നു പറയുംബൊ എന്നൊടു മാത്രം
“തോമസു കുട്ടീ വിട്ടോടാ‍“ ഇതായിരുന്നു ഫസ്റ്റ് റെസ്പൊണ്‍സ്.
“നിന്റയൊക്കെ മറ്റവനൊടു പൊയി വിടാന്‍ പറയെടാ“ എന്നു മനസില്‍ പറ്ഞ്ഞു “ഹി ഹീ” എന്നു ഒരു ഊളന്‍ചിരിയും ചിരിച്ചു മുങുന്നതായിരുന്നു എന്റെ ബാല്യം.

സ്വന്തം സംസ്ഥാനത്തെ സകല വിദ്യാ ആഭാസങ്ങളും അഭ്യസിച്ച് അന്യ സംസ്ഥാനങ്ങളിലെ വിദ്യാ ആഭാസങ്ങള്‍ അഭ്യസിക്കാന്‍ പോയപ്പോഴാണ് പേരിന്റെ പ്രാദേശികത്വം പൂര്‍ണ്ണമായും ബോധ്ദ്യമായത്.

രാമന്‍ കുട്ടി, ജോര്‍ജ്ജു കുട്ടി, കുഞ്ഞാലി കുട്ടി, ശിവന്‍ കുട്ടി, മാത്തുകുട്ടി, അബ്ദുല്ല കുട്ടി മുതലായ നാമദേയങ്ങല്‍ ഡിക്ഷണറിയില്‍ പോലും കണ്ടിട്ടില്ലാത്ത നാട്ടുകാര്‍.“തോമസ്” ന്റെ കാര്യം പോട്ടെ അതിനൊരു ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡ് ഉണ്ട്. പക്ഷേ “കുട്ടി” എന്നുള്ളത് യെവന്മാര്‍ പ്രൊനൌണ്‍സ് ചെയ്യുന്നതു കേട്ടാല്‍ ചൊറിഞ്ഞു വരും.

“തോമസ് കുറ്റി”, “തോമസ് ക്കൂറ്റി”, “തോമസ് കൂട്ടി”, “തോമസ് കുതി”, “തോമസ് കൂ‌‌" ച്ചേ.. ച്ചേ... പറയാന്‍ കൊള്ളില്ല. പക്ഷെ ലെവന്മാര്‍ ഇങ്ങനെയൊക്കെ പറഞ്ഞു തുടങ്ങി. മരത്തലയന്മാര്‍.

എന്തൊക്കെയാണെങ്കിലും തോമസ് എന്നുള്ളതിനേക്കാള്‍ പബ്ലിസിറ്റി കുട്ടി എന്നുള്ള പേരിലാണെനിക്ക്.

“എടാ കുട്ട്യേ”, “കുട്ടിയേട്ടാ”, “കുട്ടിച്ചായോ” എന്നൊക്കെയുള്ള വിളി കേള്‍ക്കുമ്പൊ ഒരു സുഖം തോന്നാറുണ്ട്.

പേരു കുട്ടിയെന്നാണെങ്കിലും രൂപം കണ്ടാല്‍ പറയില്ല. ജെനുസിന്റെ ഗുണവാണോ അതോ ഒരു കേര കര്‍ഷകന്റെ മകനായതുകൊണ്ടോ കൊന്നത്തെങ്ങിനെ വെല്ലുന്ന രീതിയില്‍ വളര്‍ന്നു ആറടി രണ്ടിഞ്ചില്‍ എത്തി നില്‍ക്കുന്നു.

ബ്ലൊഗില്‍ ഒരു കുട്ടി ജനിക്കുന്നു...

ഈച്ചപിടുത്തം, ചൊറികുത്തല്‍, വായിനൊട്ടം, പരദൂഷണം മുതലായ പ്രാചിന കലകളില്‍ വൈദഗ്ദ്യം നെടിയെടുതുകൊണ്ടിരിക്കുന്ന ഒഫ്ഫിസിലെ ഒരു പതിവ് ആഫ്റ്റ്ര്‍നൂണ്‍‌.

"യൂ ഹാവ് എ ന്യു മെസ്സേജ്"

മോനിട്ടറില്‍ ഒരു ഡയലൊഗ് ബൊക്സ് കിടന്നു മിന്നുന്നു. മെയില്‍ബോക്സ് തുറന്നു. മലയാളം പീഡീയെഫ്ഫ് അറ്റാച്ട് ഇ-മെയില്‍. സാദാരണ ഫൊര്‍വേഡ് ആയി കിട്ടുന്ന മലയാളം പീഡീയെഫ്ഫ്കള് പമ്മന്‍ സാഹിത്യത്തില്‍ പെട്ടതായതുകൊണ്ട് ഒട്ടും വൈകാതേ തന്നെ “attachments->save as->desktop->temp_work“ എന്നിവ ഞൊടിയിടയില്‍ കഴിഞ്ഞു.

കൊടകരപുരാണവോ??? എന്തു കുന്തമെങ്കിലുമാവട്ടെ എന്നു കരുതി ഓപ്പണ്‍ ചെയ്തു. സംഭവം ഞാന്‍ ഉദ്ദേശിച്ചതല്ലെങ്കിലും കിടിലന്‍ തന്നെ.

ഇത്ര അടിപൊളിആയിട്ടു എഴുതിയിട്ടും ചുള്ളന്‍ എന്തേ സ്വന്തം പേരു വെളിപ്പെടുത്തുന്നില്ല? എന്തായലും കിട്ടിയ സാധനം “സോഫ്റ്റ്” ആയും “ഹാര്‍ഡ്” ആയും പലര്‍ക്കും ഫോര്‍വേഡ് ചെയ്തു. സൂപ്പര്‍,കിടിലന്‍ ഇതായിരുന്നു എല്ലാവരുടെയും റെസ്പൊണ്‍സ്.

പക്ഷെ എഴുതിയത് ആരെന്നു ആര്‍ക്കും പിടിപാടില്ല. വീണ്ടും കുറച്ചു നാളുകള്‍ക്കു ശേഷം ഇതാ വരുന്നൂ അടുത്ത സാധനം “മൊത്തം ചില്ലറ” ഇതു കിടിലൊല്‍കിടിലന്‍. ഗ്രന്ദകര്‍ത്താവ്:ഒണ്‍ മിസ്റ്റ്ര്‍ അരവിന്ദന്‍.

കൂടെയൊരു ലിങ്കും എന്തൊ ആര്‍ക് ജാഗ് ഡ് ന്നോ മറ്റും ഒരു നാക്കുളുക്കുന്ന പേര്. ലിങ്കില്‍ ക്ലിക്ക് ചെയ്തു, സൈറ്റ് തുറന്നു. അങ്ങിനെ ആദ്യമായി ഞാന്‍ “ബ്ലൊഗ് സ്പോടി" ല്‍ കാലു കുത്തി.

"Small click of Mine, a great timepass opportunity".

ഓര്‍കുട് ആപ്പീസില്‍ ബ്ലോക്ക് ആയതിനു ശേഷം എന്റെ ഭാവി പതിയെ പതിയെ ഇരുട്ടിലാവുകയായിരുന്നു.

“വാ കീറിയ ദൈവം ഭക്ഷണത്തിനുള്ളാ വഴി കാണിച്ചു തരുമെന്നു” പറയുന്നതെത്ര ശരി!!!

അതില്‍ പിന്നെ ബ്ലോഗായിരുന്നു ആപ്പീസിലെക്കു വരാനുള്ളാ ഏറ്റവും വല്ല്യ ഇന്‍സ്പിരേഷന്‍. സെക്കന്റ് ഇന്‍സ്പിരേഷന്‍ അടുത്ത ബില്‍ഡിങ്ങില്‍ ഉള്ള സുന്ദരികളും.

ഇടക്കിടെ അവരുടെ ഡിപ്പാര്‍ട്ടുമെന്റില്‍ പൊയീ ഉടലും തലയും സ്റ്റ്രൈറ്റ് ആയി സ്വല്പം എയര്‍ പിടിച്ച് കണ്ണു മാത്രം പരമാവധി റൊട്ടേറ്റ് ചെയ്തു അവരുടെ അനാട്ടമി അനലൈസ് ചെയ്യുന്നത് “വിശ്രമവേളകള്‍ ആനന്ദകരമാക്കുക” എന്ന സ്റ്റ്രാറ്റജിയിലെ പ്രധാന അജണ്ട ആയിരുന്നു. ചുരുക്കി പറഞാല്‍ വായിനൊട്ടതിനു എന്റെ ഒഫ്ഫിഷ്യല്‍ ലൈഫില്‍ വളരെയധികം പ്രാധാന്യമുണ്ട്.

പിന്നീടുള്ള ദിവസങ്ങള്‍ ബ്ലൊഗിന്റേതായിരുന്നു. രാവിലെ വരുമ്പൊ തന്നെ ആള്‍ക്കാരെ പറ്റിക്കനായി ഏതെങ്കിലും സൊഫ്റ്റ്വേര്‍ റ്റൂളും തുറന്നു വച്ചു ബ്ലൊഗ് ബ്രൌസിങ് തുടങ്ങും. ബോസ്സ് അടുതു വരുംബൊഴെയ്ക്കും അപ്പ്ലിക്കേഷന്‍ സോഫ്റ്റ്വേര്‍സിന്റെയും തട്ടിപ്പുസംഭവങ്ങളുടെയും ഒരു സാറ്റ് കളി എന്റെ റ്റാസ്ക് ബാറില്‍ നിത്യ സംഭവമായി മാറി.

ഒരു പവര്‍ സപ്ലയും ഓസിലോസ്കോപും ഓണാക്കി ഒസിലോസ്കൊപ്പില്‍ അതില്‍ തന്നെ ജെനറേറ്റ് ചെയ്യുന്ന സ്കോയര്‍ വേവിന്റെ പൊക്കവും വണ്ണവും(ഐ മീന്‍ ആമ്പ്ലിറ്റൂഡ് അന്റ് ടൈമിങ്ങ്) അളക്കാനെന്ന രീതിയില്‍ മെഷര്‍മെന്റ് മോഡ് സെറ്റ് ചെയ്ത് , എന്തൊ വല്യ ആറാന്‍ ഡീ ചെയ്യുന്ന മട്ടില്‍,
“ഹൊ പയ്യന്‍ കൊള്ളാം കെട്ടൊ”
“ഇവന്‍ സര്‍ക്കീട്ട് നാന്നായി അനലൈസ് ചെയ്യുന്നുണ്ടല്ലൊ” എന്നൊരു ഇമ്പ്രഷന്‍ ഞാന്‍ ബോസ്സിന്റെ മുന്‍പില്‍ ക്രീയേറ്റ് ചെയ്തിരുന്നു.

ഇടക്കിടെ മൊതലാളി അഥവാ ബോസ്സ്:
“തോമസ്, യൂ ട്രൈ ദിസ് ലൊജിക്, ദാറ്റ് സര്‍ക്കീട്ട്“ എന്നൊക്കെ പറഞ്ഞു
എന്നെ ടിസ്റ്റ്ര്ബ് ചെയ്യാന്‍ വന്നു.
“ഹും ഈയാളു പരഞ്ഞാ ഞാന്‍ ഇപ്പൊ അങ്ങു ഒലത്താന്‍ പോവല്ലേ?” എന്നു മനസിലോര്‍ത്
“ഇറ്റ് വില്‍ ബീ ഡണ്‍ ബൈ ഇവനിങ്ങ് സര്‍”
എന്ന് ഒണ്‍ ദി സ്പൊട്ട് മറുപടി കൊടുത്തിരുന്നു. ബൈ ഇവനിങ്ങ്
“സര്‍ ഐ ഹാഡ് ദീസ് പ്രൊബ്ലംസ്” എന്നു പറഞ്ഞു കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുമ്പൊ
“വാട്ട് പ്രൊബ്ലംസ്” എന്നു എങ്ങാനും ചോദിച്ചാല്‍ ജന്മസിദ്ദമായ കണ്‍ഫ്യുസ് ചെയ്യിക്കാനുള്ള എന്റെ കഴിവു ഞാന്‍ പുറതെടുക്കും.

പൊതുവെ ആള്‍താമസം കുറവായ എന്റെ തലയില്‍ നിന്നും ഈയിടെയായി അട്ട്രീഷന്‍ റേറ്റ് അഥവാ പൊഴിഞ്ഞുപൊക്ക് തുടങ്ങിയൊ എന്ന് എനിക്ക് ബലമായ സംശയം ഉണ്ടായിരുന്നു.കാരണം കുറേ നാളുകളായി എന്റെ മൈന്റ് ഒരു ചെകുതാന്റെ പണിശാലയായീരുന്നു. എന്നു വെച്ചാ “ഐഡില്‍ മൈന്റ്”.

ഞാനും തുടങുക തന്നെ. തീരുമാനിച്ചു. അതിനുള്ള ആദ്യ പടിയായി കൊറേ ബ്ലൊഗ്സ് ഇരുന്നു വായിച്ചു.

“കര്‍ത്താവേ എത്രയാ ബ്ലൊഗുകള്, അതും എല്ലാം കിടിലന്‍ സാധനങ്ങള്‍.”

“ആന മുക്കുന്നതു കണ്ട് ആട് മുക്കരുത്” എന്നു പറഞ്ഞു മനസ്സ് പിന്തിരിപ്പിക്കാന്‍ ശ്രമിചപ്പൊ
“വേണമെങ്കില്‍ ചക്ക കായ്പ്പിക്കാമെടേയ്” എന്നും പറഞ്ഞു ബ്രയിന്‍ ഇമൊഷണല്‍ സപ്പോര്‍ട്ട് നല്‍കി.

അങ്ങിനെ ഞാനും തൊടങ്ങുന്നു.

ഈ കുട്ടി വളരാം, വളയാം, തളരാം, പോളിയോ പിടിച്ച് കിടപ്പിലാവാം. കുട്ടിക്കു വേണ്ട ഹോര്‍ലിക്ക്സും, കോമ്പ്ലാനും, ബൂസ്ടും എല്ലാം നിങ്ങളുടെ പ്രോത്സാഹനങ്ങളാണ്.

അനുഗ്രഹിക്കുക.