Saturday, November 15, 2008

എന്നീസി ചരിതം 4 (റെസ്റ്റ് ഓഫ് റോപ്പിന്‍)

ചരിതം ഇതു വരെ.(ഇതൊരു തുടര്‍ക്കഥ അല്ല. പക്ഷെ പറയുമ്പൊ എല്ലാം പറയണവല്ലോ)

ഔദ്യോഗികമായി എന്നീസി ഒരു എഞ്ചീനീയറിങ്ങ് കോളേജ് അല്ലെങ്കിലും എഞ്ചീനീയറിങ്ങ് കഴിഞ്ഞിറങ്ങുന്ന ഒരുത്തനോട് കട്ടക്ക് നില്‍‌കാനുള്ള കപാസിറ്റി ഓരോ എന്നീസി പ്രൊഡക്ടിനും ഉണ്ട്. (ഇല്ലേ?) കോഴ്സിലെ വ്യതസ്തത തന്നെ ആയിരുന്നു അതിന് കാരണം. "Theory and practice is the essense of good Engineering" എന്നതായിരുന്നു കോഴ്സിന്റെ ഒരു ലൈന്‍. പ്രാധാന്യം കൂടുതല്‍ പ്രാക്‌ടിക്കലിന്. 40:60 ratio.

കോഴ്സ് തുടങ്ങുന്നത് റോപ്പിന്‍ എന്നൊരു കലാ പരിപാടിയോട് കൂടി. തപാല്‍ വഴി നീന്താന്‍ പഠിപ്പിക്കുന്നതുപോലെ ഒരു റാപിഡ് ഇന്‍‌ഡക്ഷന്‍ ട്രേയിനിങ്ങ്. രാവിലെ അഞ്ച് മണി മുതല്‍ രാത്രി പത്ത് പത്തര വരെ നിന്ന് തിരിയാന്‍ സമയമുണ്ടാവില്ല. എണീറ്റാ ഉടനെ ഓട്ടം, കായിക അഭ്യാസങ്ങള്‍, യോഗ, ക്യാമല്‍ വാക്ക്, മെമ്മറി ടെസ്റ്റ്, കോലെ കുത്തി ചാട്ടം വരെയുള്ള തരികിട പരിപാടികള്‍ കൂടാതെ പകല്‍ സമയത്ത് പല വിഷയത്തിലുമുള്ള ട്രയിനിങ്ങും.

നാട്ടിലെ കൊഴ പറിഞ്ഞ ടീമുകള്‍ മുതല്‍ പത്ത് കഴിഞ്ഞ് സെമിനാരിയില്‍ പോണം എന്ന് വിചാരിച്ചിരുന്ന ആത്മാക്കള്‍ വരെയുണ്ടാവും ഒരു ബാച്ചില്‍. കച്ചറകള്‍, ഡീസന്റ് പയ്യന്മാര്‍ (ഞാന്‍?‍), പഠിപ്പിസ്റ്റുകള്‍(സമയാസമയത്ത് അസൈന്മെന്റും റെക്കോര്‍ഡും സബ്‌മിറ്റ് ചെയ്യുന്നവര്‍), ആഭാസന്മാര്‍‍(ചുരിദാറിട്ട എന്തിനേം “ചരക്ക്“ അഥവാ “പീസ്“ എന്നഭിസംബോധന ചെയ്യുന്നവര്‍), ഒരലമ്പിനും നിക്കാത്തവര്‍, ടെന്‍ഡുല്‍ക്കര്‍മാര്‍, മറഡോണകള്‍, ഞരമ്പുകള്‍(പെമ്പിള്ളേരുടെ പുറകേ ഒലിപ്പിച്ച് നടക്കുന്നവര്‍‍)‍, എച്ചികള്‍ (വല്ലോന്റേം പേസ്റ്റും സ്പ്രേയും മാത്രം ഉപയോഗിച്ച് ജീവിക്കുന്നവര്‍)‍, ഇതിലൊന്നും താല്പര്യമില്ലാതെ തീറ്റയിലും ഉറക്കത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവര്(കഷ്ടപ്പെടാന്‍ വയ്യ, മടിയാണവര്‍ക്ക്)‍, വീട്ടില് സ്വന്തമായി കാറുള്ളവര്, കുടുമ്പത്തിന്റെ ആധാരം പണയം വച്ച് ഫീസ് അടക്കുന്നവര്, ബുദ്ധിജീവികള്‍ (തലക്കകത്ത് തെറ്റില്ലാത്ത ആള്‍പാര്‍പ്പുള്ളവര്‍)‍, അസൂയ/കുശുമ്പ്/കുന്നായ്മക്കാര്‍, നാച്ചുറല്‍ ബ്യൂട്ടികള്‍‍, ഫെയര്‍ ആന്റ് ലവ്ലി വച്ച് അഡ്ജസ്റ്റ് ചെയ്യുന്നവര്‍. അങ്ങിനെ അങ്ങിനെ ഒരു തലമുറയിലെ എല്ലാ സ്പെസിമെന്‍സിന്റെയും ഓരോ സാമ്പിള് വെച്ചുള്ള ഒരു മിശ്രിതം, കടലിലെ കണ്ടന്റ്സ് പോലെ, ചേച്ചി മെസ്സിലെ സാമ്പാറ് പോലെ-എന്റെ ബാച്ച്.

ഇങ്ങനെ പല തരത്തിലും ഗുണത്തിലുമുള്ള തല തെറിച്ച ആമ്പിള്ളേരെ മെരുക്കിയും, നാണം കുണുങ്ങി പെമ്പിള്ളേരെ സ്മാര്‍ട്ടാക്കിയും പതിനഞ്ചാമത്തെ ദിവസം കാര്‍ന്നോമ്മാരുടെ മുമ്പില്‍ ഇത് സ്വന്തം മക്കള് തന്നെയോ എന്നോര്‍ത്ത് മൂക്കത്ത് വിരല് വെച്ച് പോകുന്ന അമ്പരിപ്പിക്കുന്ന അരങ്ങേറ്റം സ്റ്റേജില്‍ കാഴ്ച് വെക്കുന്നതോടെ റോപ്പിന്‍ ശുഭം. ഇനിയങ്ങോട്ടാണ് ശരിയായ എന്നീസിയന്‍ ലൈഫ്.

ജൂനിയേഴ്സിനു മാത്രമായി ക്യാമ്പസില്‍ നിലനിന്നിരുന്ന എഴുതപ്പെടാത്ത നിയമങ്ങളിലേക്കും അവ ലംഘിച്ചാലുണ്ടാകവുന്ന വളരെ മ്രുഗീയവും പൈശാചികവുമായ (കട്: എ കെ ആന്റണി) ശിക്ഷാരീതികളിലേക്കും ഒരെത്തിനോട്ടം...

1. ക്യാമ്പസിലെ സകല ചപ്പിനേം ചവറിനേം മണ്ടനേം മരമാക്രീനേം സാര്‍ അഥവാ മാഡം എന്ന് ചേര്‍ത്ത് വിളിക്കണം (ഗതികേട്!!!)

2. മാത്രുഭാഷ മറന്നേക്കുക. ചിന്തിക്കുന്നതും സംസാരിക്കുന്നതും സ്വപ്നം കാണുന്നതും എന്തിന് കൂര്‍ക്കം വലിക്കുന്നത് പോലും എങ്ക്ലീഷിലായിരിക്കണം.

3.ജൂനിയേഴ്സ് നേര്‍ വഴിക്ക് മാത്രം സഞ്ചരിക്കുക. എന്നു വെച്ചാ സിമന്റ് ബ്ലോക്ക്സ് പതിപ്പിച്ച് പാത് വേയില്‍ കൂടി മാത്രം നടക്കുക. ഷോര്‍ട്ട് കട്ട് പാടില്ല.

4. ഡ്രസ്സിങ്ങിന്റെ കാര്യത്തില്‍ ഒരു പ്രെത്യേക ശുഷ്കാന്തി ഉണ്ടായിരുന്നു. ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്തിരിക്കണം, ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ കൈ മടക്കി വെച്ചാല്‍ അത് വമ്പന്‍ പോക്രിത്തരവും സീനിയേഴ്സിനോടുള്ള അനാദരവിനേയും സൂചിപ്പിക്കുന്നു. കാലി ചായ കുടിക്കാന്‍ ക്യാന്റീനില്‍ പോണെങ്കിലും ഫോര്‍മത്സ് നിര്‍ബന്ധം വിത്ത് പോളിഷ്ഡ് ലെതര്‍ ഷൂസ്. (ശല്യങ്ങള്)

5. ബാസ്കറ്റ് ബോള്‍ കോര്‍ട്ട് അതി വിശുദ്ധ സ്ഥലമാണ്. അതു മുറിച്ചു കടക്കാന്‍ പാടില്ല, ഷൂ ഇട്ട് മാത്രം കോര്‍ട്ടില്‍ കയറുക.

6. എന്തൊക്കെ സംഭവിച്ചാലും പണിഷ്മെന്റ് കിട്ടിയാലും കരയാന്‍ പാടില്ല. എങ്ങാനും കണ്ട്രോള് പോയി കരഞ്ഞാല്‍ കരഞ്ഞ് കരഞ്ഞ് 20 ലിറ്ററിന്റെ ഒരു ബക്കറ്റ് നിറയ്ക്കണം(ഇത് പൊതുവേ പെണ്‍കുട്ടികള്‍ക്കാണ് ബാധകം)

7. സീനിയേഴ്സിനു തുണി അലക്കാനുള്ള സോപ്പ് പോടി(നക്കികള്‍, 10 രൂപ സ്വന്തം പോക്കെറ്റീന്ന് ചിലവാക്കാന്‍ ചങ്ക് പറിച്ച് കൊടുക്കുന്ന വേദനയാ.), കൂളിക്കാന്‍ പിയേഴ്സ്(അങ്ങിനെ സ്വഭാവമുള്ളവരാണെങ്കില്‍), പല്ല് തേക്കാന്‍ കോള്‍ഗേറ്റ്, പാരചൂട്, (കെട്ടി ചാടാനല്ല, തലേ തേക്കാന്‍), വെക്കേഷന്‍ കഴിഞ്ഞ് വരുമ്പോ വാഴയ്ക്കാ വറുത്തത്, ഹലുവ, അവിലോസുണ്ട, എള്ളുണ്ട, ഇനിയിപ്പോ ക്രിസ്മസിനോ ഈസ്റ്ററിനോ ആണ് നാട്ടി പോണതെങ്കി കള്ളപ്പവും കോഴിയിറച്ചിയും വരെ പാഴ്സലാക്കി കൊണ്ട് കൊടുക്കുക.

8. ക്ലാസ്സിലെ പിടകളോട് ഒരു നിര്‍ദ്ദിഷ്ട ദൂരം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. സ്വന്തം ബാച്ചിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നത് കണ്ടാല്‍ ചില ഞരമ്പ് സീനിയേഴ്സിന് ചൊറിയും.(അസൂയ കൊണ്ട് പറയുകാണെന്ന് വിചാരിക്കരുത്!!!)

9. ആണ്‍കുട്ടികള്‍ ഷേവ് ചെയ്തിരിക്കണം. പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമില്ല. വേണമെങ്കില്‍ ആവാം.

10. റൂം വ്രുത്തിയായി സൂക്ഷിക്കുക, സീനിയേഴ്സിന്റെ ലാബ് റെക്കോര്‍ഡ് എഴുതിയും പടം വരച്ചും കൊടുക്കുക, (വിവരമുള്ള ആമ്പിള്ളേരുടെ നോക്കി പകര്‍ത്തിയെഴുത്ത്), റൂമിലെ സീനിയേഴ്സിന്റെ കപ്പാസിറ്റി അനുസരിച്ച് രണ്ട് ലിറ്റര്‍ പെപ്സി കുപ്പി നിറച്ച് പാല്, പഴം, ചപ്പാത്തി തുടങ്ങിയവ ദിവസോം രാത്രി കൊണ്ടെ കൊടുക്കുക. (ഇതൊക്കെ ക്യാന്റീനില്‍ കിട്ടും)

11. എവിടെ പോകാനാണെങ്കിലും എല്ലാവനും എത്തി എന്ന് എണ്ണം ഉറപ്പ് വരുത്തി ക്യൂ നിന്ന് മാത്രം പോവുക. അതും ഹൈറ്റ് ഓര്‍ഡറില്‍. (ഇപ്പോ ഇത്രയേ ഓര്‍ക്കുന്നുള്ളൂ)

മുകളില്‍ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് പിഴച്ചാല്‍, പിടിക്കപെട്ടാല്‍, പിടിക്കുന്ന സീനിയറിന്റെ മൂഡ് അനുസരിച്ച് താഴെ പറയുന്നവയില്‍ എന്തെങ്കിലുമൊക്കെ കിട്ടിയിരിക്കും. എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് നീയും ഇഷ്ടപ്പെടണം എന്ന് പറയുന്നവന്റെ ഈഗോ, ഞാന്‍ ഇങ്ങിനെയാണ് അതു കൊണ്ട് നീയും ഇങ്ങിനെ തന്നെ ആയാ മതി എന്നു പറയുന്നവന്റെ കോമ്പ്ലക്സ്, ഞങ്ങളിതൊക്കെ അനുഭവിച്ചതാ അതോണ്ട് നിങ്ങളും അനുഭവിക്കുക എന്ന് പറയുന്നവന്റെ ദാര്‍ഷ്ട്യത. ഇതായിരുന്നു ഓരോ പണിഷ്‌മെന്റിന്റേം പിന്നിലെ മനശാസ്ത്രം.

27 റൂം മോപ്പിങ്ങ് (നിലം തുടയ്ക്കല്‍), കൊറിഡോര്‍ മോപ്പിങ്ങ്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് മോപ്പിങ്ങ്. ഇതിലേതെങ്കിലും ഒന്നോ എല്ലാം ചേര്‍ത്തോ, എല്ലാം ചേര്‍ത്ത് ഒരു മാസത്തേക്ക് തുടര്‍ച്ചയായോ കിട്ടാം. ബാസ്കറ്റ് ബോള്‍ കോര്‍ട്ട് ആണ് കിട്ടുന്നതെങ്കില്‍ അത് അക്രമമായിരിക്കും. കാരണം ബാസ്കറ്റ് ബോള്‍ കോര്‍ട്ട് തുടക്കേണ്ട സമയം വെളുപ്പിനെ നാലരക്ക് മുടിഞ്ഞ തണുപ്പിന്. ലോകത്തിലെ പരമമായ സുഖങ്ങളിലൊന്നാണ് വെളുപ്പാന്‍ കാലത്ത് മൂത്രമൊഴിച്ച് പിന്നേം കമ്പിളി പുതച്ച് കിടന്നുറങ്ങുക എന്നുള്ളത്. കട്ടിലിനോടും പുതപ്പിനോടും ഇത്രയും ആക്രാന്തം തോന്നുന്ന സമയം വേറെയുണ്ടാവില്ല. (കല്യാണം കഴിച്ചവര്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കില്‍ ഞാനുത്തരവാദിയല്ല) ദൈവം പൊറുക്കുവോ? ദൈവം പൊറുത്താലും ഇത് കിട്ടുന്നവന്‍ പോറുക്കില്ല. അതുകൊണ്ടാണ് പണിഷ്മെന്റ് കിട്ടിയ ഒരുത്തന്‍ പണി കൊടുത്ത സീനിയറിന്റെ യൂണിഫോം ഏടുത്ത് തന്നെ മോപ്പ് ചെയ്തു ആളറിയാതെ തിരിച്ച് റൂമില്‍ കൊണ്ടിട്ടു. ഉറക്കം വിട്ടെണീറ്റ സീനിയര്‍ കണ്ടത് തേച്ച് വച്ചിരുന്ന് ഷര്‍ട്ടിന് പകരം ചളിയില്‍ മുക്കി പിഴിഞ്ഞ ഒരു പഴന്തുണി പീസ്!!!

ക്യാമ്പസ് ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്. ബോയ്സ് ഹോസ്റ്റലിന്റെ വാതില്‍ക്കല്‍ നിന്നുള്ള വ്യൂ.(പിന്നീടിത് ഗേള്‍സ് ഹോസ്റ്റലായി, പിന്നെയും വേറെന്തൊക്കെയോ ആയി!!!)
ചെസ് ബോര്‍ഡ് മോപ്പിങ്ങ്. ആദ്യം തന്നെ നിങ്ങള്‍ തുടക്കാനുദ്ദേശിക്കുന്ന സ്ഥലം ചെസ്സ് ബോര്‍ഡിലെ കോളങ്ങല്‍ പോലെ ചെറിയ ചെറിയ കളങ്ങളായി തിരിക്കുക. അതിന്റെ ഒന്നിടവിട്ടുള്ള കോളങ്ങല്‍ മാത്രം തുടക്കുക. എല്ലാം കഴിഞ്ഞ് നിലത്ത് നോക്കിയാ ചെറിയ ചെറിയ കോളങ്ങല്‍ വ്യക്തമായി തെളിഞ്ഞ് കണ്ടിരിക്കണം. ഇല്ലെങ്കില്‍ കാണുന്നിടം വരെ തുടരുക.

ഇമാജിനറി ചെയര്‍. പോലീസ് മുറയാണ്. ഒരു കസേര ഉണ്ടെന്ന് കരുതി അന്തരീക്ഷത്തില്‍ ഇരിക്കുക. രാജകീയമായിട്ടാണെങ്കില്‍ കാലിമ്മേ കാല് കയറ്റി വച്ച് ഒറ്റക്കാലില്‍ ഇരിക്കുക. (നല്ല സുഖമായിരിക്കും, അനുഭവിച്ചവര്‍ക്കറിയാം അതിന്റെ ഗുണം)

“ദെങ്കുതാ നീ കൊടക്ക”ഇതൊരു തെലുങ്കന്‍ കണ്ട് പിടിച്ച ഐറ്റമാണ്. (തെലുങ്ക് അറിയാവന്നവരോട് ഇത് പറയാന്‍ നിക്കരുത്, സ്വന്തം ശരീരത്തിന് അത് ദോഷം ചെയ്യും). പഴത്തൊലി കൊണ്ടൊരു ഐറ്റമാണിത്. തിന്ന പഴത്തിന്റെ തൊലി നിലത്തിട്ട് സ്വല്പം പിന്നിലേക്ക് നടക്കുക. പിന്നെ ഒന്നുമറിയാത്തതുപോലെ നടന്ന് വന്ന് പഴത്തൊലിയില്‍ ചവിട്ടി വീഴുക. വെറുതേ വീണാല്‍ പോര, നല്ല ഒറിജിനാലിറ്റി ഉണ്ടാവണം. ഇല്ലെങ്കില്‍ ഒറിജിനാലിറ്റി വരുന്നത് വരെ ഇങ്ങനെ
വീണുകൊണ്ടിരിക്കേണ്ടി വരും. കൂരയും ഇടിച്ച് പെടച്ച് കുത്തി വീഴുന്നത് കാണാന്‍ നല്ല രസമാണ്, ചെയ്യിക്കുന്നവര്‍ക്ക്.

ജിക്സോ പസ്സില്‍: രാഷ്ട്രദീപിക സിനിമയിലെ ലാസ്റ്റ് പേജിലുള്ള പോലത്തെ ഒരു പീസിന്റെ പടം ചെറിയ ചെറിയ പീസുകളാക്കി മുറിക്കുക. അത് ഫാനിന്റെ നേരെ താഴെയുള്ള മേശയില്‍ കൂട്ടി വെച്ച് സീനിയര്‍ ഫാനിന്റെ സ്പീഡ് ഒന്ന് മുതല്‍ അഞ്ച് വരെ ഇഷ്ടമുള്ളത് സെറ്റ് ചെയ്യും. നമ്മള്‍ ചെയ്യേണ്ടതിത്ര മാത്രം: കറങ്ങുന്ന ഫാനിന്റെ താഴെ നിന്നും പീസ് പടം
പൂര്‍വസ്ഥിതിയിലാക്കുക. ഇത് വളരെ ഇന്ററസ്റ്റിങ്ങ് ആയിരിക്കും, കാണുന്നവര്‍ക്ക്.

ഓവറായിട്ട് വെറുപ്പിക്കുന്നവര്‍ക്ക് തങ്ങളെ കൊണ്ട് പറ്റുന്ന പോലെ ജൂനിയേഴ്സും തിരിച്ച് പണി കൊടുത്തിരുന്നു. കട്ടിലിന് ഇലക്ട്രിക്ക് കണക്ഷന്‍ കൊടുക്കുക, പാലില്‍ തുപ്പുക, ചപ്പാത്തി നിലത്തുരച്ച് കൊടുക്കുക, സീനിയേഴ്സിന് കൊടുക്കുന്ന ഈറ്റബിള്‍സില്‍ സോപ്പ് പൊടി മിക്സ് ചെയ്യുക മുതലായ പലതും. ഹും നെട്ടൂരാനോടാണോടാ കളി?(കട്: മിമിക്സ് ഷോ)

മുഖത്ത് ചിരിയും മനസില്‍ തെറിയുമായി പ്രൊജക്റ്റ് മാനേജരും എഞ്ചീനീയറും പോലെ പറ്റുകാരനും പലചരക്ക് കടക്കാരനും പോലെ ഒരാത്മബന്ധം നിലനിര്‍ത്തി ജൂനിയര്‍-സീനിയര്‍ അങ്ങിനെ അര്‍മാദിച്ച് ജീവിച്ച് പോന്നു.

(തീര്‍ന്നിട്ടില്ല)

[ഡിസ് കൈമള്‍: തുടങ്ങിയപ്പോ ഒടുക്കത്തെ ശുഷ്ക്കാന്തിയും ചോറുണ്ടില്ലെങ്കിലും ബ്ലോഗ് എഴുതണം എന്ന വിചാരവുമായി നടന്ന കാലത്ത് ഓരോ എന്നീസി സംഭവങ്ങളും ചികഞ്ഞെടുത്ത് ഉപ്പും മുളകും ചേര്‍ത്ത് ഒരു നോണ്‍ സ്റ്റോപ്പ് സീരീസ് തന്നെ പെടയ്ക്കണം എന്ന് കരുതി തുടങ്ങിയതാണ്. കാലം മാറി, കമ്പനി മാറി. ചോറിനോടുള്ള കൂറ് കൊണ്ടും കരിയര്‍ ഡെവലപ്പ് ചെയ്തില്ലെങ്കില്‍ കുടുമ്പം കോഞ്ഞാട്ടയാവും എന്നറിഞ്ഞത് കൊണ്ടും ആരംഭശൂരത തുടക്കത്തിലെ കെട്ടടങ്ങി. ഇനിയങ്ങോട്ട്
സമയം കിട്ടുന്നതനുസരിച്ച് തുടരും, മലയെത്ര മറിക്കാന്‍ കിടക്കുന്നു!!!]

Tuesday, October 14, 2008

വരൂ, ബ്ലോഗറോട് സംസാരിക്കൂ...

ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് BBC യും CNN നും പ്രശസ്ത ബ്ലോഗര്‍ ടോംകിഡുമായി നടത്തിയ ഇന്റര്‍വ്യൂവിന്റെ പ്രശസ്ത ഭാഗം ഇങ്ക്ലീഷ് അറിയാമ്പാടില്ലാത്ത ദാരിദ്രവാസികള്‍ക്ക് വേണ്ടി മലയാളത്തില്‍...

ചോദ്യം: എന്തുകൊണ്ടാണ് താങ്കള്‍ കുറേ കാലമായി ബ്ലോഗില്‍ നിന്നും വിട്ട് നിന്നത്?
ഉത്തരം: റേഷന്‍ വാങ്ങാന്‍ കാശ് വേണ്ടെ.ബ്ലോഗും കമന്റുകളും ഒരു കലത്തിലിട്ട് പുഴുങ്ങിയാല്‍ കഞ്ഞിയാവില്ലല്ലോ


ചോ: താങ്കള്‍ ബ്ലോഗ് നിര്‍ത്തിയത് കൊണ്ട് മാത്രം CPM കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി, IT ഫീല്‍ഡ് മൊത്തത്തില്‍ ഡൌണ്‍ ആയി, ഡോളറിന് വിലയിടിഞ്ഞു, മീങ്കാരി ജാനു എലിപ്പനി വന്ന് തീര്‍ന്നു, കപ്പക്കാട്ടിലീപ്പന്റെ തെങ്ങ് ഇടിവെട്ടി പോയി, ബത്തേരിക്കടുത്തൊരു കൊടിച്ചി പട്ടി പള്‍സറ് കേറി ചത്തു. എന്തിനായിരുന്നു ഈ കൊടും ക്രൂരത?

ഉ: ബേസിക്കലി ടൈമില്ലായിരുന്നു ഒന്നിനും. “നായ ഓടിയിട്ടൊരു കാര്യോവില്ല, ഓട്ടം കൊണ്ടൊരു നേട്ടോവില്ല“ എന്ന് പറഞ്ഞപോലെ ആയിരുന്നു അവസ്ഥ.


ചോ: തിരക്കിന് കാരണം?

ഉ: ലോകത്തിലുള്ള സകല വിമാന കമ്പനികള്‍ക്കും കരാറെടുത്ത് വിമാനവും അതിന് വേണ്ട സ്പെയര്‍ പാര്‍ട്സും ഡിസൈന്‍ ചെയ്ത് കൊടുക്കുന്ന ഒരു കമ്പനിയില്‍ നിന്നൊരു ഓഫര്‍. ബോയിങ്ങിനും എയര്‍ ബസിനും വേണ്ടി പുതിയ പുതിയ ഫ്ലൈറ്റുകള്‍ ഡിസൈന്‍ ചെയ്യല്‍, ദിവസോം രണ്ടും മൂന്നും ഫ്ലൈറ്റ് വരെ ഡിസൈന്‍ ചെയ്ത സമയമുണ്ട്.



ചോ: റിയലീ? താങ്കള്‍ എങ്ങനെയാണ് ഒരു വിമാനം ഡിസൈന്‍ ചെയ്യുന്നത്?

ഉ: സിമ്പിളല്ലേ? ഒരു വിമാനത്തിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങള്‍: ഒരു A3 ഷീറ്റോ A4 ഷീറ്റൊ (പാസഞ്ചേര്‍സിന്റെ എണ്ണമനുസരിച്ച് എടുകുക) ഒരു റബര്‍ ബാന്‍ഡും ബ്ലേഡും ധാരാളം. സ്കെച്ച് പേന ഉപയോഗിച്ച് നിങ്ങളുടെ ഫ്ലൈറ്റ് കൂടുതല്‍ മനോഹരമാക്കാം



ചോ: താങ്കള്‍ ഈ ഫീല്‍ഡില്‍ ഇറങ്ങിയതോടെ LIC കാരുടെ വരുമാനം കൂടി എന്ന് കേട്ടു?

ഉ: വീട്ടുകാരെങ്കിലും രക്ഷപെട്ടോട്ടെ എന്ന് കരുതി കാണും യാത്രക്കാര്‍.



ചോ: ഇപ്പൊ പിന്നേം ബ്ലോഗ് തുടങ്ങാന്‍ കാരണം?

ഉ: ഇപ്പൊ സ്വന്തമായി ലാപ് റ്റോപ്പും റൂമില്‍ ഇന്റെര്‍നെറ്റും ഉണ്ട് (ജീവിതം പുരോഗമിച്ചു). ഒറ്റക്കാണ് താമസം. സോ...വേറെ പണിയൊന്നുമില്ല. പിന്നെ കാശ് മുടക്കില്ലാതെ പബ്ലിസിറ്റിയും കിട്ടും.



ചോ: വേറെ പണിയൊന്നുമില്ലെങ്കില്‍ വല്ല പറമ്പ് കിളക്കാനെങ്കിലും പൊക്കൂടെ? പത്ത് കാശെങ്കിലും കിട്ടും. മനുഷ്യന് ഉപകാരം ഉള്ള വല്ല കാര്യവും ചെയ്യ് ഹേ..

ഉ: മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ലല്ലോ ജീവിക്കുന്നത്. മൊട്ടക്കറീം വേണ്ടെ?


ചോ: ഇനീം തുടര്‍ന്ന് എഴുതുവൊ?

ഉ: എന്തിനാ പോലും?


ചോ: വായിക്കാതിരിക്കാ‍നാ

ഉ: ആക്കല്ലേ, ആക്കല്ലേ...ഒത്തിരി അങ്ങ് ഒണ്ടാക്കല്ലേ. സമയവും സൌകര്യവും കിട്ടിയാ എഴുതും. സൌകര്യമുള്ളവര്‍ വായിക്കുക. സൌകര്യമുള്ളവര്‍ കമന്റിടുക. ആര് വായിച്ചാലും ഇല്ലെങ്കിലും കമന്റിട്ടാലും ഇല്ലെങ്കിലും ഞാനെഴുതും.


ചോ: കലിപ്പിലാണെന്ന് തോന്നുന്നു?

ഉ: അങ്ങനെ തോന്നുന്നത് എന്റെ കുറ്റമല്ല.


ചോ: “വാളെടുത്തവനെല്ലാം വെളിച്ചപ്പാട്, നാലക്ഷരം കൂട്ടി എഴുതുന്നവനെല്ലാം കവി“ ഇതാണിപ്പൊ മലയാള ബ്ലോഗിന്റെ അവസ്ഥ. കൊടകരയും ചില്ലറയും ബെര്‍ളിയും പോലെയുള്ളവരുടെ ചുവട് പിടിച്ച് താങ്കളെ പോലുള്ള ലൊട്ട് ലൊടുക്ക് ബ്ലോഗേര്‍സ് ആണ് ബ്ലോഗിന്റെ നിലവാരം കുറക്കുന്നതെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവുമോ?

ഉ: ഞാന്‍ ഒന്ന് ചോദിച്ചോട്ടെ? നമ്മുടെ നാട്ടില്‍ യേശുദാസിന് മാത്രം പാട്ട് പാടിയാ മതിയൊ? കൊതുകിനും കാണില്ലേ ക്രിമികടി.


ചോ: താങ്കള്‍ പലയിടത്ത് നിന്നും കോപ്പി അടിച്ച് എഡിറ്റ് ചെയ്താണ് പുതിയ ബ്ലോഗ് ഒപ്പിക്കുന്നതെന്ന് ജനം പറയുന്നതില്‍ എത്ര മാത്രം സത്യമുണ്ട്?

ഉ: പട്ടിയിറച്ചി ചിക്കന്‍ മസാല ഉപയോഗിച്ച് കറി വെച്ചാ ചിക്കന്‍ കറി ആവോ?


ചോ: മനസിലായില്ല...

ഉ: അത് താങ്കളുടെ വിദ്യാഭാസക്കുറവ്


ചോ: നിലവാരം കുറഞ്ഞ തമാശകള്‍ ആണല്ലോ താങ്കളുടെ ബ്ലോഗ് മുഴുവന്‍?

ഉ: നിലവാരം ഉള്ള സാധനങ്ങള്‍ ആണ് താങ്കള്‍ക്ക് വേണ്ടതെങ്കില്‍ പദ്മരാജന്റെയോ എം ടി വാസുദേവന്‍ നായരുടേയൊ ഓ വി വിജയന്റെയോ ബുക്ക് വാങ്ങി വായിക്കണം


ചോ: താങ്കള്‍ ഇങ്ക്ലീഷിലും അഭ്യാസം തുടങ്ങിയെന്ന് കേട്ടു. എന്തിനായിരുന്നു അത്?

ഉ: ഓരോ സമയത്ത് ഓരോ കഴപ്പ്


ചോ: പറ്റുന്ന പണിക്ക് പോയാ പോരെ? അറിയാമ്പാടില്ലാത്ത ഭാഷേലാ എഴുത്തും കുത്തും?

ഉ: എനിക്ക് ഇങ്ക്ലീഷ് അറിയാമ്പാടില്ലെന്ന് പറഞ്ഞവനെ തല്ലണം. എന്റെ നാട്ടില്‍ (ചട്ടിവയലില്‍) എല്ലാരും ഇങ്ക്ലീഷ് ആണ് സംസാരിക്കുന്നത്. വെള്ളമടിച്ച് ചട്ടിവയല്‍ അങ്ങാടീ കെടന്ന് അലമ്പുണ്ടാക്കിയ ഓട്ടോ ഡ്രൈവര്‍ സുരേഷിനോട് തെങ്ങ് കേറുന്ന ചാത്തപ്പന്‍ ചേട്ടന്‍ ഇങ്ങനെയാണ് പ്രതികരിച്ചത് “You hairs, if you drink water, then you have to lie in stomach,
dont go to climb someone's chest” പുള്ളിക്കാരന്‍ ഉദ്ദേശിച്ചത് “എടാ മ‌‌‌__രുകളെ വെള്ളമടിച്ചാല്‍ വയറ്റി കിടക്കണം, വല്ലോന്റെം നെഞ്ചത്ത് കേറാന്‍ പോവരുത്“ എന്നാണ്. എന്തിന് പശൂനെ കറക്കാന്‍ വരുന്ന തങ്കമണി “I am going to rotate the cow” എന്ന് പറയുന്നത് കേട്ടാണ് ഞാന്‍ ദിവസവും എണീറ്റിരുന്നത്.


ചോ: ബാങ്ക്ലൂരിലെ ഏറ്റവും വല്യ തമാശക്കാരന്‍ താങ്കളാണെന്ന് കേട്ടു?

ഉ: ശരിയായിരിക്കും. Humour Science ആയിരുനു കോളേജില്‍ എന്റെ മെയിന്‍.


ചോ: മൈസൂറില്‍ വളരെ ഡൌണ്‍ റ്റു എര്‍ത്ത് ആയിട്ടാണ് ജീവിച്ചിരുന്നതെന്നും ഇപ്പൊ ഭയങ്കര ജാഡയാണെന്നും കേട്ടു?

ഉ: മൈസൂറില്‍ ഞാന്‍ തറയിലാണ് കിടന്നുറങ്ങിയിരുന്നത്. ഇന്നെന്റെ കയില്‍ കാശുണ്ട്. കട്ടില് വാങ്ങി. അതുകൊണ്ടെനിക്ക് “ഡൌണ്‍ റ്റു എര്‍ത്ത്“ ആവണ്ട ആവശ്യമില്ല.


ചോ: ഓണ്‍സൈറ്റ് കിട്ടിയതോടെ നിങ്ങള്‍ ആവശ്യത്തിലധികം ഫോട്ടോസ് ഓര്‍കുട്ടില്‍ അപ് ലോഡ് ചെയ്ത് ആള്‍ക്കാര്‍ക്ക് ടെന്‍ഷന്‍ ഉണ്ടാക്കുകയും അത് മൂലം ബാങ്ക്ലൂരില്‍ പകുതിയിലധികം പേര്‍ക്ക് ഉറക്കം വരെ നഷ്ടപ്പെട്ടെന്ന് കേട്ടു?

ഉ: അഹങ്കരിക്കുക എന്നത് ഓണ്‍സൈറ്റുകാരുടെ ജന്മാവകാശമാണ്. ഓരോ ഫോട്ടോ എടുക്കുമ്പോഴും ഓര്‍കുട്ട് മാത്രമായിരുന്നു എന്റെ മനസില്‍. പിന്നെ എനിക്കൊന്നേ പറയാനുള്ളൂ “ഓണ്‍സൈറ്റ് കിട്ടിയവരേയും വിമാനത്തില്‍ കയറി പോയവരെയും പോയവരെയും ബഹുമാനിക്കാന്‍ പഠിക്ക്.“


ചോ: വിവാഹത്തെപറ്റി?

ഉ: കഴിക്കണമെന്നുണ്ട്


ചോ: പിന്നെന്താ ഒരു താമസം?

ഉ: സത്യം പറയാമല്ലോ ബാങ്ക്ലൂരിലെ സകല പെമ്പിള്ളേരും എന്നെ കെട്ടണമെന്നും പറഞ്ഞ് പുറകേ നടക്കുകയാണ്. ഞാനാകെ കണ്‍ഫ്യൂഷനിലാ.


ചോ: ഫാവി ഫാര്യയേപറ്റിയുള്ള സങ്കല്പം?

ഉ: ഐശ്വര്യ റായീടെ അത്ര സൌന്ദര്യമില്ലെങ്കിലും കത്രീന കൈഫിനെകാലും ഒട്ടും കുറയരുത്.


ചോ: അത് വല്ലതും നടക്കുവോ?

ഉ: ഏത്?


ചോ: അല്ല, കത്രീന കൈഫിനെ കെട്ടുന്നത്
ഉ: വല്ലവനും കൈയിട്ട് കുഴച്ച ചോറ് ഞാന്‍ ഉണ്ണാറില്ല!!!

ചോ: നസ്രാണികള്‍ പൊതുവേ സ്ത്രീധനത്തോട് ആക്രാന്തം ഉള്ള ടീമാണെന്ന് ആക്ഷേപമുണ്ടല്ലൊ. എന്താണ് താങ്കളുടെ നിലപാട്?

ഉ: സ്ത്രീധനത്തോട് എനിക്ക് തീരെ യോജിപ്പില്ല. വളരെ പ്രാക്രുതമായ ഒരേര്‍പ്പാടല്ലേ അത്? പക്ഷെ ഷെയര്‍. അത് കിട്ടിയിരിക്കണം. പത്ത് ലക്ഷവും ഹോണ്ട സിറ്റിയും ആണ് ഇപ്പൊഴതെ മാര്‍കറ്റ് വില. പെണ്ണ് രണ്ട് പെറ്റതാണെങ്കിലും കാശ് രൊക്കം കിട്ടിയിരിക്കണം. കാശുള്ളവന്‍ വെട്ടുവേം വിഴുങ്ങുവേം അതില്ലാത്തോന്‍ ഞൊട്ടുവേം ഞൊണയുവേം ചെയ്യും. ഏത് കോത്താഴതെ ത്രേസ്യ എന്തൊക്കെ പറഞ്ഞാലും.


ചോ: എന്താണ് താങ്കളുടെ ഹൈറ്റിന്റെ രഹസ്യം?

ഉ: ഒരു കാലത്ത് റബ്ബറിന്റെ വില വല്ലാണ്ട് ഇടിയുകയും വെട്ടുകാരന്റെ കൂലിക്കുള്ള കാശ് പോലും കിട്ടാതെ വരുന്ന അവസ്ഥയുണ്ടായിരുന്നു. അപ്പൊ റബര്‍ പാലും കോമ്പ്ലാനും കുടിച്ച് വീട്ടിന് മുന്നിലെ മാവില്‍ തൂങ്ങി കിടക്കുമായിരുന്നു. ഐ ആം എ കോമ്പ്ലാന്‍ ബോയി യൂ നോ?


ചോ: എന്താണ് താങ്കളുടെ ഫ്യൂച്ചര്‍ പ്ലാന്‍സ്?

ഉ: ഇനി കുറച്ച് നേരം കിടന്നുറങ്ങണം. വൈകിട്ട് എണീറ്റ് പറ്റിയാ ഒരു പടം കാണാന്‍ പോവും. എന്നിട്ട് ഭക്ഷണം കഴിച്ച് വീണ്ടും കിടന്നുറങ്ങും. അതാണെന്റെ ഭാവി പരിപാടി.


ചോ: താങ്കള്‍ ഇത്രയും പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടൊ?

ഉ: കുച്ച് നഹി