Thursday, March 8, 2007

ഐ ലവ് യൂടാ...

“വള്ളികുടില്ലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ....
പുള്ളിക്കുയിലേ പാടൂ...
മാനം പൂത്തതറിഞ്ഞില്ലേ മലര്‍ മാല കൊരുക്കാന്‍ പോരൂ...
മലര്‍ മാല കൊരുക്കാന്‍ പോരൂ...“

എന്നൊരു പഴയ കേപ്പിയേസീ നാടകഗാനവുമൊക്കെ പാടി ഞാനെന്റെ സൈക്കിളില്‍ ആപ്പിസിലെക്കു ഒരു 60-65 കിലോമീറ്റര്‍ സ്പീഡില്‍ വന്നുകൊണ്ടിരിക്കുകയാണ്. സൈക്കിള്‍ എത്ര സ്പീഡില്‍ ചവിട്ടാ‍ന്‍ ഞാന്‍ ലാന്‍സ് ആംസ്ട്രൊങ്ങ് ഒന്നുമല്ല.

പിന്നെയൊ ആ സൈക്കിളില്‍ ബജാജിന്റെ നൂറ്റമ്പത് സീ സീ എഞ്ചിന്‍ ഘടിപ്പിച്ചിട്ടുണ്ട്.അതാണ് എന്റെ മോട്ടോര്‍ സൈക്കിള്‍.

എന്റേതെന്നു പൂര്‍ണ്ണമായി പറയാന്‍ കഴിയില്ല.

ഐസീ ഐസീ ഐ ബാങ്കുകാര്
“നീ ഒരു ബൈക്കെടുക്കെടാ, നീ ഒരു ബൈക്കെടുക്കെടാ“
എന്നും പറഞ്ഞ് കുറെ നാള്‍ എന്റെ പുറകെ നടന്നു.

“പാവം ബാങ്കുകാര് കുറെ നാളായി പറയുന്നതല്ലെ”
എന്നു വിചാരിച്ചു മാത്രം വാങ്ങിച്ചു. അല്ലാതെ എനിക്കു ഈ ബൈക്കിനോട് വല്ല്യ താല്പര്യം ഒന്നും ഉണ്ടായിട്ടല്ല.

എങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പൊ പെട്ടന്നു എന്റെ പാന്‍സിന്റെ ഉള്ളില്‍ കിടന്നു എന്തൊ ഭയങ്കരമായി വിറയ്ക്കുന്നു. മറ്റൊന്നുമല്ല എന്റെ മൊബൈല്‍ ഫോണ്‍ വൈബ്രേറ്റര്‍ മോഡിലായിരുന്നു. അല്ലെങ്കില്‍ തന്നെ നമ്മളെന്തിനാ എനിക്കു മെസ്സേജും കോള്‍സും ഒക്കെ വരുന്നത് നാട്ടുകാരെ അറിയിക്കുന്നത്.

എന്റെ മൊബൈലെന്നു പറഞ്ഞാ വെറും ഡൂക്കിലി സാധനമൊന്നുമല്ല. ഇന്നു മാര്‍കറ്റില്‍ കിട്ടാവുന്നതില്‍ വച്ചേറ്റവും കൂടുതല്‍ ഫീച്ചേഴ്സ്, പോളി ഫോണിക് റിങ്ങ് ടോണ്‍, വീഡിയോ സ്ട്രീമിങ്ങ്, കമ്പ്യുട്ടറില്‍ കുത്തിയാല്‍ ഇന്റെര്‍നെറ്റ് ബ്രൌസിങ്ങ് മുതലായ സൌകര്യങ്ങളുള്ള സാംസങ്ങിന്റെ സില്‍വര്‍ വൈറ്റ് കളറില്‍ ഒരു ‘നരി‘ മൊബൈല്‍.
[ഇതൊക്കെ സത്യമാകണമെങ്കില്‍ നമ്മള്‍ ഒരു നാലു വര്‍ഷം പിന്നോട്ട് സഞ്ചരിക്കണമെന്നു മാത്രം.]

എന്നാപിന്നെ ഇവന് കാശു കൊടുത്ത് നല്ല പുതിയ ഒരു മൊബൈല്‍ വാങ്ങിക്കുടെ എന്ന സംശയം നിങ്ങള്‍ക്കുണ്ടാവാം. എനിക്ക് കാശിന് ക്ഷാമമുണ്ടായിട്ടൊ, അറുത്ത കൈക്ക് ഉപ്പ് തേക്കുന്ന സ്വഭാവമോ ഇല്ലാത്തതുകൊണ്ടല്ല.

“ഓള്‍ഡ് ഈസ് ഗോള്‍ഡ്” അത്ര തന്നെ.

എന്റെ മൊബൈലിനെ വിറപ്പിച്ചത് “Hi da Good Morning" എന്നൊരു യെസ്സെംഎസ്. “ഹൊ ഇവന്റെ ഗുഡ് മോണിങ്ങ് കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ തെണ്ടി പോയേനെ”, പക്ഷെ മെസ്സേജ് വന്ന നമ്പര്‍ എന്റെ മൊബൈലില്‍ ഇല്ല.

ആകെയുള്ള ക്ലൂ “9886“ ആണ്. അതായത് കര്‍ണാടകയിലെ ഹച്ച് കണക്ഷന്‍.

ആരാണെന്നു അറിയാനുള്ള ആകാംക്ഷ കൊണ്ട് തിരിച്ച് വിളിച്ചു. കോള്‍ റിജക്റ്റഡ്. അടുത്ത സെക്കന്റില്‍ അതേ നമ്പറില്‍ നിന്നും എനിക്ക് മിസ്ഡ് കോള്‍.

"ശ്ശെടാ..ഇതെന്തു കളി?” ഞാന്‍ വിളിച്ചാല്‍ എടുക്കില്ല, എന്നിട്ടു എനിക്ക് മിസ്ഡ് കോളു തരുന്നൊ?

ഞാന്‍ മെസ്സേജയച്ചു പേരു ചൊദിച്ചു. “ങ്ഹൂ ഹൂം” കക്ഷിക്കു പേരു വെളിപ്പെടുത്താന്‍ താല്പര്യമില്ല. പക്ഷെ എന്നോട് കൂട്ട് കൂടണം.
“I just wanted to be your friend" ഇതായിരുന്നു മറുപടി.

രണ്ടു പേര്‍ സുഹ്രുത്തുക്കളായിരിക്കാന്‍ അറ്റ്ലീസ്റ്റ് പേരെങ്കിലും അറിഞ്ഞിരിക്കണം. പക്ഷെ എത്ര ശ്രമിച്ചിട്ടും ഇതാരാണെന്നൊ എവിടുന്നാണെന്നൊ എന്തിനാണെന്നൊ ഒന്നും വെളിപ്പെടുത്തുന്നില്ല. ഞാന്‍ വിളിച്ചാല്‍ അപ്പൊഴെ കട്ടും ചെയ്യും.

“ഐഡിയാ....കമ്പനി ലാന്‍ഡ് ലൈനില്‍ നിന്നും വിളിക്കുക.”

വിളിച്ചു. ഫോണിന്റെ അങ്ങേ തലക്കലോരു കിളിനാദം. എന്നു വെച്ചാല്‍ സാക്ഷാല്‍ പെണ്ണ്.

പക്ഷെ എന്റെ സ്വരം മനസിലായപ്പോഴെക്കും പുള്ളിക്കാരി കട്ട് ചെയ്തു.

“ഇതേതാണപ്പാ ഇവള്‍“ എനിക്ക് പരിചയമുള്ള ലേഡീസിന്റെയെല്ലാം സ്വരവും ഇപ്പൊ കേട്ട സ്വരവും തമ്മില്‍ കമ്പേര്‍ ചെയ്തു. നൊ മാച്ച് ഫൌണ്ട്.

ഞാനറിയാത്ത ഏതോ ഒരു പെണ്ണ് എന്തിനെന്നെ വിളിക്കണം? ആലോചിച്ചിട്ടൊരെത്തും പിടിയും കിട്ടുന്നില്ല.

പെട്ടെന്ന് എന്റെ തലയിലൊരു ബള്‍ബ് ഫ്ലാഷ്ഡ്. എന്റെ “ഒര്‍കുട്” പ്രൊഫൈല്‍.

“Wanted lover, never proposed any
discrepancy of height-the obvious reason,
i take this chance & if u r a f'male tall enough
its 09342125955 my mob no.
ofcourse yet another reason y im here.“

(ഇത് എന്റെ ഓര്‍കുട് പ്രൊഫൈലില്‍ നിന്നും എക്സ്ട്രാക്റ്റ് ചെയ്തത്)

“ഈശ്വരാ...ഞാന്‍ വെറുതെ ഒരു തമാശക്ക് ചെയ്തതാണ്.” എന്റെ ഗ്ലാമര്‍ ഫോട്ടോ കണ്ട് ആല്‍ബമൊക്കെ നോക്കി ഞാന്‍ തട്ടികൂട്ടിയെടുത്ത പ്രൊഫൈലെല്ലാം വായിച്ച് ഏതൊ ഒരു പെണ്ണിന് എന്നോട് കലശലായ പ്രേമം.

“എനിക്ക് അത്രക്ക് ഗ്ലാമര്‍ ഉണ്ടോ? “
“ഏയ് വഴിയില്ല.“
ആനയ്ക്ക് അതിന്റെ വലിപ്പമറിയില്ലല്ലോ. അപ്പൊ ഇതു സംഗതി ലൈന്‍ തന്നെ.

“സൌന്ദര്യം ഒരു ശാപമാണെ“ന്നു പറയുന്നതില്‍ കുറച്ചെങ്കിലും സത്യമുണ്ടെന്നു എനിക്ക് ബോദ്ധ്യമായി.

എന്റെ മാവും പൂത്തു. ഞാനുറപ്പിച്ചു.

പക്ഷേ എന്തേ എന്നോടൊന്നും മിണ്ടുന്നില്ല? ഞാന്‍ ചെയ്യുന്ന കോള്‍സ് എല്ലാം റിജക്റ്റ് ചെയ്യുന്നു?

“ഹോ...നാണമായിരിക്കും...കൊച്ചുകള്ളീ....”

“ഭാഗ്യദേവത മുന്നില്‍ വിളക്കുമായി വരുമ്പോള്‍ അതിനു നേരെ തുപ്പരുത്.” ഇതു എങ്ങനെയും ഡെവലപ്പ് ചെയ്യുക.

ഇത്തരം കാര്യങ്ങളില്‍ ആണ്‍കുട്ടികള്‍ അല്ലെ മുന്‍കൈ എടുക്കേണ്ടത്?
എവിടെ തുടങ്ങണം എന്തു പറയണം എന്ന് യാതൊരു ഐഡിയയുമില്ല.
“ആരെയെങ്കിലും കണ്‍സള്‍ട്ട് ചെയ്താലോ?“
“ഏയ് വേണ്ട..”

ഇതുവരെ എന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന “പുഷ്പന്‍” ഉണര്‍ന്നു കഴിഞ്ഞു.

മുഖവുരയൊന്നുമില്ലാതെ കാര്യങ്ങള്‍ തുറന്നു പറയുക. പിന്നൊന്നും ആലോചിച്ചില്ല. വെട്ടൊന്ന് മുറി രണ്ട്.

“ഐ ലവ് യൂടാ...” എന്നൊരു മെസ്സേജങ്ങു വച്ചു കാച്ചി.

പിന്നീടുള്ള നിമിഷങ്ങളില്‍ എന്റെ നഞ്ചിടിപ്പ് എക്സ്പൊണന്‍ഷ്യല്‍ ആയി വര്‍ദിച്ചു വന്നു. റിജക്ടായാല്‍ ദേവദാസാവണം, താടിവയ്ക്കണം, ഡെസ്പായി വെള്ളമടിക്കണം, അവളെ പുലഭ്യം പറയണം. എല്ലാം റിസ്ക്കുള്ള പരിപാടികളാണ്.

“ഐ ടൂ ലവ് യൂ”

എന്ന് തിരിച്ചയക്കുന്നതിനു പകരം
“ഇങ്ങനാണോ ഒരു പെണ്ണിനോട് സംസാരിക്കുന്നത്” എന്നായിരുന്നു മറുപടി.

“ങ്ഹൂം...പെണ്ണല്ലെ ജാതി, സ്വല്പം ജാടയൊക്കെ കാണും”

പിന്നീടങ്ങോട്ടുള്ള കമ്മ്യുണിക്കേഷന്‍സ് വളരെ സ്മൂത്ത് ആയിരുന്നു.
പൂക്കള്‍ മാങ്ങാത്തൊലിയാണ്, പ്രക്രുതി തേങ്ങാക്കൊലയാണ്, നിന്റെ മുഖം ആനമുട്ട പോലെയാണ്, മുതലായ തേഡ് റൈറ്റ് മെസ്സേജസ് എന്റെ മൊബൈലില്‍ നിന്നും വന്ന് പൊയ്ക്കൊണ്ടിരുന്നു.

പൊതുവെ ഇജ്ജാതി മെസ്സേജസ്സിനോട് എനിക്ക് വെറുപ്പാണ്.

“ഷാജഹാന്‍ മുംതാസിന്റെ ഓര്‍മക്കായി താജ്മഹല്‍ കെട്ടി, മണ്ടന്‍ ഞാനായിരുന്നെങ്കില്‍ മുംതാസിന്റെ ഓര്‍മക്കായി അവളുടെ അനിയത്തിയെ കെട്ടിയേനേ”

“ഇന്ന് സില്‍ക്ക് സ്മിതയുടെ ചരമദിനമാണ്, ആ പുണ്യാത്മാവിന്റെ ആത്മ ശാന്തിക്കായി എല്ലാവരും രണ്ട് നിമിഷത്തേക്ക് നഗ്ന ന്രുത്തം ചെയ്യുക”

മുതലായ മെസ്സേജസ്സിനോട് ആണ് എനിക്ക് താല്പര്യം.
എങ്കിലും പെണ്ണല്ലെ സ്വല്പം സോഫ്റ്റ് ട്രീറ്റ്മെന്റ് ആകാമെന്ന് കരുതി.

അന്ന് വൈകുന്നേരം ഞാനും എന്റെ റൂമിലെ തറ ഷെയര്‍ ചെയ്തുറങ്ങുന്ന ബാക്കി തറകളും കൂടി കൈരളി മെസ്സില്‍ നിന്നും അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പൊ ഇക്കാര്യം സൂചിപ്പിച്ചു.

“ഹൂം നിനക്കല്ലെ പെണ്ണ്”,
“നിന്റെ തിരുമോന്ത കണ്ടാല്‍ ഏതവളാടാ വിളിക്കുക“ എന്നൊക്കെ പറഞ്ഞ് അവരെന്നെ കളിയാക്കി.

അസൂയക്കാര്‍...ഇവന്മാരൊടുന്നും പറഞ്ഞിട്ടു കാര്യമില്ല.

സാധാരണയായി മീരാജാസ്മിന്‍, ഐശ്യര്യ റായ്, പ്രിയങ്ക ചോപ്ര, ഏഞ്ച്ലീനാ ജോളി മുതലായവര്‍ നായിക കഥാപാത്രങ്ങള്‍ ചെയ്യുന്ന എന്റെ സ്വപ്നങ്ങളില്‍ നിന്നും ഞാനവര്‍ക്ക് ലീവ് കൊടുത്തു. അവര്‍ക്കും വേണ്ടെ ഒരു എന്റര്‍റ്റൈന്മെന്റ്!!!

ഇന്നു മുതല്‍ ഇവളാണെന്റെ സ്വപ്നത്തില നായിക.

എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയവള്‍.
എന്റെ കരളിന്റെ കരള്‍
എന്റെ തങ്കക്കുടം
എന്റെ “ബെറ്റര്‍ ഹാഫ്”
എന്‍ ചെല്ലം
എന്‍ കാതലി
എന്റെ എല്ലാമെല്ലാം.

അങ്ങിനെ ഞാനും ഇതുവരെ ഞാന്‍ കണ്ടിട്ടില്ലാത്തതുമായ ആ ഭൂലോകസുന്തരിയുമായുള്ളാ ആദ്യ രാത്രിയായിരുന്നു അത്.

പക്ഷെ ഉറങ്ങുന്നതിനു മുന്‍പു അവളുടെ പേര് ഒന്നു കണ്ടു പിടിക്കാന്‍ വേണ്ടി ഞാന്‍ വേറൊരുത്തന്റെ മൊബൈലില്‍ നിന്നും വിളിച്ചു.

അപ്പോഴാണ് ഞാനാ ഞെട്ടിക്കുന്ന വാര്‍ത്തയറിയുന്നത്.

എന്റെ വീട്ടില്‍ നിന്നും കഷ്ടിച്ച് അരക്കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഒരു പെണ്‍കുട്ടി മംങ്കലാപുരത്ത് നഴ്സിങ്ങിനു പഠിക്കുന്നുണ്ട്. ഈ കക്ഷി ഞാനറിയാതെ എന്റെ അനിയത്തിയുടെ കൈയില്‍ നിന്നും മൊബൈല്‍ നംബര്‍ വാങ്ങി എന്നെ ഒന്നു പറ്റിക്കാമെന്നു കരുതി പേര് പറയാതിരുന്നതാണ്.

റിച്ചര്‍ സ്കേയിലില്‍ 8.2 രേഖപെടുത്താവുന്ന ഒരു ഭൂമി കുലുക്കമോ, ഒരു സുനാമിയൊ, ഇല്ലെങ്കില്‍ വംശനാശം സംഭവിച്ചു പോയ ഒരു ദിനോസറോ ഉയര്‍ത്തെണീറ്റ് എന്നെ മുഴുവനായി അങ്ങ് വിഴുങ്ങണേ എന്ന് ആത്മാര്‍തമായി ആഗ്രഹിച്ച ഒരു നിമിഷം.

ഈ പെണ്‍കുട്ടിയെ വളരെ ചെറുപ്പം മുതല്‍ എനിക്കും എന്റെ വീട്ടുകാര്‍ക്കും നേരെ മറിച്ചും അടുത്ത് അറിയാവുന്നവരാണ്. ഈ പറഞ്ഞ പെണ്‍കുട്ടിക്ക് “ഓര്‍കുട്” ഐഡി പോയിട്ട് ഒരു ഈ മെയില്‍ ഐഡി പോലും ഇല്ല.

രണ്ടാഴ്ച്ച മുന്‍പ് നാട്ടിലെ പള്ളിപെരുന്നാളിന് പോയപ്പൊ ദേണ്ടെ നായിക പള്ളിമുറ്റത്തു നില്‍ക്കുന്നു.

പാട്ട് കുര്‍ബാനയും പ്രദക്ഷിണവും സ്കിപ്പ് ചെയ്തു ഞാന്‍ മുങ്ങി.

പള്ളീക്കഴിഞ്ഞ് വീട്ടിലെത്തിയ മമ്മി
“നീ എവിടെ പോയേക്കുവാരുന്നെടാ‍“ എന്ന ചൊദ്യത്തിന്
“ഓ...ചെറിയൊരു തലവേദന” എന്ന ആര്‍ക്കും ഉപദ്രവകരമല്ലാത്ത ഒരു മറുപടി പറഞ്ഞ് തടി തപ്പി.

അന്ന് മുതല്‍ എന്നു വരെ ഞാന്‍ ആരോടും “ഐ ലവ് യൂ” ന്ന് പറഞ്ഞിട്ടില്ല. ഇനിയൊട്ട് പറയുകേയില്ല.

“ച്ചായ്....നാണക്കേട്.”
---------------------------------------------------------------------------------
നന്ദിയുടെ രണ്ട് വാക്കുകള്‍....
ഇതു ഇന്നലെ(07/03/07) രാത്രിയില്‍ ഇരുന്ന് റ്റൈപ്പ് ചെയ്യാ‍ന്‍ പീസീ ലാഭേച്ച്കളൊന്നുമില്ലാതെ അനുവദിച്ച ചാലക്കുടിക്കാരന്‍ ജിനോ ജോസിനോടും, കുത്തരി ചൊറും മുട്ട ഓമ്പ്ലേറ്റും പാഴ്സല്‍ വാങ്ങി വച്ച ഷാലുവിനോടും, ലാന്‍സ് ആംസ്ട്രൊങ്ങിന്റെ ചരിത്രം പറഞ്ഞു തന്ന സോണീലാലിനോടും ഡാറ്റാ ട്രാന്‍സ്ഫറിനുള്ള 256MB ഫ്ലാഷ് ഡ്രൈവ് തന്ന് സഹായിച്ച കീം സിങ്ങ് എന്ന ഹിന്ദിക്കാരനൊടും എനിക്കുള്ള നന്ദിയും കടപ്പാടും ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

12 comments:

കെവിൻ & സിജി said...

എന്‍ ചെല്ലം
എന്‍ കാതലി

പിന്നീട് നേരില്‍ കണ്ടിട്ടേയില്ലേ? നേരില്‍ കാണുമ്പോഴുള്ള ആ ചമ്മലിനും ഒരു സുഖമുണ്ടാവും ആശാനേ.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്

ഇട്ടിമാളു അഗ്നിമിത്ര said...

അന്ന് മുതല്‍ എന്നു വരെ ഞാന്‍ ആരോടും “ഐ ലവ് യൂ” ന്ന് പറഞ്ഞിട്ടില്ല. ഇനിയൊട്ട് പറയുകേയില്ല.
ഇതു വിശ്വസിക്കാന്‍ ഇത്തിരി വിഷമം ...നല്ല അവതരണം

Sarath said...

kutti, sherinte kathakoodi ezhuthoo pls.

Kaithamullu said...

അല്ലാ, ആ പൊണ്‍കൊച്ചിനെന്താ ഇപ്പൊ ഒരു കൊഴപ്പം,പ്പാ?

Sherlock said...

കൊള്ളാം റ്റൊംകിഡെ...നന്നായിരിക്കുന്നു...

സുല്‍ |Sul said...

കിഡേ,

ആകെ മൊത്തം സൊയമ്പന്‍.
പിന്നെ http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html
ഇതു മറക്കേണ്ട.

-സുല്‍

ആഷ | Asha said...

ഇത് കലക്കീട്ടോ :)

qw_er_ty

Anonymous said...

kollam :)
ennu vechu kutti ahankarikaarayilla... iniyum ezhuthanam.... kutti iniyum othiri valaranam :)

Unknown said...

thalle entharanna ithu ???

nalla polappanakki eyutheerkanalloo..

ingalalu puli thanne kettaaaa....

ayirikkattee karyangalu ingane okke aaya reethikku njanoru karyangu thoyikattee..??

aa penninu entharu koyappam appee??
atho modayano machoo....

moda kanda edapedum annooo..

athanu y not....

Anonymous said...

Havoo......chirichu chirichu mathiyayi....Pinnedu aa kuttiye kando?....samsaricho?..ippam message ayakarundo?...

Anonymous said...

angane venam ninakku angane thanne venam!!!!