[മുന്‍കൂര്‍ ജാമ്യം: ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം അല്ല! നിങ്ങള്‍ക്കോ നിങ്ങളുടെ സുഹ്രുത്തുക്കള്‍ക്കോ ഈ കഥയോ കഥാപാത്രങ്ങളോ ആയി എന്തെങ്കിലും സാദ്ര്യശ്യം തോന്നുകയാണെങ്കില്‍ അതവരുടെ കൈയിലിരിപ്പായി കരുതി ക്ഷമിക്കുക. എന്നെ സഹിക്കുക!]
റബര്‍ പാല് പോലെ പരിശുദ്ധമായ മനസും റബര്‍ ഷീറ്റിന്റെ കളറും റബര്‍ ഷീറ്റ് തോറ്റ് പോവുന്ന തൊലിക്കട്ടിയുമായിരുന്നു ജോണിക്കുട്ടിക്ക്. ജോണിക്കുട്ടിയുടെ അപ്പന് മുണ്ടക്കയത്ത് റബറിന്റെ ബിസിനസാണ്!
അവന്‍ കഞ്ചാവടിക്കില്ല, ബ്ലോഗ് എഴുതില്ല/വായിക്കില്ല, പെണ്ണ് പിടിക്കില്ല. അത്കൊണ്ട് തന്നെ നാട്ടുകാര്‍/വീട്ടുകാര്‍/കൂട്ടുകാര്‍ എന്നീ ഗണങ്ങളുടെ ഇടയിലും അതും പോരാഞ്ഞിട്ട് നാട്ടിലെ പെമ്പിള്ളേരുടെ ഇടയിലും അവനെ പറ്റി ഒരഭിപ്രായവുമുണ്ടായിരുന്നു. പിന്നെ വല്ലപ്പോഴും അപ്പനറിയാതെ ഒട്ടുപാലും ചിരട്ടപ്പാലും പറിച്ച് വിറ്റ് നൂണ്‍ഷോ കാണും, കള്‍സ് അടിക്കും, സിഗരറ്റ് വലിക്കും. ഇക്കാലത്ത് ഇതൊക്കെ ഒരു കുറ്റമാണോ?
ആഗോളവത്കരണം കോണ്ടാണോ അതോ അവന്റെ സമയം നല്ലതായത് കൊണ്ടോ എന്നറിയില്ല ബാങ്ക്ലൂരില്‍ ഒരു കമ്പനിയില്‍ കയറി ഉടായിപ്പ് നമ്പറുകളും ഇറക്കി ജീവിക്കുന്നു. അങ്ങിനെ റബര്‍ കത്തിയും തൂമ്പായും പിടിച്ച് തഴമ്പിച്ച കൈകള്‍ കീ ബോര്‍ഡില്‍ കൊട്ട് തൊടങ്ങി.
ബാങ്ക്ലൂര്‍ ജീവിതവും IT ശമ്പളവും അവനില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തി. നാട്ടില്‍ ഒരു കൈലി മാത്രമുടുത്ത് ഫുള്‍ സ്വതന്ത്രനായി കപ്പക്ക് കാട് പറിക്കാനും തെങ്ങിന് ഇട കിളക്കാനും പോയിരുന്ന ജോണിക്കുട്ടി പകല്‍ പൊതുവേ ടോപ് ലെസ്സ് ആയിരുന്നു. രാവിലെ പാലെടുക്കാന്‍ പോവുമ്പോഴും ഒട്ടുപാല്‍ പറിക്കാന്‍ പോവുമ്പോഴും പഴകി തുടങ്ങിയ ഒരു ബനിയനൊ ഷര്‍ട്ടോ ഇടും. അത് റബര്‍ തോട്ടത്തില്‍ കൊതുകുള്ളത് കൊണ്ട് മാത്രം. കുന്നത്തും കിറ്റക്സുമായിരുന്നു അന്നത്തെ അവന്റെ ബ്രാന്‍ഡുകള്‍.
കാലം മാറി, ജോണിക്കുട്ടിയുടെ കോലവും മാറി. ഒരെണ്ണം വാങ്ങിച്ചാല്‍ രണ്ടെണ്ണം എണ്ണം ഫ്രീ കിട്ടുന്ന ഷോ റൂംസും ഫാക്റ്ററി സെക്കന്‍ഡ്സ് ഔട് ലെറ്റും നാട്ടില്‍ പെരുകിയപ്പോ ലീയും അഡിഡാസും ഒക്കെയായി അവന്റെ ബ്രാന്‍ഡുകള്‍. ടീ ഷര്‍ട്ടും ജീന്‍സും ഇട്ട് തുടങ്ങി. ചിലപ്പോ വള്ളിചെരിപ്പിട്ടാലും സോക്സ് ഇടും. കാലാനുസ്രുതമായ കോലം കെട്ടല്‍!
അടുക്കളേന്ന് ഒണക്ക് കപ്പേം തുണ്ടന്‍ മീനും കഴിച്ച് കഞ്ഞിവെള്ളവും കുടിച്ച് ഈമ്പക്കവും വിട്ട് ലുങ്കിയുടെ തലപ്പ് കൊണ്ട് മോന്തേം കിറീം തൊടച്ച് പോയിരുന്ന കക്ഷിക്ക് ഇപ്പൊ ഇപ്പൊ കഴിക്കാന്‍ വെസ്റ്റേണ്‍ ഫുഡ്, ദഹിക്കാന്‍ കോള,സ്നാക്സിനു ഷവര്‍മ (വര്‍മ്മമാരുടെ ഇഷ്ട ഭക്ഷണം) കൈയും മുഖവും വ്രുത്തിയാക്കാന്‍ നാപ്കിന്‍. ഒക്കെ IT യുഗത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ മാത്രം.
ജോണികുട്ടി ഒരു ഈശ്വര വിശ്വാസി കൂടിയായിരുന്നു. നാട്ടില്‍ ഞായറാഴ്ച പള്ളിയില്‍ പോകുന്നത് പോത്തിറച്ചി വാങ്ങിക്കാനാണെങ്കില്‍ ബാങ്ക്ലൂര്‍ പള്ളിയില്‍ പോവുന്നത് ഡാറ്റബേസ് അപ്ഡേറ്റ് ചെയ്യാനാണെന്ന ഒരു വ്യത്യാസം മാത്രം.
ബാങ്ക്ലൂര്‍ ജീവിതം തികച്ചും യാന്ത്രികമായിരുന്നു ജോണിക്കുട്ടിക്ക്. രാവിലെ എണീക്കും, ഓഫീസില്‍ പോവും, വൈകിട്ട് ചിലപ്പോ വെള്ളമടിക്കും, ചിലപ്പോ വാള് വെക്കും, അങ്ങിനെ പ്രെത്യേകിച്ച് ഒന്നും സംഭവിക്കാതെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞുപോയി.
സംഗതിയെ സംബന്ധിച്ചിടത്തോളം സംഭവങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അവന്റെ മനസ് ആരുടെയോ സ്നേഹത്തിന് വേണ്ടി അലയുകയായിരുന്നു. അവന്റെ ഓരോ ഹ്രുദയമിടിപ്പും ഒരു സോള്‍മേറ്റിനായി തുടിച്ചു. സ്റ്റേഷനിലേക്ക് കയറാന്‍ സിഗ്നല്‍ കാത്ത് കിടക്കുന്ന ട്രെയിനെ പോലെ അവനും ഏതോ അവള്‍ക്കായി കാത്ത് കിടന്നു.
നിങ്ങള്‍ എന്തിനു വേണ്ടിയുള്ള തിരച്ചിലിലാണെങ്കിലും തികച്ചും അപ്രതീക്ഷിതമായ സമയത്ത് അത് നിങ്ങള്‍ കണ്ടെത്തും എന്ന് പണ്ടാരോ പറഞ്ഞത് അന്വര്‍ഥമാക്കിക്കൊണ്ട് ജോണിക്കുട്ടി ഷെറിനെ കണ്ട് മുട്ടി. തീര്‍ത്തും അകസ്മികമായാണ് ജോണിക്കുട്ടി ഷെറിനെ കണ്ട് മുട്ടുന്നത്. മാര്‍ച്ചില്‍ പെയ്ത മഴ പോലെ കുളിരുള്ള ഒരനുഭവമായിരുന്നു ജോണിക്കുട്ടിക്ക് ഷെറിനോടുള്ള പ്രണയം.
ഒരു ദിവസം രാവിലെ ഓഫീസില്‍ ചെല്ലുമ്പൊ ദേ ഇരിക്കുന്നു റിസെപ്ഷനില്‍ ഒരു പെണ്‍കുട്ടി. ജോണിക്കുട്ടിയുടെ ലൈന്‍ ഒഫ് സൈറ്റും ഷെറിന്റെ ലൈന്‍ ഓഫ് സൈറ്റും ഒരു പോയിന്റ് ഓഫ് ഇന്റര്‍സെക്ഷനില്‍ വന്നപ്പോള്‍ അവരുടെ കണ്ണൂകള്‍ തമ്മിലുടക്കി! തന്റെ സ്വപ്നങ്ങളില്‍ ഉള്ള പെണ്ണ് തന്നെ ഇവള്‍, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍, ബ്യൂട്ടി മീറ്റ്സ് ക്യാളിറ്റി! ഇതായിരുന്നു ജോണിക്കുട്ടിയുടെ ഫസ്റ്റ് ഇമ്പ്രഷന്‍.
സിനിമാ പോസ്റ്റര്‍ കണ്ട പശുവിനേപോലെ ജോണികുട്ടി അവളിലേക്ക് ആക്രുഷ്ടനായി.
ഉച്ചക്ക് ചോറുണ്ണാന്‍ പോവുമ്പൊ ദേ ദവള്‍ ലിഫ്റ്റില്‍ മൊബൈലില്‍ ആരോടോ എങ്ക്ലീഷില്‍ സംസാരിക്കുന്നു. അതും NDTV യില്‍ വാര്‍ത്ത വായിക്കുന്ന പെണ്ണ് തോറ്റ് പോവുന്ന വെടിക്കെട്ട് എങ്ക്ലീഷ്.
“കാര്യം പറഞ്ഞ് മനസിലാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പെണ്ണ് കെട്ടിയിട്ടെന്തിനാടാ?“ ജോണിക്കുട്ടിയുടെ ഉള്ളിലിരിപ്പറിഞ്ഞ സുഹ്രുത്ത് ചോദിച്ചു.
“ജ്വലിക്കുന്ന പ്രണയത്തിന് മുന്നില്‍ ഭാഷ ഒരിക്കലും ഒരു പ്രതിബന്ധമല്ല“ അവന്‍ തിരിച്ചടിച്ചു.
ഭാഷയുടെ അതിര്‍വരമ്പുകളെ ഭസ്മമാക്കാനുള്ള ശേഷി പ്രേമമെന്ന വികാരത്തിനുണ്ടെന്ന് അവന്‍ വിശ്വസിച്ചു.
ജോണിക്കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത് ആദ്യാനുരാഗം എന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. ഇതിന് മുന്‍പും അവന് പല പെണ്‍കുട്ടികളോടും I Love You തോന്നിയിട്ടുണ്ട്. ജോണിക്കുട്ടിയുടെ അമ്മവീട്ടില്‍ റബര്‍ വെട്ടാന്‍ വരുന്ന ചേട്ടന്റെ അനിയന്റെ ഭാര്യേടെ ചേടത്തീടെ അമ്മായിയമ്മേടെ വീട്ടില്‍ ഇഞ്ചി നടാന്‍ വന്ന പെണ്ണ് ആയിരുന്നു ജോണിക്കുട്ടിയുടെ ഫസ്റ്റ് ക്രഷ്. പിന്നെ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂടെ പഠിച്ചിരുന്ന കവിത, എട്ടിലെത്തിയപ്പോള്‍ സൌമ്യയോട് , പ്രീ ഡിഗ്രിക്കു കൂടെ പഠിച്ച ടീന അങ്ങിനെ ഒരു ലിസ്റ്റ് തന്നെയുണ്ട്. പക്ഷെ ഇതുവരെ ആരുടെയും പുറകെ ഒലിപ്പിച്ച് നടന്നിട്ടില്ല. എന്നാലും അവരാരോടും തോന്നാത്ത ഒരു ഫീലിങ്ങ് തന്റെ ഉള്ളില്‍ രൂപം കൊള്ളുന്നതായി ജോണിക്കുട്ടി മനസിലാക്കി.
തുറന്നു പറയാത്ത പ്രേണയവും നീലം മുക്കിയ കോണാനും ഒരു പോലെയാണ്. രണ്ടും എത്ര മനോഹരമാണെങ്കിലും തുറന്ന് പ്രകടിപ്പിച്ചില്ലെങ്കില്‍ എന്ത് പ്രയോജനം?!!
കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ വട്ടമിട്ട് പറക്കുന്ന പരുന്തിനേപോലെ അവന്‍ അവള്‍ടെ പുറകെ പ്രാഞ്ചി പ്രാഞ്ചി നടന്നു. ആ നടപ്പ് ഗുണം ചെയ്തു. അവളുമായി സംസാരിച്ചു. വെറും ഒരാഴ്ചകൊണ്ട് അവള്‍ടെ മൊബൈല്‍ നമ്പറ് വരെ ജോണിക്കുട്ടി ഒപ്പിച്ചു. പിറ്റത്തേ ആഴ്ച മുതല്‍ അവര്‍ ഒരുമിച്ച് പുറത്ത് പോവാനും തുടങ്ങി.
"ഹോ ഒരു പെണ്ണിനെ വളക്കാന്‍ ഇത്ര സിമ്പിളായിരുന്നൊ?” ഞാന്‍ ചില്ലറക്കാരന്‍ അല്ല, നോട്ട് കാരനും അല്ല. ഞാനൊരു റിസര്‍വ് ബാങ്ക് തന്നെ! “ഹൌ” ജോണിക്കുട്ടി തന്റെ കഴിവില്‍ ഊറ്റം കൊണ്ടു.
പ്രേമിക്കാന്‍ മുട്ടി നടന്നവനെ പെണ്ണ് കയറി പ്രൊപോസ് ചെയ്ത പോലെ സന്തോഷിച്ചു ജോണിക്കുട്ടി.
എക്സൈറ്റ്മെന്റിന്റെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. സ്വപ്നത്തില്‍ റൊമാന്റിക് സീനുകളുടെ എണ്ണവും നീളവും കൂടി. ഡെസ്ക് റ്റോപ് വാള്‍പേപ്പറീന്ന് അസിന്‍ തോട്ടുങ്കലിനെ ഒഴിവാക്കി ഷെറിന്റെ ഫോട്ടോയാക്കി. അവന്റെ ഹ്രുദയത്തിന്റെ വാള്‍പേപ്പറും! സ്നേഹം കൂടുമ്പോള്‍ ഷെറിന്‍ “ഷെറി“ ആയി. ഭാവിയില്‍ കൊച്ചിനിടേണ്ട പേര് വരെ കണക്ക് കൂട്ടി ജോണിക്കുട്ടി. ആദ്യത്തെ കുട്ടി ആണാണെങ്കില്‍ ജോണിക്കുട്ടിയുടെ “ജോ‘ യും ഷെറിന്റെ “ഷി” യും ചേര്‍ത്ത് “ജോഷി” എന്ന് പേരിടണം, പെണ്ണാണെങ്കില്‍ അത് ജോണികുട്ടിയുടെ “നി” യും ഷെറിന്റെ “ഷ” യും ചേര്‍ത്ത് “നിഷ” എന്നിടണം. "JOHNYKUTTY WEDS SHERIN" എന്ന് എഴുതി തെര്‍മോകോളില്‍ വെട്ടിയെടുത്ത് കാറിന്റെ പുറകില്‍ ഒട്ടിക്കുന്നതും ആ കാറില്‍ പള്ളിയില്‍ പോവുന്നതും ഓര്‍ത്ത് കിടന്നു ജോണിക്കുട്ടി.
“ശ്ശോ...” മെടുല്ല ഒബ്ലോങേറ്റയില്‍ ഐസുകട്ട എടുത്ത് വെച്ച പൊലെ കുളിര് കോരി ജോണിക്കുട്ടിക്ക്!
രാത്രികളെ നിദ്രാരഹിതമാക്കി ഫോണില്‍ അനവധി കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. ആഗോളവത്കരണവും ആത്മഹത്യയും, ആണവകരാറില്‍ അമേരിക്ക ഇടപെടുന്നതിന്റെ അനൌചിത്യം, അന്താരാഷ്ട്ര മാര്‍കറ്റില്‍ ആട്ടിറച്ചിക്കുണ്ടായ വിലയിടിവ് മുതലായ അന്താരാഷ്ട്ര പ്രശ്നങ്ങളും അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും എന്തേ കൊച്ചുണ്ടായില്ല മുതലായ ആഭ്യന്തര പ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ചിലപ്പോ ഈ വക ചര്‍ച്ചയും പാട്ടുകളും, ഇവന്‍ റെക്കോഡ് ചെയ്യും എന്നിട്ട് ബാക്കിയുള്ളോര്‍ക്ക് കേള്‍പ്പിച്ച് കോടുക്കും! ഹ്രുദയമുള്ളവനായിരുന്നു ജോണിക്കുട്ടി!! (അങ്ങിനെ പാടിയ പല ചര്‍ച്ചകളും പാട്ടുകളും ബ്ലൂ ടൂത്തിന്റെ സഹായത്തോടെ നാട്ടില്‍ വമ്പന്‍ ഹിറ്റ് ആയി! കേട്ടാല്‍ ചെവി ഡെറ്റോള്‍ ഒഴിച്ച് കഴുകണം)
സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ കൊണ്ട് ജോണിക്കുട്ടിയുടെ ഷെല്‍ഫ് നിറഞ്ഞു. ഹെയര്‍ സ്റ്റൈലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. കരുവീട്ടിക്കു കുമ്മായമടിച്ച പോലുള്ള മുഖവും കച്ചി കയറ്റിയ പാണ്ടിലോറി പോലുള്ള ഹെയര്‍ സ്റ്റൈലുമാണെന്ന് സഹവാസികള്‍ പറഞ്ഞെങ്കിലും ജോണിക്കുട്ടി അതൊന്നും ചെവിക്കൊണ്ടില്ല. ദിവസവും രാത്രി ഏഷ്യാനെറ്റില്‍ ചിരിക്കും തളികയും കണ്ടിരുന്നവന്‍ പെട്ടന്ന് FRIENDS സീരിയലും ലുമിയറിന്റെ കാലത്തുള്ള എങ്ക്ലീഷ് പടങ്ങളും വരെ കണ്ട് തുടങ്ങി, എടുത്താ പൊങ്ങാത്ത എങ്ക്ലീഷ് നോവലുകള്‍ വായിച്ചു.
പെണ്ണൊരുമ്പെട്ടാല്‍ ഏത് പുലിയും പുല്ല് തിന്നും...!!
“Being in love is the best feeling on earth!" എന്നും ഒരു ഗേള്‍ ഫ്രെണ്ട് ഉണ്ടെങ്കിലുണ്ടാവുന്ന അനന്തമായ സാധ്യതകളെയും പറ്റി തന്റെ സഹ-അന്തേവാസികളോട് പറഞ്ഞു. പേരിനൊരു ലൈന്‍ പോലും ഇല്ലാത്ത അവരുടെ ജീവിതം എത്ര നിര്‍ജീവവും മുരടിച്ചതുമാണെന്നോര്‍ത്ത് അവന്‍ പരിതപിച്ചു. അവരെ പരിഹസിച്ചു. ‘പൂവര്‍ ബോയ്സ്”
പിറന്നാളിനു പാതിരാത്രിക്ക് ഒരു ഫാമിലി പാക്ക് ക്യാഡ്ബറി ഡയറി മില്‍ക് അവള്‍ടെ വീട്ടില്‍ കൊണ്ട് പോയി കൊടുത്തു.
കൂടാതെ പലപ്പോഴായി പല പല ഗിഫ്റ്റും ജോണിക്കുട്ടി കൊടുത്തുകൊണ്ടിരുന്നു. അവള്‍ടെ വീട്ടിലേക്കുള്ള മണ്ണെണ്ണേം റേഷനരീം വാങ്ങിക്കാനുള്ള കാശ് വരെ ജോണിക്കുട്ടിയുടെ ക്രെഡിറ്റ് കാര്‍ഡീന്ന് വലിച്ചു. ഇത്രയും കാശ് പള്ളിയില്‍ നേര്‍ച്ച ഇട്ടിരുന്നെങ്കില്‍ അവരതുകൊണ്ട് ഒരു കുരിശ് പള്ളി പണിതേനെ! അവസാനം ജോണിക്കുട്ടിയുടെ പേഴ്സണല്‍ ലാപ്ടോപ് വരെ ഷെറിന്റെ കൈയിലായി.എല്ലാം അവള്‍ക്ക് വേണ്ടി അല്ലേ എന്നോര്‍ത്താശ്വസിച്ചു.
“തന്റെ കാര്യം ഞാന്‍ വീട്ടില്‍ പറയട്ടെ?” കോഫീ ഡേയീന്ന് കട്ടങ്കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് ജോണിക്കുട്ടി ചോദിച്ചു.
“എന്തിന്?” വളരെ നിഷ്കളങ്കമായി തന്നെ ചോദിച്ചു ഷെറിന്‍.
“അല്ല ഇത് ഇനിയും നീട്ടു കൊണ്ട് പോണോ?”
“ഏത്?”
“ആളെ ഒരു മാതിരി ഊ...ഊ....(അല്ലെങ്കി വേണ്ട) ഉമ്മാക്കിയാക്കരുത്“
“താന്‍ വിചാരിക്കുന്നത് പോലെ നമ്മള്‍ തമ്മില്‍ ഒന്നുമില്ല. ഇനിയും ആ രീതിയില്‍ എന്നെ കാണരുത്! I am not the marrying type” ഇത് കേട്ട ജോണിക്കുട്ടിയുടെ രണ്ട് പള്‍സ് മിസ്സ് ആയി. ഒരു വിശുദ്ധ പ്രണയത്തിന് അവിടെ തിരശീല
വീഴുകയായിരുന്നു.
“ആമ്പിള്ളേരുടെ ക്രെഡിറ്റ് കാര്‍ഡ് ഉരച്ച് തീര്‍ക്കാന്‍ വേണ്ടി മാത്രം പടച്ച് വിട്ടതാണോ കര്‍ത്താവേ നീ പെമ്പിള്ളേരെ?“ കോഫീഡേയില്‍ ബില്‍ പേ ചെയ്യുമ്പോ ജോണിക്കുട്ടിയുടെ ആത്മഗതം.
കട്ടിന്റ സമയത്ത് “തന്റെ മാനസിക പുത്രി“ എന്ന സീരിയല്‍ മിസ്സായ വീട്ടമ്മയേപോലെ അവന്റെ മനസ് ഷെറിന് വേണ്ടി വീര്‍പ്പ് മുട്ടി. സ്പിരിറ്റില്‍ അലിയാത്ത വിഷമങ്ങിളില്ലെന്നറിയാവുന്ന ജോണിക്കുട്ടി സങ്കടത്തിനുള്ള മറുമരുന്ന് ഒരു ഫുള്‍ ബോട്ടില് തന്നെ മേടിച്ചു. തന്റെ സഹവാസിയായ തൊമ്മിക്കുഞ്ഞും (Tomkid അല്ല!) ചേര്‍ന്ന് അടി തുടങ്ങി.
വെള്ളം ഒഴിക്കാതെ ഡ്രൈയായി കയറ്റിയത് കൊണ്ട് പെട്ടന്ന് റീഡിങ്ങ് കാണിച്ച് തുടങ്ങി. ഉള്ളില്‍ ചെന്ന ലഹരി ഉറങ്ങിക്കിടന്ന വികാരങ്ങലെ കിക്ക് ചെയ്തുണര്‍ത്തി.
“വിളിക്കെടാ ആ ഡാഷ് മോളെ...എനിക്കാ പു...പു...പുന്നാരമോളോട് രണ്ട് വര്‍ത്താനം പറയണം, അവള് കല്യാണം കഴിക്കുന്ന ഇനം അല്ല പോലും....ത്ഫൂ....”
“വിവരമില്ലാത്ത അവള്‍ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് വിദ്യാഭാസമില്ലാത്ത നീ വേണ്ടെ ക്ഷമിക്കാന്‍” സഹവാസിയായ തൊമ്മിക്കുഞ്ഞ് അവനെ ഉപദേശിച്ചു.
“എന്നാലും എന്നോടിത്...അവള്‍ക്കെങ്ങിനെ.... ചതി...കഴുവേര്‍ട മോള്...” കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി ഇന്നസെന്റിനെ
തെറി വിളിക്കുന്നത് പോലെ പിന്നേം കൊറേ പറഞ്ഞു.
“അല്ലെങ്കി വേണ്ട്രാ...നമുക്ക് നാളെ നേരം വെളുത്തിട്ട് സംസാരിക്കാം” അതവന്‍ കേട്ടില്ല. അവളെ വിളിച്ചു. Call barred.
എന്നിട്ടെന്തോ ഓര്‍ത്ത് കുറച്ച് നേരം ഇരുന്നു.
പിന്നെ തികട്ടി വന്ന വാളിനെ ഉള്ളിലൊതുക്കി അവളോട് രണ്ട് വര്‍ത്തമാനം പറയാന്‍ തന്റെ സന്തത സഹചാരിയായ തൊമ്മിക്കുഞ്ഞിന്റെ മൊബൈലില്‍ നിന്നും ഷെറിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.
നോക്കിയ ടച്ച് സ്ക്രീന്‍ മൊബൈല്‍ ഡിസ്പ്ലെയില്‍ ഇങ്ങനെ തെളിഞ്ഞു. "Calling....Sherimol" കണ്ട ഉടനെ കോള് കട്ട് ചെയ്തു. അവള്‍ടെ നമ്പര്‍ എങ്ങിനെ തൊമ്മിക്കുഞ്ഞിന്റെ കൈയില്‍?? അപ്പൊ ഇവനും അവളും തമ്മില്‍??
ആല്‍മാര്‍ത്ത പ്രണയത്തില്‍ നഞ്ച് കലക്കി വഞ്ചിച്ച കാമുകിയോടും, കൂടെ നിന്ന് കുശലം പറഞ്ഞ് ഒടുവില്‍ കുന്തം കൊണ്ട് കുത്തിയ കൂട്ടുകാരനോടും അവന് പരിഭവമില്ലായിരുന്നു. അവന്‍ എഴുന്നേറ്റ് പോയി കിറ്റന്നു. ലൈറ്റ് ഓഫ് ചെയ്തു. പിന്നെ കൂരിരുട്ടായിരുന്നു.
ഇരുട്ട് വെളിച്ചത്തിന് വഴി മാറുമെന്നും ഒരോ ദിവസവും സൂര്യന്‍ അസ്തമിക്കുന്നത് വീണ്ടും ഉദിക്കാനാണെന്നും ഇതിനോടകം അവന്‍ പഠിച്ചിരുന്നു.
മോറല്‍ ഓഫ് ദ സ്റ്റോറി: ഓടിക്കാനറിയാവുന്ന വണ്ടിയേ മേടിക്കാവൂ!
Shantaram
16 years ago
12 comments:
കലക്കീ അളിയാ കലക്കീ.... അല്ലേല്‍ നാട്ടാരോടിക്കുംന്നു നീ മനപ്പൂര്‍വ്വം വിട്ടതാണെങ്കില്‍ ഞാനെന്റെ ഒരു സ്റ്റാന്റേര്‍ഡിന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നൂ...
തിരുത്ത്:
മുകളില്‍ പറഞ്ഞിരിക്കുന്ന സംഭവത്തില്‍ 'ജോണിക്കുട്ടി' എന്നത് 'തോമസുകുട്ടി' എന്നു തിരുത്തി വായിക്കാനപേക്ഷ. ഇങ്ങനെ ഒരു തെറ്റു പറ്റിയതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ബ്ളോഗാധിപര്‍
കുരുത്തം കെട്ട അളിയോ....നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് വച്ചിട്ട് ഇതു പോരാ....ആഹ്...ഇനിയും സമയമുണ്ടല്ലോ. നമുക്ക് വഴിയേ ശരിയാക്കാം
ചാന്‍സ് കിട്ടിയപ്പോ നടുവുമ്പുറത്തിന് തന്നെ താങ്ങി അല്ലെ ധൂമകേതു?
താന്‍ ചെവിയില്‍ നുള്ളിക്കോ. ഇടഞ്ഞ കൊമ്പന്റെ ചെവിയിലാണ് തോട്ടിയിട്ടിളക്കുന്നതെന്ന് ഓര്‍ത്തോ. :-)
പിന്നെ ഒരു കാര്യം കൂടി:
ഈ കഥയിലെ ജോണിക്കുട്ടിയും ഞാനും തമ്മില്‍ ഓപറേറ്റിങ്ങ് സിസ്റ്റവും ഓണക്ക മത്തിയും തമ്മിലുള്ള ബന്ധം പോലുമില്ല. തെറ്റിദ്ധരിക്കരുത്...പ്ലീസ്!
ഗുരുവേ നമഃ...
മൊത്തം 'ഉപമ'കൾ ആണല്ലൊ ;-)
ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യാൻ പള്ളീലും അബലത്തിലും.. ഊം ഊം.. അപ്പൊ ഇത് TomKid അല്ലേ അല്ല...
ഓടിക്കാനറിയാവുന്ന വണ്ടിയേ മേടിക്കാവൂ!
ഹെ ഹെ... അനുഭവം ഗുരു അല്ലെ ;)
മഹനേ ശിഷ്യോ,
മൊത്തം അനുകരണ ശ്രമങ്ങളാണ്. സ്വന്തമായി ഒന്നും കിട്ടിയില്ലെങ്കില്‍ വല്ലോരേം അനുകരിക്കുക. പിന്നെ ഇപ്പൊ ഉപമകള്‍ക്കാണ് ഡിമാന്റ്.
പിന്നെ അനുഭവം...ഞാന്‍ വീണ്ടും വീണ്ടും ഊന്നി ഊന്നി പറയുന്നു, ഈ ജോണിക്കുട്ടിയെ എനിക്കറിയില്ല, എല്ലാരും എന്നെ ഇങ്ങനെ തെറ്റിദ്ധരിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ എങ്ങിനെ ജീവിക്കും. എനിക്കും വേണ്ടെ ഒരു ജീവിതം?
കുരുത്തം കെട്ടവന്‍ പറഞ്ഞതേ എനിക്കും പറയനുള്ളു.. കലക്കി അളിയാ കലക്കി...ഇമ്മാതിരി ലവളുമരെ ഈ ജാതി തെറി വിളിചാല്‍ പോരാ...എനിക്കു ചിലതിനെ ഒക്കെ അറിയാം...ഒറെ സമയം 4-5 എണ്ണതിന്റെ കാശി ഊറ്റുന്ന ജീവികള്‍ ... കാശു മാത്രം അല്ല.. അവളുടെ പല ജോലികളയിട്ടു ഒരോര്‍ത്തര്‍ക്കു വീതം വെച്ചു കൊടുക്കും... ഇവന്മാരു...അത്മര്‍ഥത മൂത്തു എല്ലാം ചെയിതു കൊടുക്കും.. അവസാം ലവളുടെ കല്യാണ കുറി കിട്ടുമ്പോ ആയിരിക്കു room mates ആയ ക്യാമുകന്മാരു പരസ്പരം ആ നഗ്നസത്യം അറിയുന്നതു... എല്ലവരും കൂടെ ഒരേ സമയം access ചെയിതിരുന്നതു ഒരു system അയിരുന്നെന്നു.... കാശ് കൊണ്ട് പോയാലും വേണ്ടില്ല മാനസ്സിക പീഡനം ആണു തങ്ങാന്‍ വയ്യതതെന്നു കരയണവരും ഉണ്ട്...
കഴിഞ്ഞ ആഴച കൂടെ ഒരുത്തം അഭിമാനത്തോടേ പറഞ്ഞു കഴിഞ്ഞ വര്‍ഷം അവളെ phone ചെയ്യാന്‍ മാത്രം അവന്‍ Rs 2.75lakh... ISD!!! ISD!!! മുടക്കിയെന്നു... പിന്നെ Love is blind അല്ലേ??? കൊണ്ടാലേ പഠിക്കു... ;)
Tin2
റ്റിന്റുവേ...
അല്ലേലും ആണുങ്ങള് അങ്ങിനെയാ, സ്നേഹിച്ചാല്‍ ചിലര് കടല മൊട്ടായി വാങ്ങിച്ച് കൊടുക്കും, ചിലര് ക്യാരാമില്‍ക്ക് വാങ്ങി കൊടുക്കും, ചിലര് ക്യാഡ്ബറീസ് വാങ്ങിച്ച് കൊടുക്കും, ചിലര് മൊബൈല് വാങ്ങിച്ച് കൊടുക്കും, ചിലര് ഡയമണ്ട് വാങ്ങിച്ച് കൊടുക്കും, ചിലര് ചങ്ക് പറിച്ച് കൊടുക്കും, ചിലര് ചാവും.
ആര്‍ക്ക് പോയി?
ആണുങ്ങള്‍ക്ക്....
ആര് നേടി?
പെണ്ണുങ്ങള്....
അടുത്ത ജന്മത്തില്‍ പെണ്ണായി പിറന്നിരുന്നെങ്കില്‍ വല്ലോന്റേം ചിലവില്‍ വട്ടച്ചിലവ് നടന്നേനെ.
kutty check check
സിനിമാ പോസ്റ്റര്‍ കണ്ട പശുവിനേപോലെ ജോണികുട്ടി അവളിലേക്ക് ആക്രുഷ്ടനായി....
കിടിലന്‍ :) ഹ ഹ
kalakki...
ആര്‍ക്ക് പോയി?
ആണുങ്ങള്‍ക്ക്....
ആര് നേടി??
????
Watch till end (From Akkara Kazhchakal Ep 11)
http://www.youtube.com/watch?v=EY3h8OEFb-M&feature=channel_page
Post a Comment