Friday, March 23, 2007

ബാല്ല്യം സുന്ദരം (പാര്‍ട്ട് വണ്‍)

കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒലിച്ച് പോവാത്ത, മനസ്സില്‍ നിന്നും മായാതെ കിടക്കുന്ന ചികഞ്ഞെടുത്ത ചില ബാല്ല്യ കാല സ്മരണകളിലേക്ക്.....

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനകാലഘട്ടം. “ചൈല്‍ഡ് ലേബര്‍“ അഥവാ ബാലവേലനിരോധനം എന്നൊരു കണ്‍സപ്റ്റ് ഇമ്പ്ലിമെന്റ് ചെയ്യുന്നതിനും വളരെ മുന്‍പ്. പശുവിനെ തീറ്റുക, മുറ്റത്തെ പുല്ല് പറിക്കുക, കശുവണ്ടി പെറുക്കുക, ഇഞ്ചി,മഞ്ഞള്‍,കപ്പ മുതലായവ നടുക, അടയ്ക്ക പെറുക്കുക, പൂച്ചെടികള്‍ നനയ്ക്കുക മുതലായ ‘ഭാരിച്ച‘ ജോലികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ചെയ്യേണ്ടി വന്ന എന്റെ ബാല്യകാലം.

ഇതില്‍ പശുവിനെ തീറ്റുക എന്നു വെച്ചാല്‍ നല്ല ഇളം പുല്ല് നോക്കി പറിച്ച്, സ്പൂണില്‍ വച്ച്
“ഇതു കഴിക്കെടി പശുമോളെ”
“നീ ഇത് കഴിച്ച് മുട്ടനാകണമെടാ മൂരികുട്ടാ”
എന്നൊക്കെ പറഞ്ഞ് അതിന്റെ അണ്ണാക്കിലേക്ക് വച്ച് തള്ളേണ്ട ആവശ്യമൊന്നുമില്ല. അതിന് വേണ്ടത് അതു തന്നെ നക്കി തുടച്ച് തിന്നോളും.

പിന്നെ പശുവിനെ “തീറ്റുക” എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ത്?

വിളഞ്ഞ പശുക്കള്‍ നമ്മളോട് വിളച്ചിലെടുക്കാതിരിക്കാന്‍ അതിന്റെ മൂക്ക് തുരന്ന് ഒരു കയറിട്ട് ആ കയറും അതിന്റെ കഴുത്തിന് ചുറ്റി വേറൊരു നീളമുള്ള കയറും കൂടി ഇട്ടിട്ടാണ് പശുവിനെ കണ്ട്രോളില്‍ നിര്‍ത്തുന്നത്. പശുവിനെ തീറ്റുക എന്ന് വെച്ചാല്‍ ഈ നീളമുള്ള കയ്യറ് ഊരി അതിനെ സ്വധേഷ്ടം മേയാന്‍ വിടുക. അങ്ങിനെ പശുവിനെ ഫുള്‍ ഫ്രീയായി വിടുമ്പൊ കപ്പ,വാഴ,ചേന മുതലായ ഇടവിളകള്‍ നശിപ്പിക്കാതെ നോക്കുക, അയല്‍വക്കത്തെ പറമ്പിലേക്ക് നുഴഞ്ഞ് കയറാനുള്ള പശുവിന്റെ തൊന്ന്യാസ
ടെണ്ടന്‍സികള്‍ തടയുക മാത്രമാണ് പശുവിനെ തീറ്റല്‍ കൊണ്ടുദ്ദേശിക്കുന്നത്. പശുവിനറിയില്ലല്ലോ തോടിനപ്പുറത്തെ അപ്പച്ചന്‍ ചേട്ടന്റെ പറമ്പിലെ പുല്ല് തനിക്കവകാശപ്പെട്ടതല്ലെന്ന്.

പിന്നെ കന്നുകാലികളെ തീറ്റാനെന്നും പറഞ്ഞ് പിള്ളേരെ പറമ്പിലേക്ക് പറഞ്ഞ് വിടാന്‍ വീട്ടുകാര്‍ക്ക് മറ്റൊരു കാരണം കൂടി ഉണ്ട്. അവധി ദിവസമാണെങ്കില്‍ സ്വന്തം വീട്ടിലെ പിള്ളേരുടെ കളക്ഷന്‍ കുറവായതുകൊണ്ട് അയല്‍ വക്കത്തെ വീടുകളിലെ വിളഞ്ഞ സന്താനങ്ങളും എന്റെ വീട്ടിലെത്തുമായിരുന്നു. ഈ പിള്ളേരു പട എല്ലാം കൂടി ചേര്‍ന്നാല്‍ പിന്നെ വീട്ടിലുള്ളവര്‍ക്ക് ഭയങ്കര
സ്വയിര്യ കേടാണ്. കാരണം ഒച്ചപ്പാട് തന്നെ. കാക്കകൂട്ടില്‍ കല്ലെടുത്തിട്ടതുപോലെയാണ്. അതോണ്ട് രാവിലത്തെ കാപ്പി കുടി കഴിഞ്ഞാല്‍
“ഇനി ഇവിടെക്കിടന്ന് ഒരെണ്ണം ഒച്ചയെടുത്ത് പോകരുത്...എല്ലാം കൂടി പറമ്പില്‍ പോയി പശൂനെ തീറ്റിക്കോണം” എന്ന ഓര്‍ഡര്‍ വരും.

അങ്ങിനെ ഒരു അവധി ദിവസം ഞാനും എന്റെ സ്വന്തം കൂടപിറപ്പും ഒരു “കസിന്‍” വക കൂടപിറപ്പും പിന്നെ അയല്‍ വക്കത്തെ “ക്യാന്‍ഡിഡേറ്റ്സെ”ല്ലാം കൂടി ഒരു ചുവന്ന പശുവും അതിന്റെ കിടാവും ആ ചുവന്ന പശുവിന്റെ പിന്‍ തലമുറക്കാരിയായ വേറൊരു പുള്ളി പശുവും അതിന്റെ കിടാവും ചേര്‍ന്ന ജന്തു വര്‍ഗത്തില്‍ പെട്ട നാലു പേരും മനുഷ്യകുഞ്ഞുങ്ങളായ ആറു പേരും ജന്തുവര്‍ഗത്തെ തീറ്റാനായി വീടിനു താഴെയുള്ള പൊയിലിനടുത്ത് എത്തി. വീട്ടില്‍ നിന്നും ഒരു കൈയേറു ദൂരം മാത്രം.

ഇങ്ങനെയുള്ള അവസരങ്ങളില്‍ പശുവിനോട് “നിനക്കിഷ്ടമുള്ളതെന്തും പോയി തിന്ന് വയറ് നറച്ചോളൂ“ന്നും പറഞ്ഞ് അതിനെ അഴിച്ച് വിടും. ശേഷം കള്ളനും പോലീസും, ഓടിച്ച് പിടുത്തം, ഏറ് പന്ത്, കുഴി പന്ത്, തലമ, സാറ്റ് കളി, കുട്ടിയും കോലും എന്നീ ഐറ്റംസില്‍ ഏതെങ്കിലും ഒന്ന് ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് തിരഞ്ഞെടുത്ത് കളിക്കും. ക്രിക്കറ്റിനൊന്നും അന്ന് അത്ര പ്രശസ്തി ഇല്ലായിരുന്നു. അങ്ങിനെ അന്ന് സാറ്റ് അഥവാ ഒളിച്ച് കളിക്കാന്‍ തീരുമാനിച്ചു.

സാറ്റ് കളിയുടെ ശാസ്ത്രീയ വശങ്ങളിലേക്ക്....[സാറ്റ് കളിയുടെ നിയമങ്ങളും ചട്ടങ്ങളും വിശദമായി പറയാനാണെങ്കില്‍ കുറെ ഉണ്ടാവും. അതൊണ്ട് നിങ്ങള്‍ക്ക് സാറ്റ് കളിയേക്കുറിച്ച് കൂടുതലായി അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ “ഗൂഗിളി”ല്‍ പോയി സേര്‍ച്ച് ചെയ്തോളൂ. അവിടെ നിങ്ങള്‍ക്കു വേണ്ട വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍ “വിക്കിപീഡിയ”യില്‍ ട്രൈ ചെയ്യു. അവിടെയും ഇല്ലെങ്കില്‍ “സാറ്റ് കളി” എന്നൊരു “ടോപിക്” നമുക്ക് തുടങ്ങാം]

എന്തൊക്കെയാണെങ്കിലും മനുഷ്യന് മുങ്ങാനും മുങ്ങിയിരിക്കുന്നവനെ പൊക്കാനും നല്ല പ്രാക്റ്റീസ് നല്‍കുന്ന ഒരു കളിയാണീ സാറ്റ് കളി. എന്തുകൊണ്ടൊ അന്താരാഷ്ട്ര പ്രാധാന്യം നേടാന്‍ ഈ കളിക്ക് സാധിക്കാതെ പോയി. ആര്‍ക്കറിയാം ചിലപ്പൊ അടുത്ത ഒളിമ്പിക്സില്‍ ഒരു “സാറ്റ് കളി ടീം” തന്നെ ഇന്ത്യക്കുണ്ടായേക്കാം.

അപ്പൊ മേല്‍ പറഞ്ഞ സാറ്റ് കളി പറമ്പില്‍ തകര്‍ക്കുകയാണ്. എന്റെ കസിന്‍ ഒന്നു മുതല്‍ അമ്പത് വരെ എണ്ണികൊണ്ടിരിക്കുന്നു. ഞാന്‍ ഓടി പറമ്പ് നനയ്ക്കുന്ന അര ഇഞ്ചിന്റെ ഹോസ് വളച്ച് വച്ചിരിക്കുന്നതിന്റെ നടുവിലൊളിച്ചു. ബാക്കിയുള്ളവര്‍ കയ്യാലയ്ക്കു താഴെ, മാവിന്റെ മുകളില്‍, പശുവിന്റെ പിന്നില്‍, തോടിന്റെ സൈഡില്‍, പാറയ്ക്ക് പിറകില്‍ മുതലായ സ്ഥലങ്ങളിലേക്ക് “അബ്സ്കോണ്ടിങ്ങ്” ആയി.

അപ്പൊ വീട്ടു മുറ്റത്ത് നിന്ന് ആരൊ “പിള്ളേരെ ദേണ്ടെ പുതിയ ബാലരമ വന്നിട്ടുണ്ട്” എന്നു വിളിച്ച് പറയുന്നു.

കേള്‍ക്കേണ്ട താമസം ഞാന്‍ സാറ്റ് കളിയുടെ സ്പിരിറ്റ് ഒക്കെ മറന്ന് ചാടിയെണീറ്റ് വീട്ടിലേക്കോടി.

“തൊംസൂട്ടി സാറ്റേ....” ന്നും പറഞ്ഞ് കസിന്‍ സാറ്റ് കുറ്റിയായ തെങ്ങിന്‍ ചുവട്ടിലേക്കോടി എന്നെ സാറ്റ് വയ്ച്ചു.

“പുതിയ ബാലരമ വന്നപ്പോഴാ നിന്റെ ഒരു സാറ്റ്....പോയി പണി നോക്കടീ”ന്നും പറഞ്ഞ് ഞാന്‍ ഓട്ടം “ആക്സിലറേറ്റ്” ചെയ്തു.

കാരണം പുതിയ ലക്കത്തിലെ മായാവി,രാജു,രാധ,ഡാകിനി,കുട്ടൂസന്‍,മുത്തു,വിക്രമന്‍,ലുട്ടാപ്പി,”ങുര്‍ര്‍... ങുര്‍ര്‍...“എന്ന ശബ്ദത്തില്‍ ഉറങ്ങുന്ന ലുട്ടാപ്പിയുടെ പുട്ടാലു എന്ന അമ്മാവന്‍,ശിക്കാരി ശംഭു, കാലിയ,ഇന്‍സ്പെക്ടര്‍ ഗരുഡ്, മന്ത്രിയുടെ തന്ത്രങ്ങള്‍, പിന്നെ അവസാനത്തെ പേജിലത്തെ “മ്രുഗാധിപത്യം വന്നാല്‍” വരെ ആദ്യം വായിക്കുന്നവനാണ് ആ ആഴ്ചയിലെ രാജാവ്.

ഓടിപ്പോയി ഞാന്‍ ബാലരമ കൊണ്ടുവന്നപ്പൊ എന്നെയാണ് ആദ്യം കണ്ടതെന്നും ഞാന്‍ അടുത്തത് എണ്ണണമെന്നും കസിനു ഒരേ വാശി. പക്ഷെ അത് ബാലരമ കിട്ടുന്നതിന് മുന്‍പ് അല്ലെ? ഇപ്പൊ ബാലരമ കിട്ടിയില്ലേ? അപ്പൊ ബാലരമയ്ക്കല്ലേ “പ്രിഫറന്‍സ്” കൊടുക്കേണ്ടത് എന്ന എന്റെ ന്യായമായ ആവശ്യങ്ങള്‍ ഒന്നും വിലപ്പോയില്ല. സാധാരണയായി പുതിയ ബാലരമ കിട്ടിയാല്‍ അതു വായിച്ച് തീര്‍ത്തിട്ടേ ബാക്കി എന്തും ഉള്ളൂ.

അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. വഴക്ക് ഉന്തും തള്ളുമായി. ഉന്തും തള്ളും അടിയായി. കസിന്‍ എന്നു പറഞ്ഞാല്‍ എന്നേക്കാളും ഒരു അഞ്ചാറ് വയസ്സിന്റെ മൂപ്പുണ്ട്. അടി കഴിഞ്ഞപ്പോള്‍ എന്റെ കൈയിലിരുന്ന ബാലരമ അവളുടെ കൈയിലായി എന്നു മാത്രമല്ല അടിയില്‍ കാലിടറി ഞാന്‍ കയ്യാലപുറത്തുനിന്നും താഴെ വീഴുകയും ചെയ്തു.

“പോടീ പട്ടീ....കഴുതേ...തെണ്ടീ.....” ഒരു LP സ്കൂളുകാരന്റെ സ്റ്റാന്‍ഡേര്‍ഡിലുള്ള സകല തെറിയും വിളിച്ചിട്ടും എന്റെ കലി അടങ്ങിയില്ല. അവള്‍ക്കിട്ടെങ്ങിനെയെങ്കിലും ഒരു പണി കൊടുക്കണം.

എന്റെ കുരുട്ടുബുദ്ധിയില്‍ ക്രൂരമായി ആലോചിച്ചു. അവസാനം ബുദ്ധി ഉദിച്ചു.(സംശയിക്കേണ്ട, വല്ലപ്പോഴുമേ ഇങ്ങനെ സംഭവിക്കാറുള്ളൂ) ഉദിച്ച ബുദ്ധി അസ്തമിക്കുന്നതിന് മുമ്പേ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.

അന്ന് വൈകുന്നേരം തോട്ടില്‍ നിന്ന് ഒരു മുങ്ങികുളിയൊക്കെ പാസ്സാക്കി നിക്കറും ബനിയനുമൊക്കെയിട്ട് ഒരവസരത്തിനായി കാത്തിരുന്നു. വീട്ടില്‍ ആളൊഴിഞ്ഞ സമയത്ത് കസിന്റെ സ്കൂള്‍ ബാഗില്‍ നിന്നും ബുക്കും പുസ്തകവുമൊക്കെയെടുത്ത് വീട്ടിലെ ഉപയോഗിച്ച് “പെന്‍ഷന്‍“ പറ്റിയ തുണികളൊക്കെ വച്ചിരിക്കുന്ന അധികമാരും ഉപയോഗിക്കാത്ത “കാലിപെട്ടി” എന്നൊരു പെട്ടിയ്ക്കകത്ത് എടുത്ത് ഒളിപ്പിച്ച് വയ്ച്ചു.

വീട്ടില്‍ അഥിതികള്‍ വന്നാല്‍ മാത്രം പുറത്തെടുക്കുന്ന പലഹാര ടിന്നുകളില്‍ കൈയിട്ട് കുറെ വാഴയ്ക്കാ വറുത്തതും(ബനാന ചിപ്സ്) കുറെ അവിലോസുണ്ടയും എടുത്ത് നിക്കറിന്റെ രണ്ട് പോക്കറ്റിലും സ്റ്റോക്ക് ചെയ്തു. അങ്ങിനെ അത്യാവശ്യം വിശപ്പടക്കാനുള്ള “സ്നാക്ക്സ്” ഒക്കെ കൈയില്‍ കരുതി ഞാന്‍ നടുവിലത്തെ മുറിയില്‍ കട്ടിലും ഭിത്തിയും തമ്മിലുള്ള ഒരു ചെറിയ ഗ്യാപ്പില്‍ ഒളിവില്‍ പോയി. എന്നു വെച്ചാ അവിടെ ഒളിച്ചിരുന്നു.

ക്ലോക്കിലെ സൂചി വട്ടത്തില്‍ കറങ്ങികൊണ്ടിരുന്നു. മണി ആറടിച്ചു.ആദ്യത്തെ ഒരു മണിക്കൂര്‍ നേരത്തേക്ക് എല്ലാം വളരെ ശാന്തമായിരുന്നു. ക്ലോക്കില്‍ മണി ഏഴടിച്ചു. നേരം ഇരുട്ടി തുടങ്ങി.ആരൊ എന്തിനു വേണ്ടീയൊ എന്നെ അന്വേഷിക്കാന്‍ തുടങ്ങി. എവിടെ കാണാന്‍?

സമയം മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. ഇരുട്ടിന്റെ “ഡാര്‍ക് നെസ്സ്” കൂടി കൂടി വരുന്നു. വീട്ടിലുള്ളവരെല്ലാം എന്നെ അന്വേഷിച്ച് ഓടി നടക്കുന്നു. വീടിനകത്ത്‍, തട്ടിന്‍ പുറത്ത്, പറമ്പില്‍, അയല്‍വക്കത്തെ വീടുകളില്‍, തോട്ടില്‍,തൊഴുത്തില്‍ എന്നിവിടങ്ങളിലെല്ലാം “ഇവനിതെവിടെ പോയി കിടക്കുവാ” എന്നും പറഞ്ഞ് പാഞ്ഞ് നടക്കുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലെ. പക്ഷെ “കുട്ടി” പോയാല്‍ എവിടെയൊക്കെ തപ്പണൊ അവിടെയൊക്കെ തപ്പി. സേര്‍ച്ച് ഫെയില്‍ഡ്.

ഈ സമയമൊക്കെയും ഞാന്‍ “കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടൊ” പാട്ടൊക്കെ പാടി വാഴയ്ക്ക വറുത്തതും അവിലോസുണ്ടയും ഒക്കെ ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നു.

അപ്പൊ വീട്ടില്‍ വേറൊരു വാര്‍ത്ത പരന്നു. കസിന്റെ ബാഗിലെ ബുക്കും പുസ്തകവുമൊന്നും കാണ്മാനില്ല.ജീവനില്ലാത്ത വസ്തുക്കളാണ്. തനിയെ എഴുന്നേറ്റ് ബാഗിന് പുറത്തേക്ക് പോകാനുള്ള ശേഷി ഏതായാലും അതിനില്ല.പിന്നെ എന്നെയും കാണ്മാനില്ല. ഈ സംഭവങ്ങളെല്ലാം “ലോജിക്കലി ലിങ്ക്” ചെയ്തപ്പൊ ആര്‍ക്കൊ ഒരു സംശയം ഞാനാണത് ചെയ്തതെന്നും ഞാന്‍ ഒളിച്ചിരിക്കുകയാണെന്നും.

അങ്ങിനെ എനിക്ക് വേണ്ടിയുള്ള സേര്‍ച്ച് “ഇന്റന്‍സിഫൈ” ചെയ്തു. രണ്ട് മണിക്കൂര്‍ ഒരേ ഇരിപ്പ് ഇരുന്ന് തിന്ന് തീര്‍ത്തതെല്ലാം ദഹിക്കാന്‍ വേണ്ടി ഒന്നേമ്പക്കം വിടാന്‍ എഴുന്നേക്കണ്ട താമസം, ടോര്‍ച്ചുമായി ദാണ്ടെ നില്‍ക്കുന്നു പപ്പ. “റെഡ് ഹാന്‍ഡാ“യി പിടിക്കപെട്ടു.

“ഇറങ്ങി വാടാ ഇങ്ങോട്ട്” എന്നൊരലര്‍ച്ചയായിരുന്നു.

കാണാതായ കുഞ്ഞാടിനെ കണ്ട് കിട്ടിയ സന്തോഷത്തില്‍ എല്ലാരും ഒരുമിച്ച് കൂടി.

“നീ എന്തിനാടാ അവളുടെ ബുക്ക് എടുത്തൊളിപ്പിച്ച് വെച്ചെ? എവിടെയാടാ വച്ചിരിക്കുന്നെ”
അതിനുത്തരം പറയാന്‍ വാ തുറക്കുമ്പൊഴേയ്ക്കും അടി വീണിരുന്നു.

“പ്രതി ഭാഗം വാദം കേള്‍ക്കാന്‍ പോലും തയാറാവാതെ ശിക്ഷ നടപ്പാക്കുന്നോ? ഇതെവിടത്തെ മര്യാദ?“ എന്നൊന്നും ഞാന്‍ ചോദിക്കാന്‍ നിന്നില്ല. കിട്ടിയതും വാങ്ങിച്ചതുകൊണ്ട് നല്ല കുട്ടിയായി ഒളിപ്പിച്ച് വച്ചിരിക്കുന്ന ബുക്ക് എടുത്ത് കൊടുത്തു. കൊടുത്തപ്പൊ “നിനക്കിത് കിട്ടണവെടാ” എന്നൊരര്‍ഥത്തില്‍ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. അതിനും ഞാന്‍ പകരം ചോദിക്കാന്‍ പോയൊന്നുമില്ല. പേടിയായിട്ടൊന്നുമല്ല. പാവമല്ലെ എന്ന് കരുതി. അത് കൊണ്ട് മാത്രം വെറുതെ വിട്ടു. അല്ലെങ്കില്‍
ഞാന്‍...എന്നെ അവള്‍ക്ക് ശരിക്കറിയാന്‍മേല....

എന്റെ ഓര്‍മയില്‍ നില്‍ക്കുന്ന രണ്ട് സംഭവങ്ങളെ പപ്പായുടെ കൈയില്‍ നിന്നും അടി വാ‍ങ്ങിച്ചിട്ടുള്ളൂ. അതിലൊന്നിത്. മമ്മീടെ കൈയീന്ന് വാങ്ങിച്ചതിന് കണക്കില്ല. ബാക്കി അടിയുടെ കഥകള്‍...(തുടരും)
-------------------------------------------------------------
ഡെഡിക്കേഷന്‍: ഈ കഥയിലെ വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച എന്റെ കസിന്‍ ഇന്ന് മുംബയില്‍ Central Railway ഉദ്യോഗസ്ഥയും മഹാ തരികിടകയായ ഒരാണ്‍കുട്ടിയുടേയും ഇരട്ടകളായ രണ്ട് സുന്ദരികളുടേയും അമ്മയുമാണ്. പുള്ളിക്കാരിക്കും കുടുംബത്തിനും വേണ്ടി ഞാന്‍ ഈ കഥ ഡെഡിക്കേറ്റ് ചെയ്യട്ടെ.

4 comments:

കുട്ടി Vs Kid said...

ആ ഇരട്ടസുന്ദരികളെ കാണാ‍ന്‍ ഗ്രഹമുള്ളവര്‍ക്ക്....
http://www.flickr.com/photo_zoom.gne?id=294319109&size=o

G.manu said...

kutti........nalla balyakalasmarana...poratte atuthathum

അരീക്കോടന്‍ said...

ബാല്യം...രസം തന്നെ...

tessie said...

simply superb.....
way to go... kuttiyaayirkumploey inganey appol valarnal enganeyayrikum.... kandariyam... :)