Thursday, April 5, 2007

എന്നീസീ ചരിതം (ഭാഗം മൂന്ന്)

[കഥ ഇതുവരെ: ദയവായി എന്നീസീ ചരിതം (ഭാഗം രണ്ട്) റെഫര്‍ ചെയ്യുക]

പൊതുവെ ബാങ്ക്ലൂരിലെ പുലരികളില്‍ ഒടുക്കത്തെ തണുപ്പാണ്. ഓഗസ്റ്റ് മാസവും ഒരു “എക്സപക്ഷന്‍” ആയിരുന്നില്ല. സൂര്യന്‍ പോലും ഇന്ന് ഉദിക്കണൊ, കുറച്ച് താമസിച്ച് ഉദിച്ചാലോ? പണ്ടാറം ഇന്നും ഉദിക്കണമല്ലോ എന്നാലോചിച്ചിരിക്കുന്ന സൂര്യോദയത്തിനും മുന്‍പ്, ദൈവം ഗോള്‍ഡ് ഫ്ലേക് കിങ്ങ്സ് വലിച്ച് വിട്ടതു പോലുള്ള കോടമഞ്ഞ് പുതച്ച എന്നീസി ക്യാമ്പസില്‍ നിലാവത്തഴിച്ചുവിട്ട കോഴികളെപോലെ ഒരു പറ്റം വിദ്യാര്‍ദ്ധികള്‍ ബോയ്സ് ഹോസ്റ്റലിന് മുന്‍പിലുണ്ടാവും.

ഈ തണുപ്പത്ത് ചുരുണ്ട് കൂടി മൂടിപ്പുതച്ച് കിടന്നുറങ്ങാനുള്ളതിന് പകരം മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി “ഹെല്‍ത്ത് റണ്ണെ“ന്നും പറഞ്ഞ് ജൂനിയര്‍ പുള്ളന്മാരെ ക്യാമ്പസിന് ചുറ്റും ഇട്ടോടിക്കും. പണ്ടാരകാലന്മാര്‍. ലെവന്മാര്‍ക്ക് സുഖമായി കിടന്നുറങ്ങിക്കൂടെ. ഇങ്ങനെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നവനേയും അവന് ജന്മം നല്‍കിയവരേയും അമര്‍ഷം തെല്ലും പുറത്തുകാണിക്കാതെ(“വെറുതെ എന്തിനാ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെക്കുന്നെ?”) പ്രാകി മനസ്സില്‍ തെറിയും വിളിച്ച് തുടങ്ങുന്നു എന്നീസിയിലെ എന്റെ ആദ്യ സു-പ്രഭാതം. ഈ സുപ്രഭാതം അത്ര സുഖകരമായ പ്രഭാതം
ഒന്നുമായിരുന്നില്ല.

നേരം പരപരാന്ന് വെളുക്കുന്നതിനും മുമ്പ് അഞ്ചഞ്ചരമണിയോടെ ഓട്ടം തുടങ്ങും. ബോയ്സ് ഹോസ്റ്റലിന് മുമ്പീന്ന് തുടങ്ങി ഗേള്‍സ് ഹോസ്റ്റലിനു മുമ്പിലൂടെ ഇമ്പാക്റ്റ് ബില്‍ഡിങ്ങ്, ക്യാന്റീന്‍, അഡ്മിനിസ്റ്റ്രേഷന്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് മുതലായ സ്ഥലങ്ങല്‍ കവറ് ചെയ്യണം. ഒരു റൌണ്ട് അടിച്ചാല്‍ ഏതാണ്ട് എഴുന്നൂറ് മീറ്റര്‍ കവറ് ചെയ്തിട്ടുണ്ടാവും.

“അടാ റണ്‍ ഡാ....റണ്‍ ഫാസ്റ്റര്‍...”എന്നലറിക്കൊണ്ട് മുന്‍പിലൊരു സീനിയര്‍ ചേട്ടന്‍ പായുന്നുണ്ടാവും. കുറച്ച് ഉശിര് കൂടുതലുള്ളവര്‍ സ്വന്തം സ്റ്റാമിന “പ്രൂവ്” ചെയ്യാന്‍ ഒരവസരം കിട്ടിയെന്ന സന്തോഷത്തില്‍ “0-60kms വെറും 5 സെക്കന്റില്‍” എന്ന് പരസ്യത്തിലൊക്കെ കാണുന്ന പോലെ നൂറ്റമ്പത് സീ സീ ബൈക്കിന്റെ പിക്കപ്പായിരിക്കും. മറ്റുള്ളവരെയൊക്കെ “ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ” എന്ന ഭാവേന അഹങ്കാരത്തോടെ ഓവര്‍ടേക് ചെയ്യും. കഷ്ടിച്ച് ഒരു റൌണ്ട് “ഇനീഷ്യല്‍” പിക്കപ്പില്‍ കമ്പ്ലീറ്റ് ചെയ്യുമ്പോഴേക്കും ലെവന്മാരുടെ സ്റ്റാമിന “ഡ്രാസ്റ്റിക്കലി” ഇടിഞ്ഞ് പരിപ്പിളകി പോവുന്ന അവസ്ഥയിലെത്തിയിട്ടുണ്ടാവും.

ഈ ഓട്ടം ഇതേ നിലയില്‍ തുടര്‍ന്നാല്‍ ഏത് നിമിഷവും കൊളാപ്സാവാം എന്ന് തോന്നുന്നവര്‍ക്ക് രക്ഷപെടാന്‍ ദൈവം രണ്ട് വഴികള്‍ കാണിച്ച് കൊടുത്തിട്ടുണ്ട്. ഒന്ന് ഇമ്പാക്റ്റ് ബില്‍ഡിങ്ങിനടുത്തുള്ള ഒരു റ്റോയ് ലറ്റ്. അടുത്തത് അഡ്മിനിസ്ട്രേഷനിലുള്ള റ്റോയ് ലറ്റും. ഈ ഓട്ട കൂട്ടത്തില്‍ നിന്നും മുങ്ങി ഇതിലേതെങ്കിലും ഒന്നില്‍ കയറി പറ്റിയാല്‍ അന്നത്തെ ഹെല്‍ത്ത് റണ്‍ കയിച്ചിലാക്കാം.

ഗഫൂര്‍കാ ദോസ്തിന്റെ ദുബൈലേക്കുള്ള ചരക്കുകപ്പലില്‍ കയറി രക്ഷപെടുന്നതിനേക്കാളും റിസ്കാണ് ഇങ്ങനെ മുങ്ങാന്‍ ശ്രമിക്കുന്നത്. കാരണം ഇങ്ങനെ മുങ്ങുന്നവരെ കുശാഗ്രബുദ്ധിയോടെ പിടിച്ച് ഒരു പ്രത്യേക ട്രീറ്റ്മെന്റ് സീനിയേഴ്സ് നല്‍കാറുണ്ട്.

“ഡക്ക് വാക്ക്’“ അഥവാ അന്നനട.

തമിഴ് നാട്ടില്‍ കൂടി ട്രയിന്‍ യാത്ര ചെയ്യുമ്പൊ സമാന്തര ട്രാക്കുകളിലും കുറ്റിക്കാടുകളിലും വെളിമ്പ്രദേശങ്ങളിലുമൊക്കെ ആള്‍ക്കാര്‍ വെറുതെ കുത്തിയിരിക്കുന്നുണ്ടാവും. അതെന്തിനാണെന്ന് പറഞ്ഞാല്‍ എന്റെ ബ്ലോഗ് സ്പോട്ട് നാറും. കാരണം എന്തുമാവട്ടെ അങ്ങിനെ കുത്തിയിരിക്കുക. ദെന്‍ രണ്ട് കൈകളും കാലിനിടയിലൂടെ ഇട്ട് തലക്ക് മുകളില്‍ കൈവിരലുകള്‍ കോര്‍ത്ത് പിടിക്കുക. ഇപ്പൊ നിങ്ങല്‍ ഒരു പെര്‍ഫക്റ്റ് സ്ഫീയര്‍ ഷേപ്പിലായിട്ടുണ്ടാവും. ഈ പൊസിഷനില്‍ ക്യാമ്പസ് ഒരു പ്രാവശ്യം വലം വയ്ക്കുക. ഇതിന്റെ സുഖം അതനുഭവിച്ചര്‍ക്ക് മാത്രമേ മനസിലാവൂ.

ദീര്‍ഘദൂര ട്രയിനുകളില്‍ സ്റ്റേഷന് സ്റ്റേഷന് TTE മാറിക്കയറുന്നതുപോലെ നമ്മളെ ലീഡ് ചെയ്യുന്ന ചേട്ടായിമാര്‍ സമയാസമയങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ആദ്യം മുതല്‍ അവസാനം വരെ ഓടാന്‍ വിധിക്കപെട്ടവര്‍ നമ്മള്‍ മാത്രം. ഓടിച്ച് ഓടിച്ച് വശം കെടുമ്പൊ ട്രയിന്റെ എഞ്ചിന്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് വലം വെച്ച് നില്‍ക്കും.ഗാര്‍ഡ് പൊസിഷനിലുള്ള ഞാനും സ്റ്റേഷന്‍ പിടിച്ചാല്‍ അടുത്ത അഭ്യാസം തുടങ്ങുന്നതിന് മുമ്പ് ‘റ’ പൊസിഷനില്‍ നിന്ന് പത്ത് മിനിറ്റ് ശ്വാസം വിടാം.

ഈ സമയത്ത് ശ്വാസോച്ഛ്വാസ്വത്തിന്റെ “ഫ്രീക്യൊന്‍സി” മൂര്‍ദ്ധന്ന്യാവസ്ഥയിലെത്തുകയും അക്കാരണം കൊണ്ടു തന്നെ “ഹു...ഹൂ...ഹു...ഹൂ...ഹാവു...ഹാ‍ാ‍ാ‍ാവൂ‍...“എന്നൊരു എക്കൊ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ മുഴങ്ങി കേട്ടിരുന്നു. ആരുടെയെങ്കിലും ഈസീജി ഈ സമയത്ത് എടുത്ത് അത് 10.0 ഭൂമികുലുക്കം മെഷര്‍ ചെയ്യുന്ന റിച്ചര്‍ സ്കെയിലിന്റെ ഗ്രാഫുമായി “വ്യത്യാസം കണ്ടുപിടിക്കുക” എന്നും പറഞ്ഞ് കൊടുത്താല്‍ അതൊരു ചലെഞ്ചിങ്ങ് റ്റാ‍സ്ക് ആയി കണക്കാക്കാവുന്നതാണ്.

രണ്ട് കാലുകളും പരമാവധി “ഒബ്റ്റ്യൂസ്” ആങ്കിളില്‍ വിടര്‍ത്തി കുനിഞ്ഞ് നിന്ന് വലത്തേകൈയുടെ അങ്ങേയറ്റം ഇടത്തേക്കാലിന്റെ പെരുവിരലിലും ഇടത്തേകൈയുടെ അങ്ങേയറ്റം വലത്തേക്കാലിന്റെ പെരുവിരലിലും മുട്ടിക്കുക, കൈകള്‍ രണ്ടും അരയ്ക്ക് ഫിറ്റ് ചെയ്ത് കുത്തിയിരിക്കുക എഴുന്നേല്‍ക്കുക, കുത്തിയിരിക്കുക എഴുന്നേല്‍ക്കുക, നിവര്‍ന്ന് നിന്ന് തല പുറകോട്ട് ചരിച്ച് ക്ലോക്ക് വൈസ് പത്ത് പ്രാവശ്യം, ആന്റി ക്ലോക്ക് വൈസ് പത്ത് പ്രാവശ്യം ചുറ്റിയ്ക്കുക. അരക്കെട്ട്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, കാല്‍ പാദം എന്നു വേണ്ട ചുറ്റിയ്ക്കാന്‍ പറ്റുന്ന് ശരീര ഭാഗങ്ങളെല്ലാം മേല്‍ പറഞ്ഞത് പോലെ ചുറ്റിയ്ക്കുക. വേറുതെ കിടന്ന് ചാടുക, ചാടി തിരിയുക. ഇങ്ങനെ പോവുന്നു എക്സര്‍സൈസസ്.

മേല്‍ പറഞ്ഞ സംഭവങ്ങളെല്ലാം കഴിയുമ്പോഴേക്കും 6:55 ആയിട്ടുണ്ടാവും. അഥവാ ആയിട്ടില്ലെങ്കില്‍ 6:55 ആവുന്നതുവരെ വെറുതെ എന്തെങ്കിലുമൊക്കെ ചെയ്യിപ്പിച്ചുകൊണ്ടിരിക്കും. 06:55:00 IST ആവുമ്പൊ “നിങ്ങളെല്ലാവരും കൂളിച്ച് കുട്ടപ്പന്മാരും/കുട്ടപ്പിമാരുമായി 07:10:00 IST ക്ക് പ്രഭാത ഭക്ഷണത്തിനായി റെഡിയാവുക” എന്ന ഓര്‍ഡര്‍ വരും.

കേട്ടപടി കേള്‍ക്കാത്ത പടി എല്ലാം കൂടി ഒറ്റ പാച്ചിലാണ്. 40 ആണ്‍കുട്ടികള്‍ക്ക് കുളിക്കാനും പ്രഭാത കര്‍മങ്ങല്‍ നിര്‍വഹിക്കാനും കൂടി മൂന്ന് കുളിമുറിയും മൂന്ന്‍ റ്റോയ് ലറ്റും. അനുവദിച്ചിരിക്കുന്ന സമയം പതിനഞ്ച് മിനിറ്റും. കഷ്ടിച്ച് എട്ടടി നീളവും എട്ടടി വീതിയുമുള്ള ഒരു കൂളിമുറിയില്‍ പത്ത് പേരൊരുമിച്ച് കുളിച്ചാലും ഈ പ്രൊജക്റ്റ് അലോട്ടഡ് ടൈമില്‍ കമ്പ്ലീറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

ഹോസ്റ്റലിലെ ഡ്രെയിനേജ് സിസ്റ്റത്തിന്റെ എഞ്ചിനീയറിങ്ങില്‍ വന്ന പാകപ്പിഴകൊണ്ട് മുകളിലത്തെ രണ്ട് നിലകളിലെ കുളിമുറികളില്‍ നിന്നുമുള്ള “ശുദ്ധജലം” താഴത്തെ കുളിമുറിയില്‍ വന്ന് കെട്ടികിടക്കുമായിരുന്നു. “ആറാട്ട് കടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നീരാട്ടിനിറങ്ങുന്നു ഞാന്‍” എന്നൊരു പാട്ടൊക്കെ മൂളി ഞാനും ഒരു ഗ്രൂപ്പ് കുളി കുളിക്കും.ആരെങ്കിലും ഒരാള്‍ ഷവര്‍ തുറന്നാല്‍ നേരിട്ടും ഗ്രൂപ്പില്‍ കുളിക്കുന്നവരുടെ ദേഹത്ത് തട്ടി തെറിച്ചും എല്ലാവരുടേയും ദേഹം 90 ശതമാനം നനഞ്ഞ് കഴിഞ്ഞാല്‍ ആരുടെയെങ്കിലും സോപ്പ് കൈമാറി കൈമാറി എന്റെ കൈയില്‍ എത്തും. അതോണ്ട് ഞാന്‍ ഭദ്രമായി വാങ്ങിച്ച ലൈഫ് ബോയ് ഗോള്‍ഡ് ലാഭം.

ഇരുപത് ലിറ്ററിന്റെ ചുവന്ന ബക്കറ്റില്‍ വെള്ളം നിറച്ച് കപ്പില്‍ വെള്ളം കോരി മൂന്നു പ്രാവശ്യമായി ശരീരം നൂറ് ശതമാനം നനഞ്ഞു എന്നുറപ്പാക്കിയാല്‍ മാത്രം സോപ്പ് തേച്ചും അല്ലെങ്കില്‍ പഞ്ചായത്തിന്റെ കാശ് കൊണ്ട് പറമ്പ് നനയ്ക്കാനെന്നും പറഞ്ഞ് കുത്തിയ പറമ്പിന്റെ വടക്കേ അറ്റത്തുള്ള കൂളത്തില്‍ പോയി മുങ്ങിയും പൊങ്ങിയും നീന്തിയും മതിയാവും വരെ ആര്‍ഭാടമായി അര്‍മാദിച്ച് മുങ്ങി കുളിച്ചിരുന്ന ഞാന്‍.

എന്റെയൊരു ഗതികേട്....അല്ലാതെന്തു പറയാന്‍?

“ബലാല്‍ക്കാരത്തിനിരയാകുമെന്നുറപ്പായാല്‍ അതംഗീകരിച്ച് ആസ്വദിച്ച് കൊള്ളുക” എന്ന് പണ്ടേതോ തത്വചിന്തകന്‍ പറഞ്ഞത് അഗീകരിച്ച് ഈ വക “ട്രീറ്റ്മെന്റ്സ്“ നോട് ഞാന്‍ പൊരുത്തപെട്ട് തുടങ്ങിയിരുന്നു.

ഇങ്ങനെയൊന്നും കൂളിക്കാന്‍ അവസരം ലഭിക്കാത്തവരും കൂളിച്ചാല്‍ ദേഹത്തെ ചെളി പോകുമെന്നും പരീക്ഷക്ക് തോല്‍ക്കുമെന്നുമൊക്കെ ഭയപ്പെടുന്നവര്‍ പല്ല് തേക്കുന്നിടത്ത് നിന്ന് രണ്ട് കൈയിലും വെള്ളം ശേഖരിച്ച് തലമുടി “വെറ്റാ”ക്കി ഒരു ഡ്യൂപ്ലികേറ്റ് കുളിയും പാസാക്കും.

കുളിച്ച് റെഡിയായി തേച്ച് മിനുക്കിയ ഷര്‍ട്ടും പാന്റുമൊക്കെയിട്ട് ബ്രേക് ഫാസ്റ്റിന് പോകാനായി ലൈനായി നില്‍ക്കുകയാണ്. എന്റെ തൊട്ട് മുന്നില്‍ നില്‍ക്കുന്ന ഒരു എറണാകുളം കാരന്‍ “ഗുഡ് മോണിങ്ങ് സര്‍” എന്ന് വിഷ് ചെയ്തു. എന്നെയല്ല....അതിലെ പോയ ഒരു സീനിയറെ. അവന്റെ വിഷ് കേട്ട് മുന്നിലോട്ട് നീങ്ങിക്കൊണ്ടിരുന്നവന്‍ സഡന്‍ ബ്രേക്കിട്ട് നിന്ന് റിവേഴ്സെടുത്ത് എന്റെ മുന്നില്‍ വന്ന് നിന്നു. അവന്‍ മുകളിലേക്കും ഞാന്‍ താഴേക്കും നോക്കി. കാരണം ഹയിറ്റ് വ്യത്യാസം. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി. കാരണം ഞാന്‍ അവനെ വിഷ് ചെയ്തിട്ടില്ലായിരുന്നു. “ഗുഡ് മോണിങ്ങ് സര്‍” ഞാന്‍ അവനെ വിഷ് ചെയ്തു. അവന്‍ ഫസ്റ്റ് ഗിയറിട്ട് മെല്ലെ ക്യാന്റീനിലേക്ക് നീങ്ങി. പിറകെ ഞങ്ങളും.
(തുടരും)
--------------------------------------------------
ഡെഡിക്കേഷന്‍:
ഞാന്‍:ഹലോ മാഷെ, നിങ്ങളോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി.
മറ്റൊന്നുമല്ല.
“കലക്കി.... നിങ്ങളുടെ ബ്ലോഗുകള്‍ എല്ലാം ഞാന്‍ വായിച്ചു. സമ്മതിക്കണം.“
നിങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാനും ഒരു ബ്ലോഗ് തുടങ്ങി. ജനം പറയുന്നു ഫുള്ള് മണ്ടത്തരങ്ങളാണെന്ന്.
“ജനം പറയുന്നു,
അവരെന്തു പറയുന്നു,
അവരെന്തും പറഞ്ഞോട്ടെ“ അല്ലെ മാഷെ?
സൊ ഞാന്‍ പറഞ്ഞ് വരുന്നത് സമയം കിട്ടുമ്പൊ ആ വഴിയ്ക്കൊക്കെ ഇറങ്ങുക.

വിശാലന്‍:ഡേയ് ചുള്ളന്‍,യുവര്‍ ബ്ലോഗ് ഞാന്‍ ചെക്ക് ചെയ്തു. രസിച്ചു വായിച്ചു. സൂപ്പര്‍ ആയിട്ടുണ്ട്
സൂപ്പര്‍. എനിക്കു വളരെ വളരെ ഇഷ്ടായി. കീപ്പ് പോസ്റ്റിങ്ങ്.

ഞാ: താങ്ക് യൂ....താങ്ക് യൂ....നിങ്ങളാണെന്റെ ബ്ലോഗിലെ ഗുരു.

വി: എവിടെ വെറ്റിലയും അടക്കയും?

{ഇത് ഞാനും “വിശാലമനസ്കനെ“ന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന സജീവേട്ടനും (കൊടകര പുരാണത്തിന്റെ ഗ്രന്ഥകര്‍ത്താവ്) തമ്മില്‍ “ഓര്‍കുട്ടെ”ന്ന സ്ഥലത്ത് വച്ച് കണ്ട് മുട്ടിയപ്പൊ നടന്ന സംഭാഷണത്തില്‍ നിന്ന്}വെറ്റിലയും അടക്കയുമൊന്നും എവിടെ മൈസൂറില്‍ കിട്ടുമെന്നു തോന്നുന്നില്ല. അതോണ്ട് ഈ കഥ ഞാന്‍ എന്റെ ബ്ലോഗ് ഗുരു വിശാലമനസ്കന് ഗുരുദക്ഷിണയായി ഡെഡിക്കേറ്റ് ചെയ്യുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ചയില്‍ ചെറിയ ഒരു കരിയര്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാമുണ്ടായിരുന്നതുകൊണ്ട് ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.