Monday, August 17, 2009

ജോണിക്കുട്ടിയുടെ പത്ത് പ്രമാണങ്ങള്‍

[നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇതെഴുതുമ്പോള്‍ എനിക്ക് പനിയായിരുന്നു(പക്ഷിയാണോ, പന്നിയാണോ അതോ പന്നിയെലി ആണൊ എന്നറിയില്ല). ഇത് വായിക്കുന്നവര്‍ ഒരു മാസ്ക് വയ്ച്ച് മാത്രം വായിക്കുക. ഊവീ (UV) പ്രൊട്ടക്ഷന്‍ ഉള്ളവര്‍ക്ക് ഇത് കമ്പല്‍‌സറി അല്ല. അവസാനം എന്റെ ബ്ലോഗ് വായിച്ചിട്ട് പനി പിടിച്ചെന്ന് പരാതി പറഞ്ഞേക്കരുത്.]

ഷെറിനെ പ്രേമിച്ച ജോണിക്കുട്ടി വെറുമൊരു കിഴങ്ങനാണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ജീവിതത്തെപറ്റി വ്യക്തമായ കാഴ്ചപ്പാടും അവബോധവും ഉള്ളവനാണ് ജോണിക്കുട്ടി. പക്ഷെ ബ്ലോഗ് എഴുതുന്നവരോടും വായിക്കുന്നവരോടും കക്ഷിക്ക് പുച്ഛമാണ്. ഇവന്മാരെയെല്ലാം തെരണ്ടി വാലിനടിച്ച് മൂട്ടില്‍ മുളക് പൊടിയും തേച്ച് വിടണമെന്നുള്ള അഭിപ്രായക്കാരനാണദ്ദേഹം. ബ്ലോഗര്‍ എന്നാല്‍ പച്ചത്തെറിയും ബ്ലോഗിങ്ങ് എന്നാല്‍ പെണ്‍‌വാണിഭം പോലെ എന്തോ വൃത്തികെട്ട കേസ് കെട്ട് ആണെന്നും ഇവന്മാരെയൊന്നും തറവാട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരുമാണെന്നാണ് ജോണിക്കുട്ടിയുടെ അഭിപ്രായം. ചില ബ്ലോഗ് വായിച്ചാല്‍ ജോണിക്കുട്ടി പറയുന്നതിലും ന്യായമില്ലാതില്ല എന്ന് ആര്‍ക്കും തോന്നി പോകും.

ഷെറിനെ പ്രേമിച്ചതോടെ ജോണിക്കുട്ടി പഠിച്ചു, “ഓടിക്കാനറിയാവുന്ന വണ്ടിയേ മേടിക്കാവൂ” എന്ന്. അത് പോലെ ജോണിക്കുട്ടി താന്‍ കാണുന്ന പടങ്ങളില്‍ നിന്നും വായിക്കുന്ന പുസ്തകങ്ങളില്‍ നിന്നും പരിചയപ്പെടുന്ന സുഹ്രത്തുക്കളില്‍ നിന്നും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും ഗുണപാഠങ്ങള്‍ ഉള്‍കൊണ്ട് കുറിച്ച് വയ്ക്കുമായിരുന്നു. നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ കപാസിറ്റി ഉള്ള ബാക്കി ഗുണപാഠങ്ങള്‍ അദ്ദേഹത്തിന്റെ ഡയറിയില്‍ നിന്നും പുള്ളിക്കാരന്‍ അറിയാതെ ഞാന്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു. ആത്മഹത്യ പ്രവണത ഉള്ളവര്‍ തുടര്‍ന്ന് വായിക്കണമെന്നില്ല, കാരണം ഇത് അവരുടെ ലക്ഷ്യ ബോധം ഇല്ലാതാക്കിയേക്കും. പിന്നെ ഒരു കാര്യം കൂടി ഞാന്‍ ഇവിടെ ആവര്‍ത്തിച്ചു പറയട്ടെ, ഈ പറയുന്ന ജോണിക്കുട്ടിയും ഞാനും തമ്മില്‍ ആന്റിയും ആന്റിനയും തമ്മിലുള്ള ബന്ധം പോലുമില്ല. വെറുതെ എന്നെ തെറ്റിദ്ധരിക്കരുത് പ്ലീസ്. ജോണ്‍കിഡ് വേ ടോംകിഡ് റെ!

1. വെള്ളമടിക്കുന്നതിന് മുമ്പ് കബോര്‍ഡ് ലോക്ക് ചെയ്യുക.

അല്ലെങ്കില്‍ റ്റോയ്‌ലെറ്റിന്റെ വാതിലാണെന്ന് കരുതി കബോര്‍ഡ് തുറന്ന് വാള് വെക്കാന്‍ സാധ്യതയുണ്ട്! നമ്മള്‍ എന്ത് കാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴും അതുകൊണ്ടുണ്ടായേക്കാവുന്ന ദോഷഫലങ്ങളെപറ്റി ബോധവന്‍മാരായിരിക്കണം. സ്വന്തം കപാസിറ്റിയെ പറ്റിയും. എടുത്ത് ചാടി ഒന്നും ചെയ്യരുത്.

2. മാവേലെറിയുമ്പോ ഉന്നം വേണം, അല്ലെങ്കില്‍ മുണ്ടക്കല്‍ കൊച്ചേട്ടന്റെ വീടിന്റെ ഓട് പൊട്ടും.

മനുഷ്യന്റെ മനസ് മുനിസിപാലിറ്റി ബസ്റ്റാന്റ് പോലെയാണ്. ഒത്തിരി ആള്‍ക്കാരും ബസുകളും സ്റ്റാന്റില്‍ വന്ന് പോവുന്നു. അത് പോലെ ബോധാവസ്ഥയിലുള്ള മനുഷ്യന്റെ മനസിലൂടെ ഓരോ നിമിഷവും നൂറ് നൂറ് ചിന്തകള്‍ പടക്കം കടിച്ച കാട്ട്പന്നിയേപ്പോലെ പാഞ്ഞ് പോവുന്നുണ്ടാവും. ആ ചിന്തകള്‍ എല്ലാം ഒരേ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുക. അല്ലെങ്കില്‍ ഏതെങ്കിലും ബസില്‍ കയറി എങ്ങോട്ടെങ്കിലും പോകുന്ന യാത്രക്കാരനെ പോലെ ലക്ഷ്യമില്ലാതാവും നമ്മുടെ ജീവിതവും. What you focus becomes your destiny.

3. നഖം വെട്ടാന്‍ കോടാലി വേണ്ട.

ഉള്ളത് കൊണ്ട് സംത്രുപ്തമായി ജീവിക്കുക. ജീവിതം അടിച്ച് പൊളിക്കാനുള്ളതാണ്. പക്ഷെ അത് വല്ലോന്റേം ചിലവില്‍ ആവരുത്. വല്ലോന്റേം ക്രെഡിറ്റ് കാര്‍ഡീന്ന് കാശ് വലിച്ച് കള്ളടിക്കരുത്. വലിച്ചോ പക്ഷെ വലിപ്പിക്കരുത്. രൊക്കം കാശില്ലെങ്കില്‍ ആഡംബരം ഒഴിവാക്കുക. അല്ലെങ്കില്‍ പലിശയടക്കാന്‍ തറവാട് തീറെഴുതെണ്ടി വരും. ദിവസോം ഓഫീസില്‍ പോവാന്‍ പള്‍സറായാലും മതി, ഹമ്മറ് തന്നെ വേണമെന്ന് വാശി പിടിക്കരുത്.

4. പ്രേമം എലിപ്പെട്ടിക്കകത്തിരിക്കുന്ന പഴവും കല്യാണം എലിപ്പെട്ടിയും ആണ്.

പ്രേമം ഇല്ലാത്തവര്‍ എലിപ്പെട്ടിക്കകത്ത് ഇരിക്കുന്ന സുന്ദരമായ തേങ്ങാകൊത്തിനേയും പഴത്തിനേയും നോക്കി വെള്ളമിറക്കുന്നു. അതു തിന്നാന്‍ ചെല്ലുമ്പോഴാണ് ട്രാപ്പില്‍ പെട്ട് പോവുന്നത്. പെട്ട് പൊയാല്‍ ഊരാന്‍ കുറച്ച് ബുദ്ധിമുട്ടും. കല്യാണം കഴിച്ചവര്‍ എലിപെട്ടിക്കകത്ത് പെട്ട് പോയതിനാല്‍ പിന്നെ പുറത്തേക്കിറങ്ങാന്‍ കഴിയാത്തത് കൊണ്ട് നിവ്രുത്തികേടായി കണക്കാക്കി സഹിക്കുന്നു എന്ന് മാത്രം. പെട്ട് പോയവരുടെ വിഷമം പുറത്തുള്ളവര്‍ മനസിലാക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു ദുഖസത്യം.

5. മൈക്കിള്‍ ജാക്സണ്‍ തുള്ളുന്നത് കണ്ട് മമ്മൂട്ടി തുള്ളരുത്. നടുവ് വെട്ടും!

ആരെയും അന്ധമായി അരാധിക്കരുത് അനുകരിക്കരുത്. നാടന്‍ വാറ്റില്‍ കളറ് ചേര്‍ത്താല്‍ വാറ്റ് 69 ആവില്ല! ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും പുലിയാണ്, ഓരുരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത്, അത് കണ്ടെത്തി അതിലൂന്നി പ്രയത്നിക്കുമ്പോഴാണ് അക്ഷരാര്‍ഥത്തില്‍ പുപ്പുലി ആകുന്നത്. മഹാത്മാ ഗാന്ധി ജനിച്ചത് രാഷ്ട്ര പിതാവ് ആവാനല്ല, അദ്ദേഹത്തിന്റെ പ്രവ്രുത്തികളാണ് രാഷ്ട്രപിതാവാക്കിയത്. ഓരോ ഹ്രുദയ തുടിപ്പും അനന്തമായ സാദ്യതകളാണെന്ന് തിരിച്ചറിയുക. മറ്റുള്ളവരുടെ നന്മ ആത്മാര്‍ഥമായി ആഗ്രഹിച്ചാലെ സ്വയം നന്നാവൂ. കരിമീന്‍ ഫ്രൈയില്‍ മുള്ളുണ്ടെങ്കിലും കഴിക്കാന്‍ നല്ല ടേസ്റ്റ് അല്ലേ? അതുപോലെ എല്ലാ മനുഷ്യരിലും നല്ലതുണ്ട്. ഒരോ മനുഷ്യന്റെയും നന്മ മാത്രം കാണാന്‍ ശ്രമിക്കുക.

6. Yesterdays waste is todays special

കവലയില്‍ ചായക്കട നടത്തുന്ന കുഞ്ഞേപ്പ് ചേട്ടന്റെ മാര്‍കറ്റിങ്ങ് മന്ത്രയില്‍ നിന്നും ജോണിക്കുട്ടി ഉള്‍കൊണ്ടതാണിത്. വളിച്ച ചോറ് കൊണ്ട് പിറ്റേ ദിവസത്തെ അപ്പത്തിനരയ്ക്കുകയും, മിച്ചം വന്ന കറികള്‍ മിക്സ് ചെയ്ത് സാമ്പാറുണ്ടാക്കുകയും ചെയ്യുന്നതായിരുന്നു കുഞ്ഞേപ്പ് ചേട്ടന്റെ ട്രേഡ് സീക്രട്ട്. ഒറ്റനോട്ടത്തില്‍ ഉപകാരശൂന്യമെന്ന് തോന്നുന്ന സാധനങ്ങള് (മെറ്റീരിയലാണെങ്കിലും മനുഷ്യനാണെങ്കിലും) കൊണ്ട് ഉപകാരപ്രദമായ പല സംഭവങ്ങളും ഉണ്ടാക്കാനും ചെയ്യാനും പറ്റിയേക്കും. അങ്ങിനെയല്ലായിരുന്നുവെങ്കില്‍ ബയോ ഗ്യാസ് ഒന്നും കണ്ട് പിടിക്കില്ലായിരുന്നു.

7. ഓണ്‍സൈറ്റ് പോയി വന്നവന്‍ അഹങ്കരിക്കുന്നത് കണ്ട് എയര്‍ പോര്‍ട്ടില്‍ പോയി വന്നവന്‍ അഹങ്കരിക്കരുത്.

ട്രൌസറ് കീറും! അഹങ്കരിക്കുക എന്നുള്ളത് കാശുള്ളവന്റെ അവകാശമാണ്. അവന്മാരുടെ വിചാരം സ്വയം വല്യ സംഭവമാനെന്നും ബാക്കിയുള്ളവരൊക്കെ വെറും മൈഗുണേശന്മാരാണെന്നുമാണ്. അതവരുടെ വിദ്യാഭാസ കുറവായി കരുതി ക്ഷമിക്കുക, കാരണം അവര്‍ വെറും ചെറ്റകളാണ്. ചിലര്‍ ജന്മനാ ചെറ്റകളാണ്. പാരമ്പര്യമായി ചെറ്റത്തരം കിട്ടുന്നവരുണ്ട്. വേറെ ചിലര്‍ ജീവിക്കാന്‍ വേണ്ടി ചെറ്റകളാവുന്നു. അതുകൊണ്ട് അത് പോലുള്ള ജാടത്തെണ്ടികളുമായുള്ള കമ്പനി ഒഴിവാക്കുക, അവന്മാരുടെ വാല് കുഴലിലിട്ടാല്‍ കുഴല് വളയുമെന്നല്ലാതെ അവര് ഒരിക്കലും നേരെയാവില്ല. പ്രായത്തില്‍ ഇളയവരെ അംഗീകരിക്കുക, എല്ല് മൂപ്പിനെ ബഹുമാനിക്കുക. അഹങ്കാരം തലക്ക് പിടിച്ചാല്‍ അത് അധപതനത്തിന്റെ ആരംഭമായിരിക്കും. വിദ്യാഭാസമുള്ളവന്റെ ക്വാളിറ്റി ആണ് വിനയം.

8. മുട്ട പുഴുങ്ങുന്നതിന്റെ റിസൈപി അറിയാന്‍ യു ട്യൂബില്‍ നോക്കണമെന്നില്ല. മിസിസ് മാത്യൂവിന്റെ ബുക്ക് വായിച്ചാലും മതി.

എന്തിനും ഏതിനും ഗൂഗിളില്‍ തപ്പരുത്. കിട്ടുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. ആധികാരികമായിട്ടുള്ള അറിവാണ് ആഗ്രഹിക്കുന്നതെങ്കില്‍ പുസ്തകം തന്നെയാണ് നല്ലത്. ആള്‍ക്കാരുടെ മുന്നില്‍ ആളാവാന്‍ വേണ്ടി വായില്‍ വരുന്ന പൊട്ടത്തരം അതേപടി വിളിച്ച് കൂവരുത്. അനാവശ്യമായി വ്യവസ്ഥാപിതമായ ഒന്നിനേയും ചോദ്യം ചെയ്യുകയും അരുത്, ഉത്തരം കിട്ടിയെന്ന് വരില്ല. അല്ലെങ്കില്‍ പെണ്ണൂങ്ങള്‍ ഇടുന്ന ജീന്‍സില്‍ സിബ്ബിന്റെ ആവശ്യകത മുതല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ക്യാഷ് പ്രൈസ് കിട്ടിയ പൈസ അവരെങ്ങനെ ചിലവാക്കുന്നു എന്ന് വരെ ചോദ്യം ചെയ്യപ്പെട്ടേക്കും. ലോജിക്കില്ലാത്ത മാജിക് പോലെയാണ് ജീവിതവും.

9. റബര്‍ കത്തി കൊണ്ട് പുറം ചൊറിയരുത്. തൊലി പോവും.


ചൊറിച്ചിലിനുള്ള ഏറ്റവും നല്ല മരുന്ന് ചൊറിയുക എന്നുള്ളത് തന്നെ. പക്ഷെ ഇവിടെ പുറം ചൊറിയുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സുഖിപ്പിക്കലാണ്. എല്ലാവരെയും സുഖിപ്പിക്കാന്‍ നോക്കരുത്, ആരയും അധികമായി പുകഴ്ത്തരുത്, സ്വന്തം വ്യക്തിത്വം അടിയറവ് വെക്കരുത്. സോപ്പിട്ടോ പക്ഷെ പതപ്പിക്കരുത്! ബേസിക്കലി എല്ലാവരും മനുഷ്യര്‍ തന്നെയാണ്. അര്‍ഹിക്കാത്ത സ്ഥാനം ആര്‍ക്കും കൊടുക്കരുത്. ആല്‍ബര്‍ട്ട് ഐന്‍‌സ്റ്റൈന്‍ വേറെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ വേറെ. ഇഷ്ടമില്ലാത്ത കാര്യത്തിന് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ “പോയി പണി നോക്കടാ പുല്ലേ“ എന്ന് വളരെ സൌമ്യമായി പറയുക.

10. കരിയറാണ് കഞ്ഞി.അപ്രെയിസലാണ് പയറ്.

പക്ഷെ പറഞ്ഞ കാശ് കിട്ടിയില്ലെങ്കില്‍ അടുത്ത കമ്പനി നോക്കുക. കഞ്ഞിയില്‍ പാറ്റ വീഴുന്ന പണികള്‍ ഓഫ്ഫിസില്‍ ഇരുന്ന് എടുക്കരുത്. AGE QUOD AGIS. കിട്ടുന്ന കാശിനോട് ആത്മാര്‍ഥത കാണിക്കണം. അല്ലെങ്കില്‍ “പണി” കിട്ടാന്‍ ചാന്‍സ് ഉണ്ട്. നമ്മുടെയൊക്കെ ജീവിതം റ്റോപ് അപ് ഓപ്ഷന്‍ ഇല്ലാത്ത പ്രിപെയിഡ് റീ ചാര്‍ജ് കാര്‍ഡ് പോലെയാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെയൊക്കെ വാലിഡിറ്റി തീരും. ഉള്ളിടത്തോളം കാലം അര്‍മാദിക്കുക. എന്ന് കരുതി വല്ലോന്റേം നെഞ്ചത്ത് കയറി ആവരുത് നമ്മുടെ അര്‍മാദം.

(തീര്‍ന്നിട്ടില്ല, ബാക്കി പിന്നെ)

10 comments:

Tomkid! said...

ഹൊ ഈ ജോണികുട്ടിയെ കൊണ്ട് ഞാന്‍ തോറ്റു!ഇനിയെങ്കിലും തുറന്ന് സമ്മതിക്കൂ ജോണിക്കുട്ടി ഒരു സംഭവം തന്നെയാണെന്ന്...

വഴിപോക്കന്‍ said...

മച്ചൂ സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍...

കരിമീന്‍ രുചികരം തന്നെ ട്ടൊ! :)

സാദ്യതക - സാധ്യത.
പുഛ - പുച്ഛം
വ്രുത്തികെട്ട - വൃത്തികെട്ട (vr^ththi)


റബ്ബര്‍ കത്തികൊണ്ട് പുറം ചൊറിയരുത്... നല്ല ആശയം... ക്ഷ പിടിച്ചിരിക്കുന്നു...

Tomkid! said...

താങ്ക്സ് വഴിപോക്കന്‍... :-)

ചൂണ്ടി കാട്ടിയ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.

ഇങ്ങനെ തുടങ്ങിയാല്‍ മലയാളം സെക്കന്റ് പേപ്പറിന്റെ ഉത്തരക്കടലാസ് പോലെയാവും ഈ ബ്ലോഗ്. മുഴുവന്‍ ചുവന്ന് വരയും വട്ടങ്ങളും. കുറെ വായിച്ച് നോക്കി തിരുത്തിയിരുന്നു. വാട്ട് റ്റു ഡൂ...വന്ന് പോവുന്നതാ...

:(

Sudhi|I|സുധീ said...

Sorry! No comments ....

Namichu.... :)

കുമാരന്‍ | kumaran said...

മനുഷ്യന്റെ മനസ് മുനിസിപാലിറ്റി ബസ്റ്റാന്റ് പോലെയാണ്.

ഹ ഹ ഹ.. ചിരിച്ചു മറിഞ്ഞു.. കുട്ടീ.. 10 കൽ‌പ്പനകൾ ആണോ? ഒൻപതാം പ്രമാണം ലംഘിക്കുമോ..
പോസ്റ്റ് കലക്കി കേട്ടൊ.. അടുത്തത് ഉടനെ പോരട്ടെ.

anupama said...

Dear Tomkid,
good attempt.humorous post.johnykutty need not teach or learn all the lessons in one shot.life is long and let him learn slowly.:)
tell him all the bloggers and blogs are not the same.
one more lesson i will add-all the five fingers are not the same.
happy blogging....
sasneham,
anu

ധൂമകേതു said...

അല്ല ഈ ജോണ്‍കിഡും ടോംകിഡും twins ആണോ? ചുമ്മാ ഒരു സംശയം.. :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ശ്ശോ ഇത്രേം വായിച്ചിട്ടും നീ നന്നായില്ലല്ലോ അളിയാ... എനിക്കു സങ്കടമുണ്ട്... സങ്കടം മാറ്റാനൊരെണ്ണം പൂശിയാലോ..

ഉപാസന || Upasana said...

എലിപ്പെട്ടിയും മുനിസിപ്പാലിറ്റിയും ചിരിച്ചു മറിയിപ്പിച്ചണ്‍ന്‍ണാ...

കക്കാട് ഭാഷയില്‍ പറഞ്ഞാല്‍ “തോമാസൂട്ടിയുടെ നമ്പറുകള്‍”!!!

:-)
ഉപാസന

വിഷ്ണു said...

"ഓണ്‍സൈറ്റ് പോയി വന്നവന്‍ അഹങ്കരിക്കുന്നത് കണ്ട് എയര്‍ പോര്‍ട്ടില്‍ പോയി വന്നവന്‍ അഹങ്കരിക്കരുത്" നല്ല പ്രയോഗം....പക്ഷെ ഓണ്‍സൈറ്റ് കിട്ടാത്ത പാവം തൊഴിലാളികളെ എയര്‍പോര്‍ട്ട് വരെ എങ്കിലും പോകാന്‍ അനുവദിക്കണം പ്ലീസ്....