Thursday, March 15, 2007

ആനയും ദാമ്പത്യജീവിതവും

പരശു രാമന്‍ മഴു എറിഞ്ഞാണ് കേരളമുണ്ടായതെന്ന് ഐതിഹ്യം. അന്നത്തെ പരശുരാമന്റെ “കട്ട” ബോഡിയും, മഴുവിന്റെ “പ്രൊജക്റ്റൈല്‍” മോഷനും എല്ലാം ഒന്ന് അനലൈസ് ചെയ്താല്‍ കേരളത്തിന്റെ ഇന്നത്തെ ശോഷിച്ച ഷേപ്പ് അല്ല ഉണ്ടാവേണ്ടത്.

പിന്നെ കേരളം എങ്ങിനെ രണ്ടറ്റവും കൂര്‍ത്ത ഒരു നീണ്ട “പാവയ്ക്ക” ഷേപ്പിലായി? കാരണം തടിയന്മാരായ കര്‍ണാടകവും തമിഴ് നാടും കേരളത്തിന്റെ മുകളില്‍ കേറി കിടക്കുന്നു. അതും പോരാഞ്ഞിട്ട് ഇന്ത്യ മഹാരാജ്യത്തിന്റെ മുഴുവന്‍ ഭാരവും പേറുന്നത് നമ്മുടെ കൊച്ചു കേരളം. യുഗങ്ങളായി ഈ ഭാരം മുഴുവന്‍ ചുമക്കുന്നതുകൊണ്ടായിരിക്കണം കേരളം ഇത്ര ശോഷിച്ച് പോയത്.

ഇങ്ങനെയുള്ള കേരളത്തിന്റെ ഏതാണ്ട് നടുക്കായി കേരളത്തിനുള്ളില്‍ മാത്രം ഒതുങ്ങികഴിയുന്ന ഒരു ജില്ല ഒരേ ഒരു ജില്ല,“എന്നാ ഉണ്ടെടാ ഉവ്വേ? സുഖവാന്നോ” എന്ന ചോദ്യത്തിന് “എന്നാ പറയാനാ ഇച്ചായോ....അങ്ങനങ്ങ് ജീവിച്ചു പൊന്നു” എന്ന് ഉത്തരം തരുന്ന മില്‍മ പാലിനേക്കാളും അധികം റബര്‍ പാല്‍ ഉല്പാദിപ്പിക്കുന്ന നമ്മുടെ സ്വന്തം അച്ചായന്മാരുടെ നാട്. കോട്ടയം.

കോട്ടയത്തെ അച്ചായന്മാരുടെ ആസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന പാലായില്‍ നിന്നും തൊടുപുഴയ്ക്ക് പൊണ വഴിയ്ക്ക് ഐങ്കൊമ്പ് വളവ് കഴിഞ്ഞാല്‍ ഒരു പഞ്ചായത്ത് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഉണ്ട്. അതിന് നേരെ എതിര്‍ വശത്തായി ഒരു പഞ്ചായത്ത് കിണറും. ആ കിണറിന്റെ സൈഡിലൂടെ ഉള്ള മണ്‍ റോഡില്‍ കൂടി കണ്ടവും മുറിച്ച് കടന്നാല്‍ നമ്മള്‍ ചെല്ലുന്നത് മണികണ്ഠന്റെ വാസസ്ഥലത്ത്.

മണികണ്ഠന്‍ ചെറുപ്പക്കാരനായ ഒരു പ്രവാസി തമിഴനാണ്. എന്നു വെച്ചാ വയറ്റി പിഴപ്പിനു വേണ്ടി കേരളത്തില്‍ വന്ന് ജോലി നോക്കുന്നു. ജന്മം കൊണ്ട് മാത്രമാണ് മണികണ്ഠന്‍ തമിഴനായത്, അല്ലാതെ തമിഴ് സംസാരിക്കുന്നത് കൊണ്ടല്ല. നാട്ടുകാരെല്ലാം മണികണ്ഠനെ സ്നേഹത്തോടെ “മണിയേ...” എന്നാണ് വിളിച്ചിരുന്നത്. പൊതുവേ തമിഴന്മാരോടുള്ള ഒരു ആറ്റിറ്റൂഡ് അല്ലായിരുന്നു അന്നാട്ടുകര്‍ക്ക് മണികണ്ഠനോട്.

സ്വന്തം വയറിനു വേണ്ടി മാത്രം അധ്വാനിച്ച് ജീവിക്കുന്ന മണിക്ക് ‘മണി’യോടൊ ആര്‍ഭാടത്തിനോടൊ വല്ല്യ താല്പര്യം ഒന്നും തോന്നിയിരുന്നില്ല. മലയാളികളുടെ പണത്തൊടുള്ള ആക്രാന്തത്തെ മണി “ബോതര്‍” ചെയ്തിരുന്നുമില്ല. ഇക്കാരണങ്ങള്‍ കോണ്ട് തന്നെ മണിയെ അവിടെ എല്ലാവര്‍ക്കും വല്ല്യ കാര്യമായിരുന്നു. ഇത് പലപ്പോഴും പലരും മുതലെടുക്കാറുമുണ്ടായിരുന്നു. തമിഴനല്ലെ എന്ന് വിചാരിച്ച് തുച്ഛമായ വേതനത്തില്‍ ഭാരിച്ച ജോലികള്‍. ഇതിലൊന്നും മണിക്ക് യാതൊരുവിധ പരാതികളും
ഇല്ലായിരുന്നു. കാരണം പണത്തേക്കാളും മറ്റെന്തിനേക്കാളും എന്തിനേറെ പറയുന്നു തന്നേക്കാള്‍ മണി സ്നേഹിച്ചിരുന്നത് തന്റെ പ്രേമഭാജനം കല്ല്യാണിയെ ആയിരുന്നു.

വെയിലിന് “ഗോള്‍ഡന്‍” കളര്‍ വച്ച് തുടങ്ങി. മണിയന്‍ ചാകാറായി. എന്നു വെച്ചാ നേരം വൈകുന്നേരം മണി അഞ്ചാകാറായി. പാലാ കൂത്താട്ടുകുളം റൂട്ടില്‍ ഓടുന്ന “മഡോണ” ക്രുത്യ സമയം പാലിച്ച് നാലെ അമ്പതിനു ഒരാളെയും ഇറക്കി വെയിറ്റിങ്ങ് ഷെഡ് പാസ്സ് ചെയ്തു. ഈ ബസ്സാണ് ആ ഏരിയായിലെ പണിക്കാരുടെ പണി മതിയാക്കാനുള്ള സിഗ്നല്‍ കൊടുത്ത് പോകുന്നത്. ബസ് പാസ്സ് ചെയ്യേണ്ട താമസം എല്ലാവരും കൈയും കാലും ഒക്കെ കഴുകി അന്നത്തെ പണി മതിയാക്കി പെണ്ണുങ്ങള്‍ വീടുകളിലേക്കും ആണ്‍ പിറന്നവന്മാര്‍ അങ്ങാടിയിലേക്കും ചേക്കേറും.

അങ്ങിനെ മണിയും അന്നത്തെ പണി മതിയാക്കി മടങ്ങുകയാണ്. റോഡിന്റെ സൈഡിലൂടെ പതിയെ നടക്കുമ്പോ പെട്ടന്ന് ഒരു സുപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ് സര്‍ക്കാരിന്റെ പച്ച കളറടിച്ച ആനവണ്ടി ഒരു ഹോണുമടിച്ച് പാഞ്ഞ് പോയി.

“ഇവന്‍മാരൊക്കെ ആരുടെ അമ്മായിക്ക് വായുഗുളിക വാങ്ങിക്കാന്‍ പോവ്വാ? പേടിപ്പിച്ച് കളഞ്ഞല്ലോ”
മണി മനസ്സില്‍ പറഞ്ഞു.

“നീയിന്നെന്റെ സ്വന്തമല്ലേ...
സ്നേഹത്തിന്റെ ഗന്ധമല്ലേ...
പ്രേമത്തിന്റെ വെണ്ണയല്ലേ...
ജന്മത്തിന്റെ പുണ്യമല്ലേ...”

ഈയിടെ റിലീസായ ലാലേട്ടന്റെ കളഭം എന്ന പടത്തിലെ പാട്ട് പ്രിയഗീതം എന്ന ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ നിന്നും റേഡിയോയില്‍ പാടുന്നു. തട്ടുകട നടത്തുന്ന പിള്ളേച്ചന്റെ ഒറ്റ സ്പീക്കറുള്ള “നാഷണല്‍” മേക്ക് റേഡിയൊ. ഈ പാട്ട് കേട്ടപ്പൊ മണിക്ക് പെട്ടന്ന് കല്ല്യാണിയെ ഓര്‍മ വന്നു.

“സുഖവാണൊടാ മണിയേ” എന്ന പിള്ളേച്ചന്റെ ചോദ്യത്തിന് മണി തലയാട്ടുക മാത്രം ചെയ്തു. കാരണം മറ്റൊന്നുമല്ല മണിയുടെ മനസ്സില്‍ മുഴുവന്‍ കല്ല്യാണിയെ കുറിച്ചുള്ള ഓര്‍മകള്‍ മാത്രമായിരുന്നു.

കല്ല്യാണിയെ ആദ്യമായി കണ്ട നാള്‍. മണിയുടെ ഈ പ്രേമം ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. എന്നു വെച്ചാ ഒറ്റ നോട്ടത്തില്‍ തന്നെ മണിക്കിഷ്ടായി കല്ല്യാണിയെ.

തങ്ങള്‍ക്ക് മാത്രമായി ഒരു കൊച്ച് വീട്.
താനും കല്ല്യാണിയും തനിച്ചുള്ള നിമിഷങ്ങള്‍.
ഒന്നിച്ചൊരു യാത്ര.
സ്വകാര്യമായ സന്തോഷങ്ങളും ദുഖങ്ങളും പങ്ക് വയ്ക്കുന്ന സന്ധ്യകള്‍.
“ക്യാന്റില്‍ ലൈറ്റ്” അത്താഴം.
ശാരീരിക സുഖങ്ങള്‍ പങ്ക് വയ്ക്കുന്ന രാവുകള്‍.

ഏതൊരാളും ആഗ്രഹിക്കുന്ന ഇത്തരത്തിലൊരു ദാമ്പത്യജീവിതം മണിക്ക് സ്വപ്നം കാണാവുന്നതിലുമപ്പുറമായിരുന്നു. മണി ഒരു തമിഴനും കല്ല്യാണി ഒരു മലയാളിയുമായിരുന്നതുകൊണ്ടല്ല. പ്രേമം “ബ്ലൈന്‍ഡാ“ണെന്നും അതിന് ജാതിയൊ മതമോ ഭാഷയൊ വര്‍ഗമോ എല്ലെന്നും മണി വിശ്വസിച്ചിരുന്നു.

മണിയെ തളച്ചിരുന്ന ചങ്ങല മാത്രമായിരുന്നു മണിയുടെ ദാമ്പത്യ ജീവിതത്തിലെ വില്ലന്‍.
-------------------------------------
ഡെഡിക്കേഷന്‍:
തീര്‍ത്തും നിസ്വാര്‍ഥവും മാനുഷിക മൂല്ല്യങ്ങള്‍ ഉയര്‍ത്തുന്നതുമായ ഒരു മൈസൂര്‍-വയനാട്(ചുണ്ടേല്‍) യാത്രയിലെ സഹയാത്രികരായ എന്റെ സുഹ്രുത്തുക്കള്‍ ജിതിനും ജോമേഷിനും സിനോയ്ക്കും വേണ്ടി ഞാന്‍ ഈ കഥ ചുമ്മാ ഡെഡിക്കേറ്റ് ചെയ്യുന്നു.

2 comments:

G.MANU said...

vivaranam kollam

ഒറ്റപ്പെട്ടവന്‍ said...

നന്നായിട്ടുണ്ട്..... ഇനിയും രചനകള്‍ പ്രതീക്ഷിക്കുന്ന്...