Tuesday, October 14, 2008

വരൂ, ബ്ലോഗറോട് സംസാരിക്കൂ...

ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് BBC യും CNN നും പ്രശസ്ത ബ്ലോഗര്‍ ടോംകിഡുമായി നടത്തിയ ഇന്റര്‍വ്യൂവിന്റെ പ്രശസ്ത ഭാഗം ഇങ്ക്ലീഷ് അറിയാമ്പാടില്ലാത്ത ദാരിദ്രവാസികള്‍ക്ക് വേണ്ടി മലയാളത്തില്‍...

ചോദ്യം: എന്തുകൊണ്ടാണ് താങ്കള്‍ കുറേ കാലമായി ബ്ലോഗില്‍ നിന്നും വിട്ട് നിന്നത്?
ഉത്തരം: റേഷന്‍ വാങ്ങാന്‍ കാശ് വേണ്ടെ.ബ്ലോഗും കമന്റുകളും ഒരു കലത്തിലിട്ട് പുഴുങ്ങിയാല്‍ കഞ്ഞിയാവില്ലല്ലോ


ചോ: താങ്കള്‍ ബ്ലോഗ് നിര്‍ത്തിയത് കൊണ്ട് മാത്രം CPM കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി, IT ഫീല്‍ഡ് മൊത്തത്തില്‍ ഡൌണ്‍ ആയി, ഡോളറിന് വിലയിടിഞ്ഞു, മീങ്കാരി ജാനു എലിപ്പനി വന്ന് തീര്‍ന്നു, കപ്പക്കാട്ടിലീപ്പന്റെ തെങ്ങ് ഇടിവെട്ടി പോയി, ബത്തേരിക്കടുത്തൊരു കൊടിച്ചി പട്ടി പള്‍സറ് കേറി ചത്തു. എന്തിനായിരുന്നു ഈ കൊടും ക്രൂരത?

ഉ: ബേസിക്കലി ടൈമില്ലായിരുന്നു ഒന്നിനും. “നായ ഓടിയിട്ടൊരു കാര്യോവില്ല, ഓട്ടം കൊണ്ടൊരു നേട്ടോവില്ല“ എന്ന് പറഞ്ഞപോലെ ആയിരുന്നു അവസ്ഥ.


ചോ: തിരക്കിന് കാരണം?

ഉ: ലോകത്തിലുള്ള സകല വിമാന കമ്പനികള്‍ക്കും കരാറെടുത്ത് വിമാനവും അതിന് വേണ്ട സ്പെയര്‍ പാര്‍ട്സും ഡിസൈന്‍ ചെയ്ത് കൊടുക്കുന്ന ഒരു കമ്പനിയില്‍ നിന്നൊരു ഓഫര്‍. ബോയിങ്ങിനും എയര്‍ ബസിനും വേണ്ടി പുതിയ പുതിയ ഫ്ലൈറ്റുകള്‍ ഡിസൈന്‍ ചെയ്യല്‍, ദിവസോം രണ്ടും മൂന്നും ഫ്ലൈറ്റ് വരെ ഡിസൈന്‍ ചെയ്ത സമയമുണ്ട്.ചോ: റിയലീ? താങ്കള്‍ എങ്ങനെയാണ് ഒരു വിമാനം ഡിസൈന്‍ ചെയ്യുന്നത്?

ഉ: സിമ്പിളല്ലേ? ഒരു വിമാനത്തിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങള്‍: ഒരു A3 ഷീറ്റോ A4 ഷീറ്റൊ (പാസഞ്ചേര്‍സിന്റെ എണ്ണമനുസരിച്ച് എടുകുക) ഒരു റബര്‍ ബാന്‍ഡും ബ്ലേഡും ധാരാളം. സ്കെച്ച് പേന ഉപയോഗിച്ച് നിങ്ങളുടെ ഫ്ലൈറ്റ് കൂടുതല്‍ മനോഹരമാക്കാംചോ: താങ്കള്‍ ഈ ഫീല്‍ഡില്‍ ഇറങ്ങിയതോടെ LIC കാരുടെ വരുമാനം കൂടി എന്ന് കേട്ടു?

ഉ: വീട്ടുകാരെങ്കിലും രക്ഷപെട്ടോട്ടെ എന്ന് കരുതി കാണും യാത്രക്കാര്‍.ചോ: ഇപ്പൊ പിന്നേം ബ്ലോഗ് തുടങ്ങാന്‍ കാരണം?

ഉ: ഇപ്പൊ സ്വന്തമായി ലാപ് റ്റോപ്പും റൂമില്‍ ഇന്റെര്‍നെറ്റും ഉണ്ട് (ജീവിതം പുരോഗമിച്ചു). ഒറ്റക്കാണ് താമസം. സോ...വേറെ പണിയൊന്നുമില്ല. പിന്നെ കാശ് മുടക്കില്ലാതെ പബ്ലിസിറ്റിയും കിട്ടും.ചോ: വേറെ പണിയൊന്നുമില്ലെങ്കില്‍ വല്ല പറമ്പ് കിളക്കാനെങ്കിലും പൊക്കൂടെ? പത്ത് കാശെങ്കിലും കിട്ടും. മനുഷ്യന് ഉപകാരം ഉള്ള വല്ല കാര്യവും ചെയ്യ് ഹേ..

ഉ: മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ലല്ലോ ജീവിക്കുന്നത്. മൊട്ടക്കറീം വേണ്ടെ?


ചോ: ഇനീം തുടര്‍ന്ന് എഴുതുവൊ?

ഉ: എന്തിനാ പോലും?


ചോ: വായിക്കാതിരിക്കാ‍നാ

ഉ: ആക്കല്ലേ, ആക്കല്ലേ...ഒത്തിരി അങ്ങ് ഒണ്ടാക്കല്ലേ. സമയവും സൌകര്യവും കിട്ടിയാ എഴുതും. സൌകര്യമുള്ളവര്‍ വായിക്കുക. സൌകര്യമുള്ളവര്‍ കമന്റിടുക. ആര് വായിച്ചാലും ഇല്ലെങ്കിലും കമന്റിട്ടാലും ഇല്ലെങ്കിലും ഞാനെഴുതും.


ചോ: കലിപ്പിലാണെന്ന് തോന്നുന്നു?

ഉ: അങ്ങനെ തോന്നുന്നത് എന്റെ കുറ്റമല്ല.


ചോ: “വാളെടുത്തവനെല്ലാം വെളിച്ചപ്പാട്, നാലക്ഷരം കൂട്ടി എഴുതുന്നവനെല്ലാം കവി“ ഇതാണിപ്പൊ മലയാള ബ്ലോഗിന്റെ അവസ്ഥ. കൊടകരയും ചില്ലറയും ബെര്‍ളിയും പോലെയുള്ളവരുടെ ചുവട് പിടിച്ച് താങ്കളെ പോലുള്ള ലൊട്ട് ലൊടുക്ക് ബ്ലോഗേര്‍സ് ആണ് ബ്ലോഗിന്റെ നിലവാരം കുറക്കുന്നതെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവുമോ?

ഉ: ഞാന്‍ ഒന്ന് ചോദിച്ചോട്ടെ? നമ്മുടെ നാട്ടില്‍ യേശുദാസിന് മാത്രം പാട്ട് പാടിയാ മതിയൊ? കൊതുകിനും കാണില്ലേ ക്രിമികടി.


ചോ: താങ്കള്‍ പലയിടത്ത് നിന്നും കോപ്പി അടിച്ച് എഡിറ്റ് ചെയ്താണ് പുതിയ ബ്ലോഗ് ഒപ്പിക്കുന്നതെന്ന് ജനം പറയുന്നതില്‍ എത്ര മാത്രം സത്യമുണ്ട്?

ഉ: പട്ടിയിറച്ചി ചിക്കന്‍ മസാല ഉപയോഗിച്ച് കറി വെച്ചാ ചിക്കന്‍ കറി ആവോ?


ചോ: മനസിലായില്ല...

ഉ: അത് താങ്കളുടെ വിദ്യാഭാസക്കുറവ്


ചോ: നിലവാരം കുറഞ്ഞ തമാശകള്‍ ആണല്ലോ താങ്കളുടെ ബ്ലോഗ് മുഴുവന്‍?

ഉ: നിലവാരം ഉള്ള സാധനങ്ങള്‍ ആണ് താങ്കള്‍ക്ക് വേണ്ടതെങ്കില്‍ പദ്മരാജന്റെയോ എം ടി വാസുദേവന്‍ നായരുടേയൊ ഓ വി വിജയന്റെയോ ബുക്ക് വാങ്ങി വായിക്കണം


ചോ: താങ്കള്‍ ഇങ്ക്ലീഷിലും അഭ്യാസം തുടങ്ങിയെന്ന് കേട്ടു. എന്തിനായിരുന്നു അത്?

ഉ: ഓരോ സമയത്ത് ഓരോ കഴപ്പ്


ചോ: പറ്റുന്ന പണിക്ക് പോയാ പോരെ? അറിയാമ്പാടില്ലാത്ത ഭാഷേലാ എഴുത്തും കുത്തും?

ഉ: എനിക്ക് ഇങ്ക്ലീഷ് അറിയാമ്പാടില്ലെന്ന് പറഞ്ഞവനെ തല്ലണം. എന്റെ നാട്ടില്‍ (ചട്ടിവയലില്‍) എല്ലാരും ഇങ്ക്ലീഷ് ആണ് സംസാരിക്കുന്നത്. വെള്ളമടിച്ച് ചട്ടിവയല്‍ അങ്ങാടീ കെടന്ന് അലമ്പുണ്ടാക്കിയ ഓട്ടോ ഡ്രൈവര്‍ സുരേഷിനോട് തെങ്ങ് കേറുന്ന ചാത്തപ്പന്‍ ചേട്ടന്‍ ഇങ്ങനെയാണ് പ്രതികരിച്ചത് “You hairs, if you drink water, then you have to lie in stomach,
dont go to climb someone's chest” പുള്ളിക്കാരന്‍ ഉദ്ദേശിച്ചത് “എടാ മ‌‌‌__രുകളെ വെള്ളമടിച്ചാല്‍ വയറ്റി കിടക്കണം, വല്ലോന്റെം നെഞ്ചത്ത് കേറാന്‍ പോവരുത്“ എന്നാണ്. എന്തിന് പശൂനെ കറക്കാന്‍ വരുന്ന തങ്കമണി “I am going to rotate the cow” എന്ന് പറയുന്നത് കേട്ടാണ് ഞാന്‍ ദിവസവും എണീറ്റിരുന്നത്.


ചോ: ബാങ്ക്ലൂരിലെ ഏറ്റവും വല്യ തമാശക്കാരന്‍ താങ്കളാണെന്ന് കേട്ടു?

ഉ: ശരിയായിരിക്കും. Humour Science ആയിരുനു കോളേജില്‍ എന്റെ മെയിന്‍.


ചോ: മൈസൂറില്‍ വളരെ ഡൌണ്‍ റ്റു എര്‍ത്ത് ആയിട്ടാണ് ജീവിച്ചിരുന്നതെന്നും ഇപ്പൊ ഭയങ്കര ജാഡയാണെന്നും കേട്ടു?

ഉ: മൈസൂറില്‍ ഞാന്‍ തറയിലാണ് കിടന്നുറങ്ങിയിരുന്നത്. ഇന്നെന്റെ കയില്‍ കാശുണ്ട്. കട്ടില് വാങ്ങി. അതുകൊണ്ടെനിക്ക് “ഡൌണ്‍ റ്റു എര്‍ത്ത്“ ആവണ്ട ആവശ്യമില്ല.


ചോ: ഓണ്‍സൈറ്റ് കിട്ടിയതോടെ നിങ്ങള്‍ ആവശ്യത്തിലധികം ഫോട്ടോസ് ഓര്‍കുട്ടില്‍ അപ് ലോഡ് ചെയ്ത് ആള്‍ക്കാര്‍ക്ക് ടെന്‍ഷന്‍ ഉണ്ടാക്കുകയും അത് മൂലം ബാങ്ക്ലൂരില്‍ പകുതിയിലധികം പേര്‍ക്ക് ഉറക്കം വരെ നഷ്ടപ്പെട്ടെന്ന് കേട്ടു?

ഉ: അഹങ്കരിക്കുക എന്നത് ഓണ്‍സൈറ്റുകാരുടെ ജന്മാവകാശമാണ്. ഓരോ ഫോട്ടോ എടുക്കുമ്പോഴും ഓര്‍കുട്ട് മാത്രമായിരുന്നു എന്റെ മനസില്‍. പിന്നെ എനിക്കൊന്നേ പറയാനുള്ളൂ “ഓണ്‍സൈറ്റ് കിട്ടിയവരേയും വിമാനത്തില്‍ കയറി പോയവരെയും പോയവരെയും ബഹുമാനിക്കാന്‍ പഠിക്ക്.“


ചോ: വിവാഹത്തെപറ്റി?

ഉ: കഴിക്കണമെന്നുണ്ട്


ചോ: പിന്നെന്താ ഒരു താമസം?

ഉ: സത്യം പറയാമല്ലോ ബാങ്ക്ലൂരിലെ സകല പെമ്പിള്ളേരും എന്നെ കെട്ടണമെന്നും പറഞ്ഞ് പുറകേ നടക്കുകയാണ്. ഞാനാകെ കണ്‍ഫ്യൂഷനിലാ.


ചോ: ഫാവി ഫാര്യയേപറ്റിയുള്ള സങ്കല്പം?

ഉ: ഐശ്വര്യ റായീടെ അത്ര സൌന്ദര്യമില്ലെങ്കിലും കത്രീന കൈഫിനെകാലും ഒട്ടും കുറയരുത്.


ചോ: അത് വല്ലതും നടക്കുവോ?

ഉ: ഏത്?


ചോ: അല്ല, കത്രീന കൈഫിനെ കെട്ടുന്നത്
ഉ: വല്ലവനും കൈയിട്ട് കുഴച്ച ചോറ് ഞാന്‍ ഉണ്ണാറില്ല!!!

ചോ: നസ്രാണികള്‍ പൊതുവേ സ്ത്രീധനത്തോട് ആക്രാന്തം ഉള്ള ടീമാണെന്ന് ആക്ഷേപമുണ്ടല്ലൊ. എന്താണ് താങ്കളുടെ നിലപാട്?

ഉ: സ്ത്രീധനത്തോട് എനിക്ക് തീരെ യോജിപ്പില്ല. വളരെ പ്രാക്രുതമായ ഒരേര്‍പ്പാടല്ലേ അത്? പക്ഷെ ഷെയര്‍. അത് കിട്ടിയിരിക്കണം. പത്ത് ലക്ഷവും ഹോണ്ട സിറ്റിയും ആണ് ഇപ്പൊഴതെ മാര്‍കറ്റ് വില. പെണ്ണ് രണ്ട് പെറ്റതാണെങ്കിലും കാശ് രൊക്കം കിട്ടിയിരിക്കണം. കാശുള്ളവന്‍ വെട്ടുവേം വിഴുങ്ങുവേം അതില്ലാത്തോന്‍ ഞൊട്ടുവേം ഞൊണയുവേം ചെയ്യും. ഏത് കോത്താഴതെ ത്രേസ്യ എന്തൊക്കെ പറഞ്ഞാലും.


ചോ: എന്താണ് താങ്കളുടെ ഹൈറ്റിന്റെ രഹസ്യം?

ഉ: ഒരു കാലത്ത് റബ്ബറിന്റെ വില വല്ലാണ്ട് ഇടിയുകയും വെട്ടുകാരന്റെ കൂലിക്കുള്ള കാശ് പോലും കിട്ടാതെ വരുന്ന അവസ്ഥയുണ്ടായിരുന്നു. അപ്പൊ റബര്‍ പാലും കോമ്പ്ലാനും കുടിച്ച് വീട്ടിന് മുന്നിലെ മാവില്‍ തൂങ്ങി കിടക്കുമായിരുന്നു. ഐ ആം എ കോമ്പ്ലാന്‍ ബോയി യൂ നോ?


ചോ: എന്താണ് താങ്കളുടെ ഫ്യൂച്ചര്‍ പ്ലാന്‍സ്?

ഉ: ഇനി കുറച്ച് നേരം കിടന്നുറങ്ങണം. വൈകിട്ട് എണീറ്റ് പറ്റിയാ ഒരു പടം കാണാന്‍ പോവും. എന്നിട്ട് ഭക്ഷണം കഴിച്ച് വീണ്ടും കിടന്നുറങ്ങും. അതാണെന്റെ ഭാവി പരിപാടി.


ചോ: താങ്കള്‍ ഇത്രയും പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടൊ?

ഉ: കുച്ച് നഹി