Showing posts with label എന്നീസി. Show all posts
Showing posts with label എന്നീസി. Show all posts

Wednesday, August 26, 2009

എന്നീസി 7 (മൂട്ടയെ പുറത്താക്കല്‍)

നാറുന്ന സോക്സും തുളവീണ അണ്ടര്‍വെയറുകളും മൂട്ടയുള്ള കട്ടിലുകളുമായിരുന്നു എന്നീസി ബോയ്സ് ഹോസ്റ്റലിന്റെ (പഴയത്) മുഖമുദ്ര!

ഏതായാലും ഒരു ദിവസം ശരത്തും വിവേകും കൂടെ A6 ‘ല്‍ മൂട്ട നശീകരണം നടത്താന്‍ തീരുമാനിച്ചു. മെഴുക് തിരി ഉരുക്കി ഒഴിച്ച് കട്ടിലിലുള്ള ഓട്ട മുഴുവന്‍ അടച്ചും മണ്ണെണ്ണ ഒഴിച്ചും പല വഴികള്‍ ട്രൈ ചെയ്തു. മൂട്ട പിന്നെയും ബാക്കിയായി. അവസാനത്തെ പ്രയോഗമായി മൂട്ടകളെ കത്തിക്കാന്‍ തീരുമാനിച്ചു. അങ്ങിനെ ജെനറേറ്റര്‍ റൂമീന്ന് കുറച്ച് പെട്രോള് കൊണ്ട് വന്ന് ഒരു തുണിയില്‍ മുക്കി തീ കൊടുത്തു. തുണി ആളി കത്തി. ആളിയ തീ ചവിട്ടി കെടുത്തി. അതോടെ പുകയായി. ഒടുക്കത്തെ പുക. റൂമിന്ന് പുക വരുന്നത് കണ്ട് സീനിയേഴ്സെല്ലാം ഓടി കൂടി.

“നിങ്ങള്‍ ഇതെന്നതാടാ‍ ഈ കാണിക്കുന്നെ?” അതിലൊരു സീനിയര്‍ ചോദിച്ചു.

“ഞങ്ങള്‍ ഈ റൂമിലുള്ള മൂട്ടയെ പുറത്താക്കുകയാണ് സര്‍...” നിഷ്കളങ്കമായ മറുപടി.

കേട്ട പാടെ അവിടെ കൂടിയിരുന്ന സകല സീനിയേഴ്സും ചിരി തുടങ്ങി. ആ റൂമില്‍ താമസിക്കുന്ന സീനിയര്‍ ഒഴിച്ച്. ഇതെന്ത് കൂത്താണെന്ന് ആ രണ്ടെണ്ണത്തിന് അന്ന് മനസിലായില്ല.

കാരണം അന്നവര്‍ക്കറിയില്ലായിരുന്നു ആ റൂമില്‍ താമസിക്കുന്ന സീനിയറിന്റെ ഇരട്ട പേര് “മൂട്ട” എന്നായിരുന്നെന്ന്...

(തുടരും)

--------------------------------

ഗുണപാഠം: പറയാനുദ്ദേശിക്കുന്ന കാര്യം നേരെ ചൊവ്വേ ലഘുവായി ചുരുക്കി പറയുക. അനാവശ്യമായി വലിച്ച് നീട്ടരുത്.

Tuesday, August 4, 2009

എന്നീസി 6 (എന്നെ പ്രേമിച്ച പെണ്ണ്)

[ചരിതം സോ ഫാര്‍]

ഉച്ച കഴിഞ്ഞത്തെ പ്രോഗ്രാമിങ്ങ് ക്ലാസിലിരിന്നാല്‍ തല “കുലച്ച ഏത്ത വാഴ“ പോലെയാകും. മുട്ട് കൊടുത്തില്ലെങ്കില്‍ പെടന്ന് പോവുന്ന അവസ്ഥ.

കാരണം "C" എന്ന ലഗ്വേജില്‍ സംഗീതമില്ല സാഹിത്യമില്ല, മനുഷ്യന്റെ ജീവിതത്തിലുപകരിക്കുന്ന ഒരു പ്രോഗ്രാമോ ഇന്ററസ്റ്റിങ്ങായ ഫങ്ക്ഷന്‍സോ ഇല്ല. (ആത്മാര്‍ഥ പ്രോഗ്രാമേഴ്സ് എന്നോട് ക്ഷമിക്കുക) ക്യാന്റീനിലെ ഫുഡ് ആണോ അതോ പ്രോഗ്രാമിങ്ങ് പഠിപ്പിക്കുന്ന മാഷടെ ശബ്ദമാദുര്യമാണോ കള്‍പ്രിറ്റ് എന്നറിയില്ല, പ്രോഗ്രാമിങ്ങ് ക്ലാസിലിരിക്കുമ്പോ കണ്‍പോളകള്‍ക്ക് കിലോ കണക്കിന് തൂക്കം വെക്കും. ഒരു പുഷ് ബാക്ക് സീറ്റും കൂടി ഉണ്ടായിരുന്നെങ്കില്‍ ജോറായേനെ. യാതൊരു വികാരങ്ങളുമില്ലാത്ത ഒരു വിഷയമായിരുന്നു എനിക്ക് പ്രോഗ്രാമിങ്ങ്. അതുകൊണ്ട് തന്നെ ഞാനും പ്രോഗ്രാമിങ്ങും അരിവാള്‍ ചുറ്റിക നക്ഷത്രവും താമരയും പോലെ ഒരിക്കലും ഒത്ത് പോവാന്‍ പറ്റാത്ത ഒരു കോമ്പിനേഷന്‍ ആണ്. അന്നും ഇന്നും. സ്വഭാവികമായും ഇത്തരം ക്ലാസുകളില്‍ ശരീരം ക്ലാസിലുണ്ടാവുമെങ്കിലും മനസ് ലോജിക്കും സിന്റാക്സും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് അലഞ്ഞ് നടന്നു.

അങ്ങിനെ ഒരു പ്രോഗ്രാമിങ്ങ് ക്ലാസ്സില്‍ അലഞ്ഞ് അലഞ്ഞ് അറിയാതെ ആടി തല ജനലിലിടിച്ച് ബോധം വന്നപ്പോഴാണ് ഒരൈഡിയ തലയില്‍ മിന്നിയത്. (അല്ലെങ്കിലും ഇടക്കിടക്ക് കിട്ടേണ്ടത് കിട്ടിയാലേ തോന്നേണ്ടത് തോന്നൂ) - പ്രേമത്തിന്റെ ആഴം അളക്കുന്ന ഒരു മെഷീന്‍‍! ക്യാമ്പസില്‍ പ്രണയിക്കുന്നവര്‍ക്ക്, പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക്, അത് തുറന്ന് പറയാന്‍ പറ്റാത്തവര്‍ക്ക് തങ്ങളുടെ പ്രണയം എത്ര മാത്രം സക്സസ്സ് ആവും എന്ന് പ്രവചിക്കാന്‍ ഒരു കൊച്ച് സോഫ്റ്റ്വേര്‍.

പഠിച്ചത് പ്രയോഗത്തില്‍ വരുത്തുമ്പോഴാണല്ലോ വിദ്യാഭാസം കൊണ്ടുള്ള വിളവെടുപ്പ് നടക്കുന്നത്.

പക്ഷെ എന്റെ പരിമിതമായ അറിവ് വെച്ച് ഇത് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടും. എന്നോര്‍ത്ത് വിട്ട് കളയാന്‍ പറ്റില്ലല്ലോ. എറിയാനറിയാത്തവന് ദൈവം വടി കൊടുത്തില്ലെങ്കില്‍ കിട്ടിയ വടി കൊണ്ട് ഏറ് പഠിക്കുക തന്നെ. പിന്നെ ഇതെങ്ങനെ ചെയ്യാം എന്നത് ഒരു സെക്കന്ററി തോട്ടായി മനസില്‍ നിലകൊണ്ടു.

ആവശ്യമാണല്ലോ സ്രുഷ്ടിയുടെ അമ്മച്ചി!

ഇതിന് പിന്നില്‍ വേറൊരു ഗുട്ടന്‍സ് കൂടി ഉണ്ടായിരുന്നു. വേറുതെ നമ്മളെന്തിനാ വല്ലോന്റേം പ്രേമം ഫ്രീയായിട്ട് അളന്ന് കൊടുക്കുന്നേ. ഇതിന്റെ പ്രധാന ഉദ്ദേശ്യം കാമുകീകാമുകന്മാരുടെ മനസിലിരിപ്പ് അറിയുക എന്നുള്ളതായിരുന്നു. ആരുടെയൊക്കെ പേരുകള്‍ ആര് എപ്പൊ അടിച്ചു എന്നുള്ളത് അവരറിയാതെ ഒരു ഹിഡന്‍ ഫയലിലേക്ക് സ്റ്റോറ് ചെയ്യപ്പെടും. നമ്മളെ കൊണ്ട് ഇങ്ങനത്തെ കൊച്ച് കൊച്ച് ഉപകാരങ്ങളല്ലേ ചെയ്ത് കൊടുക്കാന്‍ പറ്റൂ.

ഗസറ്റഡ് ഓഫീസറുടെ സിഗ്നേച്ചര്‍ വാങ്ങിക്കാ‍ന്‍ പറഞ്ഞ് വിട്ടപ്പോ ബീവറേജസീന്ന് സിഗ്നേച്ചര്‍ വാങ്ങിച്ചവനാണ്, പേറ്റന്റ് ഫയല്‍ ചെയ്യാന്‍ പുതിയ ഐഡിയ ഉണ്ടാക്കാന്‍ പറഞ്ഞപ്പോ ഐഡിയ ഉണ്ടാക്കാനുള്ള സോഫ്റ്റ്വേര്‍ ഉണ്ടാക്കാന്‍ പറഞ്ഞവനാണ്... ആ നമ്മളോടാ കളി.

പിറ്റേ ദിവസം രാവിലെ ആഡ്യന്റെ ഷേപ്പില്‍ പിങ്ക് കളറില്‍ ഒരു ഐക്കണ്‍ സകല ലാബിലെയും ഡെസ്ക് ടോപ്പിലെ മൈ കമ്പ്യൂട്ടര്‍ ഐക്കണ് താഴെ പ്രത്യക്ഷപ്പെട്ടു - “ലൌ കാല്‍കുലേറ്റര്‍“

വന്നവനും പോയവനും ഒക്കെ ചുമ്മാ ഞെക്കി നോക്കി. ചുമ്മാ ഞെക്കി നോക്കിയവനൊക്കെ ആരും കാണാതെ താന്താങ്ങളുടെ സ്വപ്നസുന്ദരിമാരുടെ പേര് ട്രൈ ചെയ്തു. എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

റബറ് വെട്ട് കഴിഞ്ഞ് പാലെടുക്കാന്‍ പോവുന്ന പോലെ ദിവസവും രാത്രിയില്‍ ആ ഹിഡന്‍ ഫയല്‍ ഫ്ലോപ്പി ഡിസ്കില്‍ കോപ്പി ചെയ്ത് ഹോസ്റ്റലില്‍ കൊണ്ട് വരും. പെണ്‍പിള്ളേരുടെ മുഖത്ത് പോലും നോക്കാതെ നടന്നിരുന്ന പല മര്യാദ രാമന്മാരുടെയും ഉള്ളിലിരുപ്പ് ഇതോടെ വെളിച്ചത്തായി. ബാലറ്റ് പെട്ടി തുറന്ന് വോട്ടുണ്ണൂമ്പോ എല്ലാവരും ട്യൂണ്‍ ചെയ്യുന്നത് ഒന്നോ രണ്ടോ സ്റ്റേഷനിലേക്ക് മാത്രം. ഇസ്പേഡ് ഏഴാം കൂലികള്‍ക്കും വേണ്ടത് റാണിമാരെ. വേറെ ചിലര്‍ക്ക് പ്രേമം ഐശ്വര്യ റായിയോട്, ചിലര്‍ക്ക് കമ്പ്യൂട്ടറ് പഠിപ്പിക്കുന്ന ചെറുപ്പക്കാരി ടീച്ചറോട്, ചിലര്‍ക്ക് ലേഡി വാര്‍ഡനോട്...കലികാലം! സാനിയ മിര്‍സയോട് പ്രേമം തോന്നുന്നത് മനസിലാക്കാം പക്ഷെ സെറീന വില്ല്യംസിനോട് അങ്ങിനെ തോന്നിയാല്‍? ഓരോരുത്തന്മാരുടെ സൌന്ദര്യ ബോധം. കഷ്ടം. പെണ്ണ് കിട്ടാത്തവന്‍ ഇങ്ങനെയും ഡെസ്പരേറ്റ് ആവോ? വളരെ പരിമിതമായ മിസ് വേള്‍ഡ് മാര് ഉള്ള ക്യാമ്പസില്‍ ഒരാളെ വളക്കുക എന്ന് പറഞ്ഞാല്‍ അത് അക്വേറിയത്തില്‍ ചൂണ്ട ഇടുന്ന എടപാടായിരിക്കും. സ്വഭാവികമായും ഹോസ്റ്റലില്‍ താമസിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഇങ്ങനെ ഒക്കെ തോന്നിയില്ലെങ്കിലേ പറയാനുള്ളൂ.

പക്ഷെ അതിലും വല്യൊരു ഞെട്ടിക്കുന്ന രഹസ്യം ആ ഫയലില്‍ ഉണ്ടായിരുന്നു. എന്റെ മനസിന്റെ മണിച്ചെപ്പില്‍ ഗോദറേജ് പൂട്ടിട്ട് പൂട്ടിയ ആ ഫീകര രഹസ്യം ഞാന്‍ ഇവിടെ വെളിപ്പെടുത്തട്ടെ. ഇത്രയും വല്യ വെളിപാട് വെളിപാടിന്റെ പുസ്തകത്തില്‍ പോലും ഉണ്ടാവില്ല!

ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിരിക്കുന്നു. ആ പുള്ളിക്കാരു ട്രൈ ചെയ്തത് എന്റെ പേരും. (സത്യമായിട്ടും!!!)

ബ്രാന്‍ഡികുപ്പികകത്ത് തീപ്പെട്ടി കൊള്ളി ഉരച്ചിട്ടത് പോലെ മനസൊന്ന് കാളി. അസാധാരണം, അവിസ്മരണീയം, അവിശ്വസനീയം, ആകസ്മികം, അര്‍മാദത്തിന് ഇതില്‍ കൂടുതല്‍ ഇനിയെന്ത് വേണം? എനിക്ക് അവളെയും ഒരു നോട്ടമുണ്ടായിരുന്നു!

എഞ്ചീനീയറ് എഛിച്ചതും മാനേജറ് കല്പിച്ചതും ഓണ്‍സൈറ്റ്!

“ഈ ബുദ്ധി എന്താ കര്‍ത്താവേ എനിക്ക് നേരത്തെ തോന്നാത്തത്? നീ കലക്കീടാ മോനെ...“ എന്റെ തോളില്‍ തട്ടി ഞാന്‍ എന്നെ ആത്മപ്രശംസിച്ചു. പത്താണുങ്ങള്‍ക്ക് ഒരു പെണ്ണ് എന്ന ആനുപാതകത്തില്‍ ആണ്‍-പെണ്‍ പോപുലേഷന്‍ ഉള്ള ക്യാമ്പസില്‍ എന്നോട് ഇഷ്ടം തോന്നുക എന്ന് പറഞ്ഞാല്‍...എനിക്ക് എന്നോട് തന്നെ അസൂയ തോന്നിയ അപൂര്‍വം നിമിഷങ്ങളിലൊന്ന്

‍നിന്റെ നോട്ടത്തിനും ചിരിക്കും ഇങ്ങനെ ഒരര്‍ഥം കൂടി ഉണ്ടായിരുന്നല്ലേ...യൂ സ്മാര്‍ട്ട് ഗേള്‍? ഞാനായിരുന്നൊ നിന്റെ ഏദം തോട്ടത്തിലെ ആദം? ഞാനായിരുന്നോ നിന്റെ റൊമാന്റിക് സ്വപ്നങ്ങളിലെ റോമിയോ? ഇതുകൊണ്ടായിരുന്നോ ഞാന്‍ ക്യാന്റീനില്‍ ഇരിക്കാറുള്ള സീറ്റിനു ഓപ്പസിറ്റ് ആയിട്ട് നീ സ്ഥിരം സീറ്റ് പിടിക്കുന്നത്? എന്നെ കാണിക്കുവാനായിരുന്നോ നീ അര ഇഞ്ച് കനത്തില്‍ മുഖത്ത് ഡിസ്റ്റമ്പര്‍ അടിച്ച് വരുന്നത്? എന്നെ കാണിക്കാന്‍ വേണ്ടി ആയിരുന്നോ നീ ടൈറ്റ്
വേഷങ്ങള്‍ ഇട്ട് നടന്നിരുന്നത്? അത്രയും ടൈറ്റ് ജീന്‍സും ടീഷര്‍ട്ടും ഒക്കെ ഇട്ട് നടന്നാല്‍ ശരീരത്തില്‍ രക്തയോട്ടം ഉണ്ടാവുമോ? ഇനിയും നീ മനസിലാക്കിയില്ലേ തൊലിവെളുപ്പിലല്ല മനസിലാണ് സൌന്ദര്യമെന്ന്. Beauty is only skin deepmy dear.. നിന്നെ എന്റെ കൈയിലോട്ടൊന്ന് കിട്ടികോട്ടെ എല്ലാം ഞാന്‍ പഠിപ്പിച്ച് തരുന്നുണ്ട്. എന്നോടുള്ള ഇംഗിതം എപ്പോഴെങ്കിലും തുറന്ന് പറഞ്ഞിരുന്നെങ്കില്‍ സ്പോട്ടില് ഞാന്‍ നിന്നെ കെട്ടില്ലായിരുന്നോ? നിനക്കറിയാവോ നീ ആ പാത്
വേയില്‍ കൂടി നടക്കുമ്പോ ഒരൊറ്റ ബോള് പോലും ബാസ്കറ്റിനുള്ളില്‍ പോയിട്ടില്ല. (അല്ലെങ്കില്‍ കുറെ അങ്ങ് ഒണ്ടാക്കിയേനെ എന്ന് പറയരുത്)

നമ്മുടെ ആദ്യ രാത്രിയില്‍ പാലിന് പകരം മോരും വെള്ളം ആക്കിയാലോ? അതാവുമ്പോ കെട്ടിറങ്ങാനും നല്ലതാ. എല്ലാം നിന്റെ ഇഷ്ടം പോലെ. ഇനി മുതല്‍ നിന്റെ ഇഷ്ടങ്ങളാണ് എന്റെ ഇഷ്ടം, വേണ്ടാതീനം ഒന്നും ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ കുട്ടിയേട്ടന്‍. അത് നീ മനസിലാക്കണം.

അങ്ങിനെ അങ്ങിനെ ഒരുപാട് ഒരുപാട് സുന്ദരമായ ചോദ്യങ്ങളും ചിന്തകളും ഔട്ടര്‍ റിങ്ങ് റോഡിലൂടെ കേസാര്‍ട്ടീസീ വോള്‍വോ വന്ന് പോണ പോലെ എന്റെ മനസില്‍ വന്ന് പോയിക്കൊണ്ടിരുന്നു.

കഞ്ഞിക്കലത്തിനടിയിലെ കരി പോലെ ഒരിക്കലും മായ്ച്ച് കളയാനാവാത്തവിധം നിന്റെ മുഖം എന്റെ ഹ്രുദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഇനി നീയില്ലാത്ത ജീവിതം എനിക്ക് എയര്‍ ഇല്ലാത്ത ടയറ് പോലെയാണ്. ഇന്ന് മുതല്‍ എന്റെ ജീവിതത്തിലെ മഹിളാ രത്നവും ഗ്രഹലക്ഷ്മിയും വനിതയും ഫെമിനയുമൊക്കെ നീ മാത്രമാണ്.

ഈ പ്രേമം വളര്‍ന്ന് വലിയൊരു വ്രുക്ഷമാവും. അതില്‍ പൂക്കള്‍ വിരിയുകയും കിളികള്‍ ചേക്കേറുകയും ചെയ്യും. അപ്പോള്‍ അതിലൊരു ആണ്‍കിളി പെണ്‍കിളിയോട് ചോദിക്കും “എന്റെ സാമ്രാജ്യത്തിലെ രാഞ്ജിയായി ഭവതിയെ ഞാന്‍ വാഴിക്കട്ടെ“ എന്ന്

“ആരടെ വാഴവിത്തിന്റെ കാര്യമാടാ നീയി പറയുന്നേ?“ മറുപടി പറഞ്ഞത് എന്റെ സൈഡിലിരുന്നവനാണ്. ഞാന്‍ ഞെട്ടിയെഴുന്നേറ്റു. “ക്ലാസിലിരുന്ന് ഉറങ്ങുന്നതും പോരാഞ്ഞ് പിച്ചും പേയും പറയുന്നോ?“ അവന്‍ കൂട്ടി ചേര്‍ത്തു.

“ക്ലൈമാക്സ് നശിപ്പിച്ചല്ലോടാ നാറീ...“വലത്തെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഈത്ത തുടച്ച് മാറ്റിക്കൊണ്ട് ഞാനവനോട് പ്രതികരിച്ചു. തീയറ്ററിലാണെങ്കില്‍ പടത്തിന്റെ ക്ലൈമാക്സില്‍ കറന്റ് പോയാല്‍ കൂവാം, വീട്ടിലാണെങ്കില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനെ തെറി വിളിക്കാം. പക്ഷെ സ്വപ്നത്തിന്റെ ക്ലൈമാക്സ് മിസ്സ് ആയാല്‍ ആരോട് പറയാന്‍?

വെളുപ്പാങ്കാലത്ത് കണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമായിരിക്കും. പക്ഷെ ക്ലാസ് റൂമില്‍ ഇരുന്ന് കാണുന്നത് ഫലിക്കുമെന്ന് പ്രതീക്ഷിക്കരുത്. “വിടരാതെ വാടിക്കരിഞ്ഞ പ്രതീക്ഷകളുടെ അസ്ഥിമാടങ്ങള്‍ ഓരോ ഹ്രുദയത്തിലും കാണാം“ എന്ന് എം.ടി.വാസുദേവന്‍ നായര്‍ സാറ് പറഞ്ഞത് എത്ര സത്യം.

ഇനി റിയാലിറ്റി:
ഇതില്‍ ലൌ കാല്‍കുലേറ്ററും ബാക്ക് അപ് ഫയലും ഒക്കെ നടന്ന സംഭവങ്ങളാണ്. അത് എന്റെ ഐഡിയ ആയിരുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ഒരു പ്രോഗ്രാമെഴുതാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു.(എന്ന് കരുതി ഇന്ന് അങ്ങിനെ ഒന്നെഴുതാന്‍ പറ്റുമെന്ന് തെറ്റിദ്ധരിക്കരുത്) ഇതിന് പിന്നിലെ പ്രോഗ്രാമര്‍ എന്റെ അടുത്ത സുഹ്രുത്തായിരുന്നത് കൊണ്ട് ആ ഡാറ്റാബേസിലേക്ക് എനിക്കും ആക്സസ്സ് ഉണ്ടായിരുന്നു. എന്തിറച്ചിയാണെങ്കിലും ഉപ്പും മുളകും ഒന്നുമില്ലാതെ പച്ചക്ക് തിന്നാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് മസാല എന്റെ കൈയീന്ന് ഇട്ടു എന്ന് മാത്രം. കഥയ്ക്ക് ഒരേസമയം ചരിത്രത്തോടും (സത്യം) ക്രിയേറ്റിവിറ്റിയോടും നീതി പുലര്‍ത്താന്‍ ബുദ്ധിമുട്ടാണ്.(കട്: സുനീഷ് തോമസ്) പിന്നെ ഇങ്ങനെയൊക്കെ സ്വപ്നം കാണാന്‍ ആരോടും അനുവാദം ചോദിക്കണ്ടല്ലോ. കാശ് മുടക്കും ഇല്ല.

(തുടരും)

Thursday, July 23, 2009

എന്നീസി ചരിതം 5 (കൊച്ച് പുസ്തകവും കമ്പി ഫിഫ്റ്റീനും)

[മുന്‍ ചരിതങ്ങള്‍]

അന്നൊരു ബുധനാഴ്ചയായിരുന്നു. ക്യാന്റീനില്‍ മസാലദോശ കിട്ടുന്ന ദിവസം.

“ടാ ഫക്കര്‍...” മസാലദോശയും മനസില്‍ ധ്യാനിച്ച് ബ്രേക് ഫാസ്റ്റിന് പോവാന്‍ തുടങ്ങുമ്പോ ഒരു കാട്ട് മാക്കാന്‍ പുറകീന്ന് വിളിക്കുന്നു.

“നിന്റെ കാര്‍‌ന്നോരെ പോയി വിളിയെടാ ഡാഷ് മോനെ ഫക്കറെന്ന്....“ എന്ന് തിരിച്ച് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ, ജൂനിയറായി പോയില്ലേ, സഹിച്ചല്ലേ പറ്റൂ. നാശങ്ങള് രാവിലെ തന്നെ തുടങ്ങി.

“.....എ‍ന്തോ”

“കം ഹിയറെടാ“ ഞാന്‍ പതുക്കെ അവന്റെ അടുത്തേക്ക്....

“നീ മറ്റേ ബുക്ക് കണ്ടിട്ടുണ്ടോടാ?”

“മറ്റേ ബുക്കോ? മറ്റേ ഏത് ബുക്ക്? ഓ...ഓഹ്....അത്....രാവിലെ വെറും വയറ്റില്‍ കൊതിപ്പിക്കല്ലേ ചേട്ടായി“

“ഇല്ല”

ഇനി ഇവന്മാരുടെ കൈയില്‍ ഞാന്‍ കാണാത്ത ഐറ്റം വല്ലതുമുണ്ടെങ്കില്‍ അത് കാണിച്ച് തരാനാണെങ്കിലോ? ഏയ് ആയിരിക്കില്ല. വേണ്ട റിസ്ക് എടുക്കണ്ട. അല്ലെങ്കില്‍ തന്നെ പണിഷ്മെന്റ് തരാന്‍ എന്തെങ്കിലും കാരണം അന്വേഷിച്ച് നടക്കുവാണ്. അതിനിടയില്‍ വെറുതെ എന്തിനാ തല വച്ച് കൊടുക്കുന്നത്.

“സത്യം പറയെടാ അല്ലെങ്കില്‍ ഐ വില്‍ ഫക്ക് യുവര്‍ ഹാപ്പിനെസ്സ്”

“എന്തോന്ന്? സോറി ചേട്ടായി നിങ്ങള്‍ക്ക് ആള് മാറി പോയി, ഞാന്‍ ആ ടൈപ്പല്ല!” അന്ന് 377 പ്രാബല്യത്തില്‍ വന്നിട്ടില്ല. എന്നിട്ടും ഇവന്‍ ഇങ്ങനെ പബ്ലിക്കായി.... ച്ചേ...വ്രുത്തികെട്ടവന്‍....അന്ന് ഞാനറിഞ്ഞിരുന്നില്ല മലയാളികള്‍ക്ക് മ**ര് പോലെയാണ് സായിപ്പന്മാര്‍ക്ക് ഫ**ന്ന്. ഒരേ സമയം നൌണായും‍, വെര്‍‌ബായും, പ്രൊനൌണായും, അഡ്ജെക്റ്റീവായും ഒക്കെ ഉപയോഗിക്കാവുന്ന ഇങ്ക്ലീഷിലെ ഏക ഐറ്റം. ചില രൈമന്മാര് വാ തുറന്ന് എന്ത് പറഞ്ഞാലും അതിലൊരു കഫ്ഫുണ്ടായിരിക്കും!!!
അത് പോട്ടെ, അല്ല ഇവന്മാരെന്തിനാ രാവിലെ എന്റെ മെക്കിട്ട് കേറുന്നേ? എനിക്കൊന്നും മനസിലായില്ല.

“മൈ ബോള്‍സ് ടു യൂടാ, A8 ഇല്‍ ഉള്ള ബുക്ക് നീ കണ്ടിട്ടേയില്ല?”

“അയ്യേ ആ വ്രുത്തികെട്ട സാധനം എനിക്കെന്തിനാ? നിനക്കാവശ്യമില്ലെങ്കില്‍ ചെത്തി കണ്ടിച്ച് കളയെടേയ്...”

അല്ലിപ്പോ A8 ഇല്‍ ഉള്ള ബുക്കിന് എന്താ ഇത്ര പ്രെത്യേകത? അപ്പൊ ബുക്കിന് എന്തൊ പന്തികേടുണ്ട്. അല്ലെങ്കി ഇത്ര റെയിസ് ആവണ്ട കാര്യമില്ല. സത്യമായിട്ടും അങ്ങിനൊരു സംഭവമേ ഞാനറിഞിട്ടില്ല എന്നൊരെക്സ്പ്രെഷന്‍ ഇട്ടു. സത്യമായിട്ടും എനിക്കീ വിഷയത്തില്‍ പങ്കില്ല. എന്റെ ഇടത് കൈക്കു സ്വാധീനമില്ലായിരുന്നു. (കിങ്ങ്‌ഫിഷര്‍, ചെന്നൈ, മന്ത്രി, എന്റെ ഗര്‍ഭം ഇങ്ങനെയല്ല എന്നൊക്കെ പറയുന്നത് പോലെ)

തൊട്ടപ്രത്ത് A9 ഇല്‍ താമസിക്കുന്ന ഞാന്‍ അടുത്ത റൂമില്‍ ഇങ്ങനൊരു അനാശ്വാസ്യ പ്രവ്രുത്തി നടന്നിട്ട് ഞാനറിഞില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ സീനിയറദ്ധേഹത്തിന് വിഷമം. എന്റെ എക്സെപ്രെഷനില്‍ പുള്ളി വീണു. ബട്ട്... മത്തീടെ മണം കിട്ടിയാല്‍ പൂച്ച വിടുവോ?

പ്രായപൂര്‍ത്തി ആവാത്ത മധ്യവയസ്കയായ ഒരു കൊച്ചുപുസ്തകത്തെ ഒളിവില്‍ താമസിപ്പിച്ച് ഫസ്റ്റിയേഴ്സ് പീഡിപ്പിച്ച കഥ. എന്നെ കൊസ്റ്റ്യന്‍ ചെയ്തതിന്റെ തലേദിവസം അവിടെ നടന്ന സംഭവങ്ങളുടെ ഫ്ലാഷ് ബാക്കിലേക്ക്...

--X--

9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നീസി ക്യാമ്പസിലെ ഒരു രാത്രി. സര്‍വ്വം നിശബ്ദം. ശാന്തം. വല്ലപ്പോഴും ഹൊസൂര്‍ റോഡിലൂടെ പാഞ്ഞ് പോകുന്ന പാണ്ടിലോറികളുടെ ഇരമ്പല്‍ മാത്രം.

വോള്‍ട്ടേജ് കുറഞ്ഞ നിലാവില്‍, പിങ്കാരാ ബാറിന്റെ ഏസീ റൂമിലെ 40 വാട്ടിന്റെ ബള്‍ബിന്റെ വെളിച്ചത്തില്‍ എന്നിസി ക്യാമ്പസ്.

ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന്റെ മൂലക്കുള്ള ഹാലൊജന്‍ ലാമ്പിന്റെ കീഴില്‍ ഒരു സെക്യൂരിറ്റി ഗേള്‍സ് ഹോസ്റ്റലിലെ വെളിച്ചമുള്ള മുറിയുടെ ജനലിലേക്ക് കണ്ണും നട്ടിരിക്കുന്നു. (വല്ലതും തടഞ്ഞാലോ?) ക്യാന്റീനിലെ ശെല്‍‌വന്‍ സാമ്പാര്‍ വിളമ്പുന്ന ബക്കറ്റുമായി കുളിക്കാനായി നീങ്ങുന്നു, ‍കമ്പ്യൂട്ടര്‍ ലാബിന്റെ ടെറസില്‍ ഒരു കുരങ്ങച്ചനും കുരങ്ങത്തിയും കൂടെ കെട്ട്യോനും കെട്ട്യോളും കളിക്കുന്നു! ഗേള്‍‌സ് ഹോസ്റ്റലിനുള്ളില്‍ ഒരു പെങ്കൊച്ച് മാതമാറ്റിക്സ് ബുക്കിനകത്ത് വച്ച് മനോരമ ആഴ്ചപതിപ്പ് വായിക്കുന്നു, ബോയ്സ് ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ കൂടി ഒരു ജൂനിയര്‍ കാക്കി നിക്കറിനകതേക്ക് തള്ളികയറ്റിയ ബനിയനുമിട്ട് കൈയില്‍ ഏതോ സീനിയറിനുള്ള പാലും പഴവുമായി നീങ്ങുന്നു. പെട്ടന്ന് വെളിച്ചം കുറഞ്ഞ ഒരു മൂലക്കെത്തിയപ്പോള്‍ വട്ടം തിരിഞ്ഞ് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി രണ്ട് കവിള്‍ പാല് കുടിച്ച് അതില്‍ തുപ്പീട്ട് ടോയ്ലെറ്റ് ക്ലീനാക്കുന്ന ചൂലിന്റെ ഈര്‍ക്കിള്‍ എടുത്ത് നല്ലത് പോലെ മിക്സ് ചെയ്തു.

“ഇവന്റെയൊന്നും തറവാട്ടീന്ന് അല്ലല്ലോ എനിക്ക് ചിലവിന് തരുന്നത്? അങ്ങിനെ സുഖിക്കണ്ട”

ഡിന്നര്‍ അടിച്ച് ഓഡിറ്റോറിയത്തിന്റെ വരാന്തയില്‍ ചെറുതായൊന്ന് മയങ്ങുകയായിരുന്ന ഒരു പട്ടി എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് ഫുട്ബോള്‍ ഗ്രൌണ്ടിലേക്ക് കുരച്ച്കൊണ്ടോടി. ദുശ്ശകുനം!

ചീവീടിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഒരൊച്ചയോടെ A8 ഇന്റെ മഞ്ഞ പെയിന്റടിച്ച വാതില്‍ തള്ളി തുറന്ന്‍ ജൂനിയര്‍ പാലും പഴവും സീനിയറിന് കോടുക്കുന്നു. അവന്‍ അത് രുചിയോടെ കഴിക്കുന്നു. എല്ലാം ഡെയിലി സംഭവിക്കാറുള്ളത് തന്നെ. പതിവിന് വിപരീതമായിട്ട് ഒന്നും അവിടെ സംഭവിക്കുന്നില്ല.

മണിയെട്ടായാല്‍ ക്യാമ്പസിലെ സകല കോഴികളും കൂട്ടില്‍ കയറും. 8 മുതല്‍ 10 വരെ സ്റ്റഡിയവറാണ്. ആ സമയത്ത് വാര്‍ഡന്റെ സമ്മതമില്ലാതെ അവിടെ ഒരു പട്ടി പോലും കുരക്കില്ല. സ്റ്റഡിയവര്‍ അക്ഷരാര്‍ഥത്തില്‍ സ്റ്റഡിയവര്‍ തന്നെയാണ്. പക്ഷെ പഠിക്കുന്ന വിഷയം ഫെമിനയിലും ഫിലിം ഫെയറിലും ഒക്കെ ഉള്ള മനസാസ്ത്രഞ്ഞനോട് ചോദിക്കേണ്ട ബയോളജിക്കലായ വിഷയങ്ങളും ക്രൈം ഫയലിലും മുത്തുച്ചിപ്പിയിലുമുള്ള ടിപ്സ് പിന്നെ ലേറ്റസ്റ്റ് റിലീസ് ആയ പടത്തിന്റെ കഥയും അവലോകനങ്ങളും. സിലബസിലുള്ളത് പഠിക്കാന്‍ സെമസ്റ്റര്‍ എക്സാമിന്റെ തലേ ദിവസം
ഉണ്ടല്ലോ?

ഇതൊക്കെ പഠിച്ച് ബോറടിക്കുമ്പോ ചില സീനിയര്‍ ചേട്ടായിമാര്‍ അപ്പൊഴത്തെ മനോധര്‍മം അനുസരിച്ച് ജൂനിയര്‍ പയ്യന്മാരെക്കൊണ്ട് ചെറിയ തമാ‍ശകള്‍ ചെയ്യിക്കും. ഇന്നത്തെ സ്പെഷ്യല്‍ - ആഗ്യപാട്ട്.

ആലേലൊ പൂലേലൊ ആലേ പൂലേലോ
അയ്യോ, ആലേലൊ പൂലേലൊ ആലേ പൂലേലോ

പാട്ടുപഠിക്കണെങ്കിൽ കൊട്ടും തലയ്ക്ക്‌ പോണം
പാട്ടുംപഠിപ്പിച്ചരാം ആട്ടോം നടത്തി തരാം
പോണപോക്കിന്‌ മോന്തക്കിട്ടൊരു ചകിട്ടും തരാം


ആന കറുത്തിട്ടാണേ കള്ള്‌ വെളുത്തിട്ടാണേ
എള്ളോളം ഉള്ളിൽ ചെന്നാൽ ആനേം വഴിതെറ്റും

ആലേലൊ പൂലേലൊ ആലേ പൂലേലോ

എന്റമ്മച്ചീ, ആലേലൊ പൂലേലൊ ആലേ പൂലേലോ

പയ്യന്‍ പാട്ട് തകര്‍ക്കുകയാണ്. ഇത് കണ്ടിരുന്ന് ഹരം പിടിച്ച സീനിയര്‍ തന്റെ ഇരിപ്പിന്റെ പൊസിഷന്‍ ഒന്ന് ശരിയാക്കാന്‍ വേണ്ടി ബഹുനില കട്ടിലിന്റെ രണ്ടാം നിലയിലേക്ക് (ബര്‍ത്ത്) കയറി. മുകളിലേക്ക് ചാടി കയറുന്നതിനിടക്ക് അറിയാതെ ബെഡ്ഡിനടിയിലേക്ക് പോയ സീനിയറിന്റെ കയില്‍ എന്തൊ തടഞ്ഞു. തടഞ്ഞ സാധനം വലിച്ചെടുത്ത സീനിയര്‍ ഞെട്ടി. അല്ല സന്തോഷിച്ചു. മൂത്രമൊഴിക്കാന്‍ മുട്ടി നടന്ന പട്ടി മൈല്‍ കുറ്റി കണ്ട പോലെ സന്തോഷിച്ചു(!)

കൈയില്‍ തടഞ്ഞ സാധനം “വല്ല്യ“ ഒരു കൊച്ച് പുസ്തകം. അതും രാഷ്ട്രദീപിക സിനമയുടെ ലാസ്റ്റ് പേജിലും നാനയുടെ സെന്റര്‍ പേജിലും കാണുന്ന പോലെ ഉള്ള ഐറ്റമല്ല. ഒന്നാന്തരം “എ“ ക്ലാസ് ഇങ്ക്ലീഷ് സാധനം! കരക്ക് പിടിച്ചിട്ട മീനിനേപോലെ പിടയ്ക്കുന്ന മനസും വിറയ്ക്കുന്ന കൈകളും ജ്വലിക്കുന്ന വികാരങ്ങളുമായി താമസിക്കുന്ന 45 ആമ്പിള്ളേര്‍ക്ക് ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ വേണ്ടിയുള്ള ഏക പൊതുമുതലായിരുന്നു അത്. മറ്റേ കാര്യത്തില്‍ താല്പര്യം കൂടുതല്‍
ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്പാദനം കൂടുതലുള്ള മൂന്ന് ആത്മാക്കള്‍ നൂറ്റമ്പത് രൂപക്ക് മജെസ്റ്റിക്കില്‍ നിന്നും വാങ്ങിച്ചതാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒന്നും അത്ര പോപുലര്‍ അല്ലാതിരുന്ന ആ കാലത്ത് ഈ ഒരു ബുക്ക് മാത്രമായിരുന്നു ഏക ആശ്രയം.

ഇത് കണ്ട് നിന്ന ആ ബെഡ്ഡിന്റെ ഓണര്‍ ജൂനിയര്‍ പയ്യന്റെ അടിവയറ്റിലൊരു ഇടിമിന്നലുണ്ടായി! കണ്ണില്‍ ഇരുട്ട് കയറുന്നു, തൊണ്ട വരളുന്നു. എന്താ ചെയ്യേണ്ടതെന്ന് തിരിയുന്നില്ല. തൊണ്ടി സഹിതം പിടികൂടിയിരിക്കുന്നു. അടിയറവല്ലാതെ വേറെ രക്ഷയില്ല. അത്രേം നേരം തമാശയും പറഞ്ഞ് ജോളിയടിച്ചിരുന്ന സീനിയര്‍ പെട്ടന്ന് ഗംഗ നാഗവല്ലി ആകുന്നത് പോലെ രൂപാന്തരം പ്രാപിച്ചു.

ഉച്ചിഷ്ടം കണ്ട ഈച്ചകളേപോലെ ബാക്കി സീനിയേഴ്സും ഇതിന്റെ പുറകേ തൂങ്ങി. ഒരുത്തന്‍ അത് പൊക്കി കൊണ്ട് പോയി അവരുടെ ഷെയേര്‍‌ഡ് കളക്ഷന്റെ സ്റ്റോക്ക് കൂട്ടി. വികലമായ ലൈംഗിക സങ്കല്പങ്ങള്‍ മനസില്‍ നിറക്കുന്ന ജൂനിയേഴ്സിന്റെ ഇത്തരം പ്രവ്രുത്തികള്‍ക്കെതിരെ കുറച്ചെങ്കിലും സദാചാരബോധം കാത്ത് സൂക്ഷിക്കുന്ന സീനിയേഴ്സിന് കണ്ണടക്കാന്‍ പറ്റുവോ? പിന്നെ അവിടെ ഒരു ഡിറ്റെയില്‍ഡ് അന്വേഷണത്തിന് തന്നെ ഉത്തരവിട്ടു. വിശദമായ ചോദ്യം ചെയ്യലിലും
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും ദ്ര്യക്സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലും DNA ടെസ്റ്റിന്റെ അടിസ്ഥാനത്തിലും (ഷെര്‍ലക് ഹൊംസിന് സിഗരറ്റിന്റെ ചാരം വരെ തെളിവല്ലേ?) കേസിലെ മൂന്ന് മുഖ്യ പ്രതികളടക്കം മൊത്തം പതിനഞ്ച് പ്രതികള്‍ അറസ്റ്റിലായി. അവരാണ് പില്‍കാലത്ത് കമ്പി ഫിഫ്റ്റീന്‍(of NEC) എന്ന പേരിലറിയപ്പെട്ടത്.

ഒന്നാമതേ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണീം എന്ന് പറഞ്ഞപോലാരുന്നു അവരുടെ അവസ്ഥ. നിലവിലുള്ള പണിഷ്മെന്റുകള്‍ ചെയ്തു തീര്‍ക്കാന്‍ ജൂനിയേഴ്സിന് ടൈമില്ല പോരാത്തതിന് എന്ത് കാരണം പറഞ്ഞ് പുതിയ പണിഷ്മെന്റ് കൊടുക്കും എന്നാലോചിച്ച് നടക്കുന്ന സീനിയേഴ്സും.

കിട്ടിയ അവസരം സീനിയര്‍ ചേട്ടായിമാര്‍ വേണ്ടത് പോലെ തന്നെ കൈകാര്യം ചെയ്തു. എന്ത് പണിഷ്മെന്റില്‍ തുടങ്ങണം എന്ന് അധികനേരം അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല. ഒരു വെടുങ്കന്‍ സീനിയറിന്റെ തലയില്‍ ഒരൈഡിയ ഉദിച്ചു. അപ്പോ തന്നെ ഓര്‍ഡറും ഇട്ടു.

“വടിച്ചിട്ട് വരണം, ക്ലീന്‍ ഷേവ്“

കേട്ട പലരുടേയും ചങ്ക് തകര്‍ന്ന് പോയി. പലരും കാലങ്ങളായി ആറ്റ് നോറ്റ് വളര്‍ത്തിയെടുത്ത ആണത്വത്തിലാണ് കത്തി വയ്ചിരിക്കുന്നത്.

“പൂടസ്യ പുരുഷ ലക്ഷണം” എന്നാണല്ലോ കവിവാക്യം!

വളരെ കാലത്തെ സമ്പാദ്യമായിരുന്ന പല തരത്തിലുള്ള മീശകള്‍, 1 cm കനത്തിലുള്ളത്, വട്ടമെത്തിയത്, പഴുതാര മീശ, ഫ്രെഞ്ച് മീശ, തിക്ക് അന്റ്റ് തിന്‍, സ്ട്രയിറ്റ് ആന്റ് റൌണ്ട് അങ്ങിനെ പതിനഞ്ച് മീശകള്‍ പിറ്റേന്ന് രാവിലെ അപ്രത്യക്ഷമായി! കട്ടി മീശയുമായി വിലസിയിരുന്നവരുടെ മുഖം വടിച്ച് വെറും പന്നി തൊലി പോലെയായി. ദീപസ്തഭം മഹാശ്ചര്യം സ്റ്റൈല്‍. മീശ പോയതോടെ പല പകല്‍ മാന്യന്‍മാരുടേം ഇമേജ് പഞ്ഞി പോലെ കത്തി. ഗതികെട്ടവന്‍ തല മൊട്ടയടിച്ചപ്പോ പെയ്യുന്നത് കല്ല് മഴ!

പിന്നിടുള്ള ദിവസങ്ങളില്‍ ഇവര്‍ ഉണ്ടയില്ലാത്ത തോക്കുമായി വെടി തീര്‍ന്ന ദിനേശന്മാരെ പോലെ
ഇതികര്‍‌ത്യവ്യഥ്യാമൂഡന്‍‌മാരായി (ഒന്നിനും ഒരു മൂഡ് ഇല്ലാത്തവരെപ്പോലെ) കാണപ്പെട്ടു. അത് പിന്നെ 10 ലിറ്റര്‍ പാല് കറന്നോണ്ടിരുന്ന പശു ഒരു ദിവസം പെട്ടന്നങ്ങ് ചത്ത് പോയാല്‍ ആരെങ്കിലും സഹിക്കുവോ?

അന്ന് മീശ പോയ ഒരുത്തനെ നോക്കി ഒരു സീനിയര്‍ ചേച്ചി അര്‍ഥം വെച്ചുള്ള നോട്ടവും ആക്കിയ ഒരു ചിരിയും ചിരിക്കുന്നത് കണ്ട് എനിക്ക് തന്നെ ഒരു വല്ലയ്മ തോന്നിപോയി. അത് കഴിഞ്ഞിട്ട് അവനോട് ഒരു ചോദ്യവും. “നീയും അക്കുട്ടത്തില്‍ ഉണ്ടായിരുന്നല്ലേന്ന്?” “ശ്ശോ കഷ്ടം!“

ഇതെല്ലാം സംഭവിച്ചതിന്റെ പിറ്റേന്നാണ് ഞാന്‍ ഇതൊക്കെ ആറിയുന്നത്. ഈ വാര്‍ത്തയെങ്ങാനും ഗേള്‍സ് ഹോസ്റ്റലില്‍ എത്തിയാല്‍? ഈ വ്രുത്തികെട്ടവന്മാരുടെ കൂടെ ഞാനുമുണ്ടെന്നവരാരെങ്കിലും അറിഞ്ഞാല്‍? എന്റെ ഇമേജ്, ഞാനുണ്ടാക്കിയെടുത്ത ഇമ്പ്രഷന്‍... “ഓ മൈ ഗോഡ്...” അതുകൊണ്ട് അവന്‍‌മാരെപോലുള്ള മ്ലേച്ചന്മാരുമായി ഒരു നിശ്ചിത ദൂരം പാലിച്ചു. അവരുടെ കൂടെ നിന്നും വഴി മാറി നടന്നു. വ്രുത്തികെട്ട ആഭാസന്മാര്!

എപിലോഗ്: ആ ബുക്ക് പൊക്കുന്നതിന്റെ തലേ ദിവസം കൂടെ ആ ബുക്കിലെ പോര്‍ഷന്‍സ് ഒക്കെ റിവിഷന്‍ ചെയ്ത് അവനോട് ഞാന്‍ പറഞ്ഞതാ ബുക്കിന്റെ ലൊക്കേഷന്‍ സേഫ് അല്ല, എനിക്ക് താ ഞാന്‍ വെച്ചോളാന്ന്. എവടെ അവന്‍ കേട്ടില്ല. പടം ഞാന്‍ കാണും പക്ഷെ പിടി കൊടുക്കില്ല. അതിലെ ചില ഐറ്റംസ് ഇപ്പൊഴും തലച്ചോറിന്റെ ഫോര്‍മാറ്റ് ആവാത്ത സെക്റ്ററില്‍ കിടപ്പുണ്ട്. ആഹ്... എന്തായാലും മീശയും മാനവും പോയില്ലല്ലോ, അത്രയും ഭാഗ്യം.

(കറിയൊന്നും ആയിട്ടില്ല, കടുക് പൊട്ടിക്കുന്നതേയുള്ളൂ)

Saturday, November 15, 2008

എന്നീസി ചരിതം 4 (റെസ്റ്റ് ഓഫ് റോപ്പിന്‍)

ചരിതം ഇതു വരെ.(ഇതൊരു തുടര്‍ക്കഥ അല്ല. പക്ഷെ പറയുമ്പൊ എല്ലാം പറയണവല്ലോ)

ഔദ്യോഗികമായി എന്നീസി ഒരു എഞ്ചീനീയറിങ്ങ് കോളേജ് അല്ലെങ്കിലും എഞ്ചീനീയറിങ്ങ് കഴിഞ്ഞിറങ്ങുന്ന ഒരുത്തനോട് കട്ടക്ക് നില്‍‌കാനുള്ള കപാസിറ്റി ഓരോ എന്നീസി പ്രൊഡക്ടിനും ഉണ്ട്. (ഇല്ലേ?) കോഴ്സിലെ വ്യതസ്തത തന്നെ ആയിരുന്നു അതിന് കാരണം. "Theory and practice is the essense of good Engineering" എന്നതായിരുന്നു കോഴ്സിന്റെ ഒരു ലൈന്‍. പ്രാധാന്യം കൂടുതല്‍ പ്രാക്‌ടിക്കലിന്. 40:60 ratio.

കോഴ്സ് തുടങ്ങുന്നത് റോപ്പിന്‍ എന്നൊരു കലാ പരിപാടിയോട് കൂടി. തപാല്‍ വഴി നീന്താന്‍ പഠിപ്പിക്കുന്നതുപോലെ ഒരു റാപിഡ് ഇന്‍‌ഡക്ഷന്‍ ട്രേയിനിങ്ങ്. രാവിലെ അഞ്ച് മണി മുതല്‍ രാത്രി പത്ത് പത്തര വരെ നിന്ന് തിരിയാന്‍ സമയമുണ്ടാവില്ല. എണീറ്റാ ഉടനെ ഓട്ടം, കായിക അഭ്യാസങ്ങള്‍, യോഗ, ക്യാമല്‍ വാക്ക്, മെമ്മറി ടെസ്റ്റ്, കോലെ കുത്തി ചാട്ടം വരെയുള്ള തരികിട പരിപാടികള്‍ കൂടാതെ പകല്‍ സമയത്ത് പല വിഷയത്തിലുമുള്ള ട്രയിനിങ്ങും.

നാട്ടിലെ കൊഴ പറിഞ്ഞ ടീമുകള്‍ മുതല്‍ പത്ത് കഴിഞ്ഞ് സെമിനാരിയില്‍ പോണം എന്ന് വിചാരിച്ചിരുന്ന ആത്മാക്കള്‍ വരെയുണ്ടാവും ഒരു ബാച്ചില്‍. കച്ചറകള്‍, ഡീസന്റ് പയ്യന്മാര്‍ (ഞാന്‍?‍), പഠിപ്പിസ്റ്റുകള്‍(സമയാസമയത്ത് അസൈന്മെന്റും റെക്കോര്‍ഡും സബ്‌മിറ്റ് ചെയ്യുന്നവര്‍), ആഭാസന്മാര്‍‍(ചുരിദാറിട്ട എന്തിനേം “ചരക്ക്“ അഥവാ “പീസ്“ എന്നഭിസംബോധന ചെയ്യുന്നവര്‍), ഒരലമ്പിനും നിക്കാത്തവര്‍, ടെന്‍ഡുല്‍ക്കര്‍മാര്‍, മറഡോണകള്‍, ഞരമ്പുകള്‍(പെമ്പിള്ളേരുടെ പുറകേ ഒലിപ്പിച്ച് നടക്കുന്നവര്‍‍)‍, എച്ചികള്‍ (വല്ലോന്റേം പേസ്റ്റും സ്പ്രേയും മാത്രം ഉപയോഗിച്ച് ജീവിക്കുന്നവര്‍)‍, ഇതിലൊന്നും താല്പര്യമില്ലാതെ തീറ്റയിലും ഉറക്കത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവര്(കഷ്ടപ്പെടാന്‍ വയ്യ, മടിയാണവര്‍ക്ക്)‍, വീട്ടില് സ്വന്തമായി കാറുള്ളവര്, കുടുമ്പത്തിന്റെ ആധാരം പണയം വച്ച് ഫീസ് അടക്കുന്നവര്, ബുദ്ധിജീവികള്‍ (തലക്കകത്ത് തെറ്റില്ലാത്ത ആള്‍പാര്‍പ്പുള്ളവര്‍)‍, അസൂയ/കുശുമ്പ്/കുന്നായ്മക്കാര്‍, നാച്ചുറല്‍ ബ്യൂട്ടികള്‍‍, ഫെയര്‍ ആന്റ് ലവ്ലി വച്ച് അഡ്ജസ്റ്റ് ചെയ്യുന്നവര്‍. അങ്ങിനെ അങ്ങിനെ ഒരു തലമുറയിലെ എല്ലാ സ്പെസിമെന്‍സിന്റെയും ഓരോ സാമ്പിള് വെച്ചുള്ള ഒരു മിശ്രിതം, കടലിലെ കണ്ടന്റ്സ് പോലെ, ചേച്ചി മെസ്സിലെ സാമ്പാറ് പോലെ-എന്റെ ബാച്ച്.

ഇങ്ങനെ പല തരത്തിലും ഗുണത്തിലുമുള്ള തല തെറിച്ച ആമ്പിള്ളേരെ മെരുക്കിയും, നാണം കുണുങ്ങി പെമ്പിള്ളേരെ സ്മാര്‍ട്ടാക്കിയും പതിനഞ്ചാമത്തെ ദിവസം കാര്‍ന്നോമ്മാരുടെ മുമ്പില്‍ ഇത് സ്വന്തം മക്കള് തന്നെയോ എന്നോര്‍ത്ത് മൂക്കത്ത് വിരല് വെച്ച് പോകുന്ന അമ്പരിപ്പിക്കുന്ന അരങ്ങേറ്റം സ്റ്റേജില്‍ കാഴ്ച് വെക്കുന്നതോടെ റോപ്പിന്‍ ശുഭം. ഇനിയങ്ങോട്ടാണ് ശരിയായ എന്നീസിയന്‍ ലൈഫ്.

ജൂനിയേഴ്സിനു മാത്രമായി ക്യാമ്പസില്‍ നിലനിന്നിരുന്ന എഴുതപ്പെടാത്ത നിയമങ്ങളിലേക്കും അവ ലംഘിച്ചാലുണ്ടാകവുന്ന വളരെ മ്രുഗീയവും പൈശാചികവുമായ (കട്: എ കെ ആന്റണി) ശിക്ഷാരീതികളിലേക്കും ഒരെത്തിനോട്ടം...

1. ക്യാമ്പസിലെ സകല ചപ്പിനേം ചവറിനേം മണ്ടനേം മരമാക്രീനേം സാര്‍ അഥവാ മാഡം എന്ന് ചേര്‍ത്ത് വിളിക്കണം (ഗതികേട്!!!)

2. മാത്രുഭാഷ മറന്നേക്കുക. ചിന്തിക്കുന്നതും സംസാരിക്കുന്നതും സ്വപ്നം കാണുന്നതും എന്തിന് കൂര്‍ക്കം വലിക്കുന്നത് പോലും എങ്ക്ലീഷിലായിരിക്കണം.

3.ജൂനിയേഴ്സ് നേര്‍ വഴിക്ക് മാത്രം സഞ്ചരിക്കുക. എന്നു വെച്ചാ സിമന്റ് ബ്ലോക്ക്സ് പതിപ്പിച്ച് പാത് വേയില്‍ കൂടി മാത്രം നടക്കുക. ഷോര്‍ട്ട് കട്ട് പാടില്ല.

4. ഡ്രസ്സിങ്ങിന്റെ കാര്യത്തില്‍ ഒരു പ്രെത്യേക ശുഷ്കാന്തി ഉണ്ടായിരുന്നു. ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്തിരിക്കണം, ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ കൈ മടക്കി വെച്ചാല്‍ അത് വമ്പന്‍ പോക്രിത്തരവും സീനിയേഴ്സിനോടുള്ള അനാദരവിനേയും സൂചിപ്പിക്കുന്നു. കാലി ചായ കുടിക്കാന്‍ ക്യാന്റീനില്‍ പോണെങ്കിലും ഫോര്‍മത്സ് നിര്‍ബന്ധം വിത്ത് പോളിഷ്ഡ് ലെതര്‍ ഷൂസ്. (ശല്യങ്ങള്)

5. ബാസ്കറ്റ് ബോള്‍ കോര്‍ട്ട് അതി വിശുദ്ധ സ്ഥലമാണ്. അതു മുറിച്ചു കടക്കാന്‍ പാടില്ല, ഷൂ ഇട്ട് മാത്രം കോര്‍ട്ടില്‍ കയറുക.

6. എന്തൊക്കെ സംഭവിച്ചാലും പണിഷ്മെന്റ് കിട്ടിയാലും കരയാന്‍ പാടില്ല. എങ്ങാനും കണ്ട്രോള് പോയി കരഞ്ഞാല്‍ കരഞ്ഞ് കരഞ്ഞ് 20 ലിറ്ററിന്റെ ഒരു ബക്കറ്റ് നിറയ്ക്കണം(ഇത് പൊതുവേ പെണ്‍കുട്ടികള്‍ക്കാണ് ബാധകം)

7. സീനിയേഴ്സിനു തുണി അലക്കാനുള്ള സോപ്പ് പോടി(നക്കികള്‍, 10 രൂപ സ്വന്തം പോക്കെറ്റീന്ന് ചിലവാക്കാന്‍ ചങ്ക് പറിച്ച് കൊടുക്കുന്ന വേദനയാ.), കൂളിക്കാന്‍ പിയേഴ്സ്(അങ്ങിനെ സ്വഭാവമുള്ളവരാണെങ്കില്‍), പല്ല് തേക്കാന്‍ കോള്‍ഗേറ്റ്, പാരചൂട്, (കെട്ടി ചാടാനല്ല, തലേ തേക്കാന്‍), വെക്കേഷന്‍ കഴിഞ്ഞ് വരുമ്പോ വാഴയ്ക്കാ വറുത്തത്, ഹലുവ, അവിലോസുണ്ട, എള്ളുണ്ട, ഇനിയിപ്പോ ക്രിസ്മസിനോ ഈസ്റ്ററിനോ ആണ് നാട്ടി പോണതെങ്കി കള്ളപ്പവും കോഴിയിറച്ചിയും വരെ പാഴ്സലാക്കി കൊണ്ട് കൊടുക്കുക.

8. ക്ലാസ്സിലെ പിടകളോട് ഒരു നിര്‍ദ്ദിഷ്ട ദൂരം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. സ്വന്തം ബാച്ചിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നത് കണ്ടാല്‍ ചില ഞരമ്പ് സീനിയേഴ്സിന് ചൊറിയും.(അസൂയ കൊണ്ട് പറയുകാണെന്ന് വിചാരിക്കരുത്!!!)

9. ആണ്‍കുട്ടികള്‍ ഷേവ് ചെയ്തിരിക്കണം. പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമില്ല. വേണമെങ്കില്‍ ആവാം.

10. റൂം വ്രുത്തിയായി സൂക്ഷിക്കുക, സീനിയേഴ്സിന്റെ ലാബ് റെക്കോര്‍ഡ് എഴുതിയും പടം വരച്ചും കൊടുക്കുക, (വിവരമുള്ള ആമ്പിള്ളേരുടെ നോക്കി പകര്‍ത്തിയെഴുത്ത്), റൂമിലെ സീനിയേഴ്സിന്റെ കപ്പാസിറ്റി അനുസരിച്ച് രണ്ട് ലിറ്റര്‍ പെപ്സി കുപ്പി നിറച്ച് പാല്, പഴം, ചപ്പാത്തി തുടങ്ങിയവ ദിവസോം രാത്രി കൊണ്ടെ കൊടുക്കുക. (ഇതൊക്കെ ക്യാന്റീനില്‍ കിട്ടും)

11. എവിടെ പോകാനാണെങ്കിലും എല്ലാവനും എത്തി എന്ന് എണ്ണം ഉറപ്പ് വരുത്തി ക്യൂ നിന്ന് മാത്രം പോവുക. അതും ഹൈറ്റ് ഓര്‍ഡറില്‍. (ഇപ്പോ ഇത്രയേ ഓര്‍ക്കുന്നുള്ളൂ)

മുകളില്‍ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് പിഴച്ചാല്‍, പിടിക്കപെട്ടാല്‍, പിടിക്കുന്ന സീനിയറിന്റെ മൂഡ് അനുസരിച്ച് താഴെ പറയുന്നവയില്‍ എന്തെങ്കിലുമൊക്കെ കിട്ടിയിരിക്കും. എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് നീയും ഇഷ്ടപ്പെടണം എന്ന് പറയുന്നവന്റെ ഈഗോ, ഞാന്‍ ഇങ്ങിനെയാണ് അതു കൊണ്ട് നീയും ഇങ്ങിനെ തന്നെ ആയാ മതി എന്നു പറയുന്നവന്റെ കോമ്പ്ലക്സ്, ഞങ്ങളിതൊക്കെ അനുഭവിച്ചതാ അതോണ്ട് നിങ്ങളും അനുഭവിക്കുക എന്ന് പറയുന്നവന്റെ ദാര്‍ഷ്ട്യത. ഇതായിരുന്നു ഓരോ പണിഷ്‌മെന്റിന്റേം പിന്നിലെ മനശാസ്ത്രം.

27 റൂം മോപ്പിങ്ങ് (നിലം തുടയ്ക്കല്‍), കൊറിഡോര്‍ മോപ്പിങ്ങ്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് മോപ്പിങ്ങ്. ഇതിലേതെങ്കിലും ഒന്നോ എല്ലാം ചേര്‍ത്തോ, എല്ലാം ചേര്‍ത്ത് ഒരു മാസത്തേക്ക് തുടര്‍ച്ചയായോ കിട്ടാം. ബാസ്കറ്റ് ബോള്‍ കോര്‍ട്ട് ആണ് കിട്ടുന്നതെങ്കില്‍ അത് അക്രമമായിരിക്കും. കാരണം ബാസ്കറ്റ് ബോള്‍ കോര്‍ട്ട് തുടക്കേണ്ട സമയം വെളുപ്പിനെ നാലരക്ക് മുടിഞ്ഞ തണുപ്പിന്. ലോകത്തിലെ പരമമായ സുഖങ്ങളിലൊന്നാണ് വെളുപ്പാന്‍ കാലത്ത് മൂത്രമൊഴിച്ച് പിന്നേം കമ്പിളി പുതച്ച് കിടന്നുറങ്ങുക എന്നുള്ളത്. കട്ടിലിനോടും പുതപ്പിനോടും ഇത്രയും ആക്രാന്തം തോന്നുന്ന സമയം വേറെയുണ്ടാവില്ല. (കല്യാണം കഴിച്ചവര്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കില്‍ ഞാനുത്തരവാദിയല്ല) ദൈവം പൊറുക്കുവോ? ദൈവം പൊറുത്താലും ഇത് കിട്ടുന്നവന്‍ പോറുക്കില്ല. അതുകൊണ്ടാണ് പണിഷ്മെന്റ് കിട്ടിയ ഒരുത്തന്‍ പണി കൊടുത്ത സീനിയറിന്റെ യൂണിഫോം ഏടുത്ത് തന്നെ മോപ്പ് ചെയ്തു ആളറിയാതെ തിരിച്ച് റൂമില്‍ കൊണ്ടിട്ടു. ഉറക്കം വിട്ടെണീറ്റ സീനിയര്‍ കണ്ടത് തേച്ച് വച്ചിരുന്ന് ഷര്‍ട്ടിന് പകരം ചളിയില്‍ മുക്കി പിഴിഞ്ഞ ഒരു പഴന്തുണി പീസ്!!!

ക്യാമ്പസ് ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്. ബോയ്സ് ഹോസ്റ്റലിന്റെ വാതില്‍ക്കല്‍ നിന്നുള്ള വ്യൂ.(പിന്നീടിത് ഗേള്‍സ് ഹോസ്റ്റലായി, പിന്നെയും വേറെന്തൊക്കെയോ ആയി!!!)
ചെസ് ബോര്‍ഡ് മോപ്പിങ്ങ്. ആദ്യം തന്നെ നിങ്ങള്‍ തുടക്കാനുദ്ദേശിക്കുന്ന സ്ഥലം ചെസ്സ് ബോര്‍ഡിലെ കോളങ്ങല്‍ പോലെ ചെറിയ ചെറിയ കളങ്ങളായി തിരിക്കുക. അതിന്റെ ഒന്നിടവിട്ടുള്ള കോളങ്ങല്‍ മാത്രം തുടക്കുക. എല്ലാം കഴിഞ്ഞ് നിലത്ത് നോക്കിയാ ചെറിയ ചെറിയ കോളങ്ങല്‍ വ്യക്തമായി തെളിഞ്ഞ് കണ്ടിരിക്കണം. ഇല്ലെങ്കില്‍ കാണുന്നിടം വരെ തുടരുക.

ഇമാജിനറി ചെയര്‍. പോലീസ് മുറയാണ്. ഒരു കസേര ഉണ്ടെന്ന് കരുതി അന്തരീക്ഷത്തില്‍ ഇരിക്കുക. രാജകീയമായിട്ടാണെങ്കില്‍ കാലിമ്മേ കാല് കയറ്റി വച്ച് ഒറ്റക്കാലില്‍ ഇരിക്കുക. (നല്ല സുഖമായിരിക്കും, അനുഭവിച്ചവര്‍ക്കറിയാം അതിന്റെ ഗുണം)

“ദെങ്കുതാ നീ കൊടക്ക”ഇതൊരു തെലുങ്കന്‍ കണ്ട് പിടിച്ച ഐറ്റമാണ്. (തെലുങ്ക് അറിയാവന്നവരോട് ഇത് പറയാന്‍ നിക്കരുത്, സ്വന്തം ശരീരത്തിന് അത് ദോഷം ചെയ്യും). പഴത്തൊലി കൊണ്ടൊരു ഐറ്റമാണിത്. തിന്ന പഴത്തിന്റെ തൊലി നിലത്തിട്ട് സ്വല്പം പിന്നിലേക്ക് നടക്കുക. പിന്നെ ഒന്നുമറിയാത്തതുപോലെ നടന്ന് വന്ന് പഴത്തൊലിയില്‍ ചവിട്ടി വീഴുക. വെറുതേ വീണാല്‍ പോര, നല്ല ഒറിജിനാലിറ്റി ഉണ്ടാവണം. ഇല്ലെങ്കില്‍ ഒറിജിനാലിറ്റി വരുന്നത് വരെ ഇങ്ങനെ
വീണുകൊണ്ടിരിക്കേണ്ടി വരും. കൂരയും ഇടിച്ച് പെടച്ച് കുത്തി വീഴുന്നത് കാണാന്‍ നല്ല രസമാണ്, ചെയ്യിക്കുന്നവര്‍ക്ക്.

ജിക്സോ പസ്സില്‍: രാഷ്ട്രദീപിക സിനിമയിലെ ലാസ്റ്റ് പേജിലുള്ള പോലത്തെ ഒരു പീസിന്റെ പടം ചെറിയ ചെറിയ പീസുകളാക്കി മുറിക്കുക. അത് ഫാനിന്റെ നേരെ താഴെയുള്ള മേശയില്‍ കൂട്ടി വെച്ച് സീനിയര്‍ ഫാനിന്റെ സ്പീഡ് ഒന്ന് മുതല്‍ അഞ്ച് വരെ ഇഷ്ടമുള്ളത് സെറ്റ് ചെയ്യും. നമ്മള്‍ ചെയ്യേണ്ടതിത്ര മാത്രം: കറങ്ങുന്ന ഫാനിന്റെ താഴെ നിന്നും പീസ് പടം
പൂര്‍വസ്ഥിതിയിലാക്കുക. ഇത് വളരെ ഇന്ററസ്റ്റിങ്ങ് ആയിരിക്കും, കാണുന്നവര്‍ക്ക്.

ഓവറായിട്ട് വെറുപ്പിക്കുന്നവര്‍ക്ക് തങ്ങളെ കൊണ്ട് പറ്റുന്ന പോലെ ജൂനിയേഴ്സും തിരിച്ച് പണി കൊടുത്തിരുന്നു. കട്ടിലിന് ഇലക്ട്രിക്ക് കണക്ഷന്‍ കൊടുക്കുക, പാലില്‍ തുപ്പുക, ചപ്പാത്തി നിലത്തുരച്ച് കൊടുക്കുക, സീനിയേഴ്സിന് കൊടുക്കുന്ന ഈറ്റബിള്‍സില്‍ സോപ്പ് പൊടി മിക്സ് ചെയ്യുക മുതലായ പലതും. ഹും നെട്ടൂരാനോടാണോടാ കളി?(കട്: മിമിക്സ് ഷോ)

മുഖത്ത് ചിരിയും മനസില്‍ തെറിയുമായി പ്രൊജക്റ്റ് മാനേജരും എഞ്ചീനീയറും പോലെ പറ്റുകാരനും പലചരക്ക് കടക്കാരനും പോലെ ഒരാത്മബന്ധം നിലനിര്‍ത്തി ജൂനിയര്‍-സീനിയര്‍ അങ്ങിനെ അര്‍മാദിച്ച് ജീവിച്ച് പോന്നു.

(തീര്‍ന്നിട്ടില്ല)

[ഡിസ് കൈമള്‍: തുടങ്ങിയപ്പോ ഒടുക്കത്തെ ശുഷ്ക്കാന്തിയും ചോറുണ്ടില്ലെങ്കിലും ബ്ലോഗ് എഴുതണം എന്ന വിചാരവുമായി നടന്ന കാലത്ത് ഓരോ എന്നീസി സംഭവങ്ങളും ചികഞ്ഞെടുത്ത് ഉപ്പും മുളകും ചേര്‍ത്ത് ഒരു നോണ്‍ സ്റ്റോപ്പ് സീരീസ് തന്നെ പെടയ്ക്കണം എന്ന് കരുതി തുടങ്ങിയതാണ്. കാലം മാറി, കമ്പനി മാറി. ചോറിനോടുള്ള കൂറ് കൊണ്ടും കരിയര്‍ ഡെവലപ്പ് ചെയ്തില്ലെങ്കില്‍ കുടുമ്പം കോഞ്ഞാട്ടയാവും എന്നറിഞ്ഞത് കൊണ്ടും ആരംഭശൂരത തുടക്കത്തിലെ കെട്ടടങ്ങി. ഇനിയങ്ങോട്ട്
സമയം കിട്ടുന്നതനുസരിച്ച് തുടരും, മലയെത്ര മറിക്കാന്‍ കിടക്കുന്നു!!!]

Thursday, April 5, 2007

എന്നീസീ ചരിതം (ഭാഗം മൂന്ന്)

[കഥ ഇതുവരെ: ദയവായി എന്നീസീ ചരിതം (ഭാഗം രണ്ട്) റെഫര്‍ ചെയ്യുക]

പൊതുവെ ബാങ്ക്ലൂരിലെ പുലരികളില്‍ ഒടുക്കത്തെ തണുപ്പാണ്. ഓഗസ്റ്റ് മാസവും ഒരു “എക്സപക്ഷന്‍” ആയിരുന്നില്ല. സൂര്യന്‍ പോലും ഇന്ന് ഉദിക്കണൊ, കുറച്ച് താമസിച്ച് ഉദിച്ചാലോ? പണ്ടാറം ഇന്നും ഉദിക്കണമല്ലോ എന്നാലോചിച്ചിരിക്കുന്ന സൂര്യോദയത്തിനും മുന്‍പ്, ദൈവം ഗോള്‍ഡ് ഫ്ലേക് കിങ്ങ്സ് വലിച്ച് വിട്ടതു പോലുള്ള കോടമഞ്ഞ് പുതച്ച എന്നീസി ക്യാമ്പസില്‍ നിലാവത്തഴിച്ചുവിട്ട കോഴികളെപോലെ ഒരു പറ്റം വിദ്യാര്‍ദ്ധികള്‍ ബോയ്സ് ഹോസ്റ്റലിന് മുന്‍പിലുണ്ടാവും.

ഈ തണുപ്പത്ത് ചുരുണ്ട് കൂടി മൂടിപ്പുതച്ച് കിടന്നുറങ്ങാനുള്ളതിന് പകരം മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി “ഹെല്‍ത്ത് റണ്ണെ“ന്നും പറഞ്ഞ് ജൂനിയര്‍ പുള്ളന്മാരെ ക്യാമ്പസിന് ചുറ്റും ഇട്ടോടിക്കും. പണ്ടാരകാലന്മാര്‍. ലെവന്മാര്‍ക്ക് സുഖമായി കിടന്നുറങ്ങിക്കൂടെ. ഇങ്ങനെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നവനേയും അവന് ജന്മം നല്‍കിയവരേയും അമര്‍ഷം തെല്ലും പുറത്തുകാണിക്കാതെ(“വെറുതെ എന്തിനാ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെക്കുന്നെ?”) പ്രാകി മനസ്സില്‍ തെറിയും വിളിച്ച് തുടങ്ങുന്നു എന്നീസിയിലെ എന്റെ ആദ്യ സു-പ്രഭാതം. ഈ സുപ്രഭാതം അത്ര സുഖകരമായ പ്രഭാതം
ഒന്നുമായിരുന്നില്ല.

നേരം പരപരാന്ന് വെളുക്കുന്നതിനും മുമ്പ് അഞ്ചഞ്ചരമണിയോടെ ഓട്ടം തുടങ്ങും. ബോയ്സ് ഹോസ്റ്റലിന് മുമ്പീന്ന് തുടങ്ങി ഗേള്‍സ് ഹോസ്റ്റലിനു മുമ്പിലൂടെ ഇമ്പാക്റ്റ് ബില്‍ഡിങ്ങ്, ക്യാന്റീന്‍, അഡ്മിനിസ്റ്റ്രേഷന്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് മുതലായ സ്ഥലങ്ങല്‍ കവറ് ചെയ്യണം. ഒരു റൌണ്ട് അടിച്ചാല്‍ ഏതാണ്ട് എഴുന്നൂറ് മീറ്റര്‍ കവറ് ചെയ്തിട്ടുണ്ടാവും.

“അടാ റണ്‍ ഡാ....റണ്‍ ഫാസ്റ്റര്‍...”എന്നലറിക്കൊണ്ട് മുന്‍പിലൊരു സീനിയര്‍ ചേട്ടന്‍ പായുന്നുണ്ടാവും. കുറച്ച് ഉശിര് കൂടുതലുള്ളവര്‍ സ്വന്തം സ്റ്റാമിന “പ്രൂവ്” ചെയ്യാന്‍ ഒരവസരം കിട്ടിയെന്ന സന്തോഷത്തില്‍ “0-60kms വെറും 5 സെക്കന്റില്‍” എന്ന് പരസ്യത്തിലൊക്കെ കാണുന്ന പോലെ നൂറ്റമ്പത് സീ സീ ബൈക്കിന്റെ പിക്കപ്പായിരിക്കും. മറ്റുള്ളവരെയൊക്കെ “ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ” എന്ന ഭാവേന അഹങ്കാരത്തോടെ ഓവര്‍ടേക് ചെയ്യും. കഷ്ടിച്ച് ഒരു റൌണ്ട് “ഇനീഷ്യല്‍” പിക്കപ്പില്‍ കമ്പ്ലീറ്റ് ചെയ്യുമ്പോഴേക്കും ലെവന്മാരുടെ സ്റ്റാമിന “ഡ്രാസ്റ്റിക്കലി” ഇടിഞ്ഞ് പരിപ്പിളകി പോവുന്ന അവസ്ഥയിലെത്തിയിട്ടുണ്ടാവും.

ഈ ഓട്ടം ഇതേ നിലയില്‍ തുടര്‍ന്നാല്‍ ഏത് നിമിഷവും കൊളാപ്സാവാം എന്ന് തോന്നുന്നവര്‍ക്ക് രക്ഷപെടാന്‍ ദൈവം രണ്ട് വഴികള്‍ കാണിച്ച് കൊടുത്തിട്ടുണ്ട്. ഒന്ന് ഇമ്പാക്റ്റ് ബില്‍ഡിങ്ങിനടുത്തുള്ള ഒരു റ്റോയ് ലറ്റ്. അടുത്തത് അഡ്മിനിസ്ട്രേഷനിലുള്ള റ്റോയ് ലറ്റും. ഈ ഓട്ട കൂട്ടത്തില്‍ നിന്നും മുങ്ങി ഇതിലേതെങ്കിലും ഒന്നില്‍ കയറി പറ്റിയാല്‍ അന്നത്തെ ഹെല്‍ത്ത് റണ്‍ കയിച്ചിലാക്കാം.

ഗഫൂര്‍കാ ദോസ്തിന്റെ ദുബൈലേക്കുള്ള ചരക്കുകപ്പലില്‍ കയറി രക്ഷപെടുന്നതിനേക്കാളും റിസ്കാണ് ഇങ്ങനെ മുങ്ങാന്‍ ശ്രമിക്കുന്നത്. കാരണം ഇങ്ങനെ മുങ്ങുന്നവരെ കുശാഗ്രബുദ്ധിയോടെ പിടിച്ച് ഒരു പ്രത്യേക ട്രീറ്റ്മെന്റ് സീനിയേഴ്സ് നല്‍കാറുണ്ട്.

“ഡക്ക് വാക്ക്’“ അഥവാ അന്നനട.

തമിഴ് നാട്ടില്‍ കൂടി ട്രയിന്‍ യാത്ര ചെയ്യുമ്പൊ സമാന്തര ട്രാക്കുകളിലും കുറ്റിക്കാടുകളിലും വെളിമ്പ്രദേശങ്ങളിലുമൊക്കെ ആള്‍ക്കാര്‍ വെറുതെ കുത്തിയിരിക്കുന്നുണ്ടാവും. അതെന്തിനാണെന്ന് പറഞ്ഞാല്‍ എന്റെ ബ്ലോഗ് സ്പോട്ട് നാറും. കാരണം എന്തുമാവട്ടെ അങ്ങിനെ കുത്തിയിരിക്കുക. ദെന്‍ രണ്ട് കൈകളും കാലിനിടയിലൂടെ ഇട്ട് തലക്ക് മുകളില്‍ കൈവിരലുകള്‍ കോര്‍ത്ത് പിടിക്കുക. ഇപ്പൊ നിങ്ങല്‍ ഒരു പെര്‍ഫക്റ്റ് സ്ഫീയര്‍ ഷേപ്പിലായിട്ടുണ്ടാവും. ഈ പൊസിഷനില്‍ ക്യാമ്പസ് ഒരു പ്രാവശ്യം വലം വയ്ക്കുക. ഇതിന്റെ സുഖം അതനുഭവിച്ചര്‍ക്ക് മാത്രമേ മനസിലാവൂ.

ദീര്‍ഘദൂര ട്രയിനുകളില്‍ സ്റ്റേഷന് സ്റ്റേഷന് TTE മാറിക്കയറുന്നതുപോലെ നമ്മളെ ലീഡ് ചെയ്യുന്ന ചേട്ടായിമാര്‍ സമയാസമയങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ആദ്യം മുതല്‍ അവസാനം വരെ ഓടാന്‍ വിധിക്കപെട്ടവര്‍ നമ്മള്‍ മാത്രം. ഓടിച്ച് ഓടിച്ച് വശം കെടുമ്പൊ ട്രയിന്റെ എഞ്ചിന്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് വലം വെച്ച് നില്‍ക്കും.ഗാര്‍ഡ് പൊസിഷനിലുള്ള ഞാനും സ്റ്റേഷന്‍ പിടിച്ചാല്‍ അടുത്ത അഭ്യാസം തുടങ്ങുന്നതിന് മുമ്പ് ‘റ’ പൊസിഷനില്‍ നിന്ന് പത്ത് മിനിറ്റ് ശ്വാസം വിടാം.

ഈ സമയത്ത് ശ്വാസോച്ഛ്വാസ്വത്തിന്റെ “ഫ്രീക്യൊന്‍സി” മൂര്‍ദ്ധന്ന്യാവസ്ഥയിലെത്തുകയും അക്കാരണം കൊണ്ടു തന്നെ “ഹു...ഹൂ...ഹു...ഹൂ...ഹാവു...ഹാ‍ാ‍ാ‍ാവൂ‍...“എന്നൊരു എക്കൊ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ മുഴങ്ങി കേട്ടിരുന്നു. ആരുടെയെങ്കിലും ഈസീജി ഈ സമയത്ത് എടുത്ത് അത് 10.0 ഭൂമികുലുക്കം മെഷര്‍ ചെയ്യുന്ന റിച്ചര്‍ സ്കെയിലിന്റെ ഗ്രാഫുമായി “വ്യത്യാസം കണ്ടുപിടിക്കുക” എന്നും പറഞ്ഞ് കൊടുത്താല്‍ അതൊരു ചലെഞ്ചിങ്ങ് റ്റാ‍സ്ക് ആയി കണക്കാക്കാവുന്നതാണ്.

രണ്ട് കാലുകളും പരമാവധി “ഒബ്റ്റ്യൂസ്” ആങ്കിളില്‍ വിടര്‍ത്തി കുനിഞ്ഞ് നിന്ന് വലത്തേകൈയുടെ അങ്ങേയറ്റം ഇടത്തേക്കാലിന്റെ പെരുവിരലിലും ഇടത്തേകൈയുടെ അങ്ങേയറ്റം വലത്തേക്കാലിന്റെ പെരുവിരലിലും മുട്ടിക്കുക, കൈകള്‍ രണ്ടും അരയ്ക്ക് ഫിറ്റ് ചെയ്ത് കുത്തിയിരിക്കുക എഴുന്നേല്‍ക്കുക, കുത്തിയിരിക്കുക എഴുന്നേല്‍ക്കുക, നിവര്‍ന്ന് നിന്ന് തല പുറകോട്ട് ചരിച്ച് ക്ലോക്ക് വൈസ് പത്ത് പ്രാവശ്യം, ആന്റി ക്ലോക്ക് വൈസ് പത്ത് പ്രാവശ്യം ചുറ്റിയ്ക്കുക. അരക്കെട്ട്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, കാല്‍ പാദം എന്നു വേണ്ട ചുറ്റിയ്ക്കാന്‍ പറ്റുന്ന് ശരീര ഭാഗങ്ങളെല്ലാം മേല്‍ പറഞ്ഞത് പോലെ ചുറ്റിയ്ക്കുക. വേറുതെ കിടന്ന് ചാടുക, ചാടി തിരിയുക. ഇങ്ങനെ പോവുന്നു എക്സര്‍സൈസസ്.

മേല്‍ പറഞ്ഞ സംഭവങ്ങളെല്ലാം കഴിയുമ്പോഴേക്കും 6:55 ആയിട്ടുണ്ടാവും. അഥവാ ആയിട്ടില്ലെങ്കില്‍ 6:55 ആവുന്നതുവരെ വെറുതെ എന്തെങ്കിലുമൊക്കെ ചെയ്യിപ്പിച്ചുകൊണ്ടിരിക്കും. 06:55:00 IST ആവുമ്പൊ “നിങ്ങളെല്ലാവരും കൂളിച്ച് കുട്ടപ്പന്മാരും/കുട്ടപ്പിമാരുമായി 07:10:00 IST ക്ക് പ്രഭാത ഭക്ഷണത്തിനായി റെഡിയാവുക” എന്ന ഓര്‍ഡര്‍ വരും.

കേട്ടപടി കേള്‍ക്കാത്ത പടി എല്ലാം കൂടി ഒറ്റ പാച്ചിലാണ്. 40 ആണ്‍കുട്ടികള്‍ക്ക് കുളിക്കാനും പ്രഭാത കര്‍മങ്ങല്‍ നിര്‍വഹിക്കാനും കൂടി മൂന്ന് കുളിമുറിയും മൂന്ന്‍ റ്റോയ് ലറ്റും. അനുവദിച്ചിരിക്കുന്ന സമയം പതിനഞ്ച് മിനിറ്റും. കഷ്ടിച്ച് എട്ടടി നീളവും എട്ടടി വീതിയുമുള്ള ഒരു കൂളിമുറിയില്‍ പത്ത് പേരൊരുമിച്ച് കുളിച്ചാലും ഈ പ്രൊജക്റ്റ് അലോട്ടഡ് ടൈമില്‍ കമ്പ്ലീറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

ഹോസ്റ്റലിലെ ഡ്രെയിനേജ് സിസ്റ്റത്തിന്റെ എഞ്ചിനീയറിങ്ങില്‍ വന്ന പാകപ്പിഴകൊണ്ട് മുകളിലത്തെ രണ്ട് നിലകളിലെ കുളിമുറികളില്‍ നിന്നുമുള്ള “ശുദ്ധജലം” താഴത്തെ കുളിമുറിയില്‍ വന്ന് കെട്ടികിടക്കുമായിരുന്നു. “ആറാട്ട് കടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നീരാട്ടിനിറങ്ങുന്നു ഞാന്‍” എന്നൊരു പാട്ടൊക്കെ മൂളി ഞാനും ഒരു ഗ്രൂപ്പ് കുളി കുളിക്കും.ആരെങ്കിലും ഒരാള്‍ ഷവര്‍ തുറന്നാല്‍ നേരിട്ടും ഗ്രൂപ്പില്‍ കുളിക്കുന്നവരുടെ ദേഹത്ത് തട്ടി തെറിച്ചും എല്ലാവരുടേയും ദേഹം 90 ശതമാനം നനഞ്ഞ് കഴിഞ്ഞാല്‍ ആരുടെയെങ്കിലും സോപ്പ് കൈമാറി കൈമാറി എന്റെ കൈയില്‍ എത്തും. അതോണ്ട് ഞാന്‍ ഭദ്രമായി വാങ്ങിച്ച ലൈഫ് ബോയ് ഗോള്‍ഡ് ലാഭം.

ഇരുപത് ലിറ്ററിന്റെ ചുവന്ന ബക്കറ്റില്‍ വെള്ളം നിറച്ച് കപ്പില്‍ വെള്ളം കോരി മൂന്നു പ്രാവശ്യമായി ശരീരം നൂറ് ശതമാനം നനഞ്ഞു എന്നുറപ്പാക്കിയാല്‍ മാത്രം സോപ്പ് തേച്ചും അല്ലെങ്കില്‍ പഞ്ചായത്തിന്റെ കാശ് കൊണ്ട് പറമ്പ് നനയ്ക്കാനെന്നും പറഞ്ഞ് കുത്തിയ പറമ്പിന്റെ വടക്കേ അറ്റത്തുള്ള കൂളത്തില്‍ പോയി മുങ്ങിയും പൊങ്ങിയും നീന്തിയും മതിയാവും വരെ ആര്‍ഭാടമായി അര്‍മാദിച്ച് മുങ്ങി കുളിച്ചിരുന്ന ഞാന്‍.

എന്റെയൊരു ഗതികേട്....അല്ലാതെന്തു പറയാന്‍?

“ബലാല്‍ക്കാരത്തിനിരയാകുമെന്നുറപ്പായാല്‍ അതംഗീകരിച്ച് ആസ്വദിച്ച് കൊള്ളുക” എന്ന് പണ്ടേതോ തത്വചിന്തകന്‍ പറഞ്ഞത് അഗീകരിച്ച് ഈ വക “ട്രീറ്റ്മെന്റ്സ്“ നോട് ഞാന്‍ പൊരുത്തപെട്ട് തുടങ്ങിയിരുന്നു.

ഇങ്ങനെയൊന്നും കൂളിക്കാന്‍ അവസരം ലഭിക്കാത്തവരും കൂളിച്ചാല്‍ ദേഹത്തെ ചെളി പോകുമെന്നും പരീക്ഷക്ക് തോല്‍ക്കുമെന്നുമൊക്കെ ഭയപ്പെടുന്നവര്‍ പല്ല് തേക്കുന്നിടത്ത് നിന്ന് രണ്ട് കൈയിലും വെള്ളം ശേഖരിച്ച് തലമുടി “വെറ്റാ”ക്കി ഒരു ഡ്യൂപ്ലികേറ്റ് കുളിയും പാസാക്കും.

കുളിച്ച് റെഡിയായി തേച്ച് മിനുക്കിയ ഷര്‍ട്ടും പാന്റുമൊക്കെയിട്ട് ബ്രേക് ഫാസ്റ്റിന് പോകാനായി ലൈനായി നില്‍ക്കുകയാണ്. എന്റെ തൊട്ട് മുന്നില്‍ നില്‍ക്കുന്ന ഒരു എറണാകുളം കാരന്‍ “ഗുഡ് മോണിങ്ങ് സര്‍” എന്ന് വിഷ് ചെയ്തു. എന്നെയല്ല....അതിലെ പോയ ഒരു സീനിയറെ. അവന്റെ വിഷ് കേട്ട് മുന്നിലോട്ട് നീങ്ങിക്കൊണ്ടിരുന്നവന്‍ സഡന്‍ ബ്രേക്കിട്ട് നിന്ന് റിവേഴ്സെടുത്ത് എന്റെ മുന്നില്‍ വന്ന് നിന്നു. അവന്‍ മുകളിലേക്കും ഞാന്‍ താഴേക്കും നോക്കി. കാരണം ഹയിറ്റ് വ്യത്യാസം. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി. കാരണം ഞാന്‍ അവനെ വിഷ് ചെയ്തിട്ടില്ലായിരുന്നു. “ഗുഡ് മോണിങ്ങ് സര്‍” ഞാന്‍ അവനെ വിഷ് ചെയ്തു. അവന്‍ ഫസ്റ്റ് ഗിയറിട്ട് മെല്ലെ ക്യാന്റീനിലേക്ക് നീങ്ങി. പിറകെ ഞങ്ങളും.
(തുടരും)
--------------------------------------------------
ഡെഡിക്കേഷന്‍:
ഞാന്‍:ഹലോ മാഷെ, നിങ്ങളോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി.
മറ്റൊന്നുമല്ല.
“കലക്കി.... നിങ്ങളുടെ ബ്ലോഗുകള്‍ എല്ലാം ഞാന്‍ വായിച്ചു. സമ്മതിക്കണം.“
നിങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാനും ഒരു ബ്ലോഗ് തുടങ്ങി. ജനം പറയുന്നു ഫുള്ള് മണ്ടത്തരങ്ങളാണെന്ന്.
“ജനം പറയുന്നു,
അവരെന്തു പറയുന്നു,
അവരെന്തും പറഞ്ഞോട്ടെ“ അല്ലെ മാഷെ?
സൊ ഞാന്‍ പറഞ്ഞ് വരുന്നത് സമയം കിട്ടുമ്പൊ ആ വഴിയ്ക്കൊക്കെ ഇറങ്ങുക.

വിശാലന്‍:ഡേയ് ചുള്ളന്‍,യുവര്‍ ബ്ലോഗ് ഞാന്‍ ചെക്ക് ചെയ്തു. രസിച്ചു വായിച്ചു. സൂപ്പര്‍ ആയിട്ടുണ്ട്
സൂപ്പര്‍. എനിക്കു വളരെ വളരെ ഇഷ്ടായി. കീപ്പ് പോസ്റ്റിങ്ങ്.

ഞാ: താങ്ക് യൂ....താങ്ക് യൂ....നിങ്ങളാണെന്റെ ബ്ലോഗിലെ ഗുരു.

വി: എവിടെ വെറ്റിലയും അടക്കയും?

{ഇത് ഞാനും “വിശാലമനസ്കനെ“ന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന സജീവേട്ടനും (കൊടകര പുരാണത്തിന്റെ ഗ്രന്ഥകര്‍ത്താവ്) തമ്മില്‍ “ഓര്‍കുട്ടെ”ന്ന സ്ഥലത്ത് വച്ച് കണ്ട് മുട്ടിയപ്പൊ നടന്ന സംഭാഷണത്തില്‍ നിന്ന്}വെറ്റിലയും അടക്കയുമൊന്നും എവിടെ മൈസൂറില്‍ കിട്ടുമെന്നു തോന്നുന്നില്ല. അതോണ്ട് ഈ കഥ ഞാന്‍ എന്റെ ബ്ലോഗ് ഗുരു വിശാലമനസ്കന് ഗുരുദക്ഷിണയായി ഡെഡിക്കേറ്റ് ചെയ്യുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ചയില്‍ ചെറിയ ഒരു കരിയര്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാമുണ്ടായിരുന്നതുകൊണ്ട് ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

Monday, March 12, 2007

എന്നീസീ ചരിതം (ഭാഗം രണ്ട്)

[കഥ ഇതുവരെ: ദയവായി എന്നീസീ ചരിതം (ഭാഗം ഒന്ന്) റെഫര്‍ ചെയ്യുക]

യാതൊരു പ്രകോപനങ്ങളുമില്ലാതെ അടങ്ങി ഒതുങ്ങി കഴിയുകയായിരുന്ന ഇറാക്കി ജനതയുടെ മേല്‍ പെട്ടന്നൊരു ദിവസം ബുഷ് ഭരണകൂടം വെറുതെ ഓരോ കാരണങ്ങള്‍ കണ്ട് പിടിച്ച് തന്റെ പട്ടാളത്തെ
ഉപയോഗിച്ച് ആക്രമിക്കുയാണുണ്ടായത്. ഇതുപോലെ സ്വേച്ചാധിപധികളായ അമേരിക്കകാര്‍, ഒരു
പറ്റം ഇറാക്കി ജനതയെപോലെ അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന ഞങ്ങളുടെ മേല്‍ യാതൊരു കാരണവും ഇല്ലാതെ ആക്രമണം അഴിച്ചു വിടുന്നു.

പുതുതായി എത്തിയ സ്ഥലത്ത് എല്ലാവരും ഒന്ന് സെറ്റില്‍ ചെയ്ത് വരികയാണ്. അപ്പോഴാണ് മുകളിലത്തെ നിലയില്‍ എന്തോ ഉരുള്‍ പൊട്ടലുണ്ടായതുപോലെ കുറെ പേര്‍ അലറി തുള്ളി ചാടി വരുന്നു. നേരെ വരുന്നത് നമ്മളെ ആക്രമിക്കാന്‍.

എനിക്ക് താല്‍കാലികമായി അനുവദിച്ച് കിട്ടിയ റൂം ഗ്രൌണ്ട് ഫ്ലോറിലെ A8 ന്റെ വാതിലും ചവിട്ടി പൊളിച്ച് ഒരുത്തന്‍ അകത്ത് കടന്ന് അലറുന്നു.

“All first years come out fast, get ready in formals..."

“ഇതെന്താ കര്‍ത്താവേ, ഇവന്മാര്‍ക്ക് ചെകുത്താന്‍ കേറിയോ? ഇവന്മാരെന്തിനാ വെറുതെ കിടന്ന് കലി തുള്ളുന്നത്” നമ്മള് ഫോര്‍മലിട്ട് പുറത്ത് വരണം, അത്രേയല്ലേയുള്ളൂ. അതു പറഞ്ഞാ പോരെ, പേടിപ്പിക്കണൊ?

ന്യായമായിട്ടും ഒരാള്‍ക്ക് റെഡിയാവണമെങ്കില്‍ 15 മിനിറ്റെങ്കിലും മിനിമം എടുക്കും. ഇവന്‍ അലറുന്നു അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ റെഡിയായി ക്യൂ അപ്പ് ആവുക. പിന്നൊന്നും ആലോചിച്ചില്ല, ആലോചിക്കാന്‍ സമയം കിട്ടിയില്ല എന്ന് പറയുന്നതാണ് ശരി. പെട്ടന്നു തന്നെ ഞാനും ബാക്കി ഫസ്റ്റിയേഴ്സൂം ലൈന്‍ അപ്പ് ആയി.


വെറുതേ ക്യു നിന്നാല്‍ പോരാ, പള്ളിക്കൂടത്തിലൊക്കെ അസ്സംബ്ലിക്ക് ക്യു നില്‍ക്കുന്നതു പോലെ ഹയിറ്റ് ഓര്‍ഡറില്‍ വേണം ക്യു നില്‍ക്കാന്‍. ഹയിറ്റ് അനുസരിച്ച് ക്യു നിന്നപ്പോ ഞാനാണ് ഏറ്റവും ലാസ്റ്റ്.

അല്ലെങ്കിലും എന്തിനും ഏതിനും ഞാന്‍ എന്നും പിറകിലാണ്.

ഏറ്റവും പിറകില്‍ നില്‍ക്കുന്ന എന്നെ ഒരു അമേരിക്കന്‍ ഭടന്‍ അടിമുടി ഒന്ന് സ്കാന്‍ ചെയ്തു.

വെളിച്ചെണ്ണ തേച്ച് മനോഹരമായി ചീകി വച്ചിരിക്കുന്ന മുടി, വല്ല്യ വ്രുത്തികേടൊന്നുമില്ലാത്ത മുഖം, തേച്ച് മിനുക്കിയെടുത്ത, ക്രീം കളരില്‍ ചെറിയ ചെക്കുകളുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ട്, ഡാര്‍ക് ഗ്രേ പാന്റ്, അന്ന് വാങ്ങിച്ച ഷൂസ് വെളുത്ത സോക്സിട്ട എന്റെ കാലില്‍. പെട്ടന്ന് ഒരു തെറ്റ് കണ്ടു പിടിക്കാനാവാത്ത വേഷം.

ഇങ്ങനെ കുട്ടപ്പനായി നില്‍ക്കുന്ന ഞാന്‍, അവന്റെ വേഷം കണ്ടാലോ?

രാഷ്ട്രീയക്കാര്‍ ഉപേക്ഷിച്ച് പോയ ഇലക്ഷന്‍ ബാനര്‍ വെട്ടി തയ്ചുണ്ടാക്കിയതുപോലൊരു ഷര്‍ട്ട്, കണ്ണിലടിക്കുന്ന കളറിലുള്ള നിക്കറില്‍ കൊള്ളാവുന്നതിലധികം പോക്കറ്റുകള്‍, അതിന്റെ സൈഡിലൂടെ പയറുവള്ളി പോലെ തൂങ്ങി കിടക്കുന്ന കുറേ വള്ളികള്‍, എല്ലാം കൂടി ഒരു “കണ്ട്രി” ലുക്ക്.

പിന്നീടാണ് ഇത് ഒരു ഫാഷനാണെന്ന് ഞാനറിയുന്നത്. ഇമ്മാതിരി ഡിസൈനര്‍ വേഷങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. പട്ടണത്തിലെ ഓരോ പരിഷ്കാരങ്ങളേ....!!!


അവന്‍ എന്റെ ഡ്രസ്സിങ്ങിലെ ഒരു “ബഗ്ഗ്” കണ്ട് പിടിച്ചു.

തൊപ്പിയില്ലാത്ത പോലീസുകാരനെപ്പോലെയും, സ്റ്റെതസ്കോപ്പില്ലാത്ത ഡോക്ടറെപ്പോലെയും മുഴക്കോലില്ലാത്ത ആശാരിയെപ്പോലെയുമാകുന്നു പോക്കറ്റില്‍ പേനയില്ലാത്ത ഒരു എഞ്ചീനീയറിങ്ങ് വിദ്യാര്‍ധ്ദി.

എന്റെ പോക്കറ്റില്‍ ഒരു പേന ഇല്ല. അവന്റെ മുഖത്ത് പെരുത്ത് സന്തോഷം. വീണ്ടും കുറെ ഇട്ട് ഞെട്ടിച്ചു.

ഇവരെന്തിനാ തൊട്ടതിനും പിടിച്ചതിനുമൊക്കെ ചൂടാവുന്നെ? ഞാനൊ എന്റെ കുടുംബമോ ഇവരോടോ
ഇവരുടെ കുടുംബക്കാരൊടോ അറിഞ്ഞൊ അറിയാതെയൊ യാതൊരു തെറ്റും ചെയ്തിട്ടില്ല.

ഉടനടി ഞാന്‍ എവിടുന്നെങ്കിലും ഒരു പേന സംഘടിപ്പിച്ച് പോക്കറ്റില്‍ ഫിറ്റ് ചെയ്യണം. ഇതാണാ
ബഗ്ഗിനുള്ള സൊലൂഷന്‍.


ഓടിപ്പോയി റൂമില്‍ നോക്കിയപ്പൊ പേനയൊന്നും കാണാനില്ല. കണ്ണില്‍ പെട്ടത് സ്റ്റീല്‍ ക്യാപ്പ് ഉള്ള ഒരു മൈക്രോ റ്റിപ്പ് അദവാ “ഡിജിറ്റല്‍” പെന്‍സില്‍.പക്ഷെ പുള്ളിക്ക് കണ്ടപ്പോഴെ പിടികിട്ടി. എന്റെ പോക്കറ്റില്‍ നിന്നും അതെടുത്ത് അവന്റെ പോക്കറ്റിലിട്ടു.പേന എന്ന് പറഞ്ഞാല്‍ പേനയായിരിക്കണം. ഞാന്‍ ഇരന്ന് പിടിച്ച് ഒരു പേന ഒപ്പിച്ചു. അങ്ങിനെ പതിനഞ്ചു രൂപ മുതലുള്ള എന്റെ പെന്‍സില്‍ അവന്റ പോക്കറ്റിലായി.

ലെവന് എന്നൊടുള്ള തരിപ്പ് തീര്‍ന്നപ്പൊ എന്നെ “സ്ക്രൂ” ചെയ്യാനുള്ള ഉത്തരവാദിത്വം വേറൊരുത്തന്‍
ഏറ്റെടുത്തു.

“വാട്ടീസ് മൈ നെയിം?”

ദൈവമേ എന്റെ ചെവിക്കെന്തെങ്കിലും പറ്റിയോ? നാട്ടീന്നു പോരുമ്പൊ ഒരു കുഴപ്പവുമില്ലാതിരുന്നതായിരുന്നല്ലൊ? സാധാരണ ആള്‍ക്കാര്‍ “വാട്ടീസ് യുവര്‍ നെയിം?” എന്നാണ്
ചോദിക്കാറുള്ളത്.

“വാട്ടീസ് മൈ നെയിം ഡാ” അവന്‍ പിന്നെയും കിടന്ന് തൊണ്ട തുറക്കുന്നു.ചോദ്യം കേട്ടാല്‍ ഇവന്‍ എന്റെ കൂടെ പിറപ്പാണെന്ന് തോന്നും. ഞാനാ മുഖത്തേക്ക് സൂക്ഷിച്ച് ഒന്ന് നോക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രി? രാഷ്ട്രപതി? ക്യബിനറ്റ് മന്ത്രിമാര്‍? മുഖ്യ മന്ത്രിമാര്‍? സിനിമ സ്പോര്‍ട്സ്
പേഴ്സണാലിറ്റീസ്? ആരുടെയും മുഖവും ഇവന്റെ മുഖവും തമ്മില്‍ യാതൊരു സാമ്യവുമില്ല. പിന്നെ
ഞാനെങ്ങിനാ ഇവന്റെ പേരറിയുന്നത്? ഞാന്‍ അടിയറവ് പറഞ്ഞു.

“എനിക്കറിയില്ല.”

“പോയി കണ്ട് പിടിക്കെടാ....”

“ഓഹോ...അപ്പൊ അതാണ് കാര്യം. ഇവന്റെ സ്വന്തം പേര് ഇവനറിയത്തില്ല. അത് ഞാന്‍
ആരുടെയെങ്കിലും അടുത്ത് നിന്ന് അറിഞ്ഞിട്ട് വന്ന് ഇവന് പറഞ്ഞ് കൊടുക്കണം. അപ്പൊ ഇതാണ്
ഇതിഹാസങ്ങളിലും പുരാണങ്ങളിലൊക്കെ പ്രദിപാദിച്ചിട്ടുള്ള “കുക്കുമ്പര്‍ ടൌണ്‍” അദവാ
വെള്ളരിക്കാപട്ടണം.”

തൊട്ടപ്പുറത്ത് നിന്ന വേറൊരു സീനിയര്‍ വിദ്യാര്‍ദ്ധിയോട് ഈ മാന്യദേഹത്തിന്റെ പേര് ചോദിക്കന്‍
പോവുമ്പൊ ലെവന്‍ പൊസിഷന്‍ മാറ്റികൊണ്ടിരിക്കും. ഞാനെങ്ങിനാ ആളെ ഒന്ന് പോയിന്റ് ചെയ്ത്
കാണിച്ച് കൊടുക്കുക.

ആളെ ഇട്ട് കുരങ്ങ് കളിപ്പിക്കാനുള്ള ഓരോ വഴികളേ....

അവന്റെ പേര് എനിക്ക് മുന്‍കൂട്ടി അറിയില്ല എന്ന തെറ്റ് കൊണ്ട് ആ പേര് ഞാന്‍ 1000 പ്രാവശ്യം
ഇമ്പോസിഷന്‍ എഴുതിയെന്നത് ചരിത്രം.

അപ്പോഴാണ് ഞാന്‍ ചങ്ക് തകര്‍ന്ന് പോവുന്ന ആ കാഴ്ച കണ്ടത്.

ലേഡി വാര്‍ഡന്‍ ഒരു സാഡിസ്റ്റ് മെന്റാലിറ്റിയോടെ നാസി ക്യാമ്പിലെ ജൂദന്മാരെ പീഡിപ്പിക്കാന്‍ ഓര്‍ഡര്‍ കൊടുക്കുന്ന ഹിറ്റ്ലറിനെപോലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന്റെ നടുവില്‍ നിള്‍ക്കുന്നു. അപ്പൊ
സീനിയേഴ്സും വാര്‍ഡനും കൂടി ജൂനിയേഴ്സിനെ മെരുക്കാനുള്ള ഒരു പരിപാടിയാണിത്.

ഇവരോട് എതിര്‍ത്ത് നില്‍ക്കാന്‍ സാധിക്കില്ല. പോരാത്തതിന് എനിക്ക് ഗ്രൌണ്ട് സപ്പോട്ടും ഇല്ല.
നിലനില്‍പ്പിന് ഒറ്റ വഴിയെ ഉള്ളൂ....

പോലീസ് ഇടിച്ച് കൂമ്പ് വാട്ടിയവന്‍ “അയ്യോ ഇനീം എന്നെ തല്ലല്ലെസാറെ....ഞാനിപ്പൊ ചാകുവേ”
എന്ന് പറയുമ്പൊ മുഖത്തുണ്ടാവുന്ന എക്സ്പ്രെഷ്ഷന്‍ ഞാന്‍ എന്റെ മുഖതെടുത്തിട്ടു.

ഇതിനിടയില്‍ ഫോര്‍മല്‍സ് ഇട്ട് നിന്ന ഒരുത്തനോട് ഇങ്ങനാണോടാ ഫോര്‍മല്‍സ് ഇടുന്നത് എന്ന്
വെറുതെ ഒന്ന് ഞെട്ടിച്ചു. അവനൊരു സംശയം. എനി എതു തന്നെയാണൊ ഫോര്‍മല്‍സ്? സംശയം
ആരോടും ചോദിക്കാനും തീര്‍ക്കാനും ഒന്നും മെനകെട്ടില്ല. ഞാനിട്ടിരിക്കുന്നത് ഫോര്‍മല്‍സ് അല്ല.
അവന്‍ റൂമിലേക്ക് തിരിച്ചോടിപ്പോയി കൊണ്ടു വന്ന കാക്കി നിക്കറും ബനിയനുമിട്ട് തിരിച്ചെത്തി.
“ഞാന്‍ ഫോര്‍മല്‍സില്‍ റെഡി സര്‍...” എന്നു പറഞ്ഞപ്പോ എങ്ങനാണാവോ ആ സീനിയറദ്ദേഹം
ചിരി കണ്ട്രോള്‍ ചെയ്തത്?

അന്യ സംസ്താനങ്ങളില്‍ നിന്നും നമ്മുടെ നാട്ടില്‍ നിത്യവ്രുത്തിക്കായി എത്തുന്ന പെറുക്കികളുടെ ഫേവറേറ്റ് ഐറ്റംസ് ആയ തകരപാട്ട, കാറ്റ് പോയ ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, അതിന്റെ യൊക്കെ
പൊട്ടിയ ബ്ലാഡറുകള്‍, മൂട് പോയ ബക്കറ്റ്, വക്ക് പൊട്ടിയ കലം, വാറ് പോയ ചെരിപ്പ് മുതലായവ
ഫ്രഷേഴ്സിനെ ട്രീ‍റ്റ് ചെയ്യാനായി സീനിയര്‍മാര്‍ എവിടുന്നൊക്കെയൊ സംഘടിപ്പിച്ച് ച്ചിട്ടുണ്ടായിരുന്നു.

കല്ല്യാണ ചെറുക്കനെ ഒരുക്കുന്നതിനേക്കാള്‍ ഗംഭീരമായി ഒരുക്കിയിട്ട് ഇമ്മാതിരി വസ്തുക്കള്‍
ഓരോരുത്തരുടേയും കൈയിലും കാലിലും തലയിലും ഒക്കെ സീനിയര്‍ മാരുടെ മനോധര്‍മമനുസരിച്ച്
ഫിറ്റ് ചെയ്തു.

എനിക്ക് കിട്ടിയ സാധനം കാറ്റു പോയ ഒരു ഫുട്ബോള്‍ തൊപ്പി പോലെ തലയില്‍ വെക്കാന്‍. എന്നെ കിരീട ധാരണം ചെയ്തത് കഷ്ടിച്ച് എന്റെ നെഞ്ചൊപ്പം വരുന്ന ഒരുത്തന്‍. വിശ്വസുന്ദരിപട്ടം കിട്ടുമ്പൊ
സദസ്സിനു മുന്‍പില്‍ നമിക്കുന്നതുപോലെ ഞാനും ചെറുതായൊന്ന് നമിച്ച് കോടുത്തു. ബഹുമാനം
കൊണ്ടല്ല. അവന്‍ കൈ പൊക്കിയാലും കഷ്ടിച്ചേ എന്റെ തല വരെ എത്തൂ.

ഈ സാധനവും തലയില്‍ വച്ച് നില്‍കുന്ന എന്നേ കണ്ട് രണ്ടടി പിന്നിലേക്ക് മാറി നിന്ന് ഒരു ആക്കിയ ചിരി അവന്റെ ചുണ്ടില്‍ വിടരുന്നത് എന്റെ കണ്ണില്‍ പെട്ടു. മുട്ട് കാല് മടക്കി ആഞ്ഞ് ഒരു തൊഴി കൊടുത്താല് എന്നീസി ക്യാമ്പസും അതിനപ്പുറമുള്ള റോഡും കവറ് ചെയ്ത് ITI കോമ്പൌണ്ടിലേ ലാന്റ് ചെയ്യൂ. ശവം. ഇവനെയൊന്നും ചവിട്ടി നീളം വലിക്കാന്‍ ഇവിടെ ആളില്ലേ??

ഇത്തരം ചിന്തകള്‍ എന്റെ ഉള്ളില്‍ വളര്‍ന്ന് വന്നെങ്കിലും കണ്ട്രോള്‍ ചെയ്ത് ദയനീയ ഭാവം മുഖത്ത് മെയിന്റെയിന്‍ ചെയ്തു. കാരണം ഞങ്ങള്‍ ജൂനിയേഴ്സും അവര്‍ സീനീയേഴ്സുമാകുന്നു. അവര്‍കൊക്കെ
എന്തുമാവാം.

“കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ” എന്ന് പറയാനുള്ള
ഹ്രുദയ വിശാലത ഒന്നും എനിക്കില്ലായിരുന്നു.

അടുത്ത ഐറ്റം ഉത്സവത്തിന് ഭക്തരുടെ ഘോഷയാത്ര പോലെ പള്ളിപെരുന്നാളിന് വിശ്വാസികളുടെ
പ്രദക്ഷിണം പോലെ എന്നൊന്നും പറഞ്ഞാല്‍ പോരാ...കാവടിയാടുന്നതുപോലെ കുറേ കോലങ്ങള്‍
ക്യാന്റീനിലേക്ക് ജാഥയായി നീങ്ങുന്നു.

കഴിഞ്ഞ ആതന്‍സ് ഒളിമ്പിക്സില്‍ അഞ്ജുബോബി ജോര്‍ജ്ജ് ഇന്ത്യയുടെ പതാക നെഞ്ചോട് ചേര്‍ത്ത്
ഉയര്‍ത്തി പിടിച്ച് പോവുന്നതുപോലെ ലൈനിലുള്ള ഏറ്റവും മുന്‍പിലുള്ളവന്റെ കൈയില്‍ നല്ല
ഉയരമുള്ള ഒരു മരക്കൊമ്പ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്നു. പിന്നിലുള്ള ഓരോരുത്തരുടേയും
കൈയില്‍ പാണ്ടി ഫേവറേറ്റ് ഐറ്റംസ് പിടിച്ച്,

തിത്തങ്കിടതത്താ...തക്കിടതത്താ...
തിത്തങ്കിടതത്താ...തക്കിടതത്താ...ഹൊയ്...ഹോയ്...
തിത്തങ്കിടതത്താ...തക്കിടതത്താ...

എന്നൊരു താളത്തില്‍

ഡമാരാ ഡമാരാ ഡം....
ഡമാരാ ഡമാരാ ഡം....

എന്നലറിക്കൊണ്ട് നീങ്ങുന്നു.

ഇത് കണ്ട് നില്‍ക്കുന്ന സീനീയേഴ്സിന് പരമാനന്ദം.

ഇങ്ങനെ ആടി തിമിര്‍ത്ത് ക്യാന്റീന് മുന്‍പിലെത്തിയപ്പൊ ഒരു പ്രതിജ്ഞ.ഈ ക്യാന്റീനിലെ ഭക്ഷണം അമ്രുത് പോലെയാണെന്നും ഒരു മണി അരിയൊ ഒരു തുള്ളി സാമ്പാറോ രസമോ ഞാന്‍ വേസ്റ്റ് ആക്കില്ലെന്ന് കൈയും നീട്ടി പറഞ്ഞു. ഹോ രക്ഷപെട്ടു, ഇവന്മാരുടെ വെറുപ്പിക്കലുണ്ടെങ്കിലും ഭക്ഷണം “മൌത്ത് വാട്ടറിങ്ങും” “യമ്മിയും” ആണെന്ന് ഞാന്‍ ഊഹിച്ചു.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പൊ കൊടുക്കുന്ന പ്രസാദം പോലെ
ഒരു ഉരുള ചോറ് രണ്ട് കൈയും നീട്ടി സ്വീകരിച്ച് വായിലിട്ടപ്പോ സകല പ്രതീക്ഷയും പോയി. പട്ടന്മാര്‍ നെറ്റിയുടെ ലെഫ്റ്റ് എന്റില്‍ നിന്നും റൈറ്റ് എന്റിലേക്ക് ഭസ്മം തേക്കുന്നതുപോലെ ഒരു പെണ്‍ സീനിയര്‍ എന്റെ നെറ്റിയില്‍ മോരുകറി വാരി തേച്ചതും വിവാഹിതരായ സ്ത്രീകള്‍ നെറ്റിയില്‍ കുങ്കുമം തേക്കുന്നതുപോലെ എന്റെ നെറ്റിയില്‍ സാമ്പാറിന്റെ ഒരു കൂട്ട് കഷണവും തേച്ച് പിടിപ്പിച്ചതും വച്ച് കഴിച്ച അന്നത്തെ ഡിന്നര്‍ മൌത്ത് വാട്ടറിങ്ങും യമ്മിയും അല്ലായിരുന്നു.

ക്യന്റീനില് വന്ന അതേ രൂപത്തിലും കോലത്തിലും താളത്തിലും തിരിച്ച് ഫ്രഷേഴ്സ് സെല്‍ഫ് ഇന്റ്രൊഡക്ഷന്‍ നടത്തേണ്ട ഓടിറ്റോറിയത്തിലെത്തി. പുതുതായി ജോയിന്‍ ചെയ്ത ഓരോ വ്യക്തിയും
തങ്ങളുടെ പേര്, സ്ഥലം എന്നിവ പറഞ്ഞ് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാവുന്ന ഏതെങ്കിലും ഒരു
കലാപരിപാടിയും അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

എന്റെ പേര് തോമസ് കുട്ടി, ഞാന്‍ കേരളത്തിലെ കണ്ണൂരില്‍ നിന്നും വരുന്നു. പേരില്‍ ഒരു
കുട്ടിയുള്ളതുകൊണ്ടായിരിക്കണം എന്നോട് ഒരു നഴ്സറി ഗാനം ആലപിക്കാന്‍ പറഞ്ഞു. “റ്റ്വിങ്കില്‍
റ്റ്വിങ്കില്‍ ലിറ്റില്‍ സ്റ്റാര്‍” പാടി ഞാന്‍ എന്റെ ഭാഗം പൂര്‍ത്തിയാക്കി.

അവിടെ അവതരിപ്പിക്കപെട്ട ചില രസകരമായ സംഭവങ്ങളിലേക്ക്:

“എന്തുവാടാ നിന്റെ ഹോബി?” അര്‍ണോള്‍ഡ് ഷ്വാര്‍സ്നേഗറിന്റെ അകന്ന ബന്ധത്തില്‍ പെട്ട
ഒരുത്തനോടുള്ള ചോദ്യം. “ബോഡി ബില്‍ഡിങ്ങ്“ എന്ന് പറഞ്ഞ എന്റെ ഒരു സഹപാഠിയെ യാതൊരു
ദാക്ഷിണ്യവുമില്ലാതെ നൂറ് പുഷ് അപ്സ് എടുപ്പിച്ചു. അതു വരെ ബില്‍ഡ് ചെയ്തെടുത്ത ബോഡിയുമായി
സ്റ്റേജില്‍ നിന്നും ഇറങ്ങി വരുമ്പൊ ഒരു കൈ താങ്ങിയില്ലെങ്കില്‍ ഇപ്പൊ വീണ് പോവുന്ന
അവസ്ഥയിലായിരുന്നു. ഏതൊരു ബോഡി ബില്‍ഡറും ഒരാഴ്ച കൊണ്ടെടുക്കുന്ന പുഷ് അപ്സ് എല്ലാം ഒറ്റ ദിവസം കൊണ്ടെടുത്താല്‍ ഏതവന്റെയാണെങ്കിലും അണ്ടകടാഹം കലങ്ങിപോകും.

വേറൊരാളോട് ക്യാറ്റ് വാക്ക് ചെയ്യാന്‍ പറഞ്ഞപ്പൊ ആകെപ്പാടെ മുഖത്തൊരു അങ്കലാപ്പ്. ചെയ്യടോ ക്യാറ്റ് വാക്ക് എന്നൊരലര്‍ച്ച തീരുന്നതിനു മുന്‍പേ ദാ കിടക്കുന്നു കക്ഷി രണ്ട് കൈയും നിലത്ത് കുത്തി മുട്ടില്‍ “മ്യാവൂ...മ്യാവൂ...”എന്നും പറഞ്ഞ് സ്റ്റേജിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക്. ഫാഷന്‍ റ്റീവിയുടെ സമ്പ്രേഷണം അക്കാലത്ത് നാട്ടില്‍ ഇല്ലാതിരുന്നത് ആരുടെ കുറ്റം?? catwalk എന്നാല്‍ പൂച്ചനടത്തമെന്ന് വിചാരിച്ചത് ഗ്രാമീണ നന്മ.

വേറൊരാളോട് ഒരു പാട്ട് പാടാന്‍ ആവശ്യപ്പെടുന്നു. പക്ഷെ പുള്ളിക്ക് മലയാളം പാട്ട് മാത്രമേ അറിയൂ.
മലയാളം പാട്ട് പാടുന്നത് നിയമവിരുദ്ധമാണ്. അല്ലെങ്കില്‍ മലയാളം പാട്ട് ഇഗ്ലീഷിലേക്ക് തര്‍ജ്ജിമ
ചെയ്ത് പാടാവുന്നതാണ്. പക്ഷെ അതും വശമില്ല. അപ്പൊ ആരോ ദേശീയ ഗാനം സജസ്റ്റ് ചെയ്തു. അതും പുള്ളിക്കാരന് മലയാളത്തിലേ അറിയൂ എന്നായിരുന്നു മറുപടി. കേരളത്തിലെ പാഠ്യപുസ്തകങ്ങളില്‍
രണ്ടാം പേജില്‍ തന്നെ മലയാളത്തില്‍ അച്ചടിച്ച് വരുന്ന ദേശീയ ഗാനം ഒന്നാം ക്ലാസ്സ് മുതല്‍ കാണുന്ന
ഒരു കുട്ടിക്ക് ദേശീയഗാനം മലയാളത്തിലാണെന്ന് തോന്നുന്നതില്‍ യാതൊരു തെറ്റും പറയാനില്ല.

ഓരോരുത്തരുടേയും ഇമ്മാതിരി പ്രകടനങ്ങള്‍ ഒക്കെ കഴിഞ്ഞ് അടുത്ത പതിനഞ്ച് ദിവസതേക്കുള്ള
ചിട്ടകളും നിയമങ്ങളും ഒക്കെ പറഞ്ഞ് തന്ന് ഞങ്ങളെ ഉറങ്ങാന്‍ അനുവദിച്ചു. അങ്ങിനെ മൂന്ന്
വര്‍ഷത്തെ കോഴ്സിനു വന്ന NTTFലെ എന്റെ ആദ്യ ദിവസം ഇവിടെ അവസാനിക്കുന്നു.
(തുടരും)

ഞങ്ങളെ യാതൊരു കാരണങ്ങളുമില്ലാതെ ഉപദ്രവിച്ച അമേരിക്കന്‍ ഭടന്മാരുടെ പേരുകള്‍
താഴെപറയുന്നവയാണ്. ഇവരെ ജീവനോടെയൊ അല്ലാതെയൊ കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള
പോലീസ് സ്റ്റേഷനിലോ മഡിവാള പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്. 2000 ഓഗസ്റ്റ് 30
മുതല്‍ മുങ്ങി നടക്കുന്ന ഇവരെ പറ്റി എന്തെങ്കിലും വിവരം തരുന്നവര്‍ക്ക് എന്റെ വക ഒരു ഫുള്‍.....
(ചിക്കന്‍ ബിരിയാണി.)

Rino Malvino, Annie Rose Rosario, Cyrix, Aarthi, Maverick, Nikhitha panchal, Mc Lecroy, Icecool, Abdul khadar jilana sathar betta baththar koya akthar, Rahaana parveen Rumo, Param Numeric, Aswin Malhothra, Harris Williamate, Terense, Thushar Driskol, Keerthi vishva, Vishnu Singhal, Mukul Anand, Shreyansh Patil, Rakesh Rathod, Kevin Arnold, Bevin, Adolf Hitler, Erricson, Skibs, Kaasko Yesko Dengko.
----------------------------------------------------------------------------------------------
നന്ദിയുടെ വാക്കുകള്‍:
എന്നെന്നും ഓര്‍ക്കാനും ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാനും ഇടം നല്‍കുന്ന ഇത്തരം ഒരു പരിപാടി വളരെ
ഭംഗിയായി നടത്തിയതില്‍ ഓരൊ 98’ers നേയും സ്നേഹത്തോടെ ഓര്‍ക്കുന്നു. NTTF ലൈഫിലെ
ഏറ്റവും നല്ല ഓര്‍മകള്‍ ഉണര്‍ത്തുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച സീനീയേഴ്സിനോട് എന്റെ
വ്യക്തി പരമായ പേരിലും എന്റെ ബാച്ചിലെ ഓരോ വ്യക്തിയുടെ പേരിലും ഉള്ള ഹ്രുദ്യമായ നന്ദി ഞാന്‍
ഇവിടെ രേഖപെടുത്തുന്നു.
Rope In പേരുകള്‍ കളക്റ്റ് ചെയ്ത Sajith E K യോടും Sarath T S നോടും ഇത് ഇന്നലെ (11/03/07 ഞായറാഴ്ച) റ്റൈപ്പ് ചെയ്യുമ്പൊ എന്റെ ബ്രയിനെ “റ്റിക്കിള്‍” ചെയ്യാനുള്ള ദിനേശ് ബീഡിയും കട്ടന്‍ ചായയും ഭക്ഷണവും ബാക്കി സൌകര്യങ്ങളും ചെയ്തു തന്ന സുജിത്തിനോടും
ജിനോയ്ക്കും എന്റെ വക ഒരു താങ്ക്സ്.

Tuesday, March 6, 2007

എന്നീസീ ചരിതം (ഭാഗം ഒന്ന്)

“മോന്‍ പഠിച്ചു വലുതാവുമ്പൊ ആരാവാനാ ഇഷ്ടം?” എട്ടും പൊട്ടും തിരിയാത്ത പൈതങ്ങളോടുള്ള ബന്ദുജനങ്ങളുടെ പതിവു ചൊദ്യം എന്നൊടും ഉണ്ടായിരുന്നു.

“നിക്കു ഞ്ചീനീരാവനം” എന്നു അതിന്റെ റിസ്ക് ഒന്നും മനസിലാവാതെ ഞാനും ഗമയ്ക്ക് തട്ടിവിട്ടിരുന്നു.

ഞാന്‍ പഠിച്ചൊ എല്ലയൊ എന്നുള്ളതല്ല പ്രശ്നം, പക്ഷെ വലുതായി.എഞ്ചീനീയറിങ്ങ് എന്ട്രന്‍സ് എഴുതി.റിസള്‍ട്ട് വന്നു.എന്റെ റാങ്ക് കണ്ടാല്‍ ആ വര്‍ഷം എത്ര പേര്‍ എന്ട്രന്‍സ് എക്സാം അറ്റന്‍ഡ് ചെയ്തു എന്നു മനസിലാവും. ലക്ഷത്തി ആണൊ പതിനായിരത്തി ആണൊ എന്നു ആര്‍ക്കും സംശയം തോന്നുന്ന ഒരു നമ്പര്‍. അതായിരുന്നു എന്റെ റാങ്ക്.

പക്ഷെ കേരളത്തിന്റെ വടക്കന്‍ ജില്ലകളായ കണ്ണുര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ റാങ്കിന്റെ അത്രത്തോളം തന്നെ എഞ്ചീനീയറാവാന്‍ ആഗ്രഹമുള്ള പത്തോ പന്ത്രണ്ടോ എങ്ങനെയെങ്കിലും കടന്നുകൂടിയവര്‍ക്ക് ചുളുവില്‍ എഞ്ചീനീയറാവാന്‍ ഒരു സംഭവമുണ്ട്. അതാണ് എന്‍ റ്റീ റ്റീ എഫ്ഫ്.

“എന്‍ റ്റീ റ്റീ എഫ്ഫിലാണൊ പഠിക്കുന്നെ, എന്നാ എപ്പം പണി കിട്ടീ എന്നു ചോദിച്ചാ മതി”
എതായിരുന്നു ജനങ്ങള്‍ക്കിടയില്‍ എന്‍ റ്റീ റ്റീ എഫ്ഫിനെപറ്റിയുള്ള അഭിപ്രായം.

ബുധ്ദിയേക്കാളേറെ കുരുട്ടു ബുധ്ദി, ഒരു മൂന്നു നാലു ലക്ഷതിന്റെ ബാങ്ക് ബാലന്‍സൊ അല്ലെങ്കില്‍ അതിന്റെ തുല്ല്യ മൂല്യമുള്ള വസ്തുവിന്റെ ആധാരം പണയം വെക്കാനുള്ള കപാസിറ്റി. എതാണ് എന്‍ റ്റീ റ്റീ എഫ്ഫിലേക്കുള്ള മിനിമം ക്വാളിഫിക്കേഷന്‍.എത്രയുമുണ്ടെങ്കില്‍ ഏത് അണ്ടനും അടകോടനും ഞൌണിക്കാപെറുക്കിക്കും അവിടെ പോയി പഠിക്കാം എന്നുള്ളതിന്റെ ജീവിച്ചീരിക്കുന്ന തെളിവാണു ഞാന്‍.

“ഇലക്ട്രോണിക്സിലെ അതി നൂതന സാങ്കേതിക വിദ്യകള്‍ അഭ്യസിച്ച് എന്റെ സാമര്‍ത്ദ്യം തെളിയിക്കുക”
എന്നു മനസിലുറപ്പിച്ച് ബാങ്ക്ലൂര്‍ക്ക് വണ്ടി കയറി.

“ബസ്സിനുള്ളില്‍ പുകവലി പാടില്ല”
“കൈയും തലയും പുറത്തിടരുത്”
“ഫുട് ബോഡില്‍ നിന്നും യാത്ര ചെയ്യരുത്” തുടങ്ങിയ നിര്‍ദേശങ്ങളൊന്നുമില്ലാത്ത

“വ്രദ്ധന്‍ മാര്‍”, “വികലാംഗര്‍”, ”സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പുരുഷന്മാര്‍ ശിക്ഷാര്‍ഹരാണ്” മുതലായ റിസര്‍വേഷന്‍സ് ഒന്നുമില്ലാത്ത ഒന്നാന്തരം എയര്‍ ബസ്.

പയ്യന്നുര്‍-ബാങ്കളൂര്‍ റൂട്ടില്‍ നൈറ്റ് സര്‍വീസ് നടത്തുന്ന ഗോള്‍ഡന്‍ ട്രാവല്‍സ്.

ഒന്നു ലിവര്‍ വലിച്ചാല്‍ ചരിയുകയും വീണ്ടും വലിച്ചാല്‍ നിവരുകയും ചെയ്യുന്ന സീറ്റില്‍ 15 സെന്റിമീറ്റര്‍ കനത്തില്‍ സ്പോഞ്ച്, ഓരോ സീറ്റിനും ഉജാല മുക്കിയ കവര്‍, സൈഡില്‍ വെള്ളയില്‍ മഞ്ഞ പൂക്കളുള്ള കര്‍ട്ടന്‍, 20 എഞ്ച് റ്റീ വീ, ആള്‍ക്ക് ഒരോ ഫാന്‍, ലൈറ്റ് മുതലായ സൌകര്യങ്ങളുള്ള ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ചേറ്റവും മോസ്റ്റ് മോഡേണ്‍ ‌‌‌‌‌“സംഭവം” ബസ്.

“ഹൌ ബാങ്ക്ലൂര്‍ക്കു പോവുന്ന ബസിന്റെ അവസ്ത ഇതാണെങ്കില്‍ ബാങ്ക്ലൂരിന്റെ അവസ്ത എന്തായിരിക്കും?”
കാത്തിരുന്ന കാണുക തന്നെ.

ബാങ്ക്ലൂരിനെപറ്റിയും അവിടെ ഞാന്‍ കണ്ടുമുട്ടാന്‍ പൊവുന്ന സുന്ദരികളെയും ഓര്‍ത്ത് ഒരു പീസ് ഫുള്‍
70mm കളര്‍ സ്വപ്നവും കണ്ട് രാത്രിയിടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കതിലേക്കു “സ്ലിപ്” ആയി.

“എടാ എണീരെടാ....ബാങ്ക്ലൂരെത്തി” സീറ്റിനു മുകളിലത്തെ റാക്കില്‍ നിന്നും ബാഗെടുക്കുന്നതിനിടയില്‍ പപ്പാ പറഞ്ഞു.ബാങ്ക്ലൂരെത്തി ആദ്യമായി എന്റെ കാതില്‍ വീണ വാക്കുകള്‍. എതു വരെ ഭാവനയില്‍ മാത്രം കണ്ടിരുന്ന ബാങ്ക്ലൂരിനെ ഒരു നോക്കു കാണാനായി കര്‍ട്ടന്‍ മാറ്റി ചില്ലു തെറ്റിച്ചു നീക്കി. നാട്ടില്‍ എല്പീജി ഗ്യാസ് റിലീസ് ആവുന്നതിനു മുന്‍പെ തന്നെ പാചകവാതകതിന്റെ കാര്യത്തില്‍ എന്റെ വീട് സ്വയം പര്യാപ്തത നേടിയിരുന്നു. പശു തൊഴുത്തില്‍ നിന്നുള്ള ചാണകവും ഗോമൂത്രവും എല്ലാം കൂടി അടിച്ചുകലക്കി ഒരു വല്ല്യ കുഴിയിലാക്കി ഗ്യാസ് എക്സ്റ്റ്രാക്റ്റ് ചെയ്യുന്ന ഒരു രീതി. “ബയോഗ്യാസ്”. അതു ഒരു കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയിട്ടുണ്ടാവും. ആ സ്ലാബ് ചെറുതായൊന്നു നീക്കി ശ്വാസം ഉള്ളിലേക്കു വലിച്ചാല്‍ തല പെരുത്തു പോവുന്ന ഒരു നാറ്റമുണ്ടാവും. അതുപോലൊരു നാറ്റം മൂക്കിലടിച്ചു. വലിച്ചു നീക്കിയ സ്ലാബ് സോറി വണ്ടിയുടെ ചില്ല് അടച്ചു. ലാന്റ് ചെയ്തത് ബാങ്ക്ലൂരിന്റെ സകല വിസര്‍ജ്യങ്ങളും പേറുന്ന കേയാര്‍ മാര്‍കറ്റില്‍.

ബ്രഷ്, പേസ്റ്റ്,സോപ്പ്, ചീപ്പ്, കണ്ണാടി, ടാല്‍കം പൌഡര്‍, പെര്‍ഫ്യും മുതലായ വായുവും ഭക്ഷണവും കഴിഞ്ഞാല്‍ ഒരു മനുഷ്യനു ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട അടിസ്താനസാമഗ്രികള്‍ക്കു പുറമെ “ട്രയിനീസ്” നിര്‍ബന്ധമായും കരുതിയിരിക്കേണ്ട ഐറ്റംസ്, സ്കൈ ബ്ലൂ കളര്‍ ബെഡ് ഷീറ്റ്, സ്കൈ ബ്ലൂ കളര്‍ മേശ വിരി, 1 പെയര്‍ ബ്രൌണ്‍ ക്യാന്‍ വാസ് ഷൂസ്, 1 പെയര്‍ ബ്ലാക്ക് ഫോര്‍മല്‍ ഷൂസ്, 1 പെയര്‍ വൈറ്റ് സോക്ക്സ്, ഒരു കൊതുകുവല, 2 പെയേഴ്സ് ഓഫ് കാക്കി ട്രൌസര്‍ അന്റ് സ്ലീവ് ലെസ്സ് ബനിയന്‍ മുതലായവയൊക്കെ ഷോപ്പിങ്ങ് നടത്തി. കംമ്പല്‍സറി ഐറ്റംസില്‍ ആണ്‍-പെണ്‍ വ്യത്യാസം ഉണ്ടാവുമൊ എന്തൊ? അവസാനത്തെ രണ്ട് ഐറ്റംസ്.! ബാങ്ക്ലൂര്‍ അല്ലെ എന്തും സംഭവിക്കാം, കരുതിയിരിക്കുക.

സര്‍ക്കാര്‍-സര്‍ക്കാരേതര വണ്ടികളില്‍ പ്ലാസ്റ്റിക്ക് ത്രിവര്‍ണ്ണ പതാക കെട്ടി, പള്ളീക്കൂടങ്ങളില്‍ മിഠായി വിതരണം നടത്തി, ഒരെണ്ണം വീശാന്‍ എന്തെങ്കിലും കാരണമന്യെഷിച്ച് നടക്കുന്നവന്‍ രണ്ടെണ്ണം വിട്ടാഘൊഷിക്കുന്ന ഭാരതതിന്റെ അമ്പത്തിമൂന്നാം ബര്‍ത്ഡേ, അധവാ ഇന്‍ഡിപെന്‍ഡന്‍സ് ഡേ.

പ്രത്യക്ഷമായ ദോഷങ്ങളൊന്നുമില്ലാത്ത ഒരു ചൊവ്വാഴ്ച. ഗ്രഹങ്ങളുടെ പൊസിഷന്‍സ് എല്ലാം 1cm +/- 5cm റെസലൂഷനില്‍ അലൈന്‍ ആയി നില്‍ക്കുന്ന, രാഹുവും കേതുവും ഗുളികനും ഒത്ത ഒരു ശുഭ മുഹൂര്‍ത്തതില്‍ ഞാനും പപ്പേം രണ്ട് അങ്കിളുമാരും അതിലൊരങ്കിളിന്റെ മഹീന്ദ്ര അര്‍മദയില്‍ ഇലക്ട്രൊണിക്സ് സിറ്റിയുടെ കണ്ണായ സ്തലത്തു സ്തിതി ചെയ്യുന്ന എന്റീറ്റീഫ്ഫില്‍ അടുത്ത മൂന്നു വര്‍ഷതേക്കു പൊറുക്കാനുള്ള ഭാണ്ടക്കെട്ടുമായി ലാന്റ് ചെയ്തു.

മുകളില്‍ പറഞ്ഞ ലഗേജ്ജ് എനിക്ക് അലോട്ട് ചെയ്ത റൂമില്‍ കൊണ്ടുവെയ്ക്കാന്‍ എന്നെ ഒരു സീനിയര്‍ വിദ്യാര്‍ധ്ദി സഹായിച്ചു. ജൂനിയേഴ്സിന്റെ പോര്‍ട്ടര്‍ പണി ചെയ്യുന്ന സീനിയേഴ്സൊ? ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാ‍ക്കം പുള്ളി ഒരു മലയാളിയാണെന്ന്.
“മലയാളിയാണൊ?” എന്നു വളരെ വിനീതമായ എന്റെ ചൊദ്യത്തിനു
“അറിയണോടാ നിനക്ക്, നിന്നെ ഞാന്‍ പിന്നെ എടുത്തോളാം” എന്നര്‍ ത്ത മുള്ള ഒരു നൊട്ടം മാത്രമായിരുന്നു മറുപടി.എന്തൊ എവിടെയോ ഒരു അപകടം മണക്കുന്നു.

കലാലയം ഒരു പക്ഷി കണ്‍ നിരീക്ഷണതില്‍ അല്ലെങ്കില്‍ “ബേഡ്സ് ഐ വ്യു ഓഫ് ദി ക്യാമ്പസ്.”

ഏതാണ്ട് പത്തു പന്ത്രണ്ടേക്കര്‍ വിസ്ത്രുതിയില്, ഇറെഗുലര്‍ പോളീഗണ്‍ ഷേപ്പില്‍, നാഷണല്‍ ഹൈ വേ ഓതരിറ്റിയോടും ഫാനുക്കിന്ത്യയോടും ഇന്‍ഫൊസിസിനോടും തര്‍ക്കങ്ങളൊന്നുമില്ലാതെ അതിര്‍ത്തി ഷെയര്‍ ചെയ്യുന്നു.

"|__|" ഷേപ്പില്‍ മൂന്നുനിലകെട്ടിടത്തില്‍ താമസിക്കുന്ന ചുള്ളന്മാര്‍ക്ക് നോക്കി വെള്ളമിറക്കാന്‍ പറ്റിയ പൊസിഷനില്‍ ജയറാമിനു പാര്‍വതിയെന്ന പോലെ ദിലീപിനു മഞ്ചു വാര്യരെന്നപൊലെ അഭിഷേക് ബച്ചന് ഐശ്വരാ റായീനെപ്പോലെ മൂന്നു നില കെട്ടിടത്തിനോട് ചേര്‍ന്നൊരു ഗേള്‍സ് ഹോസ്റ്റല്‍.

നാരീമണികളുടെ മുന്‍പില്‍ കസര്‍തു കാട്ടി ആളാവാന്‍ ഇളക്കം കൂടുതലുള്ള ഗഡികള്‍ സദാസമയം
അര്‍മാദിക്കുന്ന ബാസ്കറ്റ് ബോള്‍ കോര്‍ട്ട് ഗേള്‍സ് ഹോസ്റ്റലിനു മുന്‍പില്‍ സ്തിതി ചെയ്യുന്നു.

ഷട്ടില്‍ ബാഡ്മിന്റണ്‍, റ്റീ റ്റീ, ക്യാരംസ്, മുതലായകളികള്‍ക്കുപയൊഗിക്കുന്ന, പെന്‍ഷന്‍ പറ്റാറായ “ഒപ്ടോണിക്ക” റ്റീ വിയില്‍ ഫ്രീ റ്റു എയര്‍ ദൂരദര്‍ശന്‍ ദിവസേന രാത്രി പത്തു മണിക്ക് സംപ്രേഷണം ചെയ്യുന്ന പുരാണ സീരീയല്‍ മുന്നിലിരുന്നു കാണാന്‍ ഒരു സീറ്റിനടിയുണ്ടാവുന്ന “ഓടി” എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഓഡിറ്റോറിയം.

ഒരു സുമോ റെസ്ലിങ്ങ് ച്യാമ്പ്യന്‍ ഷിപ്പ് വെച്ചാല്‍ അതിലേക്കുള്ള മുഴുവന്‍ ടീ മങ്കങ്ങളെയും സ്പൊണ്‍സര്‍ ചെയ്യാന്‍ ശേഷിയുള്ള, 1000W മെര്‍ക്കുറി ലാമ്പിന്റെ തീക്ഷ്ണതയുള്ള നോട്ടത്താല്‍ ക്യാമ്പസിലുള്ളവരെ നിലക്കു നിര്‍ത്തുന്ന വാര്‍ഡനും കുടുമ്പവും താമസിക്കുന്ന വീട് ക്യാമ്പസിന്റെ ഔട്ട് സ്കേര്‍ട്ടില്‍.

ജീവന്‍ നിലനിര്‍ത്താനാവശ്യമായ പോഷകഗുണങ്ങള്‍ മാത്രമടങ്ങിയ ഭക്ഷണം കൂപ്പണ്‍ അടിസ്താനത്തില്‍ നല്‍കുന്ന ക്യാന്റീന്‍.

വിശാലമായൊരു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ നടുവിലൊരു ക്രിക്കറ്റ് പിച്ച്, ആ‍വശ്യാനുസരണം കൊണ്‍ഫിഗര്‍ ചെയ്ത് തലപ്പത്, കുട്ടിയും കോലും, ഏറുപന്ത്, ഓടിച്ചു പിടുത്തം മുതലായവയും കളിക്കാവുന്നതാണ്.

എന്തിനാ വെറുതെ സ്വന്തം തുണിയിലെ ചളി “വേസ്റ്റ്” ആക്കി കഴുകി കളയുന്നത് എന്നു വിചാരിച്ചും, വസ്ത്രങ്ങളുടെ ലൈഫ്റ്റൈം കൂട്ടുക എന്ന ഉദ്ദേശങ്ങളുള്ളതുകൊണ്ടും തുണി അലക്കുന്നതിനോട് ക്യാമ്പസിലുള്ളവര്‍ക്ക് വല്ല്യ താല്പര്യം ഇല്ലായിരുന്നു.
“ഹൊ...നാറുന്നെടാ. എതു വല്ലിടത്തും കൊണ്ടുപൊയി കത്തിച്ചു കള” എന്നു വല്ലവരും പറഞ്ഞാല്‍ മാത്രം അരബക്കറ്റ് വെള്ളത്തില്‍ രണ്ടു രൂപായുടെ സര്‍ഫ് എക്സല്‍ സാഷെ പാക്കറ്റ് പൊട്ടിച്ചിട്ട് അര മണിക്കുര്‍ കുതിര്‍പിച്ച് പേരിനൊന്നു കൂത്തിപിഴിയാന്‍ മൂന്ന് അലക്കു കല്ലുകള്‍, തുണി ഉണങ്ങാന്‍ ബി എസ് എന്‍ എല്‍ കണക്ഷന്‍ കൊടുത്തിട്ട് ഉപേക്ഷിചു പോയ വയറുകള്‍കൊണ്ടു ഉണ്ടാക്കിയ അയകള്‍ എന്നിവ ബോയ്സ് ഹോസ്റ്റലിന്റെ പിന്‍ഭാഗത്ത്.

വളരെ വിരളമാണെങ്കിലും ക്യാമ്പസില്‍ ഉള്ള പെയറുകള്‍ക്ക് തങ്ങളുടെ ഹണിമൂണ്‍ സ്പോട്ട്, ഭാവി സന്താനങ്ങളുടെ പേര്, കുടുമ്പാസൂത്രണ വിദ്യകളും തത്വങ്ങളും മുതലായ വിഷയങള്‍ സ്വസ്തമായിരുന്ന് ഡിസ്ക്കസ് ചെയ്യാന്‍ ഓഡിറ്റോറിയത്തിനു മുമ്പിലെ പടികള്‍‍, കന്റീനിലെ കോര്‍ണേര്‍സ്, മരച്ചുവടുകള്‍.

പിന്നെ അത്ര പ്രാധാന്യമില്ലാത്ത ഓഫ്ഫീസ്സ്/ക്ലാസ്സ് റൂംസ്/ലാബ്സ് അടങ്ങിയ അഡ്മിനിസ്റ്റ്രേഷന്‍ ബില്‍ഡിങ്ങും ഒരു ഇമ്പാക്റ്റ് ബില്‍ഡിങ്ങും.

“നീ എവിടുന്നാടാ വരുന്നെ, നിന്റെ പേരെന്തുവാടാ? ഞാന്‍ തിരുവല്ലായീന്നാ”
“അന്റെ ബീട് കോയിക്കോടാ, ജ്ജ് ഏട്ന്നാ?”
“എന്തുട്രാ ശപിയെ, നൊം ത്രുശ്ശൂറ്ന്നാ”
എന്നെ പോലെ കേരളത്തിന്റെ ബാക്കി നിയോജക മണ്ഡലത്തില്‍ നിന്നുമെത്തിയ ചുള്ളന്മാര്‍ സെല്‍ഫ് ഇന്റ്രൊഡക്ഷന്‍ നടത്തുന്ന സ്തലത്തേക്കു ഞാനും ജോയിന്‍ ചെയ്തു.

പെട്ടെന്നാണതുസംഭവിച്ചത്.... (തുടരും)